FRIDAY, SEPTEMBER 18, 2009
ചിലവിടാന്‍ പോക്കറ്റില്‍ പണമുള്ളത് ഒരിയ്ക്കലും മറച്ച് വെച്ചില്ലെന്ന ശശി തരൂരിന്റെ സത്യന്ധത അംഗീകരിക്കേണ്ടതാണ്. ഇക്കോണമി ക്ലാസ്സിനെ കാറ്റ്ല്‍ ക്ലാസ്സായി കണക്കാക്കുന്നത് ഈ പോക്കറ്റിലെ കനത്തെക്കുറിച്ചുള്ള ഊറ്റം കൊണ്ടാണെങ്കിലും അതില്‍ തെറ്റ് പറയേണ്ടതുണ്ടെന്ന് തോന്നിയിട്ടല്ല. പാവങ്ങളുടെ ഭാഷ സംസാരിയ്ക്കുകയും തരം കിട്ടുമ്പോഴൊക്കെ, അവരുടെ പിച്ച ചട്ടിയില്‍ കയ്യിട്ട് വാരുകയും ചെയ്യുന്നവരാണ് ഇവിടത്തെ രാഷ്ട്രീയക്കാരില്‍ ഏറിയകൂറും. അവരെ ഹോളി കൗസ് എന്ന് ആക്ഷേപം അടങ്ങുന്ന പരാമര്‍ശത്താലല്ലാതെ വിളിച്ചതില്‍ തരൂരിനെ തെറ്റ് പറയേണ്ടതുണ്ടെന്നും അഭിപ്രായമില്ല. നിയമത്തിന്റെ സാധുതയ്ക്കും പരിരക്ഷ നല്‍കാനാകുമെങ്കിലും കേവല ധാര്‍മികതയുടെ പേരിലെങ്കിലും ഒരു പാര്‍ലമെന്റേറിയന്‍, ഒരു മന്ത്രി പാലിക്കേണ്ട ചിലതുണ്ട്. എന്നാല്‍ അധികാരത്തിന്റെ ഇടനാഴിയിലേക്കുള്ള ചവിട്ടുപടി എന്നതില്‍ക്കവിഞ്ഞ ഒരു പ്രാധാന്യം ശശി തരൂര്‍ എന്ന ഡിപ്ലോമാറ്റ് ശശി തരൂര്‍ എന്ന പാര്‍ലമെന്റംഗത്തിന് നല്‍കിയിട്ടുണ്ട് എന്ന് തോന്നുന്നില്ല. ജനകീയതയ്ക്കായി നടത്തുന്ന മുഖംമറയ്ക്കലുകള്‍ക്ക് തയ്യാറാകാതെ പോളിറ്റിക്കല്‍ എക്‌സിക്യുട്ടിവായി. പരമ്പരാഗത രാഷ്ട്രീയ പ്രവര്‍ത്തകനാകാന്‍ അദ്ദേഹം നടത്തിയ ശ്രമങ്ങൊക്കെ ഏതാണ്ട് വിരസ കോമഡികളായി മാത്രമേ നമുക്ക് കാണാനാവുന്നുള്ളുവെന്നതും ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതുണ്ട്.
എത്ര ശ്രമിച്ചാലും നടക്കാത്ത ഒന്നുണ്ട്. എത്രസൂക്ഷിച്ചാലും വാക്കുകളുടെ മേലുള്ള കടിഞ്ഞാണ്‍ ചിലപ്പോള്‍ നഷ്ടമാകുക തന്നെ ചെയ്യും. വാക്കുകളുടെ മേല്‍ വല്ലാതെ കരുതല്‍ സൂക്ഷിയ്ക്കുന്നവരാണ് ഡിപ്ലോമാറ്റുകള്‍. ഇവിടെ തരൂരാവട്ടെ ഇത്തരത്തില്‍ ഇന്ത്യയിലിന്നുള്ളവരില്‍ ഏറെ ഉയരത്തില്‍ വ്യാപരിക്കുന്ന ഒരാളും. നമ്മുടെ മിക്കവാറും എല്ലാ പ്രശ്‌നങ്ങളും ഭാഷയുടേത്, ഭാഷയിലേത്, ഭാഷയെക്കുറിച്ചുള്ളത് മാത്രമായി തീര്‍ത്തിരിയ്ക്കുന്നു. എല്ലാ കലാപങ്ങളും സമരങ്ങളും ഭാഷകൊണ്ട് നടത്തുന്നവ മാത്രമായി, ഭാഷയിലെ സമരങ്ങളും ഭാഷയിലെ വിജയങ്ങളും മാത്രമായി ഏതാണ്ട് പൂര്‍ണ്ണമായി തീര്‍ത്തിരിയ്ക്കുന്നു. ഇത്രമാത്രമേ ഈ വിഷയത്തിലും നടക്കുന്നുള്ളൂ. ഭാഷയ്ക്കപ്പുറത്തെ മാനങ്ങളിലേക്ക് ഇത് ചെന്നെത്തുകയുമില്ല.
ഇത് സംബന്ധിച്ച സംഭാഷണമദ്ധ്യേ ഒരു സുഹൃത്ത് മാധ്യമപ്രവര്‍ത്തകന്റെ നീതിബോധത്തെയും സാമാന്യബോധത്തെയും ചോദ്യം ചെയ്തതോര്‍ക്കുന്നു. ഭാഷയുടെ ചാരുതയും പ്രയോഗഭംഗികളും ആസ്വദിയ്ക്കാന്‍ അറിയാത്ത മടയന്മാരെക്കുറിച്ചോര്‍ത്തും വാര്‍ത്തകളെ സൃഷ്ടിയ്ക്കുന്നവരെയും കൊണ്ടാടുന്നവരെയും അവരുടെ മാനസിക തകരാറുകളെക്കുറിച്ചും അദ്ദേഹം വികാരാധീനനാകുകയും ചെയ്തിരുന്നു. രാഷ്ട്രീയക്കാര്‍ ഭരിച്ച് നശിപ്പിച്ച ഭാരതഭൂമിയെ രക്ഷിയ്ക്കാന്‍ ശശി തരൂരിനെപ്പോലുള്ളവരെ അനുവദിയ്ക്കുകയില്ലേ എന്നിടം വരെ ഒരുവേള ചോദ്യങ്ങള്‍ എത്തുകയും ചെയ്തു.
എന്നിട്ടും പ്രയോഗത്തിന്റെ തരക്കേടുകളെക്കുറിച്ച് എല്ലാവരും പറഞ്ഞു. ഒടുവില്‍ സാക്ഷാല്‍ ശശി തരൂര്‍ മാപ്പും പറഞ്ഞു. പ്രശ്‌നം പ്രയോഗത്തിന്റെ അനൗചിത്യം മാത്രമാണോ? ലൈബീരിയയില്‍ ഇരുന്നുകൊണ്ട് വെള്ളിയാഴ്്ച പുലര്‍ച്ചെ ട്വിറ്ററില്‍ തന്നെ എഴുതി ചേര്‍ക്കപ്പെട്ട വാക്കുകള്‍ക്കിടയില്‍ തന്നെപ്പോലെ ഒരു ബുദ്ധിമാനെ മനസ്സിലാക്കാന്‍ ആവാത്ത എല്ലാവര്‍ക്കുമെതിരായ പരിഹാസമുണ്ട്. ഇല്ലേ? തന്റെ തമാശയ്ക്കും ഭാഷയ്ക്കുമൊപ്പമെത്താത്ത ശരാശരിക്കാരെക്കൊണ്ടു നിറഞ്ഞ രാജ്യത്ത് വന്നുപിറക്കേണ്ടി വന്നതിനെക്കുറിച്ചുള്ള വേദനയുണ്ട്. മലയാളമെന്ന ഭാഷയുടെ പരിമിതിയെക്കുറിച്ചുള്ള ഒളിയമ്പുണ്ട്. നേരത്തെയത്ര തെളിച്ചല്ല അതൊക്കെ പറഞ്ഞിരിയ്ക്കുന്നതെന്ന് മാത്രമെന്നാണ് ഈയുള്ളവന് തോന്നിയത്. ഇതും പരിമിതിയാകണം. ആയിരക്കണക്കിന് വാര്‍ത്തകള്‍ വായിച്ച് കടന്നുപോയാലും ഒരു ഹോട്ട് ഡോഗിനെ മാത്രം (അത് ചെയ്തവനെ ന്യായീകരിക്കുകയല്ല) ഉദാഹരിക്കുമ്പോള്‍ ഇതെഴുതുന്ന മാധ്യമപ്രവര്‍ത്തകനും മനുഷ്യനാണെന്നും അവനും രാഷ്ട്രബോധമുണ്ടെന്നതും ഓര്‍ക്കേണ്ടതില്ലേ? (2009 sept.)
വാല്‍: തരൂരിനെതിരെ നടപടി എന്നൊക്കെ പറഞ്ഞുകേള്‍ക്കുന്നു. എന്ത് നടപടി? അങ്ങനെയൊന്നിന് പാര്‍ട്ടി മുതിരുമെന്ന് പ്രധാനമന്ത്രിയുടെ ജോക് പ്രസ്താവം സൂചന തരുന്നില്ല. പാര്‍ട്ടി വക്താക്കളും ഗെലോട്ടും പറഞ്ഞത് അറിഞ്ഞതേയില്ലെന്നതാണ് ഇഫ്താര്‍ വിരുന്നിനിടെ മന്‍മോഹന്‍ നടത്തിയ പ്രസ്താവന തെളിയിക്കുന്നത്.
എഴുതിയത് മുരളിക... at 12:54 PM 12 അഭിപ്രായങ്ങള്‍
No comments:
Post a Comment