Wednesday, November 17, 2010

മുറ്റത്തെ മുല്ലയ്ക്ക് മണമെന്തിന്??

ആരാന്റമ്മയ്ക്ക് ഇരുമ്പിടിക്കും, അവനോന്റമ്മയ്ക്ക് തവിട് പോലും ഇടിക്കരുത്.രാജ്യത്തിനു വേണ്ടി ജീവന്‍ കൊടുത്ത മേജറുടെ കുടുംബത്തെ പറഞ്ഞ നാവ് കൊണ്ട് അഭിനവ് ബിദ്രയെ പുകഴ്ത്തിയ മുഖ്യമന്ത്രിയോടും അഭിനവ് ബിന്ദ്രയ്ക്ക് സ്വീകരണമൊരുക്കിയ സ്പോര്‍ട്സ് കൌണ്‍സില്‍ ചെയര്‍മാനോടും ചോദിക്കാതെ വയ്യ. എന്തു കൊണ്ട് മലയാളി ഒളിമ്പ്യന്മാരെ മറന്നൂ എന്ന്. 110 കോടി ഇന്ത്യാക്കാരന്റെ അഭിമാനം ചൈനയില്‍ വെടിവെച്ചിട്ട സ്വര്‍ണത്തിളക്കം കൊണ്ട് അഭിമാനപൂരിതമാക്കിയ ബിന്ദ്രയെ അഭിനന്ദിക്കണം. തര്‍ക്കമില്ലാത്ത കാര്യമാണത്. ഓടിയും ചാടിയും കരണം മറിഞ്ഞും ഈ 110 കോടി ആളുകള്‍ കാലങ്ങളായി കിണഞ്ഞുശ്രമിച്ചിട്ടും കിട്ടാത്ത വ്യക്തിഗതസ്വര്‍ണം കൊണ്ടുവന്ന ബിന്ദ്രയെ ആദരിക്കണം. കഴിയുമെങ്കില്‍ ആചാരവെടി പൊട്ടിച്ച് തന്നെ ആദരിക്കണം.

പക്ഷേ. ... കുറച്ച് പേര്‍ ഇന്നാട്ടില്‍ നിന്നും പങ്കെടുത്തിരുന്നു സര്‍, ഈ മഹാമേളയില്‍. ആദരിച്ചില്ലെങ്കിലും അവരെയൊന്ന് വിളിച്ചിരുത്തുകയെങ്കിലും ചെയ്യാമായിരുന്നില്ലേ ഈ ചടങ്ങില്‍??? സ്വന്തം നാട്ടില്‍ ഒരു ഒളിമ്പിക് ജേതാവിന് സ്വീകരണം കൊടുക്കുന്ന ചടങ്ങില്‍ മെഡല്‍ കിട്ടിയില്ലെന്ന കാരണത്തില്‍ ഇവര്‍ക്ക് അയിത്തം കല്‍പ്പിക്കുന്നതിന്റെ മലയാളമെന്താണ്? അതോ മെഡല്‍ നഷ്പ്പെട്ടവന്റെ നിഴല്‍ കൊണ്ടാല്‍ നഷ്ട്ടപ്പെട്ടു പോകുന്നതാണോ സുവര്‍ണജേതാവിന്റെ തിളക്കം? അഞ്ജു ബോബി ജോര്‍ജ്ജ്, പ്രീജ ശ്രീധരന്‍, ചിത്ര കെ സോമന്‍, സിനി ജോസ്, രഞ്ജിത്ത് മഹേശ്വരി എന്നിവരാണ് ബീജിംഗ് ഒളിമ്പിക്സില്‍ പങ്കെടുത്ത മലയാളികള്‍. ഇവര്‍ മെഡല്‍ നേടിയിട്ടില്ല. സത്യമാണ്. അതുകൊണ്ട് ഇവരെ ആദരിക്കരുതെന്നാണോ? വിജയിക്കുക എന്നതല്ല പങ്കെടുക്കുക എന്നതാണ് ദാസന്‍ സാര്‍ ഒളിംപിക്സിന്റെ സന്ദേശം. പത്ത് ലക്ഷവും പവനും പൊന്നാടയും വേണ്ട, ഒന്ന് വിളിച്ചിരുത്തിയല്‍ എന്താണ് ചേതം? സിഡ്നിയില്‍ ഭാരാദ്വോഹനത്തില്‍ മെഡല്‍ നേടിയ കര്‍ണം മല്ലേശ്വരിയെ നായനാര്‍ സര്‍ക്കാര്‍ ആദരിച്ചപ്പോള്‍ മലയാളിതാരം കെ എം ബീനാമോളെയും ആദരിച്ചിരുന്നു. മല്ലേശ്വരിക്ക് ഒരുലക്ഷം നല്‍കയപ്പോള്‍ ബീനാമോള്‍ക്ക് 50000 രൂപ പാരിതോഷികമായി നല്‍കി.

ഇനി അഭിനവ് ബിന്ദ്ര ഇന്ത്യന്‍ കായികചരിത്രത്തില്‍ എന്ത് വിപ്ളവമാണ് ഉണ്ടാക്കാന്‍ പോകുന്നത്? അദ്ദേഹത്തിന്റെ നേട്ടം കുറച്ച് കാണുകയല്ല. മറിച്ച് അതുകൊണ്ട് ഇന്ത്യയുടെ കായികഭൂപടത്തില്‍ എവിടെയാണ് പുരോഗതിയുടെ എക്സ്പ്രസ്സ് ഹൈവേകള്‍ തുറക്കാന്‍ പോകുന്നത് എന്നാണ് ചോദ്യം. ഇന്ത്യന്‍ റെക്കോര്‍ഡ് താരവും .ലോക പത്താം നമ്പര്‍ ഷൂട്ടറുമായ റോഞ്ജന്‍ സോധി പറഞ്ഞതു കേള്‍ക്കുക. അഭിനവിന്റെ സ്വര്‍ണം കൊണ്ട് നേട്ടമുണ് ടായത് അഭിനവിന് മാത്രമാണ.് ഇന്ത്യയിലെ മറ്റു ഷൂട്ടര്‍മാര്‍ അവഗണനയിലാണ് ഇപ്പോഴും. സാധാരണക്കാരായ ഷൂട്ടര്‍മാര്‍ മെച്ചപ്പെട്ട പരിശീലനസൌകര്യങ്ങള്‍ക്കും തോക്കിനും വേണ്ടി തെണ്ടിനടക്കുക തന്നെയാണ് എന്നും സോധി പറയുമ്പോള്‍ അതില്‍ അസൂയയുടെ സ്പര്‍ശം കാണേണ്ടതില്ല. പണമില്ലാത്തവന്‍ പറയുന്ന അപ്രിയസത്യം തന്നെയാണത്.

സ്വര്‍ണമെഡല്‍ ജേതാവിന് നല്‍കുന്ന പൌസ്വീകരണത്തില്‍ മെഡല്‍ നേടാത്തവരെ പങ്കെടുപ്പിക്കേണ്ടെന്ന തീരുമാനം ശരിയായില്ലെന്ന് ഒളിംപ്യന്‍ പി ടി ഉഷ പറഞ്ഞു. ബിന്ദ്രയെയും സണ്ണിതോമസ്സിനെയും ആദരിക്കുന്നത് നല്ലതു തന്നെ, പക്ഷേ കേരളത്തില്‍ നിന്നും ഒളിംപിക്സില്‍ പങ്കെടുത്തവരെ ചടങ്ങില്‍ ക്ഷണിച്ച് ആദരിക്കയെങ്കിലും ചെയ്യാമായിരുന്നു. എല്ലാവര്‍ക്കും കഴിയുന്നതല്ലല്ലോ ഒളിമ്പിക്സ് പങ്കാളിത്തം- ഉഷ ചോദിക്കുന്നു.

(കണിക്കൊന്ന മാഗസിനില്‍ കളിക്കളത്തില്‍ പ്രസിദ്ധീകരിച്ചത്, Thursday, 11 December 2008)

കൊച്ചുകേരളത്തിനും കൊച്ചുക്രിക്കറ്റ് ടീം

ഐപിഎല്‍ ക്രിക്കറ്റിന്റെ ആവേശം പതഞ്ഞുയരുകയാണ്. മാമാങ്കം പാതിവഴിയിലെത്തിയിട്ടും വാതുവെപ്പ് കമ്പോളങ്ങള്‍ക്ക് ഉറച്ചൊരു വിജയിയെ പ്രഖ്യാപിക്കാറായിട്ടില്ല. ബാംഗ്ളൂരിനും ഡല്‍ഹിക്കും മുംബൈയ്ക്കും ജയ് വിളിച്ച് ക്യാപ്സ്യൂള്‍ ക്രിക്കറ്റിന്റെ ലഹരിയില്‍ മുഴുകിയ കേരളത്തിനും ഒരു ഐപിഎല്‍ ടീം സ്വന്തമായി എന്നതുതന്നെയാണ് കളിക്കളത്തില്‍ നിന്നുള്ള വിലപിടിച്ച വാര്‍ത്ത. ശൈലേന്ദ്ര ഗെയ്ക്വാദിന്റെ ഉടമസ്ഥതയിലുള്ള റോന്ദേവു കമ്പനിയാണ് 1533 കോടിരൂപയ്ക്ക് ഐപിഎല്ലില്‍ ഇത്തവണത്തെ രണ്ടാമത്തെ ടീമിനെ ലേലത്തില്‍ പിടിച്ചത്. പുനെ ടീമിനെ സ്വന്തമാക്കിയ സഹാറ മുടക്കിയത് ആദ്യ ഐ പിഎല്ലില്‍ എട്ട് ടീമുകള്‍ക്കും ചേര്‍ന്ന് മുടക്കിയതിലും മേലെയുളള തുക. ആരെന്ത് പറഞ്ഞാലും കായികമന്ത്രി തന്നെ തള്ളിപ്പറഞ്ഞാലും പണമെറിഞ്ഞ് പണത്തില്‍ കൊളളിക്കാന്‍ ഇന്ന് ക്രിക്കറ്റ് കഴിഞ്ഞേ രാജ്യത്ത് മറ്റൊരു കായിക ഇനമുള്ളൂ എന്നതാണ് സത്യം.

കൊച്ചി ആസ്ഥാനമായി രൂപപ്പെടുന്ന ടീമിന് കേരളത്തില്‍നിന്നുളള വ്യവസായികളുടെയും കായികപ്രേമികളുടെയും സഹകരണം ശക്തിപകരും. മോഹല്‍ലാലും പ്രിയദര്‍ശനും ഐപിഎല്‍ ലേലത്തിനു പങ്കെടുക്കുമെന്ന വാര്‍ത്തകള്‍തന്നെ കേരളത്തിലെ ക്രിക്കറ്റ് പ്രേമികളെ ആവേശത്തിലാക്കിയിരുന്നു. എന്നാല്‍ അപ്രതീക്ഷിത ലേലകരാറുകള്‍ കാരണം ഇവരും മുത്തൂറ്റ് ഗ്രൂപ്പുകാരും പിന്മാറിയതോടെ കേരളത്തിന് ഇത്തവണ ഐപിഎല്‍ പ്രാതിനിധ്യമുണ്ടാകില്ല എന്നുറച്ചതാണ്. എന്നാല്‍ കന്ദ്രമന്ത്രി ശശി തരൂരിന്റെ രംഗപ്രവേശവും റൊന്ദേവു ഗ്രൂപ്പിന്റെ മനസാന്നിധ്യവും മലയാളിയുടെ കളിപ്രേമത്തിനുള്ള അംഗീകാരമായി. 2011ലെ ഐപിഎല്‍ സീസണില്‍ കേരളം അങ്കം കുറിക്കുമ്പോള്‍ കേരള ടീമിനെഎന്തുപേര്‍ വിളിക്കണമെന്നും കളിക്കാര്‍ ആരൊക്കെയാവണമെന്നുമുള്ള ചൂടന്‍ ചര്‍ച്ചകള്‍ ആരംഭിച്ചുകഴിഞ്ഞു.

വിജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നതില്‍ താരനിരയ്ക്കു വലിയ പങ്കുണ്ടെന്നത് മാത്രമല്ല വന്‍താരങ്ങളെ പാളയത്തിലെത്തിക്കാന്‍ ടീമുടമകള്‍ കാണിക്കുന്ന ആവേശത്തിനു പിന്നില്‍. ഐക്കണ്‍ താരമെന്ന തുറുപ്പുഗുലാനൊപ്പം കളിക്കാരായ വന്‍സ്രാവുകള്‍ കൂടി ചേരുന്നതോടെ പരസ്യകമ്പോളത്തിലും ജനപ്രിയതയിലും ടീമിന്റെ ജാതകം തന്നെ മാറും. ഐപിഎല്ലിലെ ഏറ്റവും ഫ്ളോപ്പ് ടീമുകളിലൊന്നായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ് വരുമാനത്തില്‍ മുന്‍പന്തിയിലെന്നറിയുമ്പോഴാണ് ഐപിഎല്ലില്‍ കളി നടക്കുന്നത് 22 വാര പിച്ചില്‍ മാത്രമല്ല എന്നു തെളിയുന്നത്. എത്ര വിലയിട്ടാലാണ് വമ്പന്‍സ്രാവുകളെക്കൊണ്ട് ക്യാമ്പ് നിറയ്ക്കാന്‍ സാധിക്കുക എന്നതുതന്നെയാവണം കേരള ഐപിഎല്ലും നോട്ടമിടുന്നത്. പ്രധാന കളിക്കാരെ ലേലത്തില്‍ സ്വന്തമാക്കാനുള്ള അവസരം സെപ്റ്റംബറിലാണ് ഇനി. ആദ്യ ഐപിഎല്ലില്‍ ലേലം നടന്ന കളിക്കാര്‍ സ്വതന്ത്രരാകുന്നതോടെ കേരളത്തിനും വമ്പന്‍ കളിക്കാരെ റാഞ്ചാനുള്ള അവസരമ കൈവരും. ഇവരില്‍ ആരെയൊക്കെ സ്വന്തമാക്കാനാവും എന്നത് തന്ത്രപരമായ ഒരു കളിയാണ്.

കൊച്ചിയുടെ ടീമില്‍ ശ്രീശാന്ത് ഉണ്ടാവും എന്ന കാര്യത്തില്‍ ഏകദേശധാരണ ഉണ്ടായിട്ടുണ്ട്. നാട്ടിലെ ടീമില്‍ കളിക്കുകയാണു തന്റെ സ്വപ്നമെന്നു ശ്രീശാന്തും ശ്രീശാന്തിനെ സ്വന്തമാക്കാന്‍ ശ്രമിക്കുമെന്നു കൊച്ചി ടീം മാനേജ്മെന്റും ഇതിനകം വ്യക്തമാക്കിക്കഴിഞ്ഞിട്ടുണ്ട്. മലയാളിവേരുകളുള്ള റോബിന്‍ ഉത്തപ്പ, അഭിഷേക് നായര്‍ തുടങ്ങിയവരെ സ്വന്തമാക്കാന്‍ ശ്രമങ്ങളാരംഭിച്ചതായി സൂചനകളുണ്ട്. നിലവില്‍ അഭിഷേക് മുംബൈയ്ക്കൊപ്പവും റോബിന്‍ ബാഗ്ളൂരിനൊപ്പവുമാണ്. കേരളത്തിലെ പ്രാദേശിക കളിക്കാരില്‍ എത്ര പേര്‍ക്ക് ടീമില്‍ ഇടം ലഭിക്കുമെന്നതും കാത്തിരുന്ന് കാണണം. ഒരു ടീമില്‍ ഏഴു പ്രാദേശിക കളിക്കാര്‍ക്ക് അവസരം നല്‍കണം. അതില്‍ രണ്ടു പേര്‍ അണ്ടര്‍ 22 കളിക്കുന്നവരായിരിക്കണമെന്നും നിബന്ധന. അനന്തപത്മനാഭനെയും ശ്രീകുമാരന്‍ നായരെയും പോലുള്ള പരിചയസമ്പന്നരെയും റൈഫി വിന്‍സന്റ് ഗോമസിനെപ്പോലുള്ള യുവതാരങ്ങളും ഐപിഎല്‍ കേരളയ്ക്കുവേണ്ടി കളത്തിലിറങ്ങിയേക്കും. ബാറ്റ്സ്മാന്‍മാരായ രോഹന്‍പ്രേം, സഞ്ജു സാംസണ്‍, അഭിഷേക് ഹെഗ്ഡേ, അരുണ്‍ പൌലോസ്, പേസ് ബോളര്‍മാരായ ടിനു യോഹന്നാന്‍, എന്‍.നിയാസ്, പ്രശാന്ത് പരമേശ്വരന്‍ എന്നിവരും പ്രതീക്ഷയിലാണ്. രഞ്ജി ട്രോഫിയില്‍ ജമ്മു കാശ്മീരിനും പിന്നിലായി ഏറ്റവും ഒടുവില്‍ സീസണ്‍ അവസാനിപ്പിച്ച കേരളം ദേശീയടീമിലേക്ക് ഒരു കളിക്കാരനെ എത്തിക്കാന്‍ ഉറ്റുനോക്കുന്നത് ഐപിഎല്ലിനെയാണ്.

വാല്‍ക്കഷണം: ക്രിക്കറ്റ് പ്രത്യേകിച്ച് ഐപിഎല്‍ ഇന്ത്യയിലെ മറ്റ് കായിക ഇനങ്ങളെ നശിപ്പിക്കുന്നുവെന്ന് സ്പോര്‍ട്സ് മന്ത്രി എം എസ് ഗില്ലിന് പരാതി. മംഗൂസ് ബാറ്റ് കൊണ്ടുവന്ന ഐപിഎല്ലില്‍ അടുത്തത് വരാന്‍ പോകുന്നത് കോബ്ര ബാറ്റാണെന്നും ടിയാന്‍. പണത്തിനു മീതെ പരുന്ത് പറക്കണില്ല, പിന്നെയാണോ കോബ്ര.


(നാട്ടുപച്ചയിലെ മൈതാനത്തില്‍ പ്രസിദ്ധീകരിച്ചത്)

ജാതകദോഷം മാറ്റാന്‍ മുംബൈ ഇന്ത്യന്‍സും നൈറ്റ് റൈഡേഴ്സും

ഐപിഎല്‍ മൂന്നാം സീസണ് കൊടിയേറി എന്നതുതന്നെയാണ് കളിക്കളത്തില്‍ നിന്നുള്ള ഏറ്റവും വലിയ വാര്‍ത്ത. ലോകകപ്പ് ഹോക്കി കിരീടവും കൊണ്ട് ഓസ്ട്രേലിയ കടല്‍കടന്നത് ഐപിഎല്ലിന്റെ ആഘോഷത്തിനിടയില്‍ ആരും അറിഞ്ഞുതന്നെയില്ല. തുടര്‍ച്ചയായ മൂന്നാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ ജര്‍മനിയെ ഒന്നിനെതിരെ 2 ഗോളുകള്‍ക്കാണ് ഓസ്ട്രേലിയ ജേതാക്കളായത്. ജര്‍മനിയുടെ മുന്നേറ്റത്തോടെ തുടങ്ങിയ കലാശപ്പോരാട്ടത്തില്‍ എഡ്വേര്‍ഡ് ഒക്കെന്‍ഡന്‍ ആറാം മിനിറ്റിലും ലൂക്ക് ഡിയോനര്‍ 59ആം മിനിറ്റിലും കണ്ടെത്തിയ ഗോളുകള്‍ക്കാണ് ഓസീസ് വിജയവഴിയിലെത്തിയത്. ക്രിക്കറ്റ് ലോകചാമ്പ്യന്മാരായ ഓസ്ട്രേലിയ ഈ വര്‍ഷം നടക്കാനിരിക്കുന്ന ഫുട്ബോളിലും നിര്‍ണായകശക്തിയാണ്. കളിക്കളത്തില്‍ ഓസീസിനെ ആരുവെല്ലുവിളിക്കും എന്ന ചോദ്യത്തോടെയാണ് ഹോക്കി ലോകകപ്പിന് തിരശ്ശീല വീഴുന്നത്. ആദ്യമത്സരത്തില്‍ പാകിസ്ഥാനെതിരായ വിജയത്തോടെ ആതിഥേരായ ഇന്ത്യ പോരാട്ടം അവസാനിപ്പിച്ചത് ടൂര്‍ണമെന്റിന്റെ ആവേശം ഒരു പരിധിവരെ ചോര്‍ന്നിരുന്നു.

വാര്‍ത്താചാനലുകളോട് ലളിത്മോഡിയുടെ ചിറ്റമ്മനയത്തോടെയാണ് ഇത്തവണത്തെ ഐപില്‍ വാര്‍ത്തകളില്‍ നിറയുന്നത്. പാക് കളിക്കാരെ ഒഴിവാക്കിയതും പുതിയ ടീമുകള്‍ക്ക് വേണ്ടിയുള്ള ലേലത്തില്‍ കള്ളക്കളി കളിച്ചതും ഐപിഎല്ലിന്റെ മൂന്നാം എഡിഷന്റെ നിറം ചോര്‍ത്തുമെന്ന് കരുതിവര്‍ക്ക് പക്ഷേ തെറ്റി. 37 പന്തുകളില്‍ നിന്നും ഐ പി എല്ലിലെ വേഗമേറിയ സെഞ്ചുറി കുറിച്ച യൂസഫ് പത്താന്‍ ഒന്നരമാസത്തേക്കുള്ള മൈലേജാണ് സമ്മര്‍ സ്ളാമിന് നല്‍കിയത്. മുംബൈ ഇന്ത്യന്‍സിന്റെ 212 എന്ന പടുകൂറ്റന്‍ ടോട്ടല്‍ പിന്തുടരുന്ന രാജസ്ഥാന്‍ റോയല്‍സ് മത്സരം ഏതാണ്ട് ഉപേക്ഷിച്ചിടത്തുനിന്നായിരുന്നു യൂസഫിന്റെ വണ്‍മാന്‍ഷോ. 37 പന്തില്‍ ഒന്‍പത് ബൌണ്ടറികളും എട്ട് സിക്സറുകളുമടക്കം 100 റണ്‍സെടുത്ത യൂസഫ് റണ്ണൌട്ടായിരുന്നില്ലെങ്കില്‍ രാജസ്ഥാന്‍ വിജയിക്കുമെന്ന് കരുതുന്നവരാണേറെ. ഇടവേളയ്ക്ക് ശേഷം ഐപിഎല്‍ ഇന്ത്യന്‍ മണ്ണില്‍ തിരിച്ചെത്തുമ്പോള്‍ പ്രവചനങ്ങള്‍ അസാധ്യമാക്കിക്കൊണ്ടാണ് ടൂര്‍ണമെന്റ് പുരോഗമിക്കുന്നത്.

വെടിക്കെട്ട് വീരന്‍ ബ്രണ്ടന്‍ മക്കല്ലത്തിന്റെയും ടി-20 സ്പെഷലിസ്റ് ഡേവിഡ് ഹസി, ക്രിസ് ഗെയ്ല്‍, ഫാസ്റ് ബൌളര്‍ ഷെയ്ന്‍ ബോണ്ട് എന്നിവരുടെ അഭാവത്തിലും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് വിജയങ്ങള്‍ കണ്ടെത്തുന്നുണ്ട്. സൌരവ് ഗാംഗുലിയുടെ നായകമികവിനൊപ്പം പ്രധാന കളിക്കാര്‍ കൂടി വന്നെത്തുന്നതോടെ കൊല്‍ക്കത്ത വിസ്മയങ്ങള്‍ ആവര്‍ത്തിച്ചേക്കും. ആദ്യരണ്ട് സീസണിലും പരാജയങ്ങള്‍ കൊണ്ട് പൊറുതിമുട്ടിയ ഷാരൂഖിനും ഗാംഗുലിക്കും ഇത്തവണ കിരീടവിജയം കൂടിയേ തീരൂ.

കൊല്‍ക്കത്തയെക്കാളും മുതല്‍മുടക്കിയാണ് റിലയന്‍സ് ഗ്രൂപ്പ് മുംബൈ ഇന്ത്യന്‍സിനെ സ്വന്തമാക്കിയത്. എന്നാല്‍ സാക്ഷാല്‍ സച്ചിന്‍ തന്നെ നായകസ്ഥാനത്തുണ്ടായിട്ടും അത്ഭുതങ്ങള്‍ കാണിക്കാന്‍ അവര്‍ക്കായില്ല. വിന്‍ഡീസ് വെടിക്കെട്ടുതാരം കീരണ്‍ പൊളാര്‍ഡിനെ റെക്കോര്‍ഡുതുകയ്ക്ക് സ്വന്തമാക്കിയാണ് മുംബൈ മൂന്നാം സീസണെത്തുന്നത്. ലസിത് മാലിംഗയും സഹീര്‍ ഖാനും ഹര്‍ഭജന്‍ സിംഗും നയിക്കുന്ന ബൌളിംഗും സച്ചിനൊപ്പം ജയസൂര്യ, ഡൂമിനി, ബ്രാവോ, പൊളാര്‍ഡ് എന്നിവര്‍ കൂടി ചേരുന്നതോടെ മുംബൈയുടെ കിരീടപ്രതീക്ഷകള്‍ സജീവമാകുന്നു. ഇത്തവണ ഐപിഎല്‍ കിരീടം ഒരു ഇന്ത്യന്‍ ക്യാപ്റ്റന്‍ ഉയര്‍ത്തുമെന്ന് മുന്‍ ഇന്ത്യന്‍ താരവും പാര്‍ലമെന്റംഗവുമായ നവജോത്സിംഗ് സിദ്ദു. മുംബൈ ഇന്ത്യന്‍സാണ് തന്റെ മനസ്സിലെന്നും സിദ്ദു ടി വി ചാനല്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട.

മുന്‍ചാമ്പ്യന്മാരായ ഡെക്കാണ്‍ പരാജയത്തോടെയാണ് തുടങ്ങിയതെങ്കിലും ചെന്നൈയ്ക്കെതിരായ വിജയത്തോടെ തിരിച്ചുവന്നു. മാറിയ ക്യാപ്റ്റനുകീഴില്‍ ഡെല്‍ഹി ഡെയര്‍ഡെവിള്‍സ് മിന്നല്‍ പ്രകടനമാണ് നടത്തുന്നത്. എന്നാല്‍ ക്യാപ്റ്റന്‍ മാറിയത് പഞ്ചാബിന്റെ രക്ഷയ്ക്കെത്തിയിട്ടില്ല. യുവരാജ് ഫോമിലെത്തിയാലേ കിംഗ്സ് പ്രതീക്ഷകള്‍ സ്ഥാനത്താവൂ. ആദ്യമത്സരം തോറ്റുവെങ്കിലും ഇന്ത്യന്‍ ക്യാപ്റ്റന്റെ കീഴിലിറങ്ങുന്ന ചെന്നൈയെ എഴുതിത്തള്ളാന്‍ കഴിയില്ല. പരമ്പരാഗത ക്രിക്കറ്റ് കളിക്കുന്ന ബാംഗ്ളൂര്‍ കഴിഞ്ഞ വര്‍ഷത്തെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരുമോയെന്നും കാത്തിരുന്നു തന്നെ കാണണം. എന്തായാലും ഇനി ഒന്നരമാസം ചിയര്‍ഗേള്‍സിന്റെ ചുവടുകള്‍ക്കൊപ്പം പതഞ്ഞുയരുന്ന ക്രിക്കറ്റ് ആവേശത്തിന്റെ നാളുകള്‍.

വാല്‍ക്കഷണം: ട്വന്റി-20 ലോകകപ്പ് നേടിയ ക്യാപ്റ്റനും മധ്യനിരയിലെ ശക്തികേന്ദ്രവുമായ മൊഹമ്മദ് യൂസഫുമടക്കം നാല് കളിക്കാര്‍ക്ക് പാകിസ്ഥാന്‍ ടീം സെലക്ഷനില്‍ നിന്നും വിലക്ക്. കണ്ടകശനി കൊണ്ടേ പോകൂ എന്ന സ്ഥിതിയാണ് പാകിസ്ഥാന്‍ ക്രിക്കററിന്. ഇനി ആരെയുടെയൊക്കെ തലകള്‍ തെറിക്കുമെന്നും കണ്ടുതന്നെ അറിയണം.


(നാട്ടുപച്ചയിലെ മൈതാനത്തില്‍ പ്രസിദ്ധീകരിച്ചത്)

വെല്‍ഡണ്‍ റിക്കി; ക്രിക്കറ്റെന്നാല്‍ പരസ്യം മാത്രമല്ല

പരമ്പരാഗത ക്രിക്കറ്റ് രീതികളായ ടെസ്റ്, ഏകദിന മത്സരങ്ങള്‍ക്ക് പ്രാധാന്യം നഷ്ടപ്പെടുന്നുവെന്നും അടുത്തിടെ തന്നെ ഇല്ലാതാകുമെന്നും ആരാധകരും പരസ്യദാതാക്കളും ആവര്‍ത്തിച്ച് ആശങ്കപ്പെടുമ്പോള്‍ ഒരു കളിക്കാരന്‍ ഇവ കളിക്കാന്‍ വേണടി 20 ട്വന്റി മല്‍സരങ്ങളില്‍ നിന്ന് വിരമിക്കുന്നു. ഓസ്ട്രേലിയന്‍ ക്യാപ്റ്റനായ റിക്കി പോണ്ടിംഗാണ് ടെസ്റ്റ്, ഏകദിനരംഗങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു വേണ്ടി ആവേശത്തിന്റെ ക്യാപ്സൂളുകള്‍ എന്നു കരുതിപ്പോരുന്ന ട്വന്റി-20 ക്രിക്കറ്റ് വിടുന്നത്. മികച്ച കളിക്കാരാല്ലെവരും ടെസ്റ്റ്, ഏകദിനങ്ങള്‍ വിട്ട് ട്വന്റി-20യില്‍ കൂടുകൂട്ടാനൊരുങ്ങുമ്പോഴാണ് പണ്ടര്‍ പോണ്ടിംഗ് ഇവിടെ വ്യത്യസ്തനായത്. ലോകത്തെ ഏറ്റവും മികച്ച ഓള്‍ റൌണ്ടര്‍മാരില്‍ ഒരാളായ ഇംഗ്ളീഷ് പവര്‍ഹൌസ് ആന്‍ഡ്രൂ ഫ്ളിന്റോഫ് അടുത്തിടെ ടെസ്റ്റില്‍ നിന്നും വിരമിച്ചിരുന്നു. ശ്രീലങ്കന്‍ ഓഫ്സ്പിന്നറായ മുത്തയ്യ മുരളീധരന്‍ അടുത്ത വര്‍ഷത്തോടെ വിരമിക്കുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. ഇവര്‍ക്കിടയിലും ടെസ്റ് മത്സരങ്ങളാണ് യഥാര്‍ത്ഥ ക്രിക്കറ്റ് എന്ന പരമ്പരാഗത സമീപനത്തെ സ്വന്തം കരിയറില്‍ അനുവര്‍ത്തിച്ച ഓസീസ് ക്യാപ്റ്റനിരിക്കട്ടെ ഒരു തൂവല്‍.

20 ട്വന്റി മല്‍സരങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുന്ന പോണ് ടിംഗിന്റെ നയം വ്യക്തമാണ്. സച്ചിന്‍ തെണ് ടുല്‍ക്കറിന്റെ ടെസ്റ് സെഞ്ചുറിയെന്ന റെക്കോര്‍ഡിലേക്കാണ് പോണ്ടിംഗിന്റെ കണ്ണ്. ഇന്ന് ഭൂമുഖത്തുള്ള കളിക്കാരില്‍ ഈ റെക്കോര്‍ഡില്‍ സച്ചിനെ മറികടക്കാനുണ് ടെങ്കില്‍ അത് ഈ ഓസ്ട്രേലിയക്കാരന്‍ മാത്രമാണ് താനും. ട്വന്റി20 യില്‍ പോണ്ടിങ്ങിന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. 17 രാജ്യാന്തര ട്വന്റി20 മല്‍സരങ്ങളില്‍ നിന്ന് 28.64 റണ്‍സ് ശരാശരിയില്‍ 401 റണ്‍സാണ് പോണ്ടിങ്ങിന്റെ സമ്പാദ്യം. സ്വരം നന്നായിരിക്കുമ്പോള്‍ പാട്ട് നിര്‍ത്തിയ റിക്കി ബോധപൂര്‍വ്വം കളിച്ചു എന്നുവേണം കരുതാന്‍. ട്വന്റി20 മല്‍സരങ്ങളിലെ പ്രകടനക്കുറവിന്റെ പേരില്‍ ടെസ്റ്-ഏകദിന ടീമില്‍ നിന്നുകൂടി നിഷ്കാസിതനായേക്കുമെന്ന ഘട്ടത്തില്‍ കളിച്ച ഒരു ശ്രദ്ധകൂടിയ ഇന്നിംഗ്സ് എന്ന് ഈ നീക്കത്തെ വിളിച്ചാലും അത് തെറ്റാവില്ല.

ട്വന്റി-20 ക്രിക്കറ്റിലെ സൂപ്പര്‍ ഓവറില്‍പോലും സ്വപ്നം കാണാന്‍ പറ്റാത്ത ആവേശമായിരുന്നു കളിപ്രേമികള്‍ക്ക് ഇക്കഴിഞ്ഞ ആഷസ് സമ്മാനിച്ചത്. കളിയെ നാല് ദിവസമാക്കി ചുരുക്കണമെന്നും ടെസ്റ് മത്സരങ്ങള്‍ സമയം കൊല്ലുന്നുവെന്നും വിമര്‍ശിച്ചവരുടെ വായടപ്പിച്ച പരമ്പര. ഒരര്‍ത്ഥത്തില്‍ ഓസീസ്-ഇംഗ്ളീഷ് പരമ്പരയുടെ മാത്രമല്ല ടെസ്റ് മത്സരങ്ങളുടെ ഒട്ടാകെ ആഷസ് ആയിരുന്നേനെ ലണ് ടനില്‍ നടക്കുമായിരുന്നത്. എന്നാല്‍ സംഭവിച്ചത് മറിച്ചാണ്. എണ്ണം പറഞ്ഞ കളിനീക്കങ്ങളിലൂടെ അവസാന ടെസ്റിന്റെ നാലാംദിനം വരെയെത്തിയ ആഷസ് 2009 ക്രിക്കറ്റിന്റെ സൌന്ദര്യത്തിന് മാറ്റുകൂട്ടിയാണ് പൂര്‍ത്തിയായത്.

കളിക്കളത്തില്‍ സജീവമായിരുന്നു പോയമാസം. ശ്രീലങ്കയില്‍ കോംപാക് ക്രിക്കറ്റ് കിരീടമുയര്‍ത്തിയതും ലോകറാങ്കിംഗില്‍ ഒരു ദിവസത്തേക്കെങ്കിലും ഒന്നാമതെത്തിയതും നെഹ്റുകപ്പ് ഫുട്ബോളില്‍ ജേതാക്കളായതും ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വിജേന്ദര്‍ നടാടെ മെഡല്‍ കുറിച്ചതും ഫൈനലില്‍ മഹേഷ് ഭൂപതി സഖ്യത്തെ തുരത്തി ലിയാന്‍ഡര്‍ യുഎസ് ഓപ്പണ്‍ ടെന്നീസ് കിരീടത്തില്‍ മുത്തമിട്ടതും ഇന്ത്യയ്ക്ക് അഭിമാനം പകരുന്ന വാര്‍ത്തകളായി. ടെന്നീസ് റാക്കറ്റ് നിലത്തടിക്കുകയും വളച്ചൊടിക്കുകയും ചെയ്ത സെറീന വില്യംസിന് പിഴ ലഭിച്ചതും, ഇംഗ്ളണ്ടിനെ തുടര്‍ച്ചയായി നാല് മത്സരങ്ങളില്‍ പരാജയപ്പെടുത്തി ഏകദിന പരമ്പര സ്വന്തമാക്കിയ ഓസീഷസ് തോല്‍വിക്ക് പകരം വീട്ടിയതും കളിപ്രേമികള്‍ക്ക് കണ്ണുനീരായി അര്‍ജന്റീനയും പോര്‍ട്ടുഗലും ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ റൌണ്ടില്‍ മുടന്തുന്നതും വെവ്വേറെ എഴുതിയാല്‍ ഓരോ ഉപന്യാസങ്ങള്‍ക്കുപോരും.


ബിയോണ്‍ഡ് ദ ലൈന്‍: ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ടായി മുഖ്യമന്ത്രി നരേന്ദ്രമോഡി കോണ്‍ഗ്രസ്സിനെ അട്ടിമറിച്ച് തെരഞ്ഞെടുക്കപ്പെട്ടത് വാര്‍ത്തയായി. പണ് ട് മുഖ്യമന്ത്രിസ്ഥാനത്ത് വിജയം ആവര്‍ത്തിച്ചപ്പോള്‍ ഭാവിപ്രധാനമന്ത്രി എന്നാണ് മോഡിയെ പലരും വിളിച്ചത്. ഇനിയിപ്പോ അതേതായാലും നടക്കാന്‍ പോണില്ല. ഒരു ബി സി സി ഐ പ്രസിഡണ്ടൊക്കെ വേണേല്‍ ആവാമെന്നല്ലാതെ.


(നാട്ടുപച്ചയിലെ മൈതാനത്തില്‍ പ്രസിദ്ധീകരിച്ചത്)

വിവാദങ്ങളുടെ ക്രീസില്‍ ഇമ്രാന് പങ്കാളി ബേനസീര്‍

സുന്ദരിമാരുടെ മനംകവര്‍ന്ന ക്രിക്കറ്റ് താരങ്ങളുടെ കഥകള്‍ നിരവധിയുണ്ട്. അന്തപുരങ്ങളില്‍ ഒതുങ്ങിനിന്നവ മുതല്‍ വിവാഹത്തിലെത്തിയതും വിവാഹമോചനം നേടിയതുമായ കഥകളും ഇവിടങ്ങളില്‍ സുലഭമാണ്. എന്നാല്‍ കൊല്ലപ്പെട്ട മുന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയും പിപിപി അധ്യക്ഷയുമായ ബേനസീര്‍ ഭൂട്ടോയും മുന്‍ പാക് ക്രിക്കറ്റ് ക്യാപ്റ്റന്‍ ഇമ്രാന്‍ ഖാനും പ്രണയബദ്ധരായിരുന്നുവെന്ന വെളിപ്പെടുത്തല്‍ ക്രിക്കറ്റിനെ മാത്രമല്ല പിടിച്ചുകുലുക്കുന്നത്. ഒരു വിവയന്‍ റിച്ചാര്‍ഡ്സ് ഇന്ത്യന്‍ നടിയെ വിവാഹം ചെയ്തതുപോലെയോ, മഹേന്ദ്രസിംഗ് ധോണിയും എസ് ശ്രീശാന്തും യുവരാജ് സിംഗും പരസ്യനടികളുടെ പേരിനൊപ്പം ഗോസിപ്പ് കോളങ്ങളില്‍ ചുംബിച്ചുനില്‍ക്കുന്നതു പോലെയോ ഈ വിവാദം കെട്ടടങ്ങുമെന്നും കരുതാനാവില്ല.

വെറുമൊരു കളിക്കാരന്റെ പേര് പറഞ്ഞുപോകുന്നതുപോലെ അവസാനിക്കുന്നതല്ല പാക് ക്രിക്കറ്റില്‍ ഇമ്രാന്‍ ഖാന്‍ ചെലുത്തിയ സ്വാധിനം. ഒരേയൊരു ലോകകപ്പ് നേടിയ ഉപഭൂഖണ്ഡത്തിലെ മൂന്ന് ക്യാപ്റ്റന്മാരിലും ഇമ്രാന്‍ മികച്ചു നില്‍ക്കുന്നത് അതയാള്‍ സാധ്യമാക്കിയ രീതിയിലാണ്. പരിമിതവിഭവങ്ങള്‍ കൊണ് ടായിരുന്നു ഇമ്രാന്‍ പാകിസ്ഥാനെ ലോകത്തിന്റെ നിറുകയില്‍ എത്തിച്ചത്. വെളിപ്പെടുത്തലുമായി രംഗത്തെത്തിയതാകട്ടെ ഇമ്രാന്‍ ഖാന്റെ ജീവചരിത്രമെഴുതുന്ന പ്രമുഖ എഴുത്തുകാരന്‍ ക്രിസ്റഫര്‍ സാന്‍ഡ്ഫോര്‍ഡ് തന്നെയും. ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയില്‍ ഒരേകാലത്ത് വിദ്യാര്‍ഥികളായിരിക്കെ ഇരുവരുടെയും അടുപ്പം ലൈംഗികബന്ധംവരെ എത്തിയിട്ടുണ്ടാകണമെന്നാണ് സാന്‍ഡ്ഫോര്‍ഡിന്റെ വെളിപ്പെടുത്തല്‍. ഇരുവരുടേയും പ്രണയം അത്രയും ആഴത്തിലുള്ള തായിരുന്നുവെന്നാണ് സാന്‍ഡ്ഫോര്‍ഡ് 'ഡെയ്ലി മെയില്‍'പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. എന്നാല്‍ രണ്ടുമാസം ഒരുമിച്ച് താമസിച്ചശേഷം ഇരുവരും പിരിയുകയായിരുന്നുവെന്നും സാന്‍ഡ്ഫോര്‍ഡ് പറഞ്ഞു.

1975 -ല്‍ ബേനസീര്‍ ഓക്സ്ഫോര്‍ഡില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നപ്പോഴാണ് ഇമ്രാനുമായുള്ള ബന്ധം തുടങ്ങിയത്. അന്ന് ബേനസീറിന് പ്രായം 21 വയസ്. ഈ ബന്ധത്തെക്കുറിച്ച് ഇമ്രാന്റെ മാതാവിന്് അറിവുണ്ടായിരുന്നുവന്നും ഇരുവരുടേയും വിവാഹം നടത്തുന്നതിന് അവര്‍ ശ്രമം നടത്തിയിരുന്നുവെന്നും സാന്‍ഡ്ഫോര്‍ഡ് പറയുന്നു. ഇരുവരും ഒരേസമയത്ത് ഓക്സ്ഫോര്‍ഡില്‍ പഠിച്ചിട്ടുണ്ടെങ്കിലും ഒരു ബന്ധവുമുള്ളതായി ഇതുവരെ വിവരമുണ്ടായിരുന്നില്ല. ക്രിക്കറ്റ് കരിയറിന് ശേഷം പാക് രാഷ്ട്രീയത്തില്‍ സജീവമായപ്പോള്‍ ഇമ്രാന്‍ ബേനസീറിന്റെ വിമര്‍ശകനായാണ് അറിയപ്പെട്ടിരുന്നത്. മരണത്തിന്റെ ഏതാനും ദിവസം മുന്‍പ് പോലും ബേനസീറിനെതിരെ ഇമ്രാന്‍ ശക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു. ക്രിസ്റഫര്‍ സാന്‍ഡ്ഫോര്‍ഡിന്റെ വെളിപ്പെടുത്തലുകള്‍ പച്ചക്കള്ളമാണെന്നാണ് ഇക്കാര്യത്തില്‍ പാക്കിസ്ഥാന്റെ ക്രിക്കറ്റ് ഇതിഹാസമായി വിലയിരുത്തപ്പെടുന്ന ഇമ്രാന്റെ പ്രതികരണം. പഠനകാലത്ത് ഞാനും ബേനസീറും നല്ല സുഹൃത്തുക്കളായിരുന്നു.അതിനിടയില്‍ പ്രണയമോ ലൈംഗികതയോ ഒന്നുമുണ്ടായിരുന്നില്ലെനന്നും ഇമ്രാന്‍ ഇതിനോട് പ്രതികരിച്ചു. തന്റെ മാതാവ് തങ്ങളുടെ വിവാഹത്തിന് ആലോചന നടത്തിയെന്ന വാര്‍ത്തയും ശുദ്ധ അസംബന്ധമാണെന്ന് ഇമ്രാന്‍ ഖാന്‍ കൂട്ടിച്ചേര്‍ക്കുന്നു.

ബിയോണ്‍ഡ് ദ ലൈന്‍: കരിയറില്‍ രണ്ടാമതും ആഷസ് കൈവിട്ട റിക്കി പോണ്ടിംഗ് ഓസ്ട്രേലിയയുടെ ഏറ്റവും മോശം ക്യാപ്റ്റനാണോ എന്നതാണ് ക്രിക്കറ്റ് ലോകത്തെ വലിയ ചര്‍ച്ച. ഒരു തോല്‍വികൊണ് ട് അങ്ങനെ അളക്കാനാവില്ലെന്ന് പോണ് ടിംഗിന്റെ ആരാധകര്‍. എന്നാല്‍ അടുത്ത കാലത്തെ ഓസീ ക്യാപ്റ്റന്മാരെ നോക്കുക. മാര്‍ക് ടെയ്ലര്‍, സ്റിവ് റോഡ്ജര്‍ വോ... ഇവര്‍ക്കൊപ്പം സ്ഥിരം നായകനായിട്ടില്ലാത്ത ആഡം ഗില്‍ക്രിസ്റിനെയും ഒരിക്കല്‍ പോലും ടീമിനെ നയിച്ചിട്ടില്ലാത്ത ഷെയിന്‍ വോണിനെയും ചേര്‍ക്കുക. ഇനിയോ?? ഇനിയെവിടെയാണ് പോണ്ടിംഗിന്റെ സ്ഥാനം.


(നാട്ടുപച്ചയിലെ മൈതാനത്തില്‍ പ്രസിദ്ധീകരിച്ചത്)

പാക് മൈതാനത്തിലെ ചോരക്കറ

വിദേശ ടീമുകള്‍ക്ക് ദുസ്വപ്നമായി മാറുകയാണ് നമ്മുടെ അയല്‍ രാജ്യമായ പാകിസ്ഥാനിലെ മൈതാനികള്‍. അരക്ഷിതമായ രാഷ്ട്രീയ-സാമൂഹ്യ വ്യവസ്ഥിതി ആ രാജ്യത്തിന്റെ സമീപകാല കായികനേട്ടങ്ങള്‍ക്ക് ഏല്‍പ്പിച്ച തിരിച്ചടി ചെറുതല്ല. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ താങ്ങിനിര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചുകൊണ്ടിരിക്കുന്ന ക്രിക്കറ്റ് പരമ്പരകള്‍ പാകിസ്ഥാന് തുടര്‍ച്ചയായി നഷ്ടമാവുകയാണ്. ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക, ഇംഗ്ളണ്ട് ടീമുകളാണ് സമീപകാലത്ത് പാകിസ്ഥാനില്‍ കളിക്കാന്‍ വിസമ്മതിച്ച് ഏഷ്യന്‍ രാജാക്കന്മാരെ തൊട്ടുകൂടാത്തവരാക്കിയത്. പതിനാല് മാസമായി പാകിസ്ഥാന്‍ ഒരു ടെസ്റ് പരമ്പര കളിച്ചിട്ട്. പാകിസ്ഥാനില്‍ നടക്കേണ്ടിയിരുന്ന ചാമ്പ്യന്‍സ് ട്രോഫി പാകിസ്ഥാനില്‍ നിന്നും ഐ സി സി മാറ്റിയിരുന്നു. ക്രിക്കറ്റ് ലോകത്തെ കരുത്തരും മുന്‍ ലോകചാമ്പ്യന്മാരുമായ പ്രതിഭാസമ്പന്നമായ പാകിസ്ഥാന്‍ ടീമിനാണ് ഈ ദുര്യോഗം. ഇതിനെല്ലാം പുറമേയാണ് പാകിസ്ഥാന്‍ ക്രിക്കറ്റിനും രാഷ്ട്രീയത്തിനും കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് മുംബൈ ഭീകരാക്രണത്തെത്തുടര്‍ന്ന് ഇന്ത്യ പാക് പര്യടനം ഉപേക്ഷിക്കുന്നത്. ക്രിക്കറ്റിനു മാത്രമല്ല പാകിസ്ഥാന് തന്നെയും ലോകരാജ്യങ്ങള്‍ക്കു മുമ്പില്‍ തല കുനിക്കേണ്ടി വന്ന നാളുകളാണ് തുടര്‍ന്നുണ്ടായത്. അനിശ്ചിതത്വമെന്ന ക്രിക്കറ്റിന്റെ സൌന്ദര്യം പൂര്‍ണഭാവത്തില്‍ ആസ്വദിക്കാനായി പച്ചപ്പുല്ലിലും തീപടര്‍ത്തുന്ന ഇന്തോ-പാക് മത്സരങ്ങള്‍ കാണാന്‍ കാത്തിരുന്ന ആരാധകരെ നിരാശരാക്കി ഇന്ത്യന്‍ ആഭ്യന്തര മന്ത്രാലയം പാക് പര്യടനം വേണ്ടെന്നു വെയ്ക്കുകയായിരുന്നു. 2011 ല്‍ ഉപഭൂഖണ്ഡത്തില്‍ നടക്കാനിരിക്കുന്ന ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങള്‍ക്കും ആക്രമണം കനത്ത ഭീഷണിയാണ്. പാകിസ്ഥാനില്‍ മത്സരങ്ങള്‍ ഉണ്ടാവില്ല എന്നു തന്നെയാണ് ഏറ്റവും ഒടുവില്‍ ക്രിക്കറ്റ് ലോകത്തുനിന്നും ലഭിക്കുന്ന വാര്‍ത്ത.

ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പിന്മാറിയതിനെത്തുടര്‍ന്നാണ് ശ്രീലങ്കന്‍ ടീം പാകിസ്ഥാനിലെത്തിയത്. തിരക്കിട്ട ചര്‍ച്ചകള്‍ക്കൊടുവില്‍ പാകിസ്ഥാനെ സഹായിക്കാനായി ശ്രീലങ്ക സഹായിക്കുകയായിരുന്നു. എന്നാല്‍ ആദ്യമായി പര്യടനത്തിനെത്തിയ വിദേശകളിക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്ത് പാകിസ്ഥാനിലെ ഭീകരവാദം പുതിയ കഥകള്‍ കുറിച്ചിരിക്കുമ്പോള്‍ പരിക്കേറ്റ് വികൃതമാകുന്നത് ചരിത്രത്തിന്റെ മുഖമാണ്. ലങ്കന്‍ ടീമിന്റെ പ്രധാനപ്പെട്ട ആറുകളിക്കാര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ആക്രമണത്തെത്തുടര്‍ന്ന് ലങ്കന്‍ ടീം പരമ്പര ഉപേക്ഷിച്ചു, ഇനി സമീപകാലത്തൊന്നും ഒരു വിദേശ ടീം പാകിസ്ഥാനിലേക്ക് കളിക്കാനെത്തില്ല എന്നതും നിസ്തര്‍ക്കമാണ്. അതിലേറെ പരിതാപകരമായിരുന്നു ആ രാജ്യത്തിന്റെ സുരക്ഷാ സംവിധാനങ്ങള്‍. വെടിയുതിര്‍ത്ത് ഭീകരവാദികള്‍ ശങ്കാലേശമന്യേ നടന്നും ഇരുചക്രവാഹനങ്ങളിലും രക്ഷപ്പെടുന്നത് ടി വി ചാനലുകള്‍ പോലും കാട്ടിയിരുന്നു. മുംബൈ ആക്രമണത്തിന്റെ പതിപ്പാണ് ആക്രമണം എന്ന് ഒളിയമ്പെയ്ത് ഇന്ത്യയുടെ പേര് പറയാനും പാകിസ്ഥാന്‍ ഒരു ശ്രമം നടത്തി. ആക്രമണത്തിനിരയായ കളിക്കാരും മാച്ച് റഫറിയും സുരക്ഷാസംവിധാനത്തെ കുറ്റപ്പെടുത്തി. എന്നാല്‍ പരാതി പറഞ്ഞ ക്രിസ് ബ്രോഡിനെതിരെ ഐ സി സിയില്‍ പരാതി നല്‍കിയിരിക്കയാണ് പാക് അധികൃതര്‍. പാകിസ്ഥാനില്‍ കളിക്കാന്‍ പോകാത്തതിന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് വിമര്‍ശനങ്ങള്‍ ഒരുപാട് കേള്‍ക്കണ്ടി വന്നിരുന്നു. പാകിസ്ഥാനില്‍ കളിച്ച് സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിന് പുതിയ മാനം ചാര്‍ത്താന്‍ ഇന്ത്യന്‍ ടീം പോയിരുന്നെങ്കിലോ? ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിയുടെ വാക്കുകള്‍ ആവര്‍ത്തിക്കാം. ഭാഗ്യം. അങ്ങിനെ സംഭവിച്ചില്ലല്ലോ.


(നാട്ടുപച്ചയിലെ മൈതാനത്തില്‍ പ്രസിദ്ധീകരിച്ചത്)

ഐ പി എല്ലും കൊച്ചിയും തരൂരിന്റെ രഹസ്യ അജണ്ടയും

ആധുനിക കുതിരപ്പന്തയത്തിന്റെ മൂര്‍ത്തരൂപമായ ഐപിഎല്‍ ക്രിക്കറ്റിലെ പുതിയ ടീമുകള്‍ക്കുവേണ്ടിയുള്ള ലേലമായിരുന്നു പോയവാരത്തെ പ്രധാന തലക്കെട്ടുകളിലൊന്ന്. എന്നാല്‍ കൊച്ചുകേരളത്തിന് ക്രിക്കറ്റ് ടീം കിട്ടിയതിന്റെ ആഹ്ളാദാരവങ്ങള്‍ അവസാനിക്കുന്നതിനുമുമ്പേ സംഗതി കൈവിട്ടുപോകുമെന്ന അവസ്ഥയാണിപ്പോള്‍. ടീം കൊച്ചിക്കുതന്നെ എന്നുറപ്പാക്കാന്‍ മുന്നില്‍ നിന്നുപ്രവര്‍ത്തിച്ച സംസ്ഥാന എം പിയും കേന്ദമന്ത്രിയുമായ ശശി തരൂരിന് ഇക്കാര്യത്തില്‍ രഹസ്യമായ അജണ്ടകളുണ്ടെന്ന് ആരോപിക്കുന്നത് ഐ പി എല്‍ ചെയര്‍മാനായ ലളിത് മോഡിയാണ്.

കേരളത്തിലെ കാണികള്‍ക്ക് സ്വന്തമായൊരു ടീമിനെയും കേരള കളിക്കാര്‍ക്ക് ഉയര്‍ന്നുവരാന്‍ അവസരവും ഒരുക്കുക എന്നതുമാത്രമാണ് തനിക്ക് ഇക്കാര്യത്തിലുള്ള താല്‍പര്യമെന്ന് ശ്രീമാന്‍ തരൂര്‍ ട്വിറ്ററിലൂടെ ലോകജനതയെ എന്നേ അറിയിച്ചതാണ്. എന്നാല്‍ കൊച്ചി ടീമിന്റെ 18 ശതമാനത്തോളം ഓഹരികള്‍ സ്വന്തമായുള്ള സുനന്ദ പുഷ്കറിന് ശശി തരൂരുമായി മോശമല്ലാത്ത സൌഹൃദമുണ്ടെന്ന് പാപ്പരാസികള്‍ കണ്ടെത്തുന്നതോടെയാണ് തിരക്കഥ മാറിത്തുടങ്ങിയത്. ദുബായി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്റേറ്റ് വ്യവസായിയായ സുനന്ദ പുഷ്കര്‍ തരൂരിന്റെ ഭാവി വധുവാണെന്നും നിലവില്‍ തരൂര്‍ രണ്ടാം ഭാര്യ ക്രിസ്റ്റ ജൈല്‍സുമായി വിവാഹബന്ധം വേര്‍പെടുത്താനുള്ള ശ്രമത്തിലാണെന്നും വാര്‍ത്തകള്‍ പരന്നു. കഥകള്‍ക്കവസാനമായെന്ന് കരുതിയവര്‍ക്ക് തെറ്റി.

ഡെമോക്രാറ്റിക് കമ്മ്യൂണിക്കേഷന്‍ രംഗത്തെ പുതുസാധ്യതയായ ട്വിറ്റര്‍ കാര്യങ്ങള്‍ ഏറ്റെടുക്കുന്നതാണ് പിന്നീട് കളിപ്രേമികള്‍ കണ്ടത്. കൊച്ചി ടീമിന്റെ അണിയറപ്രവര്‍ത്തകരെയും അവരുടെ സ്വത്തുവിവരങ്ങളെയും അറിഞ്ഞിരിക്കാനും വെളിപ്പെടുത്താനും ഐപില്‍ ചെയര്‍മാനായ തനിക്ക് അവകാശമുണ്ടെന്ന് ലളിത് മോഡി. എന്തുകൊണ്ട് കൊച്ചി ടീം മാത്രം? മറ്റുടീമുകളുടെ വിവരങ്ങള്‍ കൂടി വെളിപ്പെടുത്തൂ എന്ന് ശശിതരൂര്‍. ലേലത്തിനിടെ തരൂര്‍ തന്നെ വിളിച്ചു എന്നും കേന്ദ്രമന്ത്രിയുടെ സ്വാധീനം ഉപയോഗിക്കാന്‍ ശ്രമിച്ചു എന്നും മോഡി.ആദ്യമൊക്കെ മോഡിയെ വിളിച്ചു എന്ന കാര്യം നിഷേധിച്ച തരൂര്‍ പിന്നീട് അത് സമ്മതിക്കുകയും വിളിച്ചത് കൊച്ചുവര്‍ത്തമാനം പറയനാണെന്ന് വിശദീകരിക്കുകയും ചെയ്തു.

ഒരു കേന്ദ്രമന്ത്രി ഇത്തരം വിവാദങ്ങള്‍ക്ക് കാരണമാകുന്നത് ഭൂഷണമോ എന്ന സംശയത്തിനിടയിലാണ് ഇതില്‍ രാഷ്ട്രീയത്തിന്റെ നിറം കലര്‍ത്തിക്കൊണ്ട് ബി ജെ പി ഇടപെടുന്നത്. ശശി തരൂര്‍ രാജിവെക്കണമെന്നും വിവരങ്ങള്‍ വ്യക്തമാക്കണമെന്നുമുള്ള ബി ജെ പിയുടെ ആവശ്യം ഇടതുപക്ഷം കൂടി ഏറ്റുപിടിച്ചതോടെ ശശി തരൂരിന് സഭയില്‍ വിശദീകരണം നല്‍കേണ്ടി വന്നു. കൊച്ചി ടീമിന്റെ ലേലത്തില്‍ റൊന്ദേവു കണ്‍സോര്‍ഷ്യത്തെ സഹായിച്ചത് കേരളത്തില്‍ ടീം വരണമെന്ന ആഗ്രഹം മൂലമാണെന്നും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തിട്ടില്ലെന്നും തരൂര്‍ സഭയെ അറിയിച്ചു.

മന്ത്രിയെന്ന നിലയ്ക്ക് ഒരു തരത്തിലും ലേല നടപടികളില്‍ ഇടപെട്ടിട്ടില്ല. അനൌപചാരികമായ ഉപദേശങ്ങള്‍ മാത്രമാണ് ഇക്കാര്യത്തില്‍ നല്‍കിയത്. അബുദാബിയിലേക്ക് ഐപിഎല്‍ ടീമിനെ മാറ്റാന്‍ ശ്രമിക്കുന്നെന്ന മോഡിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നും പ്രവാസികള്‍ ടീമിനെ സഹായിച്ചേക്കുമെന്ന ഉദ്ദേശ്യത്തോടെയാണ് വിദേശത്തു കളി നടത്താമെന്നു പറഞ്ഞതെന്നും തരൂര്‍ സഭയില്‍ വ്യക്തമാക്കി. ഇതിനിടെ ആദായനികുതി വകുപ്പ് അധികൃതര്‍ ബിസിസിഐ ഓഫീസില്‍ റെയഡ് നടത്തി. എന്നാല്‍ കൊച്ചി ടീമുമായി ബന്ധപ്പെട്ട വിഷയമാണ് റെയ്ഡിന് കാരണമെന്ന വിശദീകരണമത്തോടെ മോഡി കേരളത്തോടുളള അതൃപ്തി വീണ്ടും വെളിപ്പെടുത്തുകയായിരുന്നു. എന്തായാലും ഐപിഎല്ലില്‍ മോഡിയുടെ സര്‍വ്വാധിപത്യം നിയന്ത്രിക്കാനുള്ള സാധ്യതകള്‍ ആരായുകയാണ് ബി സി സി ഐ. അത് കേരള ടീമിന് ഗുണം ചെയ്യുമെന്നാണ് കരുതപ്പെടുന്നത്.

വാല്‍ക്കഷണം: താന്‍ വിവാഹം ചെയ്തത് പാകിസ്ഥാനിയെയല്ല, ഒരു പുരുഷനെയാണണെന്ന് സാനിയമിര്‍സ. എങ്കില്‍ ആ പുരുഷനെ ലോക്കല്‍ പ്ളേയര്‍ എന്ന നിലയില്‍ അടുത്ത ഐപിഎല്ലില്‍ ഹൈദരാബാദ് ടീമില്‍ കളിപ്പിക്കണന്നൊരാള്‍. മുംബൈ ആക്രമണത്തിനിടെ പിടിയിലായ കസബിനെ പാകിസ്ഥാനിയല്ല ഒരു പുരുഷനാണെന്നും ആ വിവരദോഷി.


(നാട്ടുപച്ചയിലെ മൈതാനത്തില്‍ പ്രസിദ്ധീകരിച്ചത്)

മൈതാനത്തിലെ സ്വര്‍ണപ്പതക്കങ്ങള്‍

കായികപ്രേമികള്‍ക്ക്‌ ഹൃദയത്തില്‍ ചേര്‍ത്തുവെയ്‌ക്കാന്‍ ഒട്ടേറെ നിമിഷങ്ങള്‍ നല്‍കിയാണ്‌ 2008 കടന്നുപോകുന്നത്‌. ഒളിമ്പിക്‌സ്‌ യോഗ്യത പോലും നേടാന്‍ കഴിയാതെ ദേശീയവിനോദമായ ഹോക്കി കായികവര്‍ഷത്തിലെ കറുത്ത പാടായെങ്കിലും പ്രതീക്ഷയുടെ പുത്തനുണര്‍വ്വുകള്‍ മറ്റുമേഖലകളില്‍ കാണായി.

ഒളിമ്പിക്‌സ്‌ ചരിത്രത്തില്‍ ഭാരതീയന്റെ ഭാഗഥേയം തിരുത്തിക്കുറിച്ച അഭിനവ്‌ ബിന്ദ്രയുടെ സ്വര്‍ണനേട്ടം, ചതുരംഗക്കളത്തില്‍ ചക്രവര്‍ത്തിയായി വിശ്വനാഥന്‍ ആനന്ദിന്റെ അഭിഷേകം, കിംഗ്‌ ലാറയെ മറികടന്ന്‌ ടെസ്റ്റ്‌ ക്രിക്കറ്റിലെ റണ്‍വേട്ടക്കാരനായ സച്ചിനൊപ്പം ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം കണ്‌ ടെത്തിയ ഉയരങ്ങള്‍, ബാഡ്‌ മിന്റണ്‍ കോര്‍ട്ടില്‍ സൈന നേവാള്‍ എന്ന 18 കാരിയുടെ സെന്‍സേഷണല്‍ കുതിപ്പ്‌, നാലാം തവണയും ബോക്‌സിംഗില്‍ ലോകചാംപ്യനായ മേരി കോം... ഇന്ത്യന്‍ ഫുട്‌ബോളിലെ അതികായന്മാരായിരുന്ന ഒളിംപ്യന്‍ തങ്കരാജും മേവാലാലും പോയ വര്‍ഷത്തിന്റെ കണ്ണുനീരായതും മുന്‍ ദേശീയ ക്രിക്കറ്റ്‌ ടീം ക്യാപ്‌റ്റന്മാരായിരുന്ന അനില്‍കുംബ്ലെയും സൗരവ്‌ ഗാംഗുലിയും കളിക്കളത്തോട്‌ വിട പറഞ്ഞതും 2008 ലാണ്‌.

ഒളിമ്പിക്‌സില്‍ നേടിയ വ്യക്തിഗതസ്വര്‍ണവും വിശ്വനാഥന്‍ ആനന്ദിന്റെ ലോകകിരീടവും ക്രിക്കറ്റ്‌ ടീമിന്റെ കുതിപ്പുമാണ്‌ 2008 ന്റെ പ്രധാനകായികനേട്ടങ്ങള്‍. ലോകചാമ്പ്യന്മാരെന്ന നിലയില്‍ നിന്നും ഓസീസ്‌ താഴേക്കിറങ്ങുന്ന കാഴ്‌ചയാണ്‌ 2008 ല്‍ കാണുന്നത്‌. ഇന്ത്യയോട്‌ ഏറ്റ പരാജയത്തിനു പുറമേ ദക്ഷിണാഫ്രിക്കയോട്‌ സ്വന്തം നാട്ടില്‍ പരാജപ്പെട്ടതും കംഗാരുക്കള്‍ക്ക്‌ തിരിച്ചടിയായി. അവിശ്വസനീയമായ മികവായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം കാഴ്‌ചവച്ചത്‌. അസ്ഥിരത മുഖമുദ്രയാക്കിയ ടീമെന്ന പഴിയെ പാടെ മറികടന്ന ഇന്ത്യ ഈ വര്‍ഷമാദ്യം ഏകദിനപരമ്പര നേടി ഓസ്‌ട്രേലിയയില്‍ തുടങ്ങിയ കുതിപ്പ്‌ വര്‍ഷാവസാനത്തില്‍ ഇംഗ്ലണ്‌ ടിനെതിരായ മത്സരം വരെയും തുടര്‍ന്നു. ലോകചാമ്പ്യന്മാരായ ഓസീസിനെ നിശബ്‌ദരാക്കിയ ഇന്ത്യ ക്രിക്കറ്റിന്റെ തലതൊട്ടപ്പന്മാരായ ഇംഗ്ലണ്‌ ടിനെയും പരാജയപ്പെടുത്തി. ഏകദിനത്തില്‍ തുടര്‍ച്ചയായ 5 മത്സരങ്ങളിലാണ്‌ ഇംഗ്ലണ്‌ ട്‌ ഇന്ത്യയോട്‌ തോറ്റമ്പിയത്‌. ഐ സി സി റാങ്കിംഗില്‍ മൂന്നാമതെത്താനും ധോണിയുടെ ടീമിന്‌ കഴിഞ്ഞു. ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ്‌ പരമ്പരയില്‍ മാത്രമാണ്‌ ഈ വര്‍ഷം ഇന്ത്യ പരാജയപ്പെട്ടത്‌. വെസ്റ്റ്‌ ഇന്‍ഡീസിന്റെ ബ്രയാന്‍ ലാറയെ മറികടന്ന്‌ സച്ചിന്‍ തെണ്ടുല്‍ക്കര്‍ ടെസ്റ്റ്‌ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന താരമായതാണ്‌ ക്രിക്കറ്റ്‌ ഗ്രൗണ്‌ ടില്‍ നിന്നുള്ള മികച്ച കാഴ്‌ച. ടെസ്റ്റില്‍ 41 സെഞ്ചുറി തികച്ച്‌ സച്ചിന്‍ തുടരുന്ന മുന്നേറ്റവും രാഹുല്‍ ദ്രാവിഡ്‌ 10000 റണ്‍സും വി വി എസ്‌ ലക്ഷ്‌മണ്‍ 100 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയതും 2008 ന്റെ നേട്ടങ്ങളായി. ഓപ്പണിംഗില്‍ വീരേന്ദര്‍ സേവാഗും ഗൗതം ഗംഭീറും നല്‍കിയ അവിശ്വസനീയ തുടക്കങ്ങളും ഫാസ്റ്റ്‌ ബൗളര്‍മാരായ സഹീര്‍ഖാനും ഇഷാന്ത്‌ ശര്‍മയും ടീമിന്റെ നട്ടെല്ലായി. ഓഫ്‌ സ്‌പിന്നര്‍ ഹര്‍ഭജനും മികച്ച പ്രകടനം കാഴ്‌ചവച്ചു. ജൂനിയര്‍ സീനിയര്‍ വ്യത്യാസമില്ലാതെ കളിക്കാരെ ടീമാക്കി ഇണക്കിക്കൊണ്‌ ടുപോകുന്നതില്‍ വിജയിച്ച ക്യാപ്‌റ്റന്‍ ധോണിയാണ്‌ 2008 ന്റെ താരം. വിക്കറ്റിനു പിന്നിലും മുന്നിലും ഒരുപോലെ മികച്ച പ്രകടനം കാഴ്‌ചവച്ച ധോണി നായകനെന്ന നിലയിലും ലോകത്തെ മുന്‍നിരയിലെത്തി. സിഡ്‌നി ഹെറാള്‍ഡിന്റെ ടീമില്‍ ധോണി നായകനായും ഗംഭീര്‍ ഓപ്പണറായും ഇടം കണ്‌ടെത്തി. ഗാര്‍ഡിയന്‍ പത്രത്തിന്റെ 2008 ന്റെ ടീമില്‍ ഇന്ത്യയില്‍ നിന്നും ആറുപേര്‍ സ്ഥലം പിടിച്ചപ്പോള്‍ ഓസ്‌ട്രേലിയയില്‍ നിന്നും ആരുമുണ്‌ ടായില്ല. മുംബൈയിലെ ഭീകരാക്രമണത്തെത്തുടര്‍ന്ന്‌ തിരിച്ചുപോയ ഇംഗ്ലണ്‌ ട്‌ ടീം തിരിച്ചുവന്നതും ചെന്നൈയില്‍ സെഞ്ചുറി നേടിയ സച്ചിന്‍ അത്‌ മുംബൈ നിവാസികള്‍ക്ക്‌ സമര്‍പ്പിച്ചതും സ്‌പോര്‍ട്‌സ്‌മാന്‍ സ്‌പിരിറ്റിന്‌ പുതിയ മാനങ്ങള്‍ പകര്‍ന്നു.

നൂറുകോടിയിലധികം വരുന്ന ജനതയുടെ ദശാബ്‌ദങ്ങളായുള്ള കാത്തിരിപ്പിന്‌ അന്ത്യം കുറിക്കുകയായിരുന്നു ബീജിംഗില്‍ അഭിനവ്‌ ബിന്ദ്രയുടെ സ്വര്‍ണം. 25 കാരനായ ബിന്ദ്ര പുരുഷന്മാരുടെ നൂറ്‌ മീറ്റര്‍ എയര്‍റൈഫിളില്‍ 700.5 പോയന്റ്‌ നേടിയാണ്‌ ചരിത്രം കുറിച്ചത്‌. ഇന്ത്യയുടെ നടാടെയുള്ള വ്യക്തിഗത സ്വര്‍ണമാണ്‌ ബിന്ദ്ര വെടിവെച്ചിട്ടത്‌. ഗുസ്‌തിയില്‍ സുശീല്‍കുമാറും ബോക്‌സിംഗില്‍ വിേജന്ദര്‍കുമാറും നേടിയ വെങ്കലമെഡലുകള്‍ ഇന്ത്യയുടെ ഒളിമ്പിക്‌ മെഡല്‍നേട്ടം മൂന്നാക്കി ഉയര്‍ത്തി. ജമൈക്കന്‍ സ്‌പ്രിന്റര്‍മാരായ ഉസൈന്‍ബോള്‍ട്ടും ആന്‍ഫ്രേസറും അതിവേഗത്തിന്റെ ചരിത്രം കുറിച്ച മേളയില്‍ അമേരിക്കന്‍ നീന്തല്‍താരം മൈക്കല്‍ ഫെല്‍പ്‌സും പോള്‍വാള്‍ട്ട്‌ താരം ഇസിന്‍ബയേവയും ആരാധകരുടെ പ്രിയപ്പെട്ടവരായി.

ഷൂട്ടിംഗില്‍ ബിന്ദ്രയ്‌ക്കുപുറമേ ഗഗന്‍ നരംഗും റോഞ്ചന്‍ സോധിയും ജസ്‌പാല്‍ റാണയും ശ്രദ്ധേയമായ നേട്ടങ്ങള്‍ സ്വന്തമാക്കി. ബോണില്‍ നടന്ന ലോകസീരിസില്‍ വ്‌ലാദ്‌മിര്‍ ക്രാംനിക്കിനെ പരാജയപ്പെടുത്തിയാണ്‌ ഇന്ത്യയുടെ വിഷി ചതുരംഗക്കളത്തിലെ അനിഷേധ്യ ചാമ്പ്യനായത്‌. മൂന്നാം തവണയാണ്‌ വിശ്വനാഥന്‍ ആനന്ദ്‌ ലോകചാമ്പ്യന്‍പട്ടം സ്വന്തമാക്കുന്നത്‌. എ എഫ്‌ സി കപ്പില്‍ മുത്തമിട്ട ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം താരതമ്യേന മികച്ച പ്രകടനമാണ്‌ 2008 ല്‍ കാഴ്‌ചവച്ചത്‌. ഈ വിജയത്തോടെ 2011 ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിന്‌ യോഗ്യതനേടാനും ഇന്ത്യന്‍ ടീമിന്‌ കഴിഞ്ഞു. ക്യാപ്‌റ്റന്‍ ബൈചുംഗ്‌ ബൂട്ടിയക്കൊപ്പം മലയാളിതാരം എന്‍ പി പ്രദീപും ടീമിന്റെ വിജയങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ചു. അര്‍ജന്റൈന്‍ ഫുട്‌ബോള്‍ ഇതിഹാസം കൊല്‍ക്കത്തയിലെത്തിയതും കളിക്കാനിറങ്ങിയതും ഇന്ത്യന്‍ ഫുട്‌ബോളിന്‌ മറക്കാനാവാത്ത നിമിഷങ്ങള്‍ സമ്മാനിച്ചു.

അവിശ്വസനീയ പ്രകടനമികവിലൂടെയാണ്‌ സൈന നേവാള്‍ ബീജിംഗ്‌ ഒളിമ്പിക്‌സ്‌ ക്വര്‍ട്ടറിലെത്തുന്നത്‌. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ ബാഡ്‌മിന്റണ്‍ താരമാണ്‌ 18 കാരിയായ സൈന. ടെന്നീസ്‌ സെന്‍സേഷനായിരുന്ന സാനിയാമിര്‍സയെ മറികടന്ന്‌ ഇന്ത്യന്‍ യുവത്വത്തിന്റെ പ്രതീകമാകാനും ലോക പത്താം നമ്പറിലെത്തിയ ഈ ആന്ധ്രാസുന്ദരിക്ക്‌ കഴിഞ്ഞു. പറക്കും സിംഗ്‌ മില്‍ഖയുടെ മകന്‍ ജീവ മില്‍ഖസിംഗ്‌ ഏഷ്യയിലെ ഏറ്റവും മികച്ച ഗോള്‍ഫറായി ഉയര്‍ന്നതാണ്‌ ഗോള്‍ഫ്‌ മൈതാനത്തുനിന്നുമുള്ള ശുഭവാര്‍ത്ത. അച്ഛന്റെ ഇഷ്‌ടമേഖലയായ അതലറ്റിക്‌സിനെ വിട്ട്‌ ഗോള്‍ഫിനെ പ്രണയിച്ച ജീവ യൂറോപ്യന്‍ ടൂറിലും സിംഗപ്പൂര്‍ ഓപ്പണിലും ജെ ടി കപ്പിലും ചാമ്പ്യനായാണ്‌ ശ്രദ്ധേയനായത്‌. ബോക്‌സിംഗില്‍ നാലു ലോകകിരീടങ്ങള്‍ സ്വന്തമാക്കുന്ന ആദ്യവനിതയായി മേരി കോം. ഈ വര്‍ഷമാദ്യം സിസേറിയനിലൂടെ രണ്ട്‌ ആണ്‍കുട്ടികള്‍ക്ക്‌ ജന്മം കൊടുത്ത ശേഷമാണ്‌ മേരി കോം ലോകചാമ്പ്യന്‍ഷിപ്പില്‍ മത്സരിച്ച്‌ സ്വര്‍ണം നേടിയത്‌. ബങ്കലൂരു സ്വദേശിയായ പങ്കജ്‌ അദ്വാനി സ്വന്തം നാട്ടില്‍ നടന്ന ലോക ബില്യാര്‍ഡ്‌സ്‌ ചാമ്പ്യന്‍ഷിപ്പില്‍ ജേതാവായി ചരിത്രം കുറിച്ചു. ഗീത്‌ സേഥി, പീറ്റര്‍ ഗില്‍ക്രിസ്റ്റ്‌ തുടങ്ങിയ വമ്പന്മാരെ മറികടന്നാണ്‌ 23 കാരനായ അദ്വാനി ലോകകിരീടം സ്വന്തമാക്കിയത്‌.

മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ട്വന്റി 20 ക്രിക്കറ്റ്‌ ചാമ്പ്യന്‍സ്‌ ലീഗ്‌ മാറ്റിവച്ചതും പാകിസ്ഥാനുമായുള്ള കായികബന്ധം പൂര്‍ണമായും ഉപേക്ഷിച്ചതും വര്‍ഷാവസാനത്തില്‍ നിരാശരാക്കിയെങ്കിലും ശരാശരിയിലും മികച്ച പ്രകടനങ്ങളുമായി വരും വര്‍ഷത്തിലും കളിക്കളത്തില്‍ ഇന്ത്യ ആധിപത്യം തുടരുമെന്നാണ്‌ കായികപ്രേമികളുടെ പ്രതീക്ഷ. വരും വര്‍ഷങ്ങളില്‍ ലോക കായിക ഭൂപടത്തില്‍ ഇന്ത്യയുടെ സ്ഥാനം കൂടുതല്‍ പ്രസക്തമാകുമെന്ന സൂചനയാണ്‌ 2008 നല്‍കുന്നത്‌.


(നാട്ടുപച്ചയിലെ മൈതാനത്തില്‍ പ്രസിദ്ധീകരിച്ചത്)

വേണം കംഗാരുക്കള്‍ക്ക് ഒരു ക്യാപ്റ്റന്‍

2007 ലോകകപ്പിനു തൊട്ടുമുമ്പാണ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം അയല്‍ക്കാരായ ന്യൂസിലണ്ടിനോട് മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ പരാജയപ്പെടുന്നത്. അതിന് മാസങ്ങള്‍ക്കപ്പുറമാണ് ചിരവൈരികളായ ഇംഗ്ളണ്ട് രണ്ട് നിര്‍ണായക മത്സരങ്ങളില്‍ ഓസീസിനെ തോല്‍പ്പിക്കുന്നതും 344 എന്ന ഹിമാലയന്‍ ടോട്ടല്‍ കംഗാരുക്കള്‍ക്കെതിരെ ദക്ഷിണാഫ്രിക്ക മറികടക്കുന്നതും. ഓസ്ട്രേലിയയുടെ കാലം കഴിഞ്ഞു എന്നു തന്നെ എല്ലാവരും വിധിയെഴുതി. ചുരുങ്ങിയ പക്ഷം 2007 ലോകകപ്പിലെങ്കിലും ഓസീസ് പച്ച തൊടില്ലെന്ന് കരുതി. പക്ഷേ ഓസീസ് തിരിച്ചുവന്നു. കൂടെയോടിയവരെയെല്ലാം നിഷ്പ്രഭരാക്കി ലോകചാമ്പ്യന്മാരായി.

എണ്ണയിട്ട യന്ത്രം പോലെ തിരിയുന്ന സ്വാഭാവികതയാണ്, അല്ലെങ്കില്‍ ആയിരുന്നു ക്രിക്കറ്റ് ഓസ്ട്രേലിയയുടേത്. അവിശ്വസനീയങ്ങളായ ഒറ്റയാള്‍ പ്രകടനങ്ങള്‍ കൊണ്ട് ഒരു സച്ചിനോ, ലക്ഷ്മണോ, ഹര്‍ഭജന്‍ സിംഗോ ആ സ്വാഭാവികതയെ അലോസരപ്പെടുത്തിയിട്ടില്ല എന്നല്ല. സമീര്‍ ദിഗെയെപ്പോലുള്ള ചില അതീവ ഭാഗ്യശാലികളും അതുചെയ്തിട്ടുണ്ട്.

സ്റ്റീവ് വോ എന്ന ഓസീ ക്യാപ്റ്റന്റെ കീഴിലാണ് ടീം ഓസ്ട്രേലിയ അനിഷേധ്യരാകുന്നത്. അതുപക്ഷേ ടീം വര്‍ക്ക് കൊണ്ട് മാത്രമായിരുന്നില്ല. ഏതവസ്ഥയിലും കളിയെ തങ്ങളുടെ വരുതിയിലെത്തിക്കാന്‍ കഴിയുന്ന ചിലര്‍ സ്റ്റീവിന്റെ നിരയില്‍ ഉണ്ടായിരുന്നു തങ്ങളുടെ ഭാഗഥേയം കൃത്യമായി ചെയ്തു തീര്‍ത്തിരുന്ന ബാറ്റിംഗ്-ബൌളിംഗ് ഡിപ്പാര്‍ട്ടുമെന്റുകളും അതിശയിപ്പിക്കുന്ന ഫീല്‍ഡിംഗ് മികവുമാണ് കംഗാരുക്കളുടെ പാടി പുകഴ്ത്തപ്പെട്ട പ്രൊഫഷണലിസം. തന്റെ കാലത്തെ ഏറ്റവും മികച്ച ഏകദിന ബാറ്റ്സ്മാന്‍ മൈക്കല്‍ ബെവന്‍ വിരമിച്ചത് ആരും അറിഞ്ഞതേയില്ല. പകരം വന്നത് ആന്‍ഡ്രൂ സൈമണ്ട്സ് ആണ് എന്നതു തന്നെ കാരണം. സാക്ഷാല്‍ സ്റ്റീവ് വോയ്ക്ക് പകരം മൈക്ക് ഹസി വന്നപ്പോഴും അനിയന്‍ മാര്‍ക്കിനു പകരം മാത്യു ഹെയ്ഡന്‍ വന്നപ്പോഴും ഗില്ലെസ്പിക്ക് പകരക്കാരനായി മിച്ചല്‍ ജോണ്‍സണ്‍ കളി തുടങ്ങിയപ്പോഴും ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ഗ്രാഫ് മുകളിലേക്ക് തന്നെയായിരുന്നു. പക്ഷേ ലോകചാമ്പ്യന്മാര്‍ക്ക് തടിയില്‍ പിടിച്ചത് മറ്റു മൂന്നുപേരുടെ പടിയിറക്കമാണ്. സമീപകാല ക്രിക്കറ്റിലെ പകരം വെക്കാന്‍ പേരുകളില്ലാത്ത മൂന്ന് പേരുകള്‍. ആദം ഗില്‍ക്രിസ്റ്, ഗ്ളെന്‍ മക്ഗ്രാത്ത്, ഷെയ്ന്‍ വാണ്‍ എന്നിവര്‍. (അരങ്ങേറ്റ ടെസ്റില്‍ 12 വിക്കറ്റ് വീഴ്ത്തിയ ജേസണ്‍ ക്രെയ്സയെ കണ്ട് ഷെയിന്‍ വോണിന് പകരക്കാരനായി എന്നു പറയുന്ന ഇന്ത്യന്‍ മോഡല്‍ വങ്കത്തം ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ കാണിച്ചില്ല, ഭാഗ്യം)

സത്യത്തില്‍ ഇപ്പോഴാണ് ലോകചാമ്പ്യന്മാര്‍ക്ക് ഒരു ക്യാപ്റ്റന്‍ വേണ്ടത്. മുന്നില്‍ നിന്നു നയിക്കാനും ടീമിനെ കെട്ടിപ്പെടുക്കാനും. പക്ഷെ ക്രിക്കറ്റ് ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ ക്യാപ്റ്റന്‍ പോണ്ടിംഗിനെ കൈവിട്ട മട്ടാണ്. ശരാശരി ക്യാപ്റ്റന്‍ എന്നാണ് ഫാസ്റ്റ് ബൌളിംഗ് ഇതിഹാസം ജെഫ് തോംസണ്‍ പോണ്ടിംഗിനെ വിളിച്ചത്. ഓവര്‍ റേറ്റ് ശരിയാക്കാനായി ടീമിന്റെ താല്‍പര്യങ്ങള്‍ ബലി കഴിച്ച പോണ്ടിംഗിനെ ദേശീയ മാധ്യമങ്ങള്‍ തള്ളിപ്പറയാന്‍ തുടങ്ങിയിട്ടുണ്ട്. 15 ടെസ്റ്റുകള്‍ മാത്രം കളിച്ചു പരിചയമുള്ള ഇന്ത്യന്‍ ക്യാപ്റ്റനെ മാതൃകയാക്കാനാണ് പോണ്ടിംഗിനോട് അവര്‍ പറയുന്നത്. അതെ, ഇപ്പോഴാണ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിന് ഒരു ക്യാപ്റ്റനെ വേണ്ടത്. ലോകോത്തരതാരങ്ങളുടെ നിഴലില്‍ നിന്നും പുറത്തുവന്ന് ശരാശരി ടീമായി നില്‍ക്കുന്ന കംഗാരുക്കള്‍ നഗ്നരല്ല എന്നു തെളിയിക്കേണ്ടത് ആ ക്യാപ്റ്റന്റെ ബാദ്ധ്യതയാണ്. അതിന് കഴിഞ്ഞാല്‍ പോണ്ടിംഗ് മികച്ച ക്യാപ്റ്റന്‍ എന്നു വിളിക്കേണ്ടി വരും. അല്ലെങ്കില്‍ ടീമിന്റെ പ്രതാപകാലത്ത് പൂച്ചെണ്ടുകള്‍ വാങ്ങി കെട്ടകാലത്ത് നിശബ്ദനായ ഒരു സാധാരണ കളിക്കാരന്‍ മാത്രമാകും അയാള്‍.

ബിയോണ്‍ഡ് ദ ബൌണ്ടറി: ഇന്ത്യയും ഓസ്ട്രേലിയയും സംസ്കാരത്തില്‍ വ്യത്യസ്തരാണെന്ന് മുന്‍ ഓസ്ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ആദം ഗില്‍ക്രിസ്റ്. അതെ സുഹൃത്തേ, കുരങ്ങന്‍ എന്ന് വിളിച്ചതിന് ജയിലില്‍ പിടിച്ചിട്ട ഒരാളെ "കുരങ്ങനെന്നല്ല നിന്റെ അമ്മയ്ക്ക്....'' എന്നാണ് പറഞ്ഞത് എന്ന് മൊഴിമാറ്റിയാല്‍ തുറന്ന് വിടാറില്ല ഞങ്ങള്‍.


(നാട്ടുപച്ചയിലെ മൈതാനത്തില്‍ പ്രസിദ്ധീകരിച്ചത്)

മൈതാനത്തിന്റെ അതിര്‍ത്തിവരകള്‍ ....

രാജ്യം കത്തിയെരിയുമ്പോള്‍ വീണ വായിച്ചുരസിച്ച ചക്രവര്‍ത്തിമാര്‍ സ്‌പോര്‍ട്‌സ്‌മാന്‍ സ്‌പിരിറ്റിന്റെ ഉദാഹരണമായി വാഴ്‌ത്തപ്പെടാറില്ല. ഉത്തമ കലാസ്വാദകരായും അവര്‍ ചിത്രീകരിക്കപ്പെട്ടുകണ്ടിട്ടില്ല. ഇവിടെ വിഷയം ഇന്ത്യ പാകിസ്‌താനില്‍ ക്രിക്കറ്റ്‌ കളിക്കാന്‍ പോകേണ്ടതുണ്ടോ എന്നതാണ്‌. പോകണമെന്നും പോകരുതെന്നും അഭിപ്രായങ്ങളുണ്ട്‌. രാജാവിനെക്കാള്‍ രാജഭക്തി വേണോ? സ്‌പോര്‍ട്‌സ്‌ മന്ത്രി പറയുന്നത്‌ പാക്‌ പര്യടനം ഉപേക്ഷിക്കണമെനന്നാണ്‌. പക്ഷേ അതത്ര എളുപ്പമല്ല. പാക്‌ പര്യടനം ഉപേക്ഷിച്ചാല്‍ നഷ്‌ടം അത്ര കനത്തതാണെന്നത്‌ തന്നെ കാരണം.

എന്തിന്‌ പോകണമെന്നത്‌ ഒരു നല്ല ചോദ്യമാണ്‌? അനിശ്ചിതത്വമാണ്‌ ക്രിക്കറ്റിന്റെ സൗന്ദര്യമെങ്കില്‍ ആ സൗന്ദര്യം പൂര്‍ണഭാവത്തില്‍ ആസ്വദിക്കാന്‍ പച്ചപ്പുല്ലിലും തീപടര്‍ത്തുന്ന ഇന്തോ-പാക്‌ മത്സരത്തോളം മികച്ച മറ്റൊരു വേദിയില്ലെന്നത്‌ നിസ്‌തര്‍ക്കമാണ്‌. ഇരുരാജ്യങ്ങളും തമ്മില്‍ യുദ്ധസമാനമായ സാഹചര്യം നിലനില്‍ക്കുന്ന സമയത്ത്‌ മിന്നുന്ന ഫോമില്‍ കളിക്കുന്ന താരങ്ങള്‍ കളിക്കമ്പക്കാരുടെ ശരീരോഷ്‌മാവ്‌ കുത്തനെയുയര്‍ത്തുമെന്നതിലും തര്‍ക്കമില്ല. ഇരു ടീമുകളും സമീപനാളിലൊന്നും പരസ്‌പരം കളിച്ചിട്ടില്ല എന്നതും പരമ്പരയ്‌ക്ക്‌ മികച്ച വിപണനസാധ്യതയൊരുക്കുന്നുണ്ട്‌. ഈ അവസരത്തില്‍ ലളിത്‌മോഡിയെപ്പോലെയൊരു സാമ്പത്തികവിദഗ്‌ധന്‍ പാക്‌ പരമ്പര ഉപേക്ഷിക്കാന്‍ തുനിഞ്ഞാലേ അത്ഭുതമുള്ളൂ.

സാമ്പത്തിക പ്രതിസന്ധിയില്‍ ലോകമൊട്ടാകെ ആശങ്കപ്പെടുമ്പോഴും തലയുയര്‍ത്തിനിന്ന ഇന്ത്യന്‍ ക്രിക്കറ്റ്‌ ബോര്‍ഡിന്റെ പണക്കിലുക്കത്തിനാണ്‌ ഭീകരാക്രമണം കനത്ത തിരിച്ചടിയായിരിക്കുന്നത്‌. ലോകക്രിക്കറ്റിനെ സമ്പത്ത്‌ കാട്ടി നിയന്ത്രിച്ചു നിര്‍ത്തുന്ന ബി സി സി ഐക്ക്‌ ഈ തളര്‍ച്ച താങ്ങാനാവില്ല. തുടര്‍ച്ചയായ വിജയങ്ങളില്‍ ഹരം പിടിച്ച്‌ ആരാധകര്‍ ടിക്കറ്റിന്‌ പൊന്നുംവിലകൊടുത്ത്‌ സ്റ്റേഡിയം നിറക്കുന്ന സമയത്ത്‌ സ്വതവേ ചൂടേറിയ ഒരു പരമ്പര നഷ്‌ടമാക്കാന്‍ അധികൃതര്‍ക്ക്‌ താല്‍പര്യമുണ്ടാകില്ല. ഐ പി എല്ലിന്റെ വമ്പന്‍ വിജയത്തിന്റെ ആവര്‍ത്തനമാവുമെന്ന്‌ കരുതിയിരുന്ന ചാംപ്യന്‍സ്‌ ലീഗ്‌ ട്വന്റി-20 ടൂര്‍ണമെന്റ്‌ അടുത്ത വര്‍ഷത്തേക്ക്‌ മാറ്റിവച്ചുകഴിഞ്ഞു.

മുംബൈ കത്തിയമര്‍ന്ന്‌ രാജ്യം വിറുങ്ങലിച്ച്‌ നില്‍ക്കുമ്പോള്‍പ്പോലും ഇംഗ്ലണ്ട്‌ കളിയുപേക്ഷിച്ച്‌ പോയതിന്റെ സാമ്പത്തിക നഷ്‌ടം പറഞ്ഞ്‌ വിലപിച്ചവരാണ്‌ ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലപ്പത്തിരിക്കുന്നവര്‍. നാട്‌ കത്തിയാലും കരിഞ്ഞാലും പണം കിട്ടണം പണം. അതാണ്‌ കാര്യം. ജനുവരില്‍ നിശ്‌ചയിച്ചിരിക്കുന്ന ഈ പരമ്പര നടന്നില്ലെങ്കില്‍ ഇന്ത്യയുടെ അടുത്ത രാജ്യാന്തര മല്‍സരം 2009 മാര്‍ച്ചിലായിരിക്കും നടക്കുക. 2009 മാര്‍ച്ചില്‍ ഇന്ത്യ രണ്‌ട്‌ ടെസ്‌റ്റും അഞ്ച്‌ ഏകദിനങ്ങളും കളിക്കുന്നതിനായി ന്യൂസീലന്‍ഡിലേക്ക്‌ പോകും. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇന്ത്യക്ക്‌ രാജ്യാന്തര മല്‍സരത്തിനായി മാസങ്ങള്‍ കാത്തിരിക്കേണ്‌ടിവരും. മിന്നുന്ന ഫോമിലായിരുന്ന ഇന്ത്യന്‍ താരങ്ങള്‍ തൊട്ടതെല്ലാം പൊന്നാക്കുന്ന സമയമാണ്‌ ഇത്‌. പൊന്മുട്ടയിടുന്ന താറാവിന്‍കൂട്ടത്തെയാണ്‌ ചുരുക്കത്തില്‍ ബി സി സി ഐയ്‌ക്ക്‌ ഭീകരാക്രമണം മൂലം നഷ്‌ടമായിരിക്കുന്നത്‌.

ഇന്ത്യ പാകിസ്‌താനില്‍ കളിക്കണമെന്നും അവരെ തോല്‍പ്പിച്ച്‌ സ്‌പോര്‍ട്‌സ്‌മാന്‍ സ്‌പിരിറ്റിന്‌ പുളകം ചാര്‍ത്തണമെനന്നും ചാനല്‍ ചര്‍ച്ചയില്‍ ഒരു കളിവിദഗ്‌ധന്‍ പറഞ്ഞതു കേട്ടപ്പോഴാണ്‌ കളി എന്നത്‌ ഇത്രയും നിസ്സാരമാണല്ലോ എന്ന്‌ തോന്നിപ്പോയത്‌. ഇംഗ്ലണ്ട്‌ ഇന്ത്യയില്‍ വന്നു കളിച്ചല്ലോ പിന്നെയെന്താണ്‌ ഇന്ത്യയ്‌ക്ക്‌ പാകിസ്‌താനില്‍ പോയാല്‍ എന്നാണ്‌ അദ്ദേഹം ചോദിച്ചത്‌. ഇംഗ്ലണ്ടിന്‌ ഇന്ത്യ പോലെയാണോ ഇന്ത്യയ്‌ക്ക്‌ പാകിസ്ഥാന്‍?

രാജ്യം ആക്രമിക്കപ്പെട്ടതിനു കാരണക്കാര്‍ അല്ലെങ്കില്‍ അവരെ സഹായിച്ചവര്‍ എന്ന്‌ കരുതുന്ന നാട്ടില്‍ പോയി കളിക്കുകയാണോ സകലവിധത്തിലും ഭീകരതയെ ഒറ്റപ്പെടുത്തുകയാണോ വേണ്ടത്‌ എന്നാണ്‌ ചോദ്യം. തെറ്റ്‌ ചെയ്യുന്നവരെയും അതിന്‌ കൂട്ടുനില്‍ക്കുന്നവരെയും ഒറ്റപ്പെടുത്തുക എന്നത്‌ കായികലോകത്ത്‌ പുതിയ സംഭവമൊന്നും അല്ല. ഒരു പാകിസ്‌താനി പൗരനെപ്പോലും ഇന്ത്യയ്‌ക്ക്‌ ചോദ്യം ചെയ്യാന്‍ വിട്ടുതരില്ലെന്നും ഇന്ത്യന്‍ കളിക്കാര്‍ക്ക്‌ സുരക്ഷ ഉറപ്പുനല്‍കാനാവില്ലെന്നും പറയുന്ന അയല്‍രാജ്യത്തിനില്ലാത്ത സ്‌പിരിറ്റൊന്നും നമ്മില്‍നിന്നും ആരും പ്രതീക്ഷിക്കുകയുമില്ല. പൊലിഞ്ഞുപോയ ഇരുന്നൂറോളം ജീവന്റെ മുറിവുണക്കാന്‍ അതിര്‍ത്തിവര കടക്കുന്ന തുകല്‍പ്പന്തും പതഞ്ഞുയരുന്ന ഷാംപെയ്‌നും മതിയാകുമോ, മതിയാകാമോ?


(നാട്ടുപച്ചയിലെ മൈതാനത്തില്‍ പ്രസിദ്ധീകരിച്ചത്)

കടുവക്കൂട്ടില്‍ ഒരു പുലി

TUESDAY, MAY 12, 2009

ഐ പി എല്ലില്‍ ഒരു ടീമിനെ ലേലം വിളിച്ച്‌ അതിന്‌ നൈറ്റ്‌ റൈഡേഴ്‌സ്‌ എന്ന്‌ പേരിട്ടപ്പോള്‍ ബോളിവുഡ്‌ സൂപ്പര്‍ താരം ഷാരൂഖ്‌ ഖാന്‍ കരുതിയിരിക്കില്ല സംഗതി അറം പറ്റുമെന്ന്‌. ഷാരൂഖ്‌ ഖാന്റെ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്‌ ടീമിനുള്ളിലെ രഹസ്യങ്ങള്‍ ബ്ലോഗിലൂടെ പുറത്തുവിടുന്ന അജ്‌ഞാതനുവേണ്‌ ടി അക്ഷമയോടെയുള്ള തിരച്ചിലും കാത്തിരിപ്പും തുടരുന്നു. കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സിന്റെ അവസാന മല്‍സരം നടക്കുന്ന ദിവസം താന്‍ ആരെന്നു വെളിപ്പെടുത്തുമെന്നാണു ബ്ലോഗറുടെ വാക്കുകള്‍. മെയ്‌ ഇരുപതിനാണ്‌ കൊല്‍ക്കത്തയുടെ അവസാനമത്സരം.

ഓണ്‍ലൈന്‍ വോട്ടിങ്ങിലൂടെ വായനക്കാരെടുക്കുന്ന തീരുമാനപ്രകാരം ആയിരിക്കും വെളിപ്പെടുത്തല്‍ എന്ന്‌ അജ്‌ഞാതന്‍ പ്രഖ്യാപിച്ചതോടെ ബ്ലോഗില്‍ അഭിപ്രായങ്ങള്‍ കുന്നുകൂടുകയാണ്‌. ഇന്ന്‌ വൈകുന്നേരം (12.05.2009) 4. 45 വരെ വാക്കു പാലിക്കാന്‍ ആവശ്യപ്പെട്ടവര്‍-26290. (അതായത്‌ 64 ശതമാനം), വെളിപ്പെടുത്തൂ, പണി കിട്ടുന്നതു കാണാമെന്ന്‌ കാത്തിരിക്കുന്നവര്‍ 1535.(3 ശതമാനം) രഹസ്യമായി ഇരുന്നോ മോനെ എന്നാണ്‌ 12 ശതമാനം ആളുകളുടെ അഭിപ്രായം. വേണ്‌ ട മോനെ മിണ്‌ ടണ്ട, പണി കിട്ടിയേക്കും എന്നാണ്‌ 5 ശതമാനം ആളുകളുടെ പ്രതികരണം. ഏഴ്‌ ശതമാനം ആളുകള്‍ക്ക്‌ ഇത്‌ എന്തായാലും വേണ്‌ടില്ല. ഇതാണ്‌ വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍.

ഈ അജ്ഞാത ബ്ലോഗര്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനൊപ്പം യാത്ര തുടങ്ങിയിട്ടു ആഴ്‌ച മൂന്നുകഴിഞ്ഞു. കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സിന്റെ അന്തപ്പുരകഥകള്‍ ബ്ലോഗിലൂടെ പാട്ടാക്കിയാണ്‌ ഈ അജ്‌ഞാതന്‍ രംഗത്തെത്തിയത്‌. ഇത്‌ ടീമിനുള്ളിലെ ആളാണെന്നും ഗാംഗുലിതന്നെയാണെന്നും മറ്റും വാര്‍ത്ത പരന്നതോടെ ബ്ലോഗ്‌ അതിവേഗം സൂപ്പര്‍ഹിറ്റുമായി. ക്രിക്കറ്റ്‌ ലോകത്തെ മിക്കവാറും കളിക്കാര്‍ക്കും ടീമുടമയായ കിംഗ്‌ ഖാനും ഇരട്ടപ്പേരിട്ടാണ്‌ കഥ പറച്ചില്‍.

ടീം ഉടമ ഷാറുഖ്‌ ഖാന്‍ ദില്‍ഡോ എന്നും കോച്ച്‌ ജോണ്‍ ബുക്കാനന്‍ ബാഖാ നാന്‍ എന്നുമാണ്‌ അറിയപ്പെടുന്നത്‌. സൗരവ്‌ ഗാംഗുലിയെ ലോര്‍ഡി എന്നും ബ്രണ്‌ടന്‍ മക്കല്ലത്തെ ഇയാള്‍ സ്‌കിപ്പര്‍ എന്നും വിളിക്കും. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ലിറ്റില്‍ മോണ്‍സ്‌റ്ററാകുമ്പോള്‍ യുവരാജ്‌ സിങ്‌ പ്രിന്‍സ്‌ ചാള്‍സ്‌ ഓഫ്‌ പട്യാലയാണ്‌. ആകാശ്‌ ചോപ്രയും സഞ്‌ജയ്‌ ബംഗാറുമൊക്കെയാണ്‌ ഇതിനുപിന്നിലെന്ന ഊഹങ്ങള്‍ ശക്തമാകാന്‍ കാരണം ചോപ്രയെയും ബംഗാറിനെയും തിരിച്ചയച്ചതാണ്‌. ക്യാപ്‌റ്റന്‍ സ്ഥാനം പോയതിന്റെ കലിപ്പാണോ എന്ന സംശയമാണ്‌ വിരല്‍ ഗാംഗുലിക്ക്‌ നേരെ ചൂണ്‌ ടാന്‍ കാരണം.

അജ്‌ഞാത ബ്ലോഗിലേക്കുള്ള പൊതുവഴി ഇതിലേ...

ഇനി നമ്മളാരേലുമാണോ പുലികളെ ഇതിനുപിന്നില്‍???
എഴുതിയത് മുരളിക... at 4:49 AM 15 അഭിപ്രായങ്ങള്‍

എന്റെ മകളുടെ വിവാഹത്തിന്‌ വോട്ടുചെയ്യേണ്ട ഫോര്‍മാറ്റ്‌...

SATURDAY, APRIL 11, 2009

''രാമായണത്തിലെ സീത സ്വയംവരത്തിലൂടെയല്ലേ വരനെ കണ്ടെത്തിയത്‌? പിന്നെ എനിക്കെന്തുകൊണ്ട്‌ ആയിക്കൂടാ? -ചോദിക്കുന്നത്‌ മറ്റാരുമല്ല, രാഖിയാണ്‌, ബോളിവുഡിലെ സെക്‌സ്‌ബോംബ്‌ രാഖി സാവന്ത്‌. (ചെചെച്ചെയ്‌... തട്ടിയാലും മുട്ടിയാലും പൊട്ടണ സാധനങ്ങളുടെ പേരിട്ട്‌ പെണ്ണുങ്ങളെ വിളിക്കണത്‌ നിങ്ങള്‍ പുരുഷന്മാരുെട സ്റ്റുപിഡ്‌ കോംപ്ലക്‌സല്ലേ മാഷെ എന്നാരെങ്കിലും ചോദിച്ചാല്‍ സംഗതി സത്യമാണ്‌. എന്നാലും മിസ്‌. സാവന്തിന്റെ പെര്‍ഫോമന്‍സ്‌ വച്ച്‌ നോക്കുമ്പോ ഒരു ഗ്രനേഡ്‌ എന്നെങ്കിലും വിളിക്കാന്‍ നിങ്ങളെന്നെ അനുവദിക്കണം. മൂപ്പത്തിയുടെ മൂപ്പെത്തിയ പൂവമ്പന്‍ ചില്ലിയുടെ ചീള്‌ കൊണ്ട്‌ ചാരിത്രഭ്രംശം സംഭവിച്ച അവിവാഹിതരായ ചെറുപ്പക്കാരില്‍ ഒരാളെന്ന നിലക്കെങ്കിലും പ്ലീസ്‌....)

ക്ഷമിക്കണം ട്ടോ, കഥ പറഞ്ഞിരുന്ന്‌ പറയാന്‍ വന്ന കാര്യം വിട്ടു.. അപ്പോ നമ്മുടെ സാവന്ത്‌ കല്യാണത്തിനൊരുങ്ങുന്നു എന്നതാണ്‌ വാര്‍ത്ത. അതിലെന്താപ്പോ വാര്‍ത്ത... ആരൊക്കെ ഇത്‌ ചെയ്‌തിരിക്കണു.. ല്ലേ.. ? എന്നാ സംഗതി വേറെയാണ്‌. രാഖി ഒരുങ്ങുന്നത്‌, സ്വയം വരത്തിനാണ്‌. അതും എന്‍ ഡി ടി വി ഇമാജിന്‍ ചാനലില്‍ ലൈവ്‌ റിയാലിറ്റി ഷോയിലൂടെ ഒരു സൊയമ്പന്‍ സ്വയം വരം. റിയാലിറ്റി ഷോയാകുമ്പോ സംഗതി കിടുങ്ങും. നമ്മടെ നാട്ടിലാവുമ്പോ പരമാവധി ഒരു ഫ്‌ളാറ്റ്‌, അല്ലെങ്കിലൊരു വണ്ടി.... ഇതാവുമ്പോ.. 15 പേരെയാണത്രെ രാഖി സ്വയംവരടെസ്റ്റില്‍ സംഗതി പരീക്ഷിക്കുന്നത്‌. ആരാധകരാണ്‌ രാഖിക്ക്‌ എല്ലാം. അപ്പോപ്പിന്നെ ആരാധകരാറിയാതെ ഒരു വിവാഹമോ? അതാണ്‌ ആരാധകരുടെ അഭിപ്രായം കൂടി കണക്കിലെടുത്ത്‌ ഒരു ലൈവ്‌ റിയാലിറ്റി വിവാഹമാകാം എന്ന്‌ നിരീച്ചത്‌. ആരാധകര്‌ എസ്‌ എം എസിലൂടെ തീരുമാനിക്കട്ടെ മുഹൂര്‍ത്തം.

പണ്ടൊരിക്കല്‍ പിറന്നാളാഘോഷത്തിനിടെ ബലമായി ചുംബിച്ച മില്‍ക്കയെന്ന പഞ്ചാബി ഗായകന്റെ കരണത്ത്‌ ബലമായി അടിച്ചുകൊണ്ടാണ്‌ രാഖി സാവന്ത്‌ വിവാദങ്ങളിലേക്കും അതുവഴി പ്രശസ്‌തിയിലേക്കും നടന്നുകയറിയത്‌. പിന്നെ ചില ഐറ്റം ഡാന്‍സുകളിലും പതിവു ഗോസിപ്പുകളിലും രാഖി സജീവമായി. ഇടയ്‌ക്കൊരിക്കല്‍ നര്‍ത്തകനടനായ അവാസ്‌തി അഭിഷേകുമായി ഒരു പ്രണയകഥയിലും സാവന്തിന്റെ പേരു കേട്ടിരുന്നു.. പിന്നെ തിരശ്ശീലയ്‌ക്കപ്പുറത്തെ പതിവു തിരക്കഥയിലൊന്നായി അതും മറഞ്ഞു.
ഇപ്പോ എന്തായാലും രാഖിക്ക്‌ കാര്യം മനസിലായി. വിവാഹത്തിന്‌ സമയമായി. എങ്കില്‍ ഒരു ചെയ്‌ഞ്ച്‌ ആയിക്കോട്ടേന്നു വച്ചു. ചാനല്‍ നല്‍കുന്ന കോടി സ്‌ത്രീധനത്തിനും ഉപയോഗിക്കാലോ, ഒരു ചേയ്‌ഞ്ചൊക്കെ ആര്‍ക്കാണ്‌ ഇഷ്ടമില്ലാത്തത്‌ അല്ലേ മാഷേ? ചില്ലറ ഡിമാന്റ്‌സ്‌ മാത്രമേയുള്ളൂ സാവന്തിന്‌. അതാണ്‌ സംഭവത്തില്‍ ക്ഷ പിടിച്ചത്‌. സ്‌നേഹിക്കാനറിയണം(നമുക്കതല്ലേ അറിയൂ), സ്‌തീകളെ ബഹുമാനിക്കണം(പിന്നേ എന്താ നമ്മുടെ ഒരു ബഹുമാനം) കൃത്യനിഷ്‌ഠ ഉള്ളവനായിരിക്കണം(അതു പിന്നെ പറയ്യേം വേണ്ട) അപ്പോ ഇത്രയും ഉള്ളോര്‍ക്ക്‌ സ്വയംവര മണ്ഡലത്തിലേക്ക്‌ സോറി, മണ്ഡപത്തിലേക്ക്‌ ചവിട്ടാം, വില്ല്‌ കുലയ്‌ക്കാനും കിളിയെ പിടിക്കാനും അറിഞ്ഞാ അറിഞ്ഞവര്‍ക്ക് കൊള്ളാം. സീതയ്‌ക്കാവാമെങ്കില്‍, ദ്രൗപതിക്ക്‌ ആവാമെങ്കില്‍ എന്തുകൊണ്ട്‌ രാഖിക്കായിക്കൂടാ? രാഖിക്കാവാമെങ്കില്‍ എന്തുകൊണ്ട്‌ നമുക്കായിക്കൂടാ?

ക്രിക്കറ്റ്‌ കളിക്കാരും ചാനല്‍, സിനിമാതാരങ്ങളും ജാതകം കുറിക്കുന്ന നമ്മുടെ നാട്ടില്‍ നാളത്തെ വിവാഹക്ഷണക്കത്തുകള്‍ ഇങ്ങനെ അച്ചടിച്ചേക്കാം.. പ്രിയരേ, എന്‍റെ മകള്‍--- വിവാഹിതയാകുന്നു. --- ചാനലില്‍ --ദിവസം--മണിക്കാണ്‌ പ്രോഗ്രാം. ശുഭമുഹൂര്‍ത്തത്തില്‍ കുടുംബസമേതം എസ്‌ എം എസ്‌ ചെയ്യുമല്ലോ, എന്‍റെ മകളുടെ വിവാഹത്തിന്‌ വോട്ടുചെയ്യേണ്ട ഫോര്‍മാറ്റ്‌ --- .എന്‍.ബി: എസ്‌ എം എസാവട്ടെ സമ്മാനം.

ആല്‍ത്തറ റിയാലിറ്റിയില്‍ എന്‍റെ ആദ്യത്തെ പെര്‍ഫോമന്‍സാണിത്‌. എന്‍റെ പെര്‍ഫോമന്‍സ്‌ അത്രയ്‌ക്കൊന്നും ഇഷ്ടപ്പെട്ടില്ല എന്നറിയാം. എങ്കിലും എനിക്ക്‌ വോട്ടു ചെയ്യണം. നിങ്ങള്‍ക്ക്‌ നന്ദി. എന്നെ ഈ പരിപാടിയിലേക്ക്‌ വിളിച്ച കാപ്പുവിനും മാണിക്യേച്ചിക്കും പ്രത്യേകം നന്ദി. അപ്പോ എനിക്ക്‌ എസ്‌ എം എസ്‌ ചെയ്യേണ്ട ഫോര്‍മാറ്റ്‌....

വാല്‍: ചാരിനില്‍ക്കാന്‍ ഒരു സീതയുണ്ടായതോണ്ട്‌ രാഖിസാവന്ത്‌ ഓകെ, വില്ലും കുലച്ചുവരുന്ന അഭിനവരാമനെ പ്രേക്ഷകരു കാക്കട്ടെ....ജയ്‌ ശ്രീരാം.

എഴുതിയത് മുരളിക... at 6:31 AM
Labels: മുരളിക. 14 അഭിപ്രായങ്ങള്‍:

ശശി തരൂര്‍ ഒരു സൂചിക മാത്രമാണ്....

FRIDAY, SEPTEMBER 18, 2009

ചിലവിടാന്‍ പോക്കറ്റില്‍ പണമുള്ളത് ഒരിയ്ക്കലും മറച്ച് വെച്ചില്ലെന്ന ശശി തരൂരിന്റെ സത്യന്ധത അംഗീകരിക്കേണ്ടതാണ്. ഇക്കോണമി ക്ലാസ്സിനെ കാറ്റ്ല്‍ ക്ലാസ്സായി കണക്കാക്കുന്നത് ഈ പോക്കറ്റിലെ കനത്തെക്കുറിച്ചുള്ള ഊറ്റം കൊണ്ടാണെങ്കിലും അതില്‍ തെറ്റ് പറയേണ്ടതുണ്ടെന്ന് തോന്നിയിട്ടല്ല. പാവങ്ങളുടെ ഭാഷ സംസാരിയ്ക്കുകയും തരം കിട്ടുമ്പോഴൊക്കെ, അവരുടെ പിച്ച ചട്ടിയില്‍ കയ്യിട്ട് വാരുകയും ചെയ്യുന്നവരാണ് ഇവിടത്തെ രാഷ്ട്രീയക്കാരില്‍ ഏറിയകൂറും. അവരെ ഹോളി കൗസ് എന്ന് ആക്ഷേപം അടങ്ങുന്ന പരാമര്‍ശത്താലല്ലാതെ വിളിച്ചതില്‍ തരൂരിനെ തെറ്റ് പറയേണ്ടതുണ്ടെന്നും അഭിപ്രായമില്ല. നിയമത്തിന്റെ സാധുതയ്ക്കും പരിരക്ഷ നല്‍കാനാകുമെങ്കിലും കേവല ധാര്‍മികതയുടെ പേരിലെങ്കിലും ഒരു പാര്‍ലമെന്റേറിയന്‍, ഒരു മന്ത്രി പാലിക്കേണ്ട ചിലതുണ്ട്. എന്നാല്‍ അധികാരത്തിന്റെ ഇടനാഴിയിലേക്കുള്ള ചവിട്ടുപടി എന്നതില്‍ക്കവിഞ്ഞ ഒരു പ്രാധാന്യം ശശി തരൂര്‍ എന്ന ഡിപ്ലോമാറ്റ് ശശി തരൂര്‍ എന്ന പാര്‍ലമെന്റംഗത്തിന് നല്‍കിയിട്ടുണ്ട് എന്ന് തോന്നുന്നില്ല. ജനകീയതയ്ക്കായി നടത്തുന്ന മുഖംമറയ്ക്കലുകള്‍ക്ക് തയ്യാറാകാതെ പോളിറ്റിക്കല്‍ എക്‌സിക്യുട്ടിവായി. പരമ്പരാഗത രാഷ്ട്രീയ പ്രവര്‍ത്തകനാകാന്‍ അദ്ദേഹം നടത്തിയ ശ്രമങ്ങൊക്കെ ഏതാണ്ട് വിരസ കോമഡികളായി മാത്രമേ നമുക്ക് കാണാനാവുന്നുള്ളുവെന്നതും ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതുണ്ട്.

എത്ര ശ്രമിച്ചാലും നടക്കാത്ത ഒന്നുണ്ട്. എത്രസൂക്ഷിച്ചാലും വാക്കുകളുടെ മേലുള്ള കടിഞ്ഞാണ്‍ ചിലപ്പോള്‍ നഷ്ടമാകുക തന്നെ ചെയ്യും. വാക്കുകളുടെ മേല്‍ വല്ലാതെ കരുതല്‍ സൂക്ഷിയ്ക്കുന്നവരാണ് ഡിപ്ലോമാറ്റുകള്‍. ഇവിടെ തരൂരാവട്ടെ ഇത്തരത്തില്‍ ഇന്ത്യയിലിന്നുള്ളവരില്‍ ഏറെ ഉയരത്തില്‍ വ്യാപരിക്കുന്ന ഒരാളും. നമ്മുടെ മിക്കവാറും എല്ലാ പ്രശ്‌നങ്ങളും ഭാഷയുടേത്, ഭാഷയിലേത്, ഭാഷയെക്കുറിച്ചുള്ളത് മാത്രമായി തീര്‍ത്തിരിയ്ക്കുന്നു. എല്ലാ കലാപങ്ങളും സമരങ്ങളും ഭാഷകൊണ്ട് നടത്തുന്നവ മാത്രമായി, ഭാഷയിലെ സമരങ്ങളും ഭാഷയിലെ വിജയങ്ങളും മാത്രമായി ഏതാണ്ട് പൂര്‍ണ്ണമായി തീര്‍ത്തിരിയ്ക്കുന്നു. ഇത്രമാത്രമേ ഈ വിഷയത്തിലും നടക്കുന്നുള്ളൂ. ഭാഷയ്ക്കപ്പുറത്തെ മാനങ്ങളിലേക്ക് ഇത് ചെന്നെത്തുകയുമില്ല.

ഇത് സംബന്ധിച്ച സംഭാഷണമദ്ധ്യേ ഒരു സുഹൃത്ത് മാധ്യമപ്രവര്‍ത്തകന്റെ നീതിബോധത്തെയും സാമാന്യബോധത്തെയും ചോദ്യം ചെയ്തതോര്‍ക്കുന്നു. ഭാഷയുടെ ചാരുതയും പ്രയോഗഭംഗികളും ആസ്വദിയ്ക്കാന്‍ അറിയാത്ത മടയന്മാരെക്കുറിച്ചോര്‍ത്തും വാര്‍ത്തകളെ സൃഷ്ടിയ്ക്കുന്നവരെയും കൊണ്ടാടുന്നവരെയും അവരുടെ മാനസിക തകരാറുകളെക്കുറിച്ചും അദ്ദേഹം വികാരാധീനനാകുകയും ചെയ്തിരുന്നു. രാഷ്ട്രീയക്കാര്‍ ഭരിച്ച് നശിപ്പിച്ച ഭാരതഭൂമിയെ രക്ഷിയ്ക്കാന്‍ ശശി തരൂരിനെപ്പോലുള്ളവരെ അനുവദിയ്ക്കുകയില്ലേ എന്നിടം വരെ ഒരുവേള ചോദ്യങ്ങള്‍ എത്തുകയും ചെയ്തു.

എന്നിട്ടും പ്രയോഗത്തിന്റെ തരക്കേടുകളെക്കുറിച്ച് എല്ലാവരും പറഞ്ഞു. ഒടുവില്‍ സാക്ഷാല്‍ ശശി തരൂര്‍ മാപ്പും പറഞ്ഞു. പ്രശ്‌നം പ്രയോഗത്തിന്റെ അനൗചിത്യം മാത്രമാണോ? ലൈബീരിയയില്‍ ഇരുന്നുകൊണ്ട് വെള്ളിയാഴ്്ച പുലര്‍ച്ചെ ട്വിറ്ററില്‍ തന്നെ എഴുതി ചേര്‍ക്കപ്പെട്ട വാക്കുകള്‍ക്കിടയില്‍ തന്നെപ്പോലെ ഒരു ബുദ്ധിമാനെ മനസ്സിലാക്കാന്‍ ആവാത്ത എല്ലാവര്‍ക്കുമെതിരായ പരിഹാസമുണ്ട്. ഇല്ലേ? തന്റെ തമാശയ്ക്കും ഭാഷയ്ക്കുമൊപ്പമെത്താത്ത ശരാശരിക്കാരെക്കൊണ്ടു നിറഞ്ഞ രാജ്യത്ത് വന്നുപിറക്കേണ്ടി വന്നതിനെക്കുറിച്ചുള്ള വേദനയുണ്ട്. മലയാളമെന്ന ഭാഷയുടെ പരിമിതിയെക്കുറിച്ചുള്ള ഒളിയമ്പുണ്ട്. നേരത്തെയത്ര തെളിച്ചല്ല അതൊക്കെ പറഞ്ഞിരിയ്ക്കുന്നതെന്ന് മാത്രമെന്നാണ് ഈയുള്ളവന് തോന്നിയത്. ഇതും പരിമിതിയാകണം. ആയിരക്കണക്കിന് വാര്‍ത്തകള്‍ വായിച്ച് കടന്നുപോയാലും ഒരു ഹോട്ട് ഡോഗിനെ മാത്രം (അത് ചെയ്തവനെ ന്യായീകരിക്കുകയല്ല) ഉദാഹരിക്കുമ്പോള്‍ ഇതെഴുതുന്ന മാധ്യമപ്രവര്‍ത്തകനും മനുഷ്യനാണെന്നും അവനും രാഷ്ട്രബോധമുണ്ടെന്നതും ഓര്‍ക്കേണ്ടതില്ലേ? (2009 sept.)


വാല്‍: തരൂരിനെതിരെ നടപടി എന്നൊക്കെ പറഞ്ഞുകേള്‍ക്കുന്നു. എന്ത് നടപടി? അങ്ങനെയൊന്നിന് പാര്‍ട്ടി മുതിരുമെന്ന് പ്രധാനമന്ത്രിയുടെ ജോക് പ്രസ്താവം സൂചന തരുന്നില്ല. പാര്‍ട്ടി വക്താക്കളും ഗെലോട്ടും പറഞ്ഞത് അറിഞ്ഞതേയില്ലെന്നതാണ് ഇഫ്താര്‍ വിരുന്നിനിടെ മന്‍മോഹന്‍ നടത്തിയ പ്രസ്താവന തെളിയിക്കുന്നത്.

എഴുതിയത് മുരളിക... at 12:54 PM 12 അഭിപ്രായങ്ങള്‍

മാനുഷരെല്ലാരും ഒന്നുപോലെ....

SATURDAY, AUGUST 15, 2009
മാനുഷരെല്ലാരും ഒന്നുപോലെ....
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒട്ടിയ വയറുമായി വന്ന കൂട്ടുകാരന് മുന്നില്‍ തൊലി കറുത്തെന്ന പേരില്‍ വാതിലടയുന്ന ശബ്ദം കേട്ട ഉത്രാടത്തിന്റന്ന് നിര്‍ത്തിയതാണ് ഓണാഘോഷങ്ങള്‍. മാനുഷരെല്ലാവരും ഒന്നു പോലെയല്ലെന്ന തിരിച്ചറിവ് കുട്ടിക്കാലത്ത് തന്നെ പലതവണ ലഭിച്ചിരുന്നു. ജാതിയും മതവും മാത്രമായിരുന്നില്ല സമ്പത്തും ലിംഗവും തീര്‍ത്ത വേലിക്കെട്ടുകള്‍ പൊട്ടിക്കാന്‍ ശ്രമിച്ച് നിരവധി തവണ പരാജയപ്പെട്ടിരിക്കേണ്ടി വന്നിട്ടുണ്ട് . ഒരു ദിവസത്തേക്ക് മാത്രമായി ഒരോണപ്പാട്ട് വേണ്ടെന്ന് വളര്‍ച്ചയെത്താത്ത ഒരു കൂട്ടം കൂട്ടുകാര്‍ തീരുമാനിച്ചത് ഒരു വ്യാഴവട്ടം മുമ്പാണ്. പിന്നീടുള്ള വര്‍ഷങ്ങളില്‍ കൊടിയിലയില്‍ അമ്മ വിളമ്പുന്ന ചോറിലൊതുങ്ങിയിരുന്നു ഓണം.

ഓണം വന്നാലും അടുപ്പില്‍ ആളനക്കമില്ലാത്ത കോരന്റെ കണ്ണീരോണങ്ങള്‍ക്ക് കൂട്ടിരുന്നിട്ടുണ്ട്. ഓണമായിട്ടുപോലും ഉണ്ണാന്‍ വന്നില്ലല്ലോ കുട്ടാ എന്ന് അമ്മ കരഞ്ഞിട്ടുണ്ട്. തറവാട്ടിലെ ഇലച്ചോറിനു മുന്നില്‍ മാത്രമായിരുന്നില്ല അധകൃതന് ഭ്രഷ്ട്. അത്തം മാത്രമല്ല അവന്റെ ഓണങ്ങളും കറുത്തുതന്നെ തീര്‍ന്നു. കണ്ണീരിലും കള്ളിലും മുങ്ങി അവ കടന്നുപോയി. കാലങ്ങള്‍ കടക്കവേ, വരത്തന്മാരെ സുല്‍ത്താന്മാരാക്കി ശീലിച്ച കോഴിക്കോടിന്റെ മണ്ണില്‍ വേരുറപ്പിക്കുന്നതിനിടയില്‍ ചെയ്ത ആദ്യത്തെ ഓണം. ആഘോഷമില്ലെങ്കിലെന്തിന് വീട്ടിലേക്ക് ചെല്ലണം? കൂട്ടുകാരന്റെ ചോദ്യമാണ് ആ തിരുവോണം മുഴുപ്പട്ടിണിക്കിട്ടത്. കോഴിക്കോടന്‍ സമൃദ്ധിയുടെ മഹാറാണി ഹോട്ടലിന്റെ മൂന്ന് കെട്ടിടമപ്പുറത്ത് മൂന്ന് ഗ്ലാസ് പച്ചവെള്ളത്തില്‍ രണ്ടു രാവും ഒരു പകലും മുങ്ങിത്തീര്‍ന്നപ്പോള്‍ അമ്മ വിളമ്പിയ ഇലച്ചോര്‍ തട്ടിമാറ്റിയ ഓണങ്ങളോര്‍ത്തു. വിപ്ലവത്തിനിറങ്ങിയ ബാലചന്ദ്രന്‍ ചുളളിക്കാടിനോട് സച്ചിദാനന്ദന്‍ പറഞ്ഞതോര്‍ത്തു, 'ലോകം ഇളകിമറിയുമ്പോള്‍ നിനക്കുമതാകാം. ഇവിടെ നീമാത്രം ഇളകിമറിയുകയാണ്. ഉപേക്ഷിക്കാന്‍ ഒരു വീടുണ്ട് എന്നതാണ് നിന്റെ പ്രശ്‌നം.' അതേ ഉപേക്ഷിക്കാന്‍ ഒരു വീടുണ്ട് എന്നതുതന്നെയാണ് അടിസ്ഥാന പ്രശ്‌നം. ബാലനെപ്പോലെ ഓണം തെണ്ടിയുണ്ണാന്‍ മനസ്സുവന്നതുമില്ല.

ഇത്തവണയും എവിടെയെങ്കിലും പൂവിളിയുയരും, പൂക്കൂടകള്‍ നിറയും, നിലകെട്ടിയുയര്‍ത്തിയ ആര്‍ഭാടത്തിന്റെ പൂക്കളങ്ങള്‍ കൊട്ടാരക്കെട്ടുകള്‍ക്ക് മോടിയേറ്റും. വിലക്കുറവിന്റെയും ആകര്‍ഷകമായ സമ്മാനക്കൂപ്പണുകളുടെയും പൊന്നോണം എന്റെ പ്രിയപ്പെട്ട സ്‌നേഹിതര്‍ക്ക് ആശംസിക്കുന്നു. നിറച്ചുണ്ടവര്‍ കളഞ്ഞുപോകുന്ന ഇലച്ചിന്തുകള്‍ കാക്കുന്നവരുണ്ട് മുന്നില്‍, എല്ലെണ്ണിയെടുക്കാന്‍ പരുവത്തില്‍ നില്‍ക്കുന്ന അവരെക്കണ്ട് ഓണത്തപ്പന്റെ തിരുവയര്‍ ഒട്ടണം. അടുത്ത തവണ അവരിലൊരാളായി വരട്ടെ മാവേലിത്തമ്പുരാന്‍, അന്നേ വിശ്വക്കാനാവൂ ഈ ആഘോഷത്തില്‍.


ഓണമായിട്ടുണ്ണീ വരുന്നില്ലേ നീ? -അമ്മ വിളിക്കുന്നു.
അമ്മമ്മയ്ക്ക് വയ്യ, ഇതൊടുക്കത്തെയാവും.
പറ്റുമെങ്കില്‍ ലീവ് ചേര്‍ത്തോ ശ്രാദ്ധത്തിനുളളതും.
മനസ്സില്‍ ഒരു ചുട്ട ചട്ടുകം നിലത്തുവീണു. (2009 August)

എഴുതിയത് മുരളിക... at 11:38 PM
Labels: ആല്‍ത്തറയില്‍ ഓണം ....
24 അഭിപ്രായങ്ങള്‍: