Wednesday, November 17, 2010

മുറ്റത്തെ മുല്ലയ്ക്ക് മണമെന്തിന്??

ആരാന്റമ്മയ്ക്ക് ഇരുമ്പിടിക്കും, അവനോന്റമ്മയ്ക്ക് തവിട് പോലും ഇടിക്കരുത്.രാജ്യത്തിനു വേണ്ടി ജീവന്‍ കൊടുത്ത മേജറുടെ കുടുംബത്തെ പറഞ്ഞ നാവ് കൊണ്ട് അഭിനവ് ബിദ്രയെ പുകഴ്ത്തിയ മുഖ്യമന്ത്രിയോടും അഭിനവ് ബിന്ദ്രയ്ക്ക് സ്വീകരണമൊരുക്കിയ സ്പോര്‍ട്സ് കൌണ്‍സില്‍ ചെയര്‍മാനോടും ചോദിക്കാതെ വയ്യ. എന്തു കൊണ്ട് മലയാളി ഒളിമ്പ്യന്മാരെ മറന്നൂ എന്ന്. 110 കോടി ഇന്ത്യാക്കാരന്റെ അഭിമാനം ചൈനയില്‍ വെടിവെച്ചിട്ട സ്വര്‍ണത്തിളക്കം കൊണ്ട് അഭിമാനപൂരിതമാക്കിയ ബിന്ദ്രയെ അഭിനന്ദിക്കണം. തര്‍ക്കമില്ലാത്ത കാര്യമാണത്. ഓടിയും ചാടിയും കരണം മറിഞ്ഞും ഈ 110 കോടി ആളുകള്‍ കാലങ്ങളായി കിണഞ്ഞുശ്രമിച്ചിട്ടും കിട്ടാത്ത വ്യക്തിഗതസ്വര്‍ണം കൊണ്ടുവന്ന ബിന്ദ്രയെ ആദരിക്കണം. കഴിയുമെങ്കില്‍ ആചാരവെടി പൊട്ടിച്ച് തന്നെ ആദരിക്കണം.

പക്ഷേ. ... കുറച്ച് പേര്‍ ഇന്നാട്ടില്‍ നിന്നും പങ്കെടുത്തിരുന്നു സര്‍, ഈ മഹാമേളയില്‍. ആദരിച്ചില്ലെങ്കിലും അവരെയൊന്ന് വിളിച്ചിരുത്തുകയെങ്കിലും ചെയ്യാമായിരുന്നില്ലേ ഈ ചടങ്ങില്‍??? സ്വന്തം നാട്ടില്‍ ഒരു ഒളിമ്പിക് ജേതാവിന് സ്വീകരണം കൊടുക്കുന്ന ചടങ്ങില്‍ മെഡല്‍ കിട്ടിയില്ലെന്ന കാരണത്തില്‍ ഇവര്‍ക്ക് അയിത്തം കല്‍പ്പിക്കുന്നതിന്റെ മലയാളമെന്താണ്? അതോ മെഡല്‍ നഷ്പ്പെട്ടവന്റെ നിഴല്‍ കൊണ്ടാല്‍ നഷ്ട്ടപ്പെട്ടു പോകുന്നതാണോ സുവര്‍ണജേതാവിന്റെ തിളക്കം? അഞ്ജു ബോബി ജോര്‍ജ്ജ്, പ്രീജ ശ്രീധരന്‍, ചിത്ര കെ സോമന്‍, സിനി ജോസ്, രഞ്ജിത്ത് മഹേശ്വരി എന്നിവരാണ് ബീജിംഗ് ഒളിമ്പിക്സില്‍ പങ്കെടുത്ത മലയാളികള്‍. ഇവര്‍ മെഡല്‍ നേടിയിട്ടില്ല. സത്യമാണ്. അതുകൊണ്ട് ഇവരെ ആദരിക്കരുതെന്നാണോ? വിജയിക്കുക എന്നതല്ല പങ്കെടുക്കുക എന്നതാണ് ദാസന്‍ സാര്‍ ഒളിംപിക്സിന്റെ സന്ദേശം. പത്ത് ലക്ഷവും പവനും പൊന്നാടയും വേണ്ട, ഒന്ന് വിളിച്ചിരുത്തിയല്‍ എന്താണ് ചേതം? സിഡ്നിയില്‍ ഭാരാദ്വോഹനത്തില്‍ മെഡല്‍ നേടിയ കര്‍ണം മല്ലേശ്വരിയെ നായനാര്‍ സര്‍ക്കാര്‍ ആദരിച്ചപ്പോള്‍ മലയാളിതാരം കെ എം ബീനാമോളെയും ആദരിച്ചിരുന്നു. മല്ലേശ്വരിക്ക് ഒരുലക്ഷം നല്‍കയപ്പോള്‍ ബീനാമോള്‍ക്ക് 50000 രൂപ പാരിതോഷികമായി നല്‍കി.

ഇനി അഭിനവ് ബിന്ദ്ര ഇന്ത്യന്‍ കായികചരിത്രത്തില്‍ എന്ത് വിപ്ളവമാണ് ഉണ്ടാക്കാന്‍ പോകുന്നത്? അദ്ദേഹത്തിന്റെ നേട്ടം കുറച്ച് കാണുകയല്ല. മറിച്ച് അതുകൊണ്ട് ഇന്ത്യയുടെ കായികഭൂപടത്തില്‍ എവിടെയാണ് പുരോഗതിയുടെ എക്സ്പ്രസ്സ് ഹൈവേകള്‍ തുറക്കാന്‍ പോകുന്നത് എന്നാണ് ചോദ്യം. ഇന്ത്യന്‍ റെക്കോര്‍ഡ് താരവും .ലോക പത്താം നമ്പര്‍ ഷൂട്ടറുമായ റോഞ്ജന്‍ സോധി പറഞ്ഞതു കേള്‍ക്കുക. അഭിനവിന്റെ സ്വര്‍ണം കൊണ്ട് നേട്ടമുണ് ടായത് അഭിനവിന് മാത്രമാണ.് ഇന്ത്യയിലെ മറ്റു ഷൂട്ടര്‍മാര്‍ അവഗണനയിലാണ് ഇപ്പോഴും. സാധാരണക്കാരായ ഷൂട്ടര്‍മാര്‍ മെച്ചപ്പെട്ട പരിശീലനസൌകര്യങ്ങള്‍ക്കും തോക്കിനും വേണ്ടി തെണ്ടിനടക്കുക തന്നെയാണ് എന്നും സോധി പറയുമ്പോള്‍ അതില്‍ അസൂയയുടെ സ്പര്‍ശം കാണേണ്ടതില്ല. പണമില്ലാത്തവന്‍ പറയുന്ന അപ്രിയസത്യം തന്നെയാണത്.

സ്വര്‍ണമെഡല്‍ ജേതാവിന് നല്‍കുന്ന പൌസ്വീകരണത്തില്‍ മെഡല്‍ നേടാത്തവരെ പങ്കെടുപ്പിക്കേണ്ടെന്ന തീരുമാനം ശരിയായില്ലെന്ന് ഒളിംപ്യന്‍ പി ടി ഉഷ പറഞ്ഞു. ബിന്ദ്രയെയും സണ്ണിതോമസ്സിനെയും ആദരിക്കുന്നത് നല്ലതു തന്നെ, പക്ഷേ കേരളത്തില്‍ നിന്നും ഒളിംപിക്സില്‍ പങ്കെടുത്തവരെ ചടങ്ങില്‍ ക്ഷണിച്ച് ആദരിക്കയെങ്കിലും ചെയ്യാമായിരുന്നു. എല്ലാവര്‍ക്കും കഴിയുന്നതല്ലല്ലോ ഒളിമ്പിക്സ് പങ്കാളിത്തം- ഉഷ ചോദിക്കുന്നു.

(കണിക്കൊന്ന മാഗസിനില്‍ കളിക്കളത്തില്‍ പ്രസിദ്ധീകരിച്ചത്, Thursday, 11 December 2008)

No comments:

Post a Comment