Wednesday, November 17, 2010

മൈതാനത്തിന്റെ അതിര്‍ത്തിവരകള്‍ ....

രാജ്യം കത്തിയെരിയുമ്പോള്‍ വീണ വായിച്ചുരസിച്ച ചക്രവര്‍ത്തിമാര്‍ സ്‌പോര്‍ട്‌സ്‌മാന്‍ സ്‌പിരിറ്റിന്റെ ഉദാഹരണമായി വാഴ്‌ത്തപ്പെടാറില്ല. ഉത്തമ കലാസ്വാദകരായും അവര്‍ ചിത്രീകരിക്കപ്പെട്ടുകണ്ടിട്ടില്ല. ഇവിടെ വിഷയം ഇന്ത്യ പാകിസ്‌താനില്‍ ക്രിക്കറ്റ്‌ കളിക്കാന്‍ പോകേണ്ടതുണ്ടോ എന്നതാണ്‌. പോകണമെന്നും പോകരുതെന്നും അഭിപ്രായങ്ങളുണ്ട്‌. രാജാവിനെക്കാള്‍ രാജഭക്തി വേണോ? സ്‌പോര്‍ട്‌സ്‌ മന്ത്രി പറയുന്നത്‌ പാക്‌ പര്യടനം ഉപേക്ഷിക്കണമെനന്നാണ്‌. പക്ഷേ അതത്ര എളുപ്പമല്ല. പാക്‌ പര്യടനം ഉപേക്ഷിച്ചാല്‍ നഷ്‌ടം അത്ര കനത്തതാണെന്നത്‌ തന്നെ കാരണം.

എന്തിന്‌ പോകണമെന്നത്‌ ഒരു നല്ല ചോദ്യമാണ്‌? അനിശ്ചിതത്വമാണ്‌ ക്രിക്കറ്റിന്റെ സൗന്ദര്യമെങ്കില്‍ ആ സൗന്ദര്യം പൂര്‍ണഭാവത്തില്‍ ആസ്വദിക്കാന്‍ പച്ചപ്പുല്ലിലും തീപടര്‍ത്തുന്ന ഇന്തോ-പാക്‌ മത്സരത്തോളം മികച്ച മറ്റൊരു വേദിയില്ലെന്നത്‌ നിസ്‌തര്‍ക്കമാണ്‌. ഇരുരാജ്യങ്ങളും തമ്മില്‍ യുദ്ധസമാനമായ സാഹചര്യം നിലനില്‍ക്കുന്ന സമയത്ത്‌ മിന്നുന്ന ഫോമില്‍ കളിക്കുന്ന താരങ്ങള്‍ കളിക്കമ്പക്കാരുടെ ശരീരോഷ്‌മാവ്‌ കുത്തനെയുയര്‍ത്തുമെന്നതിലും തര്‍ക്കമില്ല. ഇരു ടീമുകളും സമീപനാളിലൊന്നും പരസ്‌പരം കളിച്ചിട്ടില്ല എന്നതും പരമ്പരയ്‌ക്ക്‌ മികച്ച വിപണനസാധ്യതയൊരുക്കുന്നുണ്ട്‌. ഈ അവസരത്തില്‍ ലളിത്‌മോഡിയെപ്പോലെയൊരു സാമ്പത്തികവിദഗ്‌ധന്‍ പാക്‌ പരമ്പര ഉപേക്ഷിക്കാന്‍ തുനിഞ്ഞാലേ അത്ഭുതമുള്ളൂ.

സാമ്പത്തിക പ്രതിസന്ധിയില്‍ ലോകമൊട്ടാകെ ആശങ്കപ്പെടുമ്പോഴും തലയുയര്‍ത്തിനിന്ന ഇന്ത്യന്‍ ക്രിക്കറ്റ്‌ ബോര്‍ഡിന്റെ പണക്കിലുക്കത്തിനാണ്‌ ഭീകരാക്രമണം കനത്ത തിരിച്ചടിയായിരിക്കുന്നത്‌. ലോകക്രിക്കറ്റിനെ സമ്പത്ത്‌ കാട്ടി നിയന്ത്രിച്ചു നിര്‍ത്തുന്ന ബി സി സി ഐക്ക്‌ ഈ തളര്‍ച്ച താങ്ങാനാവില്ല. തുടര്‍ച്ചയായ വിജയങ്ങളില്‍ ഹരം പിടിച്ച്‌ ആരാധകര്‍ ടിക്കറ്റിന്‌ പൊന്നുംവിലകൊടുത്ത്‌ സ്റ്റേഡിയം നിറക്കുന്ന സമയത്ത്‌ സ്വതവേ ചൂടേറിയ ഒരു പരമ്പര നഷ്‌ടമാക്കാന്‍ അധികൃതര്‍ക്ക്‌ താല്‍പര്യമുണ്ടാകില്ല. ഐ പി എല്ലിന്റെ വമ്പന്‍ വിജയത്തിന്റെ ആവര്‍ത്തനമാവുമെന്ന്‌ കരുതിയിരുന്ന ചാംപ്യന്‍സ്‌ ലീഗ്‌ ട്വന്റി-20 ടൂര്‍ണമെന്റ്‌ അടുത്ത വര്‍ഷത്തേക്ക്‌ മാറ്റിവച്ചുകഴിഞ്ഞു.

മുംബൈ കത്തിയമര്‍ന്ന്‌ രാജ്യം വിറുങ്ങലിച്ച്‌ നില്‍ക്കുമ്പോള്‍പ്പോലും ഇംഗ്ലണ്ട്‌ കളിയുപേക്ഷിച്ച്‌ പോയതിന്റെ സാമ്പത്തിക നഷ്‌ടം പറഞ്ഞ്‌ വിലപിച്ചവരാണ്‌ ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലപ്പത്തിരിക്കുന്നവര്‍. നാട്‌ കത്തിയാലും കരിഞ്ഞാലും പണം കിട്ടണം പണം. അതാണ്‌ കാര്യം. ജനുവരില്‍ നിശ്‌ചയിച്ചിരിക്കുന്ന ഈ പരമ്പര നടന്നില്ലെങ്കില്‍ ഇന്ത്യയുടെ അടുത്ത രാജ്യാന്തര മല്‍സരം 2009 മാര്‍ച്ചിലായിരിക്കും നടക്കുക. 2009 മാര്‍ച്ചില്‍ ഇന്ത്യ രണ്‌ട്‌ ടെസ്‌റ്റും അഞ്ച്‌ ഏകദിനങ്ങളും കളിക്കുന്നതിനായി ന്യൂസീലന്‍ഡിലേക്ക്‌ പോകും. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇന്ത്യക്ക്‌ രാജ്യാന്തര മല്‍സരത്തിനായി മാസങ്ങള്‍ കാത്തിരിക്കേണ്‌ടിവരും. മിന്നുന്ന ഫോമിലായിരുന്ന ഇന്ത്യന്‍ താരങ്ങള്‍ തൊട്ടതെല്ലാം പൊന്നാക്കുന്ന സമയമാണ്‌ ഇത്‌. പൊന്മുട്ടയിടുന്ന താറാവിന്‍കൂട്ടത്തെയാണ്‌ ചുരുക്കത്തില്‍ ബി സി സി ഐയ്‌ക്ക്‌ ഭീകരാക്രമണം മൂലം നഷ്‌ടമായിരിക്കുന്നത്‌.

ഇന്ത്യ പാകിസ്‌താനില്‍ കളിക്കണമെന്നും അവരെ തോല്‍പ്പിച്ച്‌ സ്‌പോര്‍ട്‌സ്‌മാന്‍ സ്‌പിരിറ്റിന്‌ പുളകം ചാര്‍ത്തണമെനന്നും ചാനല്‍ ചര്‍ച്ചയില്‍ ഒരു കളിവിദഗ്‌ധന്‍ പറഞ്ഞതു കേട്ടപ്പോഴാണ്‌ കളി എന്നത്‌ ഇത്രയും നിസ്സാരമാണല്ലോ എന്ന്‌ തോന്നിപ്പോയത്‌. ഇംഗ്ലണ്ട്‌ ഇന്ത്യയില്‍ വന്നു കളിച്ചല്ലോ പിന്നെയെന്താണ്‌ ഇന്ത്യയ്‌ക്ക്‌ പാകിസ്‌താനില്‍ പോയാല്‍ എന്നാണ്‌ അദ്ദേഹം ചോദിച്ചത്‌. ഇംഗ്ലണ്ടിന്‌ ഇന്ത്യ പോലെയാണോ ഇന്ത്യയ്‌ക്ക്‌ പാകിസ്ഥാന്‍?

രാജ്യം ആക്രമിക്കപ്പെട്ടതിനു കാരണക്കാര്‍ അല്ലെങ്കില്‍ അവരെ സഹായിച്ചവര്‍ എന്ന്‌ കരുതുന്ന നാട്ടില്‍ പോയി കളിക്കുകയാണോ സകലവിധത്തിലും ഭീകരതയെ ഒറ്റപ്പെടുത്തുകയാണോ വേണ്ടത്‌ എന്നാണ്‌ ചോദ്യം. തെറ്റ്‌ ചെയ്യുന്നവരെയും അതിന്‌ കൂട്ടുനില്‍ക്കുന്നവരെയും ഒറ്റപ്പെടുത്തുക എന്നത്‌ കായികലോകത്ത്‌ പുതിയ സംഭവമൊന്നും അല്ല. ഒരു പാകിസ്‌താനി പൗരനെപ്പോലും ഇന്ത്യയ്‌ക്ക്‌ ചോദ്യം ചെയ്യാന്‍ വിട്ടുതരില്ലെന്നും ഇന്ത്യന്‍ കളിക്കാര്‍ക്ക്‌ സുരക്ഷ ഉറപ്പുനല്‍കാനാവില്ലെന്നും പറയുന്ന അയല്‍രാജ്യത്തിനില്ലാത്ത സ്‌പിരിറ്റൊന്നും നമ്മില്‍നിന്നും ആരും പ്രതീക്ഷിക്കുകയുമില്ല. പൊലിഞ്ഞുപോയ ഇരുന്നൂറോളം ജീവന്റെ മുറിവുണക്കാന്‍ അതിര്‍ത്തിവര കടക്കുന്ന തുകല്‍പ്പന്തും പതഞ്ഞുയരുന്ന ഷാംപെയ്‌നും മതിയാകുമോ, മതിയാകാമോ?


(നാട്ടുപച്ചയിലെ മൈതാനത്തില്‍ പ്രസിദ്ധീകരിച്ചത്)

No comments:

Post a Comment