വിദേശ ടീമുകള്‍ക്ക് ദുസ്വപ്നമായി മാറുകയാണ് നമ്മുടെ അയല്‍ രാജ്യമായ പാകിസ്ഥാനിലെ മൈതാനികള്‍. അരക്ഷിതമായ രാഷ്ട്രീയ-സാമൂഹ്യ വ്യവസ്ഥിതി ആ രാജ്യത്തിന്റെ സമീപകാല കായികനേട്ടങ്ങള്‍ക്ക് ഏല്‍പ്പിച്ച തിരിച്ചടി ചെറുതല്ല. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ താങ്ങിനിര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചുകൊണ്ടിരിക്കുന്ന ക്രിക്കറ്റ് പരമ്പരകള്‍ പാകിസ്ഥാന് തുടര്‍ച്ചയായി നഷ്ടമാവുകയാണ്. ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക, ഇംഗ്ളണ്ട് ടീമുകളാണ് സമീപകാലത്ത് പാകിസ്ഥാനില്‍ കളിക്കാന്‍ വിസമ്മതിച്ച് ഏഷ്യന്‍ രാജാക്കന്മാരെ തൊട്ടുകൂടാത്തവരാക്കിയത്. പതിനാല് മാസമായി പാകിസ്ഥാന്‍ ഒരു ടെസ്റ് പരമ്പര കളിച്ചിട്ട്. പാകിസ്ഥാനില്‍ നടക്കേണ്ടിയിരുന്ന ചാമ്പ്യന്‍സ് ട്രോഫി പാകിസ്ഥാനില്‍ നിന്നും ഐ സി സി മാറ്റിയിരുന്നു. ക്രിക്കറ്റ് ലോകത്തെ കരുത്തരും മുന്‍ ലോകചാമ്പ്യന്മാരുമായ പ്രതിഭാസമ്പന്നമായ പാകിസ്ഥാന്‍ ടീമിനാണ് ഈ ദുര്യോഗം. ഇതിനെല്ലാം പുറമേയാണ് പാകിസ്ഥാന്‍ ക്രിക്കറ്റിനും രാഷ്ട്രീയത്തിനും കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് മുംബൈ ഭീകരാക്രണത്തെത്തുടര്‍ന്ന് ഇന്ത്യ പാക് പര്യടനം ഉപേക്ഷിക്കുന്നത്. ക്രിക്കറ്റിനു മാത്രമല്ല പാകിസ്ഥാന് തന്നെയും ലോകരാജ്യങ്ങള്‍ക്കു മുമ്പില്‍ തല കുനിക്കേണ്ടി വന്ന നാളുകളാണ് തുടര്‍ന്നുണ്ടായത്. അനിശ്ചിതത്വമെന്ന ക്രിക്കറ്റിന്റെ സൌന്ദര്യം പൂര്‍ണഭാവത്തില്‍ ആസ്വദിക്കാനായി പച്ചപ്പുല്ലിലും തീപടര്‍ത്തുന്ന ഇന്തോ-പാക് മത്സരങ്ങള്‍ കാണാന്‍ കാത്തിരുന്ന ആരാധകരെ നിരാശരാക്കി ഇന്ത്യന്‍ ആഭ്യന്തര മന്ത്രാലയം പാക് പര്യടനം വേണ്ടെന്നു വെയ്ക്കുകയായിരുന്നു. 2011 ല്‍ ഉപഭൂഖണ്ഡത്തില്‍ നടക്കാനിരിക്കുന്ന ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങള്‍ക്കും ആക്രമണം കനത്ത ഭീഷണിയാണ്. പാകിസ്ഥാനില്‍ മത്സരങ്ങള്‍ ഉണ്ടാവില്ല എന്നു തന്നെയാണ് ഏറ്റവും ഒടുവില്‍ ക്രിക്കറ്റ് ലോകത്തുനിന്നും ലഭിക്കുന്ന വാര്‍ത്ത.
ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പിന്മാറിയതിനെത്തുടര്‍ന്നാണ് ശ്രീലങ്കന്‍ ടീം പാകിസ്ഥാനിലെത്തിയത്. തിരക്കിട്ട ചര്‍ച്ചകള്‍ക്കൊടുവില്‍ പാകിസ്ഥാനെ സഹായിക്കാനായി ശ്രീലങ്ക സഹായിക്കുകയായിരുന്നു. എന്നാല്‍ ആദ്യമായി പര്യടനത്തിനെത്തിയ വിദേശകളിക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്ത് പാകിസ്ഥാനിലെ ഭീകരവാദം പുതിയ കഥകള്‍ കുറിച്ചിരിക്കുമ്പോള്‍ പരിക്കേറ്റ് വികൃതമാകുന്നത് ചരിത്രത്തിന്റെ മുഖമാണ്. ലങ്കന്‍ ടീമിന്റെ പ്രധാനപ്പെട്ട ആറുകളിക്കാര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ആക്രമണത്തെത്തുടര്‍ന്ന് ലങ്കന്‍ ടീം പരമ്പര ഉപേക്ഷിച്ചു, ഇനി സമീപകാലത്തൊന്നും ഒരു വിദേശ ടീം പാകിസ്ഥാനിലേക്ക് കളിക്കാനെത്തില്ല എന്നതും നിസ്തര്‍ക്കമാണ്. അതിലേറെ പരിതാപകരമായിരുന്നു ആ രാജ്യത്തിന്റെ സുരക്ഷാ സംവിധാനങ്ങള്‍. വെടിയുതിര്‍ത്ത് ഭീകരവാദികള്‍ ശങ്കാലേശമന്യേ നടന്നും ഇരുചക്രവാഹനങ്ങളിലും രക്ഷപ്പെടുന്നത് ടി വി ചാനലുകള്‍ പോലും കാട്ടിയിരുന്നു. മുംബൈ ആക്രമണത്തിന്റെ പതിപ്പാണ് ആക്രമണം എന്ന് ഒളിയമ്പെയ്ത് ഇന്ത്യയുടെ പേര് പറയാനും പാകിസ്ഥാന്‍ ഒരു ശ്രമം നടത്തി. ആക്രമണത്തിനിരയായ കളിക്കാരും മാച്ച് റഫറിയും സുരക്ഷാസംവിധാനത്തെ കുറ്റപ്പെടുത്തി. എന്നാല്‍ പരാതി പറഞ്ഞ ക്രിസ് ബ്രോഡിനെതിരെ ഐ സി സിയില്‍ പരാതി നല്‍കിയിരിക്കയാണ് പാക് അധികൃതര്‍. പാകിസ്ഥാനില്‍ കളിക്കാന്‍ പോകാത്തതിന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് വിമര്‍ശനങ്ങള്‍ ഒരുപാട് കേള്‍ക്കണ്ടി വന്നിരുന്നു. പാകിസ്ഥാനില്‍ കളിച്ച് സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിന് പുതിയ മാനം ചാര്‍ത്താന്‍ ഇന്ത്യന്‍ ടീം പോയിരുന്നെങ്കിലോ? ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിയുടെ വാക്കുകള്‍ ആവര്‍ത്തിക്കാം. ഭാഗ്യം. അങ്ങിനെ സംഭവിച്ചില്ലല്ലോ.
(നാട്ടുപച്ചയിലെ മൈതാനത്തില്‍ പ്രസിദ്ധീകരിച്ചത്)
No comments:
Post a Comment