Wednesday, December 15, 2010

വിധിന്യായങ്ങള്‍ ഒത്തുതീര്‍പ്പ് ഫോര്‍മുലകളാകരുത്

1975 ജൂണ്‍ പന്ത്രണ്ടിനാണ് തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ കൃത്രിമം കാണിച്ചുവെന്ന് കണ്ടെത്തി പ്രധാനമന്ത്രിയായ ഇന്ദിരാഗാന്ധിയോട് തല്‍സ്ഥാനം രാജിവെക്കാന്‍ നിര്‍ദ്ദേശിക്കുകയും അവരുടെ പാര്‍ലമെന്റംഗത്വം റദ്ദാക്കുകയും ചെയ്തതായി അലഹാബാദ് ഹൈക്കോടതി വിധി പറയുന്നത്. തുടര്‍ന്നുണ്ടായ അടിയന്തിരാവസ്ഥയെയും അതിനെ വെല്ലുന്ന സാമുദായിക കലാപങ്ങള്‍ക്കും കടന്ന് ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം അതേ കോടതി സുപ്രധാനമായ മറ്റൊരു വിധി വായിച്ചു. ഒത്തുതീര്‍പ്പുകള്‍ സാധ്യമല്ല എന്ന് കക്ഷികള്‍ നിലപാട് വ്യക്തമാക്കിയ വിഷയത്തില്‍ നിര്‍ബന്ധപൂര്‍വ്വം ഒരു ഒത്തുതീര്‍പ്പുഫോര്‍മുല അവതരിപ്പിക്കുകയായിരുന്നു ഹൈക്കോടതി. കോടതിവിധികള്‍ റഫറന്‍സ് ആകുമെന്നിരിക്കേ സമാനമായ ആയിരക്കണക്കിന് കേസുകളില്‍ എന്തായിരിക്കും വിധി എന്നറിയാനുളള ആകാംക്ഷ സാധാരണജനത്തിനുണ്ട്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള വസ്തുവിനും കെട്ടിടത്തിനും മേല്‍ പതിറ്റാണ്ടുകളായി തുടരുന്ന വ്യവഹാരത്തില്‍ ഇരുപക്ഷത്തിനും സ്വീകാര്യമായ പരിഹാരം എന്നൊന്നില്ലെന്നത് നേരത്തെതന്നെ ഏറെക്കുറെ വ്യക്തമായിരുന്നതാണ്. തര്‍ക്കസ്ഥലങ്ങള്‍ വീതിച്ചുനല്‍കി കലാപങ്ങള്‍ ഒഴിവാക്കുന്ന പൊടിക്കൈകളാണോ ജൂഡീഷ്യറിയില്‍ നിന്നും പ്രതീക്ഷിക്കുന്നതെന്ന ചോദ്യമാണ് ഇവിടെ പ്രസക്തമാകുന്നത്. രാഷ്ട്രീയക്കാരിലും ബ്യൂറോക്രസിയിലും വിശ്വാസം നഷ്ടമായിക്കൊണ്ടിരിക്കുന്ന ജനത നല്ല സന്ദേശങ്ങള്‍ക്കായി ഉറ്റുനോക്കുന്നത് കോടതിയെയാണ്.

മൂന്ന് ജഡ്ജിമാരുടെയും അഭിപ്രായങ്ങള്‍ വ്യത്യസ്തമായിരുന്നു എന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത്. നാലു ഹര്‍ജികളാണ് അയോധ്യാ കേസില്‍ കോടതിയുടെ മുന്‍പിലുണ്ടായിരുന്നത്. ചിലവിഷയങ്ങളില്‍ ജഡ്ജിമാരായ ഖാനും അഗര്‍വാളും യോജിച്ചു. ചിലതില്‍ അഗര്‍വാളും ശര്‍മയും യോജിച്ചപ്പോള്‍ മറ്റുചിലതില്‍ ഖാനും ശര്‍മയ്ക്കും ഒരേ അഭിപ്രായയമായിരുന്നു. മൂന്നംഗങ്ങളുള്ള ബെഞ്ചില്‍ ഒരേ വിഷയത്തില്‍ ഏതെങ്കിലും രണ്ടു ജഡ്ജിമാര്‍ ഒരേ നിലപാടെടുത്താല്‍ അതു ഭൂരിപക്ഷ വിധിയായി കണക്കാക്കണമെന്നാണ് വ്യവസ്ഥ. അങ്ങിനെ രണ്ടുപേര്‍ യോജിപ്പിലെത്തിയ കാര്യങ്ങള്‍ ഫലത്തില്‍ ഭൂരിപക്ഷ വിധിയായി. തര്‍ക്കഭൂമി മൂന്നായി വിഭജിക്കണമെന്ന് വിധിച്ചത് ജഡ്ജിമാരായ ഖാനും അഗര്‍വാളുമാണ്. എന്നാല്‍ ഭൂമി മുഴുവനും ഹിന്ദുക്കള്‍ക്ക് അവകാശപ്പെട്ടതാണെന്ന നിലപാടായിരുന്നു ജസ്റ്റിസ് ശര്‍മയ്ക്ക്. വിഗ്രഹങ്ങള്‍ 1949 ഡിസംബര്‍ 22നു രാത്രിയില്‍ മസ്ജിദിനുള്ളില്‍ കടത്തുകയായിരുന്നുവെന്നതില്‍ മൂന്നു ജഡ്ജിമാരും യോജിക്കുകയായിരുന്നു. പ്രത്യക്ഷത്തില്‍ നീതിപൂര്‍വ്വമെന്നു തോന്നാമെങ്കിലും വിധിയിലേക്ക് നയിച്ച വിശകലനങ്ങളിലും അന്തിമവിധിയില്‍ത്തന്നെയും പൊരുത്തക്കേടുകളുണ്ട്. മൂന്ന് കക്ഷികളെയും തൃപ്തിപ്പെടുത്താന്‍ വേണ്ടി മൂന്ന് ഭാഗങ്ങളായി വിഭജിച്ച കോടതി നാലോ അതില്‍ക്കൂടുതലോ കക്ഷികളുണ്ടായിരുന്നെങ്കില്‍ എന്ത് നിലപാടെടുക്കുമായിരുന്നു എന്നതാണ് അവയിലൊന്ന്. ഒരുപോലെ കേസ് പഠിച്ച മൂന്ന് ജഡ്ജിമാര്‍ക്കുപോലും ഏകാഭിപ്രായത്തിലെത്താന്‍ കഴിയാത്ത ഒരുവിധിയെ ഒരുവലിയ ജനത എങ്ങനെ സ്വീകരിക്കുമെന്നത് ന്യായമായ ആശങ്കയാണ്. അത് കോടതിവിധിയോടുള്ള അനാദരവല്ല, മറിച്ച് ഒത്തുതീര്‍പ്പുഫോര്‍മുലകള്‍ തയ്യാറാക്കലല്ല ജൂഡീഷ്യറുടെ ചുമതലയെന്നും അത് ചെയ്യേണ്ടിയിരുന്നത് കോടതിക്ക് പുറത്താണെന്നുമുള്ള ഓര്‍മപ്പെടുത്തല്‍ മാത്രമാണ്.

തര്‍ക്കഭൂമിയുടെ പൂര്‍ണമായ ഉടമസ്ഥാവകാശം ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് സുന്നി കേന്ദ്ര വഖഫ് ബോര്‍ഡും നിര്‍മോഹി അഖാഡയും നല്‍കിയ ഹര്‍ജികള്‍ കോടതി തള്ളിക്കളഞ്ഞു. പട്ടയ കേസുകളില്‍ നിയമാനുസൃതമായി പാലിക്കേണ്ട പരിധികള്‍ക്കുള്ളിലല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഇത്. സ്വന്തം ഭൂമിയാണെന്ന് തെളിയിക്കാന്‍ ഒരു കക്ഷിക്കും സാധിക്കാതിരുന്ന സാഹചര്യത്തില്‍ ഇവിടം പൊതുമുതലായി ഏറ്റെടുക്കുകയെന്നത് സ്വീകാര്യമായ ഒരു പോംവഴിയാകുമായിരുന്നു. ചരിത്രഗവേഷണത്തിനുള്ള സര്‍വ്വകലാശാലയോ പബ്ലിക് ലൈബ്രറിയോ മ്യൂസിയമോ ആയി മുഴുവന്‍ ആളുകള്‍ക്കും പ്രവേശനം സാധ്യമാകുന്ന ഒരിടമാക്കിമാറ്റുന്നത് പരിഗണിക്കാമായിരുന്നു. എന്നാല്‍ തര്‍ക്കപ്രദേശത്തെ മൂന്നായി വിഭജിച്ച് കക്ഷികള്‍ക്ക് പകുത്തുനല്‍കിയ കോടതിവിധി പൂര്‍ണമാണന്ന് കരുതുക എളുപ്പമല്ല. ജാതിയുടെയും മതത്തിന്റെയും പേരില്‍ ഒരിക്കല്‍ വെട്ടിമുറിക്കപ്പെട്ട രാജ്യത്തെ കേവലമൊരു തര്‍ക്കപ്രദേശത്തിന്റെ പേരില്‍ വീണ്ടുമൊരു വിഭജനത്തിലേക്ക് നയിക്കുന്നത് ലോകത്തെ ഏറ്റവും വലിയ ജനാധിപപത്യരാഷട്രത്തിന് ഭൂഷണമാകില്ല. നീതിനിഷേധിക്കപ്പെട്ടു എന്ന് ഒരുവിഭാഗത്തിനു തോന്നലുണ്ടെന്നത് ന്യായമാണ്. രാജ്യതാല്പര്യം മുന്‍നിര്‍ത്തി നിയമത്തിന്റെ പാതയില്‍ മാത്രം മുന്നോട്ടുപോകുവാന്‍ അവര്‍ തയ്യാറാകുന്നു എന്നത് അഭിനന്ദനാര്‍ഹമായ കാര്യമാണ്. എങ്കിലും ന്യായമായ വിധികള്‍ക്ക് പകരം പ്രായോഗികമായ വിധികള്‍ നീതിപീഠത്തില്‍ നിന്നും പുറത്തുവരുന്നത് എന്നത് ആരോഗ്യകരമാണോ എന്ന് ചിന്തിക്കേണ്ടതുണ്ട്. തര്‍ക്കസ്ഥലം പൊതുമുതലായി ഏറ്റെടുത്തതുകൊണ്ട് തകര്‍ന്നുപോകുന്നതാണ് രാജ്യത്തിന്റെ ക്രമസമാധാനമെന്നും കലാപമൊഴിവാക്കാന്‍വേണ്ടി പ്രായോഗികമായ വഴി സ്വീകരിച്ചു എന്നുമുള്ള വാദങ്ങള്‍ വിശ്വസനീയമല്ല. ഇത്തരം അയഞ്ഞ സമീപനങ്ങള്‍ സൃഷ്ടിക്കുന്ന കീഴ്‌വഴക്കങ്ങള്‍ അനാവശ്യ മാതൃകകളായിരിക്കുമെന്നതില്‍ തര്‍ക്കമില്ല. കുറ്റക്കാരനെന്നു കണ്ടെത്തുന്ന പക്ഷം പ്രധാനമന്ത്രിയോട് പോലും കളമൊഴിയാന്‍ ആവശ്യപ്പെടാന്‍ കരുത്തുള്ള നീതിപീഠങ്ങള്‍ സേഫ് കാര്‍ഡുകള്‍ കളത്തിലിറക്കി മാറിനില്‍ക്കുന്നത് ആശാസ്യമല്ലതന്നെ.

Friday, December 10, 2010

അച്ഛന്റെ ''സെന്റിമെന്റല്‍ ഇഡിയറ്റിന്'' ലാല്‍സലാം

ചൂടും ചൂരും ചടുലതയും മാറ്റിനിര്‍ത്തിയ പ്രണയത്തിന്റെ നനുത്ത ആലസ്യത്തിന്റെ ദൃശ്യഭാഷയായിരുന്നു മലയാളത്തിന്റെ വേണുനാഗവള്ളി. ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യേണ്ട സമയത്ത് ചെയ്യാതെ അവസരങ്ങള്‍ പാഴാക്കിക്കളയുന്ന ഒരാള്‍ എന്നതായിരുന്നു അദ്ദേഹത്തെക്കുറിച്ച് ഒരു പരിധി വരെ സ്വീകാര്യമായ വിശേഷണം. നിരാശാഭാവം നിറഞ്ഞ കാമുകവേഷങ്ങള്‍ കൊണ്ട് പ്രണയാതുരഭാവങ്ങള്‍ക്ക് മുഖപ്പകര്‍ച്ച നല്‍കിയ വേണുനാഗവള്ളി പലതും സ്വജീവിതത്തില്‍ നിന്നും കടമെടുത്തതായിരുന്നു എന്ന് തുറന്നു സമ്മതിച്ചിരുന്നു. സുഖമോ ദേവിയെ ആത്മകഥാകഥനമെന്നുവരെ വിളിക്കുകയും ഏറിയ മിടുക്കുകള്‍ ആവശ്യമായ പ്രണയമെന്ന കലയില്‍ താന്‍ അഗ്രഗണ്യനല്ല എന്നു സമ്മതിക്കുകയും ചെയ്തു. പ്രണയിനിയുടെ വികാരവിക്ഷോഭങ്ങളെ മനസിലാക്കാനോ പൊരുത്തപ്പെടാനോ തൃപ്തിപ്പെടുത്താനോ കഴിയാത്ത വിഷാദഭാവം പകര്‍ന്ന ഏറെ നായകവേഷങ്ങളില്‍ മലയാളി വേണു നാഗവള്ളിയെ കണ്ടു. എന്നാല്‍ നഷ്ടമായ യൗവനം അതേയളവില്‍ ദൈവം തിരിച്ചുതന്നാലും തനിക്ക് വേഷപ്പകര്‍ച്ചയില്ലാത്ത വേണു നാഗവള്ളിയാകാന്‍ മാത്രമേ കഴിയൂ എന്നും അദ്ദേഹം ആവര്‍ത്തിച്ചു. സ്‌നേഹപൂര്‍വ്വം അച്ഛന്‍ ഒരിക്കല്‍ തന്നെ സെന്റിമെന്റല്‍ ഇഡിയറ്റ് എന്നുവരെ വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.

അക്ഷരങ്ങള്‍ തേടി തിരഞ്ഞുപോകേണ്ടതില്ലാത്ത ഒരു ബാല്യമായിരുന്നു വേണു നാഗവള്ളിയുടേത്. പുരോഗമന കലാസാഹിത്യപ്രസ്ഥാനത്തിന്റെ ഏറ്റവും ശക്തരായ വക്താക്കളില്‍ ഒരാളായിരുന്നു അച്ഛന്‍ നാഗവള്ളി ആര്‍ എസ് കുറുപ്പ്. അച്ഛനെക്കാണാനായെത്തുന്ന വൈക്കം മുഹമ്മദ് ബഷീര്‍, കേശവദേവ്, മഹാകവി പി കുഞ്ഞിരാമന്‍ നായര്‍, ജി ശങ്കരക്കുറുപ്പ്, തിക്കോടിയന്‍, എന്‍ എന്‍ കക്കാട് എന്നുതുടങ്ങി വളരെ ചെറുപ്പത്തില്‍ തന്നെ തലപ്പൊക്കമുള്ള എഴുത്തുകാരുമായി ഇടപെട്ടതിന്റെ ഗരിമ വേണു നാഗവള്ളിയുടെ എഴുത്തിലും ചലനങ്ങളിലും കാണാം. നാട്യങ്ങളും അതിഭാവുകത്വങ്ങളുമില്ലാത്ത അക്ഷരങ്ങളെ മാത്രം ശീലിക്കുകയും മാറിയ കാലത്തിന്റെ വേഗതയ്‌ക്കൊക്കാതെയും പത്ത് വര്‍ഷങ്ങളോളം നീണ്ട മൗനത്തിലായിരുന്നു വേണുനാഗവള്ളി. കഴിഞ്ഞ വര്‍ഷം ഭാര്യ സ്വന്തം സുഹൃത്ത് എന്ന ചിത്രം ഏറിയ ശ്രദ്ധ നേടിയില്ലെങ്കിലും സംവിധായകന്‍ എന്ന നിലയില്‍ താന്‍ സംതൃപ്തനായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. മലയാളിയുടെ മാറുന്ന ശീലങ്ങളിലേക്ക് മാറിനിന്നുള്ള നോക്കിക്കാഴ്ചകളുമായി ഇനിയുമേറെ കഥകള്‍ പറയാന്‍ വെമ്പിനില്‍ക്കുകയായിരുന്നു വേണു നാഗവള്ളി.

ഒരുപാട് പരിമിതികള്‍ക്കുള്ളിലായിരുന്നു വേണു നാഗവള്ളിയുടെ സംവിധായകജീവിതം. സംവിധായകന്‍ നല്ല കഥറച്ചിലുകാരന്‍ ആയിരിക്കണമെന്ന പപ്പേട്ടന്‍ തിയറിയായിരുന്നു ടെക്‌നോളജിയെ അമിതമായി ആശ്രയിക്കാന്‍ ഇഷ്ടപ്പെടാതിരുന്ന അദ്ദേഹത്തിനു പ്രിയം. ഷാജി കൈലാസ് മോഡല്‍ ചിത്രങ്ങളെ ആശ്ചര്യത്തോടെ നോക്കിക്കാണാനല്ലാതെ അതില്‍ ഭാഗഭാക്കാനുള്ള വേഗത സ്വായത്തമാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. അതുകൊണ്ട് തന്നെയാകണം പതിറ്റാണ്ട് നീണ്ട മൗനത്തിനിപ്പുറവും പച്ചയായ ചിത്രങ്ങളിലേക്ക് മാത്രം അദ്ദേഹം ആകര്‍ഷിക്കപ്പെടുന്നതും. മരണത്തിന്റെ സൗന്ദര്യത്തെ ചിത്രികരിച്ചുമതിയാകാത്ത ഒരു മനസുണ്ടായിരുന്നു അദ്ദേഹത്തിന്. തൈക്കാട് താമസസ്ഥലത്തിനടുത്തുകൂടെ ശ്മശാനത്തിലേക്ക് കൊണ്ടുപോകുന്ന ശവങ്ങളെക്കുറിച്ച് അദ്ദേഹം വാതോരാതെ പറഞ്ഞിട്ടുണ്ട്. ശവങ്ങളുടെ മുടി കത്തിയെരിയുന്ന മണം കേട്ടാല്‍ മാത്രം ശാന്തമാകുന്ന മനസ്സുമായി ശവവെളിച്ചം എന്നൊരു ചെറുകഥയും അദ്ദേഹത്തിന്റോതായുണ്ട്. പ്രണയവും മരണവും നിത്യസത്യമെന്നു തിരിച്ചറിഞ്ഞ പ്രിയ കഥാകാരനു ഏറെക്കാലം അടുത്തുനിന്നു നോക്കിക്കണ്ട തൈക്കാട് ശ്മശാനം ഒടുവില്‍ അന്ത്യവിശ്രമത്തിന് ഇടമൊരുക്കുകയാണ്.

നിരാശാ കാമുകന്റെ വേദനയ്ക്കപ്പുറത്ത് വിപ്ലവത്തിന്റെ കഥകള്‍ പാടിയ കത്തുന്ന ഒരെഴുത്തുകാരനെയും അദ്ദേഹം ഉള്ളില്‍ കൊണ്ടുനടന്നു. ലാല്‍സലാം, രക്തസാക്ഷികള്‍ സിന്ദാബാദ് എന്നീ ചിത്രങ്ങള്‍ വേണുനാഗവള്ളിയുടെ സംവിധായകവേഷത്തിന് പുതിയ ഭാവങ്ങള്‍ പകര്‍ന്നു. നാടകകൃത്തും, തിരക്കഥാകൃത്തും, സംവിധായകനും ആകാശവാണി ആര്‍ട്ടിസ്റ്റുമായിരുന്ന നാഗവള്ളി ആര്‍. എസ് കുറുപ്പിന്റെയും രാജമ്മയുടെയും മകനായി 1949 ഏപ്രില്‍ 16നാണ് വേണുനാഗവളളി ജനിക്കുന്നത്. തിരുവനന്തുരത്തെ മോഡല്‍ സ്‌കൂള്‍, എം ജി കോളേജ്, ആര്‍ട്‌സ് കോളേജ്, മാര്‍ ഇവാനിയോസ്, യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ആകാശവാണിയില്‍ പ്രോഗ്രാം അനൗണ്‍സറായി തൊഴില്‍ജീവിതം. കെ.ജി. ജോര്‍ജിന്റെ ഉള്‍ക്കടല്‍ എന്ന ചിത്രത്തിലൂടെയാണ് വേണു നാഗവള്ളി മലയാള സിനിമയില്‍ സ്വന്തമായൊരിടം കണ്ടെത്തുന്നത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ ആ അഭിനയമികവ് കേരളം കണ്ടു. ശാലിനി എന്റെ കൂട്ടുകാരി, യവനിക, ലേഖയുടെ മരണം ഒരു ഫ്‌ളാഷ്ബാക്ക്, ചില്ല്, ആദാമിന്റെ വാരിയെല്ല്, ആരാന്റെ മുല്ല കൊച്ചുമുല്ല, വാര്‍ത്ത, ദേവദാസ്, മിന്നാരം, ഹരികൃഷ്ണന്‍സ്, കാഴ്ച, ഫോട്ടോഗ്രാഫര്‍, രൗദ്രം, പതാക, ഭാഗ്യദേവത, തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. സൂപ്പര്‍ ഹിറ്റുകളായ സര്‍വകലാശാല, ഏയ് ഓട്ടോ, കിലുക്കം എന്നിവയുടെ തിരക്കഥയും സര്‍വകലാശാല, ലാല്‍സലാം, രക്തസാക്ഷികള്‍ സിന്ദാബാദ്, അഗ്‌നിദേവന്‍, ആയിരപ്പറ തുടങ്ങിയവയുടെ സംവിധാനവും. മീര ഭാര്യയും എല്‍.എല്‍.എം വിദ്യാര്‍ത്ഥിയായ വിവേക് ഏകമകനുമാണ്.