Wednesday, November 17, 2010

ഐ പി എല്ലും കൊച്ചിയും തരൂരിന്റെ രഹസ്യ അജണ്ടയും

ആധുനിക കുതിരപ്പന്തയത്തിന്റെ മൂര്‍ത്തരൂപമായ ഐപിഎല്‍ ക്രിക്കറ്റിലെ പുതിയ ടീമുകള്‍ക്കുവേണ്ടിയുള്ള ലേലമായിരുന്നു പോയവാരത്തെ പ്രധാന തലക്കെട്ടുകളിലൊന്ന്. എന്നാല്‍ കൊച്ചുകേരളത്തിന് ക്രിക്കറ്റ് ടീം കിട്ടിയതിന്റെ ആഹ്ളാദാരവങ്ങള്‍ അവസാനിക്കുന്നതിനുമുമ്പേ സംഗതി കൈവിട്ടുപോകുമെന്ന അവസ്ഥയാണിപ്പോള്‍. ടീം കൊച്ചിക്കുതന്നെ എന്നുറപ്പാക്കാന്‍ മുന്നില്‍ നിന്നുപ്രവര്‍ത്തിച്ച സംസ്ഥാന എം പിയും കേന്ദമന്ത്രിയുമായ ശശി തരൂരിന് ഇക്കാര്യത്തില്‍ രഹസ്യമായ അജണ്ടകളുണ്ടെന്ന് ആരോപിക്കുന്നത് ഐ പി എല്‍ ചെയര്‍മാനായ ലളിത് മോഡിയാണ്.

കേരളത്തിലെ കാണികള്‍ക്ക് സ്വന്തമായൊരു ടീമിനെയും കേരള കളിക്കാര്‍ക്ക് ഉയര്‍ന്നുവരാന്‍ അവസരവും ഒരുക്കുക എന്നതുമാത്രമാണ് തനിക്ക് ഇക്കാര്യത്തിലുള്ള താല്‍പര്യമെന്ന് ശ്രീമാന്‍ തരൂര്‍ ട്വിറ്ററിലൂടെ ലോകജനതയെ എന്നേ അറിയിച്ചതാണ്. എന്നാല്‍ കൊച്ചി ടീമിന്റെ 18 ശതമാനത്തോളം ഓഹരികള്‍ സ്വന്തമായുള്ള സുനന്ദ പുഷ്കറിന് ശശി തരൂരുമായി മോശമല്ലാത്ത സൌഹൃദമുണ്ടെന്ന് പാപ്പരാസികള്‍ കണ്ടെത്തുന്നതോടെയാണ് തിരക്കഥ മാറിത്തുടങ്ങിയത്. ദുബായി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്റേറ്റ് വ്യവസായിയായ സുനന്ദ പുഷ്കര്‍ തരൂരിന്റെ ഭാവി വധുവാണെന്നും നിലവില്‍ തരൂര്‍ രണ്ടാം ഭാര്യ ക്രിസ്റ്റ ജൈല്‍സുമായി വിവാഹബന്ധം വേര്‍പെടുത്താനുള്ള ശ്രമത്തിലാണെന്നും വാര്‍ത്തകള്‍ പരന്നു. കഥകള്‍ക്കവസാനമായെന്ന് കരുതിയവര്‍ക്ക് തെറ്റി.

ഡെമോക്രാറ്റിക് കമ്മ്യൂണിക്കേഷന്‍ രംഗത്തെ പുതുസാധ്യതയായ ട്വിറ്റര്‍ കാര്യങ്ങള്‍ ഏറ്റെടുക്കുന്നതാണ് പിന്നീട് കളിപ്രേമികള്‍ കണ്ടത്. കൊച്ചി ടീമിന്റെ അണിയറപ്രവര്‍ത്തകരെയും അവരുടെ സ്വത്തുവിവരങ്ങളെയും അറിഞ്ഞിരിക്കാനും വെളിപ്പെടുത്താനും ഐപില്‍ ചെയര്‍മാനായ തനിക്ക് അവകാശമുണ്ടെന്ന് ലളിത് മോഡി. എന്തുകൊണ്ട് കൊച്ചി ടീം മാത്രം? മറ്റുടീമുകളുടെ വിവരങ്ങള്‍ കൂടി വെളിപ്പെടുത്തൂ എന്ന് ശശിതരൂര്‍. ലേലത്തിനിടെ തരൂര്‍ തന്നെ വിളിച്ചു എന്നും കേന്ദ്രമന്ത്രിയുടെ സ്വാധീനം ഉപയോഗിക്കാന്‍ ശ്രമിച്ചു എന്നും മോഡി.ആദ്യമൊക്കെ മോഡിയെ വിളിച്ചു എന്ന കാര്യം നിഷേധിച്ച തരൂര്‍ പിന്നീട് അത് സമ്മതിക്കുകയും വിളിച്ചത് കൊച്ചുവര്‍ത്തമാനം പറയനാണെന്ന് വിശദീകരിക്കുകയും ചെയ്തു.

ഒരു കേന്ദ്രമന്ത്രി ഇത്തരം വിവാദങ്ങള്‍ക്ക് കാരണമാകുന്നത് ഭൂഷണമോ എന്ന സംശയത്തിനിടയിലാണ് ഇതില്‍ രാഷ്ട്രീയത്തിന്റെ നിറം കലര്‍ത്തിക്കൊണ്ട് ബി ജെ പി ഇടപെടുന്നത്. ശശി തരൂര്‍ രാജിവെക്കണമെന്നും വിവരങ്ങള്‍ വ്യക്തമാക്കണമെന്നുമുള്ള ബി ജെ പിയുടെ ആവശ്യം ഇടതുപക്ഷം കൂടി ഏറ്റുപിടിച്ചതോടെ ശശി തരൂരിന് സഭയില്‍ വിശദീകരണം നല്‍കേണ്ടി വന്നു. കൊച്ചി ടീമിന്റെ ലേലത്തില്‍ റൊന്ദേവു കണ്‍സോര്‍ഷ്യത്തെ സഹായിച്ചത് കേരളത്തില്‍ ടീം വരണമെന്ന ആഗ്രഹം മൂലമാണെന്നും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തിട്ടില്ലെന്നും തരൂര്‍ സഭയെ അറിയിച്ചു.

മന്ത്രിയെന്ന നിലയ്ക്ക് ഒരു തരത്തിലും ലേല നടപടികളില്‍ ഇടപെട്ടിട്ടില്ല. അനൌപചാരികമായ ഉപദേശങ്ങള്‍ മാത്രമാണ് ഇക്കാര്യത്തില്‍ നല്‍കിയത്. അബുദാബിയിലേക്ക് ഐപിഎല്‍ ടീമിനെ മാറ്റാന്‍ ശ്രമിക്കുന്നെന്ന മോഡിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നും പ്രവാസികള്‍ ടീമിനെ സഹായിച്ചേക്കുമെന്ന ഉദ്ദേശ്യത്തോടെയാണ് വിദേശത്തു കളി നടത്താമെന്നു പറഞ്ഞതെന്നും തരൂര്‍ സഭയില്‍ വ്യക്തമാക്കി. ഇതിനിടെ ആദായനികുതി വകുപ്പ് അധികൃതര്‍ ബിസിസിഐ ഓഫീസില്‍ റെയഡ് നടത്തി. എന്നാല്‍ കൊച്ചി ടീമുമായി ബന്ധപ്പെട്ട വിഷയമാണ് റെയ്ഡിന് കാരണമെന്ന വിശദീകരണമത്തോടെ മോഡി കേരളത്തോടുളള അതൃപ്തി വീണ്ടും വെളിപ്പെടുത്തുകയായിരുന്നു. എന്തായാലും ഐപിഎല്ലില്‍ മോഡിയുടെ സര്‍വ്വാധിപത്യം നിയന്ത്രിക്കാനുള്ള സാധ്യതകള്‍ ആരായുകയാണ് ബി സി സി ഐ. അത് കേരള ടീമിന് ഗുണം ചെയ്യുമെന്നാണ് കരുതപ്പെടുന്നത്.

വാല്‍ക്കഷണം: താന്‍ വിവാഹം ചെയ്തത് പാകിസ്ഥാനിയെയല്ല, ഒരു പുരുഷനെയാണണെന്ന് സാനിയമിര്‍സ. എങ്കില്‍ ആ പുരുഷനെ ലോക്കല്‍ പ്ളേയര്‍ എന്ന നിലയില്‍ അടുത്ത ഐപിഎല്ലില്‍ ഹൈദരാബാദ് ടീമില്‍ കളിപ്പിക്കണന്നൊരാള്‍. മുംബൈ ആക്രമണത്തിനിടെ പിടിയിലായ കസബിനെ പാകിസ്ഥാനിയല്ല ഒരു പുരുഷനാണെന്നും ആ വിവരദോഷി.


(നാട്ടുപച്ചയിലെ മൈതാനത്തില്‍ പ്രസിദ്ധീകരിച്ചത്)

No comments:

Post a Comment