Wednesday, November 17, 2010

ജാതകദോഷം മാറ്റാന്‍ മുംബൈ ഇന്ത്യന്‍സും നൈറ്റ് റൈഡേഴ്സും

ഐപിഎല്‍ മൂന്നാം സീസണ് കൊടിയേറി എന്നതുതന്നെയാണ് കളിക്കളത്തില്‍ നിന്നുള്ള ഏറ്റവും വലിയ വാര്‍ത്ത. ലോകകപ്പ് ഹോക്കി കിരീടവും കൊണ്ട് ഓസ്ട്രേലിയ കടല്‍കടന്നത് ഐപിഎല്ലിന്റെ ആഘോഷത്തിനിടയില്‍ ആരും അറിഞ്ഞുതന്നെയില്ല. തുടര്‍ച്ചയായ മൂന്നാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ ജര്‍മനിയെ ഒന്നിനെതിരെ 2 ഗോളുകള്‍ക്കാണ് ഓസ്ട്രേലിയ ജേതാക്കളായത്. ജര്‍മനിയുടെ മുന്നേറ്റത്തോടെ തുടങ്ങിയ കലാശപ്പോരാട്ടത്തില്‍ എഡ്വേര്‍ഡ് ഒക്കെന്‍ഡന്‍ ആറാം മിനിറ്റിലും ലൂക്ക് ഡിയോനര്‍ 59ആം മിനിറ്റിലും കണ്ടെത്തിയ ഗോളുകള്‍ക്കാണ് ഓസീസ് വിജയവഴിയിലെത്തിയത്. ക്രിക്കറ്റ് ലോകചാമ്പ്യന്മാരായ ഓസ്ട്രേലിയ ഈ വര്‍ഷം നടക്കാനിരിക്കുന്ന ഫുട്ബോളിലും നിര്‍ണായകശക്തിയാണ്. കളിക്കളത്തില്‍ ഓസീസിനെ ആരുവെല്ലുവിളിക്കും എന്ന ചോദ്യത്തോടെയാണ് ഹോക്കി ലോകകപ്പിന് തിരശ്ശീല വീഴുന്നത്. ആദ്യമത്സരത്തില്‍ പാകിസ്ഥാനെതിരായ വിജയത്തോടെ ആതിഥേരായ ഇന്ത്യ പോരാട്ടം അവസാനിപ്പിച്ചത് ടൂര്‍ണമെന്റിന്റെ ആവേശം ഒരു പരിധിവരെ ചോര്‍ന്നിരുന്നു.

വാര്‍ത്താചാനലുകളോട് ലളിത്മോഡിയുടെ ചിറ്റമ്മനയത്തോടെയാണ് ഇത്തവണത്തെ ഐപില്‍ വാര്‍ത്തകളില്‍ നിറയുന്നത്. പാക് കളിക്കാരെ ഒഴിവാക്കിയതും പുതിയ ടീമുകള്‍ക്ക് വേണ്ടിയുള്ള ലേലത്തില്‍ കള്ളക്കളി കളിച്ചതും ഐപിഎല്ലിന്റെ മൂന്നാം എഡിഷന്റെ നിറം ചോര്‍ത്തുമെന്ന് കരുതിവര്‍ക്ക് പക്ഷേ തെറ്റി. 37 പന്തുകളില്‍ നിന്നും ഐ പി എല്ലിലെ വേഗമേറിയ സെഞ്ചുറി കുറിച്ച യൂസഫ് പത്താന്‍ ഒന്നരമാസത്തേക്കുള്ള മൈലേജാണ് സമ്മര്‍ സ്ളാമിന് നല്‍കിയത്. മുംബൈ ഇന്ത്യന്‍സിന്റെ 212 എന്ന പടുകൂറ്റന്‍ ടോട്ടല്‍ പിന്തുടരുന്ന രാജസ്ഥാന്‍ റോയല്‍സ് മത്സരം ഏതാണ്ട് ഉപേക്ഷിച്ചിടത്തുനിന്നായിരുന്നു യൂസഫിന്റെ വണ്‍മാന്‍ഷോ. 37 പന്തില്‍ ഒന്‍പത് ബൌണ്ടറികളും എട്ട് സിക്സറുകളുമടക്കം 100 റണ്‍സെടുത്ത യൂസഫ് റണ്ണൌട്ടായിരുന്നില്ലെങ്കില്‍ രാജസ്ഥാന്‍ വിജയിക്കുമെന്ന് കരുതുന്നവരാണേറെ. ഇടവേളയ്ക്ക് ശേഷം ഐപിഎല്‍ ഇന്ത്യന്‍ മണ്ണില്‍ തിരിച്ചെത്തുമ്പോള്‍ പ്രവചനങ്ങള്‍ അസാധ്യമാക്കിക്കൊണ്ടാണ് ടൂര്‍ണമെന്റ് പുരോഗമിക്കുന്നത്.

വെടിക്കെട്ട് വീരന്‍ ബ്രണ്ടന്‍ മക്കല്ലത്തിന്റെയും ടി-20 സ്പെഷലിസ്റ് ഡേവിഡ് ഹസി, ക്രിസ് ഗെയ്ല്‍, ഫാസ്റ് ബൌളര്‍ ഷെയ്ന്‍ ബോണ്ട് എന്നിവരുടെ അഭാവത്തിലും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് വിജയങ്ങള്‍ കണ്ടെത്തുന്നുണ്ട്. സൌരവ് ഗാംഗുലിയുടെ നായകമികവിനൊപ്പം പ്രധാന കളിക്കാര്‍ കൂടി വന്നെത്തുന്നതോടെ കൊല്‍ക്കത്ത വിസ്മയങ്ങള്‍ ആവര്‍ത്തിച്ചേക്കും. ആദ്യരണ്ട് സീസണിലും പരാജയങ്ങള്‍ കൊണ്ട് പൊറുതിമുട്ടിയ ഷാരൂഖിനും ഗാംഗുലിക്കും ഇത്തവണ കിരീടവിജയം കൂടിയേ തീരൂ.

കൊല്‍ക്കത്തയെക്കാളും മുതല്‍മുടക്കിയാണ് റിലയന്‍സ് ഗ്രൂപ്പ് മുംബൈ ഇന്ത്യന്‍സിനെ സ്വന്തമാക്കിയത്. എന്നാല്‍ സാക്ഷാല്‍ സച്ചിന്‍ തന്നെ നായകസ്ഥാനത്തുണ്ടായിട്ടും അത്ഭുതങ്ങള്‍ കാണിക്കാന്‍ അവര്‍ക്കായില്ല. വിന്‍ഡീസ് വെടിക്കെട്ടുതാരം കീരണ്‍ പൊളാര്‍ഡിനെ റെക്കോര്‍ഡുതുകയ്ക്ക് സ്വന്തമാക്കിയാണ് മുംബൈ മൂന്നാം സീസണെത്തുന്നത്. ലസിത് മാലിംഗയും സഹീര്‍ ഖാനും ഹര്‍ഭജന്‍ സിംഗും നയിക്കുന്ന ബൌളിംഗും സച്ചിനൊപ്പം ജയസൂര്യ, ഡൂമിനി, ബ്രാവോ, പൊളാര്‍ഡ് എന്നിവര്‍ കൂടി ചേരുന്നതോടെ മുംബൈയുടെ കിരീടപ്രതീക്ഷകള്‍ സജീവമാകുന്നു. ഇത്തവണ ഐപിഎല്‍ കിരീടം ഒരു ഇന്ത്യന്‍ ക്യാപ്റ്റന്‍ ഉയര്‍ത്തുമെന്ന് മുന്‍ ഇന്ത്യന്‍ താരവും പാര്‍ലമെന്റംഗവുമായ നവജോത്സിംഗ് സിദ്ദു. മുംബൈ ഇന്ത്യന്‍സാണ് തന്റെ മനസ്സിലെന്നും സിദ്ദു ടി വി ചാനല്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട.

മുന്‍ചാമ്പ്യന്മാരായ ഡെക്കാണ്‍ പരാജയത്തോടെയാണ് തുടങ്ങിയതെങ്കിലും ചെന്നൈയ്ക്കെതിരായ വിജയത്തോടെ തിരിച്ചുവന്നു. മാറിയ ക്യാപ്റ്റനുകീഴില്‍ ഡെല്‍ഹി ഡെയര്‍ഡെവിള്‍സ് മിന്നല്‍ പ്രകടനമാണ് നടത്തുന്നത്. എന്നാല്‍ ക്യാപ്റ്റന്‍ മാറിയത് പഞ്ചാബിന്റെ രക്ഷയ്ക്കെത്തിയിട്ടില്ല. യുവരാജ് ഫോമിലെത്തിയാലേ കിംഗ്സ് പ്രതീക്ഷകള്‍ സ്ഥാനത്താവൂ. ആദ്യമത്സരം തോറ്റുവെങ്കിലും ഇന്ത്യന്‍ ക്യാപ്റ്റന്റെ കീഴിലിറങ്ങുന്ന ചെന്നൈയെ എഴുതിത്തള്ളാന്‍ കഴിയില്ല. പരമ്പരാഗത ക്രിക്കറ്റ് കളിക്കുന്ന ബാംഗ്ളൂര്‍ കഴിഞ്ഞ വര്‍ഷത്തെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരുമോയെന്നും കാത്തിരുന്നു തന്നെ കാണണം. എന്തായാലും ഇനി ഒന്നരമാസം ചിയര്‍ഗേള്‍സിന്റെ ചുവടുകള്‍ക്കൊപ്പം പതഞ്ഞുയരുന്ന ക്രിക്കറ്റ് ആവേശത്തിന്റെ നാളുകള്‍.

വാല്‍ക്കഷണം: ട്വന്റി-20 ലോകകപ്പ് നേടിയ ക്യാപ്റ്റനും മധ്യനിരയിലെ ശക്തികേന്ദ്രവുമായ മൊഹമ്മദ് യൂസഫുമടക്കം നാല് കളിക്കാര്‍ക്ക് പാകിസ്ഥാന്‍ ടീം സെലക്ഷനില്‍ നിന്നും വിലക്ക്. കണ്ടകശനി കൊണ്ടേ പോകൂ എന്ന സ്ഥിതിയാണ് പാകിസ്ഥാന്‍ ക്രിക്കററിന്. ഇനി ആരെയുടെയൊക്കെ തലകള്‍ തെറിക്കുമെന്നും കണ്ടുതന്നെ അറിയണം.


(നാട്ടുപച്ചയിലെ മൈതാനത്തില്‍ പ്രസിദ്ധീകരിച്ചത്)

No comments:

Post a Comment