Monday, November 14, 2011

വെടിക്കെട്ടുകാര്‍ ഉടുക്കുകൊട്ടുന്നു; മുംബൈയ്ക്ക് വെറുതെ ഒരു കപ്പ്


ടൂര്‍ണമെന്റ് തുടങ്ങുന്നതിനുമുമ്പ് തന്നെ പകുതിയോളം കളിക്കാര്‍ പരിക്കേറ്റ് പിന്മാറിയ ഒരു ടീം. കളിക്കാന്‍ ആളെ തികയാതെ വന്നപ്പോള്‍ അഞ്ച് വിദേശികളെ ഒന്നിച്ച് കളത്തിലിറക്കാന്‍ ഐ.സി.സിയില്‍നിന്നും അനുമതി സമ്പാദിച്ച് വിവാദത്തിലായ ടീം. ഇത്തവണത്തെ ട്വന്റി-20 ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കിയ മുംബൈ ഇന്ത്യന്‍സിനെക്കുറിച്ച് ഇനിയും വിശേഷണങ്ങളേറെ. ക്രിക്കറ്റിന്റെ ചക്രവര്‍ത്തിയും തങ്ങളുടെ ക്യാപ്റ്റനുമായ സച്ചിന്‍ തെണ്ടുല്‍ക്കറില്ലാതെ ചാമ്പ്യന്‍സ് ലീഗ് മുഴുവന്‍ കളിക്കേണ്ടിവരുമെന്ന് മുംബൈയുടെ ക്രിക്കറ്റ് ലോകം നിനച്ചതേയില്ല. എന്നാല്‍ ഇംഗ്ലണ്ട് പര്യടനത്തിനിടെയേറ്റ പരിക്ക് സച്ചിന്റെ ചാമ്പ്യന്‍സ് ലീഗ് മോഹങ്ങളെ അമ്പേ തകര്‍ത്തുകളഞ്ഞു. സച്ചിന്‍ മാത്രമല്ല, പ്രതിഭാശാലിയായ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരായ രോഹിത് ശര്‍മ, തിരുമലശെട്ടി സുമന്‍, ഫാസ്റ്റ് ബൗളര്‍മാരായ മുനാഫ് പട്ടേല്‍, ധവാല്‍ കുല്‍ക്കര്‍ണി എന്നീ മുന്‍നിര കളിക്കാരുമില്ലാതെയാണ് മുംബൈ ഈ ചാമ്പ്യന്‍സ് ലീഗ് കളിക്കാനിറങ്ങിയതും കിരീടവുമായി തിരിച്ചുകയറിയതും.

ചാമ്പ്യന്‍സ് ലീഗിന്റെ ആദ്യദിവസങ്ങളില്‍ത്തന്നെ വിക്കറ്റ് കീപ്പറും ഓപ്പണിംഗിലെ മിന്നല്‍പ്പിണരുമായ ഡേവി ജേക്കബ്‌സ് പരിക്കേറ്റ് പിന്മാറി. പരിക്കിന്റ പേരില്‍ ടീമില്‍നിന്നും പുറത്തുപോയ സൂര്യകുമാര്‍ യാദവ് തൊട്ടടുത്ത ദിവസം മഹാരാഷ്ട്രയിലെ പ്രാദേശിക ടീമിനുവേണ്ടി 182 റണ്‍സടിച്ച് മുംബൈ ഇന്ത്യന്‍സിന്റെ അവശേഷിച്ച ക്രഡിബിലിറ്റിയിലേക്കും ചോദ്യചിഹ്നമുയര്‍ത്തി. സംഭവം വിവാദമായതോടെ യാദവ് ടീമിലെത്തുകയും ഫോമൗട്ടായി കാലംകഴിച്ചുവന്ന ആന്‍ഡ്രൂ സൈമണ്ട്‌സ് ആദ്യ ഇലവനില്‍ നിന്നു പുറത്തുപോവുകയും ചെയ്തു. ഇതെല്ലാം കളിക്കളത്തിനുപുറത്തെ കളികള്‍. കളിക്കളത്തില്‍ പക്ഷേ ഭാഗ്യം മുംബൈയോട് സഖ്യം പ്രഖ്യാപിച്ചിരിക്കുകയായിരുന്നു. തീരെ നിനച്ചിരിക്കാതെ അവര്‍ക്ക് ഓരോ രക്ഷകരെ വീണുകിട്ടി. അവര്‍ക്കെതിരെ കളിച്ചവര്‍ അവസാനപന്തുവരെ പൊരുതിയ ശേഷം വിജയം മാത്രം കൈവിട്ട് തിരിച്ചുകയറി. ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ ഒരുനീണ്ട പരമ്പര കളിച്ചശേഷമാണ് മുംബൈ ഇന്ത്യന്‍സ് എന്ന വിലകൂടിയ ഐ.പി.എല്‍. ക്രിക്കറ്റ് ടീം നടാടെ ഒരു കിരീടത്തില്‍ മുത്തമിടുന്നത്.

ചെന്നൈയ്‌ക്കെതിരെ കളിമറന്ന മുന്‍നിര പൊടുന്നനെ കൂടാരം കയറിയപ്പോള്‍ ബാറ്റിംഗില്‍ രക്ഷകവേഷം കെട്ടിയത് ലങ്കന്‍ ഫാസ്റ്റ് ബൗളര്‍ ലസിത് മലിംഗയാണ്. ബൗളിംഗിലെ മികവ് ബാറ്റിംഗിലേക്കും മലിംഗ സന്നിവേശിപ്പിച്ചപ്പോള്‍ മുംബൈയ്ക്ക് ജയം തലനാരിഴയ്ക്ക് സ്വന്തം. ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയ്‌ക്കെതിരെ കേവലം 98 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ മുംബൈ ഇന്ത്യന്‍സ് ഏകദേശം കളി തോറ്റതാണ്. 19.5 ഓവറിലും മരിച്ചെറിയുകയും പറന്നുപിടിക്കുകയും ചെയ്ത ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ അവസാനപന്തില്‍ കളിമറന്നപ്പോള്‍ മുംബൈയ്ക്ക് ലഭിച്ചത് വിലപ്പെട്ട രണ്ട് പോയന്റ്. ന്യൂ സൗത്ത് വെയ്ല്‍സിനെതിരെ തോറ്റമ്പിയെങ്കിലും കോബ്രാസിനെതിരെ മഴ വിലക്കിയ കളിയില്‍നിന്നും കിട്ടിയ ഒരു പോയന്റും ചേര്‍ത്ത് ഗ്രൂപ്പില്‍ രണ്ടാമതായി മുംബൈ സെമിയിലെത്തി. സെമിയില്‍ പരമ്പരാഗത ശൈലിയില്‍ കളിക്കുന്ന സോമര്‍സെറ്റിനെ കാര്യമായ പരിശ്രമം കൂടാതെ മറികടന്ന് കലാക്കളിക്ക് യോഗ്യത നേടി. ഫൈനലില്‍ ക്രിസ് ഗെയ്‌ലിന്റെയും വിരാട് കോലിയുടെയും തിലകരത്‌നെ ദില്‍ഷന്റെയും മിന്നുന്ന ഫോമിനെ 139 ല്‍പ്പോലുമെത്താനാകാതെ തളച്ച് സ്വപ്നക്കിരീടവുമായി മുംബൈ ചെന്നൈ വിട്ടു.

അമ്പരപ്പിക്കുന്ന നേട്ടത്തിന്റെ കഥയാണ് മുംബൈ ഇന്ത്യന്‍സിനു പറയാനുള്ളതെങ്കില്‍ ഇന്ത്യയുടെ ദേശീയ താരങ്ങളെ ചാമ്പ്യന്‍സ് ട്രോഫി കളിയാക്കി വിട്ടു. ക്ലബ്ബിനുവേണ്ടി രാജ്യത്തെ മറന്നവര്‍ ക്ലബ്ബിനുവേണ്ടിപ്പോലും ആശിച്ച വേഷം കെട്ടാനാകാതെ ഉഴറുകയാണ്. വിരാട് കോലിയുടെ എണ്ണം പറഞ്ഞ രണ്ടിംന്നിംഗ്‌സുകളും ഫൈനലില്‍ ഹര്‍ഭജന്‍ കറക്കിയെറിഞ്ഞ മൂന്ന് വിക്കറ്റുകളും കഴിഞ്ഞാല്‍ കഴിഞ്ഞു ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ വീരഗാഥ. ഗൗതം ഗംഭീര്‍, സുരേഷ് റെയ്‌ന, യൂസഫ് പത്താന്‍, സൗരഭ് തിവാരി, അമ്പാട്ടി രായുഡു, മനോജ് തിവാരി, മുരളി വിജയ് എന്നുതുടങ്ങി പരിചയസമ്പന്നരും യുവത്വം കത്തിക്കാളിയവരുമടക്കം എല്ലാവരും റണ്‍ വരള്‍ച്ചയ്‌ക്കൊടുവില്‍ നിശബ്ദരായി. ഇന്ത്യന്‍ ക്യാപ്ടനും ചൈന്നൈ കിംഗ്‌സിന്റെ അമരക്കാരനുമായ എം.എസ്. ധോണിയായിരുന്നു ഈ ചാമ്പ്യന്‍സ് ട്രോഫിയിലെ ഏറ്റവും വലിയ ദുരന്തം. ക്രിസ് ഗെയ്‌ലും ഡേവിഡ് വാര്‍ണറും കീസ്‌വെറ്ററും ഡാനിയല്‍ ഹാരിസുമെല്ലാം നിറഞ്ഞാടിയ ഒരു ടൂര്‍ണമെന്റിലായിരുന്നു ഇന്ത്യയുടെ പേരുകേട്ട വെടിക്കെട്ടുവീരന്മാര്‍ ഉടുക്കുകൊട്ടിക്കളിച്ചത്. ബാറ്റിംഗില്‍ മാത്രമല്ല, ബൗളിംഗിലുമില്ല പേരെടുത്തുപറയാന്‍ മാത്രമുള്ള പെരുമ. ടെസ്റ്റും ഏകദനിവും ട്വന്റി 20 ക്രിക്കറ്റിനായി ബലികഴിച്ചുകൊണ്ടിരിക്കുന്ന ഐ.പി.എല്‍ ടീമുകളുടെ പൊട്ടിത്തെറിബാറ്റ്‌സ്മാന്‍മാര്‍ കുട്ടിക്രിക്കറ്റിലും ബാധ്യതയാകുന്ന കാലത്തെങ്കിലും നല്ല ക്രിക്കറ്റിനിവിടെ ഇടമുണ്ടാകുമെന്ന് കരുതുകയേ ആശാവഹമായതുള്ളൂ.

ഒരേയൊരു ദ്രാവിഡ്


അത്ഭുതങ്ങള്‍ ഒന്നുമില്ലാത്ത ഒരു ടിപ്പിക്കല്‍ ദ്രവീഡിയന്‍ ഇന്നിംഗ്‌സ്. കാര്‍ഡിഫില്‍ ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിനത്തിലെ രാഹുല്‍ ദ്രാവിഡിന്റെ കളിയെ അങ്ങനെ വിളിക്കാനേ കഴിയൂ. പതിനഞ്ചുവര്‍ഷം ദ്രാവിഡ് കളിച്ച കളിയുടെ ഒന്നാന്തരം ഫോട്ടോകോപ്പിയായിരുന്നു അവസാന ഇന്നിംഗ്‌സിലെ 79 പന്തില്‍ നിന്നും 69 റണ്‍സ്. ആരെയും നിരാശപ്പെടുത്തിയില്ല, അത്ഭുതപ്പെടുത്തിയുമില്ല. നേരിടുന്ന ആദ്യപന്തുമുതല്‍ ഒന്നിനോട് മുട്ടിച്ച് ഒന്നെന്ന രീതിയില്‍ ഒരു കല്‍പ്പണിക്കാരന്റെ ശ്രദ്ധയോടെ മഹാസൗധങ്ങള്‍ പടുത്തുയര്‍ത്തുന്ന കഠിനാധ്വാനം ആ റണ്‍സുകളില്‍ കാണാം. വന്നു, നിലയുറപ്പിച്ചു, കളിച്ചു, അപ്പുറത്തുള്ളവനെ കളിപ്പിച്ചു, ഒടുവില്‍ വമ്പനടിയുടെ സമയം വന്നപ്പോ ഔട്ടായി കളമൊഴിഞ്ഞു. മികച്ച തുടക്കം നല്‍കാനാവാതെ പതറിയ ഓപ്പണര്‍ അജിന്‍ക്യ രഹാനെ പുറത്തായതോടെ പതിമൂന്നാം ഓവറിലാണ് രാഹുല്‍ ക്രീസിലെത്തുന്നത്. ആദ്യ പന്തില്‍ വിശ്വവിഖ്യാതമായ ആ ഹാഫ് ഫോര്‍വേര്‍ഡ് ക്ലീന്‍ ഡിഫന്‍സ്. പിന്നെ ഒന്നും രണ്ടും ഓടിയെടുത്ത് നിലയുറപ്പിച്ചു.

ഇടയ്ക്ക് ധന്‍ബാക്കിനെതിരെ ഒരു ബാക്ക് ഫുട്ട് ഡ്രൈവ് കവര്‍ ബൗണ്ടറി കടന്നതോടെ ആശ്വാസമായി, ദ്രാവിഡ് നിലയുറപ്പിക്കുന്നു. എണ്ണം പറഞ്ഞ ഒരു സ്‌ക്വയര്‍ കട്ട് ബൗണ്ടറി കൂടി. ബാക്കിയെല്ലാം പതിവുതിരക്കഥ. പാര്‍ത്ഥിവ് പട്ടേലിന് പകരം വന്ന വിരാട് കോഹ്‌ലി ഫോം കണ്ടെത്തിത്തുടങ്ങിയതോടെ ദ്രാവിഡ് സ്‌ട്രൈക്ക് കൈമാറുന്നതിലേക്കൊതുങ്ങിനിന്നു. 62 പന്തില്‍ അര്‍ദ്ധസെഞ്ചുറി. അപ്പോഴും ഉണ്ടായിരുന്നു, റെയ്‌നയും ധോണിയും ബാക്കിയിരിക്കുമ്പോള്‍ ദ്രാവിഡ് അവസാന ഓവറുകളില്‍ പഴികേള്‍ക്കുമോ എന്ന ഒരിത്തിരി പേടി. ചന്തം ചാര്‍ത്തിയ ചില ഷോട്ടുകള്‍ക്കൊടുവില്‍ ദ്രാവിഡിന്റെ കടുംവെട്ട് കാണാന്‍ തീരെ മനസ്സുണ്ടായിരുന്നില്ല. അതുകൊണ്ടാവാം, ഗ്രേയിം സ്വാനിനെതിരെ കൂറ്റന്‍ ഷോട്ടിന് ശ്രമിച്ച് പുറത്തായപ്പോള്‍ വേദന തോന്നാതിരുന്നത്. വിരമിക്കല്‍ ഇന്നിംഗ്‌സിലെ ഒന്നോ രണ്ടോ ഷോട്ടുകളല്ല, ഒരിന്നിംഗ്‌സിലൊന്നാകെ തന്റെ കൈയ്യൊപ്പു ചാര്‍ത്തിയാണ് ദ്രാവിഡ് അവസാനമത്സരം കളിച്ച് പടികയറിയത്. ആരെയും അത്ഭുതപ്പെടുത്താതെ. ആരെയും നിരാശനാക്കാതെ.

ഏകദിനത്തിനു കൊള്ളാത്തവന്‍ എന്ന വിളിപ്പേരുമായി അതേ ഫോര്‍മാറ്റില്‍ 10000 റണ്‍സിലധികം അടിച്ചുകൂട്ടിയാണ് രാഹുല്‍ ശരത് ദ്രാവിഡ് എന്ന ഇന്ത്യയുടെ വിശ്വസ്തനായ ബാറ്റ്‌സ്മാന്‍ ഏകദിന ക്രിക്കറ്റില്‍ നിന്നും പാഡഴിക്കുന്നത്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച മൂന്നാം നമ്പര്‍ ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായ ദ്രാവിഡിന്റെ അവസാന ഏകദിന മത്സരം കാര്‍ഡിഫില്‍ പൂര്‍ത്തിയായി. കഴിഞ്ഞ മൂന്നു വര്‍ഷമായി ഇന്ത്യന്‍ ഏകദിന ടീമിലില്ലാതിരുന്ന ദ്രാവിഡ് തന്റെ അവസാന പരമ്പരയ്ക്കാണ് തിരിച്ചുവിളിക്കപ്പെട്ടത്. ടെസ്റ്റ് പരമ്പരയില്‍ മിന്നുന്ന ഫോമിലായിരുന്നെങ്കിലും ദ്രാവിഡിന് പക്ഷേ ഏകദിനപരമ്പരയിലെ ആദ്യ നാലു മത്സരങ്ങളില്‍നിന്ന് കേവലം 55 റണ്‍സുമാത്രമായിരുന്നു നേടാനായത്.

1973 ജനുവരി 11ന് മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് ജനിച്ചതെങ്കിലും കളിമികവുകൊണ്ട് കര്‍ണാടകത്തിന് ഏറെ പ്രിയപ്പെട്ടവനാണ് മിതഭാഷിയും കഠിനാധ്വാനിയുമായ ഈ മുന്‍ ദേശീയ ടീം ക്യാപ്റ്റന്‍. 343 ഏകദിനങ്ങള്‍ കളിച്ച ദ്രാവിഡ് 39.06 ശരാശരിയില്‍ 10,820 റണ്‍സ് സമ്പാദിച്ചിട്ടുണ്ട്. 12 സെഞ്ചുറികളും 82 അര്‍ധസെഞ്ചുറികളും നേടി. ഉയര്‍ന്ന സ്‌കോര്‍ 153. ഏകദിനത്തില്‍ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടിന്റെ റെക്കോര്‍ഡ് സച്ചിനും ദ്രാവിഡും ചേര്‍ന്നെടുത്ത 331 റണ്‍സാണ്. ന്യൂസിലന്‍ഡിനെതിരെയായിരുന്നു ഈ നേട്ടം. ഏകദിനനേട്ടം ഇങ്ങനെ: മത്സരങ്ങള്‍ 344. ഇന്നിംഗ്‌സ് 318. നോട്ടൗട്ട് 40. റണ്‍സ് 10889. സെഞ്ച്വറി 12. അര്‍ധസെഞ്ച്വറി 83. ക്യാച്ചുകള്‍ 196, ഉയര്‍ന്ന സ്‌കോര്‍ 153. ശരാശരി 39.16. സ്‌െ്രെടക്ക് റേറ്റ് 71.24.

തോറ്റു തോറ്റു മതിയായി ടീം ഇന്ത്യ
അവസാന ഏകദിനമത്സരത്തില്‍ അര്‍ദ്ധസെഞ്ചുറി കണ്ടെത്തിയ രാഹുല്‍ ദ്രാവിഡിന്റെയും സെഞ്ചുറി നേടിയ വിരാട് കോഹ്‌ലിയുടെയും മികവില്‍ വിജയ പ്രതീക്ഷയുണര്‍ത്തിയെങ്കിലും പതിവുപോലെ ബൗളിംഗില്‍ അമ്പേ നിരാശപ്പെടുത്തിയ ടീം ഇന്ത്യ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ഏകദിനത്തിലും തോറ്റു. നാലുടെസ്റ്റുകളും ഒരു ട്വന്റി-20യും അഞ്ച് ഏകദിനമത്സരങ്ങളും കളിച്ചിട്ടും ഒരു കളി പോലും ജയിക്കാതെയാണ് ടീം ഇന്ത്യ ഇംഗ്ലണ്ട് പര്യടനം അവസാനിപ്പിച്ച് മടങ്ങുന്നത്. ടോസ് നേടിയ ഇംഗ്ലണ്ട് ഇന്നലെയും ഇന്ത്യയെ ബാറ്റിംഗിനയച്ചു. സ്‌കോര്‍ ഉയര്‍ത്തുന്നതില്‍ ഓപ്പണര്‍മാര്‍ പരാജയപ്പെട്ടെങ്കിലും വിരാട് കോഹ്‌ലി- രാഹുല്‍ ദ്രാവിഡ് സഖ്യം ഇന്ത്യയ്ക്ക് മുതല്‍ക്കൂട്ടായി. അവസാന ഓവറുകളില്‍ സിക്‌സറുകളും ബൗണ്ടറികളും പറത്തി ക്യാപ്റ്റന്‍ ധോണി 26 പന്തില്‍ നേടിയ 50 റണ്‍സാണ് ഇന്ത്യയെ 300 കടത്തിയത്.

മഴ കളി തടസപ്പെടുത്തിയതോടെ 34 ഓവറില്‍ 241 റണ്‍സായി പുനര്‍നിശ്ചയിച്ച വിജയലക്ഷ്യം ഇംഗ്ലണ്ട് അനായാസം അടിച്ചെടുത്തു. 32.2 ഓവറില്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ ആതിഥേയര്‍ ലക്ഷ്യത്തിലെത്തി. അലസ്റ്റര്‍ കുക്ക് (50), ജൊനാഥന്‍ ട്രോട്ട് (63) എന്നിവരാണ് ഇംഗ്ലണ്ടിന് മികച്ച അടിത്തറയിട്ടത്. 22 പന്തില്‍ നിന്നു 37 റണ്‍സെടുത്ത ബൊപ്പാരയും 21 പന്തില്‍ നിന്നു 41 റണ്‍സെടുത്ത ബിര്‍‌സ്റ്റോയും ക്ഷണത്തില്‍ സ്‌കോര്‍ ചെയ്ത് വിജയവും ഉറപ്പിച്ചു. ബിര്‍‌സ്റ്റോയാണ് മാന്‍ ഓഫ് ദ മാച്ച്. ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ്. ധോണി മാന്‍ ഓഫ് ദ സീരിസ് ആയി തെരഞ്ഞെടുക്കപ്പെട്ടു.

Monday, August 1, 2011

മാന്യന്മാരുടെ കളിയും അതിര്‍ത്തിവരകളും

ഒരൊറ്റ നോബോള്‍ കൊണ്ട് രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ തകരാറിലായേക്കുമെന്നാണ് കഴിഞ്ഞ വാരത്തെ ചാനല്‍ചര്‍ച്ചകള്‍ കണ്ടപ്പോള്‍ തോന്നിയത്. ഇന്ത്യയുടെ വീരേന്ദര്‍സേവാഗ് 99 ലും ഇരുടീമുകളുടെയും സ്‌കോര്‍ തുല്യതയിലും നില്‍ക്കേ ബോധപൂര്‍വ്വം നോബോള്‍ എറിഞ്ഞ് സേവാഗിന് സെഞ്ചുറി നിഷേധിച്ചു എന്നതാണ് ലങ്കയുടെ സുരാജ് രണ്‍ദീവിനെതിരായ ചാര്‍ജ്ജ്. കുറ്റം സമ്മതിച്ച രണ്‍ദീവിന് ഒരു മത്സരത്തില്‍നിന്നും വിലക്കും
അയാളെ അതിന് പ്രേരിപ്പിച്ച തിലകരത്‌നെ ദില്‍ഷന് മാച്ച് ഫീസിന്റെ പകുതി പിഴയും കിട്ടി. 1978 ല്‍ പാകിസ്ഥാനെതിരെ ഒരു വമ്പന്‍ നോബോളുമായി അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് കടന്നുവന്ന കപില്‍ ദേവ് നിഖഞ്ജ് എന്ന ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍ക്ക് ശേഷം ക്രിക്കറ്റ് പഠനത്തിനുള്ള മറ്റൊരു വാചകമാകുന്നു സുരാജ് രണ്‍ദീവ്. കളിനിയമങ്ങളോ വ്യാകരണങ്ങളോ അനുവദിക്കുന്നതിന് അപ്പുറത്തേക്ക് ഒന്നും തന്നെ സുരാജ് രണ്‍ദീവ് എന്ന പുതുമുഖ ബൗളര്‍ ചെയ്തതായി അറിവില്ല. എന്നാല്‍ സ്‌പോര്‍ട്‌സ്മാന്‍ഷിപ്പ് എന്ന സങ്കല്‍പത്തില്‍ കടിച്ചുതൂങ്ങി കിടക്കുന്ന ചില പാരമ്പര്യവാദികള്‍ ക്രിക്കറ്റിലുണ്ടെന്നത് പറയാതെ വയ്യ. അവര്‍ പറയുന്നത് സേവാഗിനെ സെഞ്ചുറി തികയ്ക്കാന്‍ അനുവദിക്കേണ്ടിയരുന്നു എന്നാണ്. പക്ഷേ സംഭവം കളിക്ക് ശേഷം സേവാഗ് പറഞ്ഞതാണ്. കളിയാണ്, ഇതൊക്കെ സ്വാഭാവികം മാത്രം.
ക്രിക്കറ്റ് മാന്യന്മാരുടെ കളിയാണെന്ന പരസ്യവാചകം കേരളത്തെ ദൈവത്തിന്റെ നാടെന്ന് വിളിക്കും പോലെ ഒരഭ്യാസം മാത്രമാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ കണ്ണുമടച്ച് തള്ളിക്കളയാന്‍ കഴിയില്ല. ചുരുങ്ങിയ പക്ഷം മുന്‍ ന്യൂസിലന്‍ഡ് കീവീസ് പത്താം നമ്പര്‍ ബാറ്റ്‌സ്മാന്‍ ബ്രയാന്‍ മക്കന്‍സി, ബോഡി ലൈന്‍ സീരിസില്‍ പരിക്കറ്റ ഓസ്‌ട്രേലിയന്‍-ഇംഗ്ലണ്ട് കളിക്കാര്‍, മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്മാരായ സൗരവ് ഗാംഗുലി, ശ്രീലങ്കയുടെ മുത്തയ്യ മുരളീധരന്‍ തുടങ്ങിയ ചിലര്‍ക്കങ്കിലും മേല്‍പറഞ്ഞ അഭിപ്രായമുണ്ടായാല്‍ അത് അംഗീകരിച്ചേ മതിയാകൂ.
ന്യൂസിലന്‍ഡിന് തങ്ങളുടെ സ്‌കോറിനൊപ്പമെത്താന്‍ ഒരു പന്തില്‍ ആറ് റണ്‍സ് വേണമെന്ന നിലയിലാണ് ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനായിരുന്ന ഗ്രെഗ് ചാപ്പല്‍ തന്റെ സഹോദരനായ ട്രെവര്‍ ചാപ്പലിനെക്കൊണ്ട് പത്താം നമ്പര്‍ കീവി ബാറ്റ്‌സ്മാനായ ബ്രയാന്‍ മക്കന്‍സിയുടെയും ക്രിക്കറ്റിന്റെ മാന്യതയുടെയും നേര്‍ക്ക് അണ്ടര്‍ ആം ബോള്‍ എറിയിച്ചത്. ''നോ ഗ്രെയ്ഗ്, യൂ കാണ്ട് ഡൂ ദാറ്റ്'' എന്ന് ഗ്രെയ്ഗിന്റെയും ട്രെവറിന്റെയും മൂത്ത സഹോദരനായ ഇയാന്‍ ചാപ്പല്‍ കമന്ററി ബോക്‌സിലിരുന്ന് അലറിവിളിക്കുന്നുണ്ടായിരുന്നു. പത്താം നമ്പര്‍ ബാറ്റ്‌സ്മാനുനേരെ പോലും സിക്‌സര്‍ പ്രതിരോധിക്കാന്‍ ധൈര്യമില്ലാത്തവരെന്നായിരുന്നു ഓസീസ് ടീമിനുകിട്ടിയ വിശേഷണം.
നിലത്തുനിന്നും പന്ത് വാരിയെടുത്ത് ക്യാച്ചെടുത്ത മൈക്കല്‍ ക്ലാര്‍ക്കിനെ പിന്തുണയ്ക്കുക മാത്രമല്ല, സംഭവം ശരിയാണോ എന്ന് അന്വേഷിച്ച അംപയര്‍ക്കു നേരെ ഔട്ട് എന്ന അര്‍ത്ഥത്തില്‍ വിരലുയര്‍ത്തിനില്‍ക്കുന്ന ഓസീ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗും കളിമാന്യതയുടെ മുഖമല്ല. 2008 ലെ വിവാദ സിഡ്‌നിടെസ്റ്റില്‍ നാലുതവണയാണ് ഓസീസ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് അംപയര്‍മാര്‍ ജീവന്‍ നല്‍കി കളി രക്ഷിച്ചെടുത്തത്. മത്സരശേഷം ഒരു ടീം മാത്രമേ സ്പിരിറ്റോടെ കളിച്ചുള്ളൂ എന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ അനില്‍കുംബ്ലെയുടെ വാക്കുകളോട് പ്രതികരിക്കാന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയയ്ക്ക് മുഖമുയര്‍ത്താന്‍ കഴിഞ്ഞില്ല.
ഇംഗ്ലണ്ടിനും ഓസ്‌ട്രേലിയയ്ക്കുമെതിരെ കളിക്കുമ്പോള്‍ മാനസികമായി പീഡിപ്പിക്കപ്പെടുന്നു എന്ന് ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ ക്രിസ് കെയ്ന്‍സ് അടക്കം പലരും പരാതി പറഞ്ഞിട്ടുണ്ട്. ഓസ്‌ട്രേലിയ ജയിക്കാന്‍ വേണ്ടി കാത്തിരിക്കുന്ന കാണികള്‍ക്കുവേണ്ടി തങ്ങള്‍ക്ക് അത് ചെയ്‌തേ മതിയാകൂ എന്നായിരുന്നു പ്രോഫഷണല്‍ ഓസ്‌ട്രേലിയയുടെ മികച്ച ക്രിക്കറ്റ് ക്യാപ്റ്റന്മാരിലൊരാളായ സ്റ്റിവ് വോ ഇത്തരം വിഷയങ്ങളോട് പ്രതികരിച്ചത്. ഓസ്‌ട്രേലിയ മാത്രമല്ല, പന്ത് ചുരണ്ടിയും കടിച്ചും പാകിസ്ഥാനടക്കമുള്ള രാജ്യങ്ങള്‍ വിവാദങ്ങളില്‍ പേരുചേര്‍ത്തിട്ടുണ്ട്. കോഴവിവാദത്തില്‍ ഉള്‍പ്പെട്ട കളിക്കാരും ഐ പി എല്‍ സൂത്രധാരനായ ലളിത് മോഡിമാരും പറയുന്നതും ക്രിക്കറ്റ് അത്രയ്‌ക്കൊന്നും മാന്യന്മാരുടെ കളിയല്ല എന്നതുതന്നെയാണ്.

ബിയോണ്‍ഡ് ദ റോപ്: ഏതാനും മാസങ്ങള്‍ക്ക് മുമ്പ് സച്ചിന് സെഞ്ചുറി തികയ്ക്കാനും ഇന്ത്യയ്ക്ക് ജയിക്കാനും നാലുറണ്‍സ് എന്ന അവസ്ഥയില്‍ മുംബൈ ഇന്ത്യന്‍സിലെ സഹതാരം ലസിംത് മലിംഗ എറിഞ്ഞ വൈഡ് ബോള്‍ ബൗണ്ടറിയിലേക്ക് പായുന്നു. ഇന്ന് സെവാഗിന്റെ സെഞ്ചുറിനഷ്ടത്തിനു കാരണം ഐ പി എല്‍ ടീം മേറ്റ് തിലകരത്‌നെ ദില്‍ഷന്‍. ഇനി പറയൂ സര്‍, ആര്‍ക്കാണ് ഐ പി എല്‍ രാജ്യത്തിനുമുകളിലാണെന്ന പരാതി?

Tuesday, April 5, 2011

കുംബ്ളെ: കളിയിടങ്ങളിലെ കാവലാള്‍

പൊട്ടിയ താടിയെല്ലില്‍ വരിഞ്ഞുകെട്ടിയ ബാന്‍ഡേജുമായി വര്‍ഷങ്ങക്കുമുമ്പ് ആന്‍ഡിഗ്വയില്‍ ബ്രയാന്‍ ലാറയ്ക്കെതിരെ പന്തെറിഞ്ഞ കുംബ്ളെയെ അതിശയത്തോടെയാണ് ക്രിക്കറ്റ് ലോകം കണ്ടത്. ഇന്ന് ഇടംകൈയില്‍ 13 കുത്തിക്കെട്ടുകളുമായി കംഗാരുക്കള്‍ക്കെതിരെ പന്തെറിയുകയും വിരമിക്കല്‍ പ്രഖ്യാപനം നടത്തുകയും ചെയ്ത കുംബ്ളെയെ അതിലേറെ ആശ്ചര്യത്തോടെയാണ് ലോകം കാണുന്നത്.

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച മാച്ച് വിന്നറാണ് കളിക്കളത്തോട് യാത്ര പറഞ്ഞത്. ക്രിക്കറ്റിന്റെ വ്യാകരണ നിയമങ്ങള്‍ 20 ഓവറുകള്‍ വീതമുള്ള ക്യാപ്സൂള്‍ പരുവത്തിലേക്ക് മാറ്റിയെഴുതുന്ന കാലത്ത് അനില്‍ കുംബ്ളെ ഒരു അവിഭാജ്യ ഘടകമായിരിക്കില്ല. പക്ഷേ തോല്‍വികളുടെയും സമനിലകളുടെയും കാലത്തുനിന്നും ടീം ഇന്ത്യ വിജയങ്ങള്‍ ശീലമാക്കിയത് ഈ കുമ്പളക്കാരനിലൂടെയാണ്. 132 ടെസ്റ്റുകളില്‍ നിന്നായി കൊയ്തെടുത്ത 619 വിക്കറ്റുകള്‍ മാത്രം മതി ഈ മികവിന് സാക്ഷി പറയാന്‍. ഫാബുലസ് ഫോര്‍ എന്നും ബിഗ് ത്രീ എന്നും ബാറ്റിംഗ് ഇതിഹാസങ്ങളെ മാത്രം വായിച്ചും കണ്ടും ആരാധിച്ചുപോരുന്നവരാണ് നമ്മള്‍. ബാറ്റിംഗ് കാണാന്‍ വേണ് ടി മാത്രം കളിയിടങ്ങളിലെത്തുകയും അതിര്‍ത്തിവര കടക്കുന്ന പന്തിനൊപ്പം ആവേശത്തിര പതഞ്ഞുയരുകയും ചെയ്യുന്ന കാണികള്‍ പന്തെറിയുന്നവന്റെ മനോവ്യാപാരങ്ങള്‍ കാണുന്നതെങ്ങിനെ? അവന്റെ സിംഹാസനങ്ങളില്‍ ഒരു പന്തേറുകാരനെ സങ്കല്‍പിക്കുന്നതെങ്ങിനെ? പ്രത്യേകിച്ചും ആസുരമായ ഭാവതാളങ്ങളില്‍ ബാറ്റ്സ്മാനെ വിഹ്വലനാക്കാന്‍ ഒരിക്കലും കഴിയാത്ത ഒരു സ്പിന്നര്‍. ഒരു ഷെയ്ന്‍ വാണ്‍ എന്നോ മുരളീധരന്‍ എന്നോ മാത്രമാണ് ഇതിനെ എതിര്‍ത്തു പറയാന്‍ കഴിയുക. ആ പട്ടികയിലാണ് പന്തു തിരിക്കാനറിയാത്തവന്‍ എന്ന വിലയിരുത്തപ്പെട്ട ഇയാള്‍ 18 വര്‍ഷങ്ങളായി വിഹരിച്ചുവരുന്നത്. പരിമിതമായ സ്കോര്‍ പ്രതിരോധിക്കേണ്ടി വന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍മാര്‍ക്ക് അളവില്ലാത്ത ആശ്വാസമായിരുന്നു കുംബ്ളെ.

സച്ചിന്‍, ഗാംഗുലി., ദ്രാവിഡ്.... സമകാലീനരായിരുന്ന ഈ ബിംബങ്ങളെ മറികടക്കാന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ലാത്ത മാന്യന്മാരുടെ കളിയിലെ ഏറ്റവും മാന്യനായ കളിക്കാരുടെ മുന്‍ നിരയില്‍ത്തന്നെയാണ് ഈ കര്‍ണാടകക്കാരന്‍ എന്‍ജിനീയര്‍. 132 ടെസ്റ്റുകളില്‍ നിന്നായി കൊയ്തെടുത്ത 619 വിക്കറ്റുകള്‍ മാത്രം മതി ഈ മികവിന് സാക്ഷി പറയാന്‍. ഏകദിനത്തിലും ടെസ്റ്റ് ക്രിക്കറ്റിലും ഇന്ത്യയുടെ എക്കാലത്തെയും മികച്ച ലെഗ് സ്പിന്നറാണ് കുംബ്ളെ. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത മൂന്നാമത്തെ ബോളറാണ്. സീനിയര്‍ താരങ്ങള്‍ വിരമിക്കണമെന്ന് തുടര്‍ച്ചയായി ആവശ്യമുയരുന്ന സാഹചര്യത്തില്‍ കുംബ്ളെയ്ക്ക് വിമര്‍ശകരുടെ നാവടക്കാന്‍ ഒരു മികച്ച പ്രകടനം അത്യാവശ്യമായിരുന്നു. പക്ഷെ കരിയറിലെ ഏറ്റവും മോശമായ ഫോമിലാണ് കുംബ്ളെ. ഈ പരമ്പരയില്‍ ബാംഗ്ളൂരില്‍ നടന്ന ആദ്യ ടെസ്റ്റില്‍ അദ്ദേഹത്തിന് വിക്കറ്റുകളൊന്നും നേടാനായിരുന്നില്ല. മൊഹാലിയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ പരുക്കുമൂലം അദ്ദേഹം വിട്ടു നിന്നു. പകരം ധോണിയുടെ കീഴില്‍ ഇന്ത്യ ഉജ്വല വിജയം നേടിയിരുന്നു. പകരക്കാരനായി ടീമിലെത്തിയ ലെഗ്സ്പിന്നര്‍ അമിത് മിശ്ര മൊഹാലിയിലെ ആദ്യ ടെസ്റ്റില്‍ തന്നെ അഞ്ചു വിക്കറ്റ് വീഴ്ത്തി ശ്രദ്ധേയനായി. നേട്ടങ്ങളുടെ പച്ചപ്പിലേക്കു യാത്രയാക്കിയ കോട്ലയിലെ പിച്ചില്‍നിന്നു തന്നെയാണു കുംബ്ളെ യാത്രയായതും.

ടെസ്റ്റ് ക്രിക്കറ്റിന്റെ കാഠിന്യം താങ്ങാന്‍ വയ്യ. ഇങ്ങനെ തുടരാന്‍ ബുദ്ധിമുട്ടാണ്. 18 വര്‍ഷം നീണ്ടുനിന്ന ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നു വിട്ടുനില്‍ക്കാനുള്ള തീരുമാനത്തെക്കുറിച്ച് അനില്‍ കുംബ്ളെ പറഞ്ഞു. ഇന്നലെയാണു വിരമിക്കാന്‍ തീരുമാനിച്ചത്. നാഗ്പൂര്‍ ടെസ്റ്റ് ആകുമ്പോഴേക്കു പൂര്‍ണ കായികക്ഷമത കൈവരിക്കാനാവില്ല. അങ്ങനെ കളിക്കുന്നതില്‍ അര്‍ഥമില്ല. വിരമിക്കാന്‍ സമയമായെന്ന് അപ്പോള്‍ തോന്നി-കുംബ്ളെ പറഞ്ഞു. സീനിയര്‍ താരങ്ങള്‍ വിരമിക്കണമെന്ന ആവശ്യത്തിന്റെ സമ്മര്‍ദത്തിലായിരുന്ന കുംബ്ളെ ഏറ്റവും യോജിച്ച സമയത്തുതന്നെ തീരുമാനം പ്രഖ്യാപിച്ചു. മഹത്തായ പോരാട്ടത്തിന്റെ ഓര്‍മകള്‍ ബാക്കിവച്ചു ക്യാപ്റ്റന്‍ ആയിരിക്കേതന്നെ കളി അവസാനിപ്പിക്കാന്‍ ഇതോടെ സാധിച്ചു. വരാനിരിക്കുന്ന തലമുറകള്‍ക്കു മുന്നില്‍ പോരാട്ടവീര്യത്തിന്റെയും അര്‍പ്പണബോധത്തിന്റെയും മാന്യതയുടെയും പകരം വാക്കായി കുംബ്ളെ ഇന്ത്യന്‍ കായികചരിത്രത്തില്‍ ജ്വലിച്ചുനില്‍ക്കും.

(കണിക്കൊന്ന മാഗസിനില്‍ കളിക്കളത്തില്‍ പ്രസിദ്ധീകരിച്ചത് , Monday, 03 November 2008)

കാത്തിരിപ്പു കഴിഞ്ഞു: ചൈനയ്ക്കും ബ്രാഡ്മാനും നൂറ്

21 ദിവസം നീണ്ട ആകാംക്ഷയ്ക്കൊടുവില്‍ 29-ാമത് കായികമാമാങ്കത്തിനു തിരശ്ശീല വീഴുമ്പോള്‍ നൂറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവില്‍ ചൈന ലോകത്തിന്റെ നിറുകയില്‍. ആതന്‍സിലെ 36 സ്വര്‍ണം നിലനിര്‍ത്തുകയും ആകെ മെഡല്‍നേട്ടത്തില്‍ ഒന്നാമതെത്തുകയും ചെയ്ത അമേരിക്കയെ സുവര്‍ണനേട്ടത്തില്‍ പിന്തള്ളി ആതിഥേയര്‍ കായികപുസ്തകത്തില്‍ പുതിയ അധ്യായം കുറിച്ചു. നീന്തല്‍ക്കുളത്തില്‍ മുങ്ങാംകുഴിയിട്ട് സ്വര്‍ണഖനനം നടത്തിയ മൈക്കല്‍ ഫെല്‍പ്സും ട്രാക്കില്‍ പടര്‍ത്തിയ അതിവേഗത്തിന്റെ തീപ്പൊരിയില്‍ ഊതിക്കാച്ചിയെടുത്ത സ്വര്‍ണങ്ങളുമായി ഉസൈന്‍ ബോള്‍ട്ടും ഒളിമ്പിക്സ് ചരിത്രത്തില്‍ നക്ഷത്രങ്ങളായി. കായികമികവും ഉജ്ജ്വലിക്കുന്ന സൌന്ദര്യവും കൊണ്ട് ഇസിന്‍ബയേവ കായികപ്രേമികളുടെ മനസ്സിലേക്ക് വളഞ്ഞുപുളഞ്ഞു ചാടിക്കയറി. ജമൈക്കയുടെ കുടില്‍മുറ്റങ്ങളില്‍ നിന്നും നഗ്നപാദരായെത്തിയ ഓട്ടക്കാര്‍ സിംഹാസനങ്ങളില്‍ ചങ്കുറപ്പോടെ ഇരിപ്പുറപ്പിച്ചു. കളിക്കളത്തിലെ പ്രകടനമികവ് സംഘാടനത്തിലും ചൈന ആവര്‍ത്തിച്ചു.

ഒളിമ്പിക്സ് ചരിത്രത്തില്‍ നടാടെ ലഭിച്ച വ്യക്തിഗത സ്വര്‍ണത്തിന്റെ തിളക്കത്തില്‍ ബെയ്ജിംഗ് ഇന്ത്യയ്ക്കും പ്രിയപ്പെട്ട നഗരമായി. ഇടിച്ചും ഗുസ്തി പിടിച്ചും നേടിയ ഓട്ടുമെഡലുകള്‍ പരാജിതരായ അത്ലറ്റുകളുടെയും ടെന്നീസ് കളിക്കാരുടെയും പാപഭാരം കുറച്ചു. ഉഷയുടെ ലോകനിലവാരത്തിന്റെ മാറ്റുരച്ചുനോക്കുന്നത് തന്റെ ജോലിയായിരുന്നില്ലെന്ന് തുടര്‍ച്ചയായ മൂന്നാമത്തെ ചാട്ടവും ഫൌളായി മാറിയപ്പോള്‍ അഞ്ജു ബോബി ജോര്‍ജ് ഓര്‍ത്തുകാണണം.
********

ബ്രാഡ്മാന്‍ ജന്മശതാബ്ദി

പ്രഥമ ട്വന്റി- 20 ലോകകപ്പില്‍ ഇംഗ്ളണ്ട് സീമര്‍ സ്റുവര്‍ട്ട് ബ്രോഡിന്റെ ഒരോവറില്‍ ഇന്ത്യയുടെ യുവ്രാജ് സിംഗ് അടിച്ചുകൂട്ടിയ അത്രയും എണ്ണം സിക്സറുകളാണ് സര്‍ ഡോണ്‍ ബ്രാഡ്മാന്‍ തന്റെ ഇരുപത് വര്‍ഷം നീണ്ട അന്താരാഷ്ട്ര കരിയറില്‍ ആകെ നേടിയത്. പാദചലനത്തിന്റെയും കണ്‍-കൈ സമന്വയത്തിന്റെയും സൌന്ദര്യത്തില്‍ നിന്നും കൈക്കരുത്തിന്റെ ഗെയിം എന്ന നിലയിലേക്ക് ക്രിക്കറ്റ് മാറുന്ന ഈ കാലത്തും പക്ഷേ ഡോണിന്റെ ചക്രവര്‍ത്തിപദത്തിന് ഇളക്കം തട്ടുന്നില്ല. പൂര്‍ണതയ്ക്ക് തൊട്ടുതാഴെ തന്റെ ക്രിക്കറ്റ് ജീവിത്തിനു വിരാമമിട്ട സര്‍ ഡൊണാള്‍ഡ് ബ്രാഡ്മാന്റെ നൂറാമത് പിറന്നാളാണ് ആഗസ്ത് 27. പുറത്താകാതെ 4 റണ്‍സ് ആയിരുന്നു 100 എന്ന മാന്ത്രിക ശരാശരി തികയ്ക്കാന്‍ അവസാന ഇന്നിഗ്സിനിറങ്ങുമ്പോള്‍ ഡോണിനു വേണ്ടിയിരുന്നത്. റണ്‍സെടുക്കുന്നതിനു മുമ്പേ എറിക് ഹോളിസ് എന്ന ശരാശരി ലെഗ്സ്പിന്നറുടെ നിരുപദ്രവകാരിയായ ഒരു പന്തില്‍ ക്ളീന്‍ ബൌള്‍ഡായ ബ്രാഡ്മാന്‍ ക്രിക്കറ്റില്‍ പൂര്‍ണത എന്നൊന്നില്ല എന്ന ചൊല്ലിന് അടിവരയിട്ടുകൊണ്ടാണ് ക്രീസിനോട് വിടപറഞ്ഞത്.
52 ടെസ്റ് മത്സരങ്ങളിലെ 80 ഇന്നിംഗ്സുകളില്‍ നിന്നായി 29 സെഞ്ചുറിയും 13 അരസെഞ്ചുറിയും ഉള്‍പ്പെടെ 6996 റണ്‍സ്. 12 തവണ 200 കടന്നു, രണ്ട് തവണ മുന്നൂറും. ഉയര്‍ന്ന സ്കോര്‍ 334. അചുംബിത ശരാശരിയായ 99.94 എന്ന മാന്ത്രികസംഖ്യ മാത്രം മതി എന്തായിരുന്നു ബ്രാഡ്മാന്‍ എന്ന് മനസ്സിലാക്കാന്‍. 24 ടെസ്റുകളില്‍ ഓസ്ട്രേലിയയെ നയിച്ച ഡോണ്‍ 15 വിജയങ്ങളും ആറ് സമനിലയും മൂന്നു പരാജയവും. കളിക്കളത്തിലെ ബ്രാഡ്മാന്റെ നേട്ടങ്ങളെ ഇങ്ങനെ വേണം വായിച്ചെടുക്കാന്‍.

ഡോണെന്ന ഒറ്റയാനെ തളയ്ക്കാന്‍ ഇംഗ്ളീഷുകാര്‍ കണ്ടെത്തിയ തന്ത്രമാണ് 1932-33ലെ കുപ്രസിദ്ധമായ ബോഡിലൈന്‍ സീരീസ്. അപ്രവചനീയമായ വേഗതയും ബൌണ്‍സും കൊണ്ട് ബാറ്റ്സ്മാന്‍മാരുടെ കുരുതിക്കളമായ പരമ്പരയില്‍ പക്ഷേ 56.57 ശരാശരിയോടെ ഡോണ്‍ 396 റണ്‍ നേടി ഓസ്ട്രേലിയയുടെ മികച്ച റണ്‍ വേട്ടക്കാരനായി.

മനുഷ്യസാധ്യമായ എല്ലാ ഷോട്ടുകളും മെയ് വഴക്കത്തോടെ കളിച്ച ബ്രാഡ്മാന് ഏറെ പ്രിയപ്പെട്ട രാജ്യമായിരുന്നു ഇന്ത്യ. ഇന്ത്യയിലെ കളിക്കമ്പക്കാര്‍ മാന്യനായ ആ കളിക്കാരനെ ഏറെ സ്നേഹിച്ചു. വര്‍ഷങ്ങള്‍ക്കുശേഷം "സച്ചിനില്‍ ഞാനെന്റെ സുവര്‍ണകാലം കാണുന്നു'' എന്നു വിലയിരുത്തിക്കൊണ്ട് ഡോണ്‍ വീണ്ടും ഇന്ത്യക്കാര്‍ക്ക് പ്രിയങ്കരനായി.
കുലീനമായ കേളീശെലിയും പെരുമാറ്റവും കൊണ്ട് ആരാധകരുടെ അഭിനിവേശമായി മാറിയ "മാന്യന്മാരുടെ ഗെയിമിലെ ചക്രവര്‍ത്തി'' 2001 ഫെബ്രുവരി 25ന് ജീവിതമെന്ന കളിക്കളത്തോടും വിടപറഞ്ഞു.

(കണിക്കൊന്ന മാഗസിനില്‍ കളിക്കളത്തില്‍ പ്രസിദ്ധീകരിച്ചത് , Monday, 20 October 2008)

ലങ്ക വീണ്ടും അശാന്തി വിതയ്ക്കുന്നു

തികച്ചും അപ്രതീക്ഷിതമായിരുന്നില്ല ഇന്ത്യന്‍ ക്യാംപിനു ഈ തോല്‍വി.ഏഷ്യാക്കപ്പിന്‍റെ ഫൈനല്‍ മത്സരത്തില്‍ ഇന്ത്യന്‍ യുവരാജാക്കന്മാരെ നിഷ്പ്രഭരാക്കിയ മെന്‍ഡിസ് എന്ന ഇരുപത്തിമൂന്നുകാരന്‍ ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍റെ സ്വപ്നങ്ങളില്‍ അശാന്തി പടര്‍ത്തിയിരുന്നു എന്ന് വ്യക്തം,അതദ്ദേഹം സമ്മതിച്ചിരുന്നില്ലെങ്കിലും സീനിയര്‍ കളിക്കാരുടെ പരിചയ സമ്പത്ത് മെന്‍ഡിസിനെ മെരുക്കുമെന്ന് കുംബ്ലെ വിശ്വസിച്ചു. പക്ഷെ എന്തിനു സീനിയര്‍ കളിക്കാര്‍ എന്നത് തന്‍റെ ഏകപക്ഷീയമായ സന്ദേഹമല്ലെന്ന് മഹേന്ദ്രസിംങ്ങ് ധോണി എന്ന ഏകദിന ക്യാപ്റ്റന്‍ ജാര്‍ഖണ്ടിലെ വീട്ടിലുരുന്ന് ആവര്‍ത്തിച്ച് ഉറപ്പിച്ചു.

എവിടെയായിരിക്കണം അനില്‍ കുംബ്ലെയ്ക്കും ഇന്ത്യയ്ക്കും പിഴച്ചത്? ആദ്യദിവസത്തെ രണ്ടു സെക്ഷനുകളും മഴയില്‍ ഒലിച്ചു പോയ ഒരു മത്സരം. പിച്ചില്‍ യാതൊരു തരത്തിലുള്ള ഭൂതങ്ങളുമില്ലെന്ന് എണ്ണം പറഞ്ഞ നാലു സെഞ്ചുറികളിലൂടെ ആതിഥേയര്‍ തെളിയിച്ചതുമാണ്. എന്നിട്ടും ഇന്ത്യ തോറ്റു.വെറുമൊരു തോല്‍വിയല്ല ഒന്നര ദിവസം ബാക്കി നില്‍ക്കെ ഒരിന്നിംഗ്സിനും 239 റണ്‍സിനും ആദ്യമത്സരം കളിക്കുന്ന അശാന്ത മെന്‍ഡിസ് തന്നെയായിരുന്നു ഇന്ത്യയെ പിടികൂടിയ ഭൂതം.ആദ്യ ഇന്നിംഗ്സില്‍ 6 വിക്കറ്റിനു 600 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്ത ലങ്ക തോല്‍ക്കില്ലെന്ന് ഉറപ്പാക്കിയതെ ഉള്ളു. ഇന്ത്യയെ തോല്‍പ്പിച്ചിരുന്നില്ല,അത് ചെയ്തത് അയാളാണ്, അശാന്ത മെന്‍ഡിസ്. അപ്രവചനീയമായ രീതിയിലും ,വേഗതയിലും പല വശത്തേയ്ക്കും കുത്തിത്തിരിഞ്ഞ അയാളുടെ പന്തുകള്‍ പ്രതിരോധിക്കണോ അതോ ആക്രമിക്കണോ എന്ന ഇന്ത്യന്‍ ബാറ്റിംങ്ങ് നിരയുടെ ആശങ്കയിലേയ്ക്കാണു മുത്തയ്യ മുരളീധരനും അയാളുടെ ദൂസരയും തിരിഞ്ഞു കയറിയത്. കിംഗ് ലാറയെ മറികടന്ന് റണ്‍ വേട്ടയില്‍ ഒന്നാമനാകാന്‍ എത്തിയ സച്ചിനെ ഒന്നാമിന്നിംഗ്സില്‍ പുറത്താക്കിയ മുരളീധരന്‍റെ പന്തും.

മിസ്റ്റര്‍ കണ്‍സിസ്റ്റനര്‍ രാഹുല്‍ ദ്രാവിഡിന്‍റെ ഓഫ്സ്റ്റംമ്പിളക്കിയ മെന്‍ഡിസിന്‍റെ പന്തും ലങ്കന്‍ സ്പിന്‍ ഡിപ്പാര്‍റ്റ്മെന്‍റിന്‍ നിലവാരമാണു കാണിക്കുന്നത്.ഏറെക്കാലം എതിരാളികള്‍ക്ക് ആശങ്കയായി ഈ കൂട്ടുകെട്ട് തുടര്‍ന്നാല്‍ നിര്‍ണ്ണായക വിജയങ്ങള്‍ കടല്‍ കടന്ന് ലങ്കയിലെത്തുമെന്നതില്‍ സംശയം വേണ്ട
സച്ചിന്‍,ദ്രാവിഡ്,ഗാംഗുലി,ലക്ഷ്മണ്‍, സേവാഗ്.... ഇല്ല ഈ ബാറ്റിംഗ് നിര മോശമായിരുന്നില്ല.എങ്കിലും യുവരാജ് സിംങ്ങും രോഹിത് ശര്‍മ്മയും സുരേഷ് റെയ്നയും അവസരം കാത്തു നില്‍ക്കുമ്പോള്‍ ഈ തലകളില്‍ പലതും വീണുരുണ്ടാല്‍ ആശ്ചര്യപ്പെടാനില്ല.അത് സംഭവിക്കാതിരിക്കണമെങ്കില്‍ അദ്ഭുതങ്ങള്‍ സംഭവിക്കണം. രണ്ടു ടെസ്റ്റുകള്‍ ബാക്കിയുണ്ട്.പിന്നില്‍ നിന്ന് പൊരുതിക്കയറുകയും അദ്ഭുതങ്ങള്‍ ശീലമാക്കുകയും ചെയ്ത ഒരു ടീമാണു കളിക്കളത്തില്‍ .കുംബ്ലെ,സച്ചിന്‍ ഗാംഗുലി,ദ്രാവിഡ് ഒരു വിജയം നാലു പേര്‍ക്കും കൂടിയേ തീരൂ. അവിടെയാണു ആരാധകരുടെ പ്രതീക്ഷകളും.

(കണിക്കൊന്ന മാഗസിനില്‍ കളിക്കളത്തില്‍ പ്രസിദ്ധീകരിച്ചത് , Monday, 20 October 2008)

ജയസൂര്യ ശാന്തനല്ല

ബാറ്റിങ്ങിനു പറുദീസയായ ഒരു വിക്കറ്റില്‍ ടോസ് നേടി ഫീല്‍ഡു ചെയ്യാന്‍ തീരുമാനിക്കുന്ന ഒരു ക്യാപ്റ്റന് ആഗ്രഹിക്കാവുന്നതിനു അപ്പുറമാണു മഹേന്ദ്രസിംഗ് ധോണിക്ക് ലഭിച്ചത്. ക്ഷപക്ഷെ 66 നു 4 എന്ന് മുങ്ങിത്താണുപോയ ശ്രീലങ്കന്‍ സ്കോര്‍ബോര്‍ഡിലേയ്ക്ക് സനത് ജയസൂര്യ കത്തിപ്പടര്‍ന്നപ്പോള്‍ എരിഞ്ഞുപോയത് ഏഷ്യയിലെ ക്രിക്കറ്റ് രാജാക്കന്മാര്‍ എന്ന ഇന്ത്യന്‍ സ്വപ്നമായിരുന്നു. ധോണിയെ കുറ്റം പറയാന്‍ കഴിയില്ല.അയാളുടെ ഗെയിം പ്ലാന്‍ മികച്ചതായിരുന്നു.ബൌളിങ്ങിനെ ഒരു തരത്തിലും തുണയ്ക്കാത്ത കറാച്ചി നാഷണല്‍ സ്റ്റേഡിയത്തിലെ പിച്ചില്‍ അഞ്ചല്ല നാല്‍ സ്പെഷ്യലിസ്റ്റ് ബൌളര്‍മാര്‍ തന്നെ ആര്‍ഭാടമാണു എന്ന തരത്തിലായിരുന്നു ജയസൂര്യ ബാറ്റ് ചെയ്തത്.ഒരറ്റത്ത് വിക്കറ്റുകള്‍ പൊഴിയുമ്പോഴും ഒറ്റയ്ക്കായിരുന്നു അയാള്‍ ലങ്കന്‍ തോണി തുഴഞ്ഞത്. ജയസൂര്യയുടെ ബാറ്റിന്‍റെ സ്വീറ്റ്സ്പോട്ടില്‍ ബൌളര്‍മാര്‍ക്ക് മാത്രമല്ല ഫീല്‍ഡര്‍മാര്‍ക്കും അധികം ഒന്നും ചെയ്യാനില്ല.

സനത് ജയസൂര്യ എന്നെഴെതി ഒപ്പിട്ട ഷോട്ടുകള്‍ കളം നിറഞ്ഞപ്പോള്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ ഇഷാന്ത് ശര്‍മ്മ മാത്രമാണു പവര്‍പ്ലേ അവസാനിപ്പിച്ചപ്പോള്‍ നിവര്‍ന്നു നിന്നത്. 25 മത്സരങ്ങളില്‍ നിന്നായി 1220 റണ്‍സുകളാണു ജയസൂര്യ ഏഷ്യാക്കപ്പില്‍ സ്വന്തമാക്കിയത്. ഗ്രൌണ്ട് ഫീല്‍ടിങ്ങില്‍ മികച്ചു നിന്നിട്ടും ജയസൂര്യയെ ആര്‍ പി സിങ്ങ് കൈ വിട്ടതിനു ഇന്ത്യ കനത്ത വില തന്നെ നല്‍കേണ്ടി വന്നു. മധ്യ ഓവറുകളില്‍ നിയന്ത്രണത്തോടെ പന്തെറിഞ്ഞ സ്പിന്നര്‍മാരും മനസാന്നിദ്ധ്യം വീണ്ടെടുത്ത ഫാസ്റ്റ് ബൌളര്‍മാരും ജോലി ഭംഗിയായി ചെയ്തു തീര്‍ത്തു. കറാച്ചി നാഷണല്‍ സ്റ്റേഡിയത്തിലെ ബാറ്റിങ്ങ് ട്രാക്കില്‍ 274 ഒരു സുരക്ഷിതമായ സ്കോര്‍ ആയിരുന്നില്ല. മികച്ച ഫോമിലുള്ള 7 സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാന്മാരെ നിരത്തിയ ഇന്ത്യക്ക് പക്ഷെ തൊട്ടതെല്ലാം പിഴച്ചു. പതിവു പോലെ ഓപ്പണിങ്ങ് സ്പോട്ടില്‍ വീരേന്ദ്രസേവാഗ് ആടിത്തിമിര്‍ത്തെങ്കിലും ഗൌതം ഗംഭീറിനെ അമിതാവേശം ചതിച്ചു. മിന്നുന്ന വേഗത്തില്‍ 60 റണ്‍സെടുത്ത സേവാഗിനൊപ്പം ഇന്ത്യന്‍ പ്രതീക്ഷകളും പതഞ്ഞു പൊങ്ങുന്ന നേരത്താണു സ്പിന്‍ ബൌളിങ്ങിനു വംശനാശം സംഭവിക്കുന്നില്ലെന്ന് അജാന്ത മെന്‍ഡിസ് എന്ന 23 കാരന്‍ ഉറക്കെ പ്രഖ്യാപിച്ചത്. ഫ്ലിപ്പര്‍, ഗൂഗ്ലി, ലെഗ് ഓഫ് ബ്രേയ്ക്കുകള്‍... ഇല്ല, ഇന്നലെ മെന്‍ഡിസ് പ്രയോഗിക്കാന്‍ ആയുധങ്ങളൊന്നും ബാക്കിയില്ല. മുത്തയ്യ മുരളീധരനേയും അയാളുടെ ദൂസരയേയും കരുതിയിറങ്ങിയ ഗാരി കിര്‍സ്റ്റന്‍റെ കുട്ടികള്‍ക്ക് അജാന്ത മെന്‍ഡിസിന്‍റെ കാരം ബോളിനു മറുപടിയുണ്ടായില്ല. തള്ളവിരലിനും ചൂണ്ടു വിരലിനും ഇടയിലൂടെ മെന്‍ഡിസ് കറക്കി വിട്ട പന്തുകള്‍ അപാര ഫോമില്‍ കളികുന്ന റെയിനയും, യുവരാജ് സിങ്ങും, രോഹിത്ത് ശര്‍മ്മയുമടക്കം 6 ഇന്ത്യന്‍ ബാറ്റ്സ്മാന്മാരെയാണു നിശബ്ദരാക്കിയത്. സൂപ്പര്‍ ഫോറില്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ മെന്‍ഡിസിനെ ഒളിപ്പിച്ചു വച്ച് ജയവര്‍ദ്ധനെ നേടിയത് ഒരര്‍ത്ഥത്തില്‍ ഏഷ്യാക്കപ്പു തന്നെയാണ്. ഭൂതം വിട്ടൊഴിയാത്ത ഇന്ത്യക്ക് ഇത് തുടര്‍ച്ചയായ രണ്ടാം ഫൈനല്‍ തോല്‍വി. ഓസ്ട്രേലിയയ്ക്കെതിരെ ഫൈനല്‍ ജയിച്ചപ്പോള്‍ മുന്നില്‍ നിന്ന സച്ചിന്‍ തെണ്ടുല്‍ക്കര്‍ തന്‍റെ വിലയെന്തെന്ന് അസാന്നിദ്ധ്യം കൊണ്ട് തെളിയിച്ചു.

ബിയോണ്ട് ദ ബൌണ്ടറി: ശ്രീലങ്കയ്ക്കെതിരായ മത്സരത്തില്‍ തനിയ്ക്കെതിരേ ആരോ കൂടോത്രം ചെയ്തിട്ടുണ്ടെന്ന് പാക്ക് താരം ശാഹിദ് അഫ്രീദി. അയാള്‍ അതില്‍ വിസ്വസിക്കുന്നതില്‍ ന്യായമുണ്ട്. മുന്പൊരിക്കല്‍ ശ്രീലങ്കയ്ക്കെതിരേ ബാധ കയറിയ ഒരു ദിവസത്തിലാണല്ലൊ അഫ്രീദി എന്ന ശരാശരി ലെഗ് സ്പിന്നര്‍ പാക്ക് ടീമിന്‍റെ പ്രാധാന ബാറ്റ്സ് മാന്‍ എന്ന മേല്‍വിലാസത്തിലേയ്ക്ക് സ്ഥാനക്കയറ്റം കിട്ടിയത്.

(കണിക്കൊന്ന മാഗസിനില്‍ കളിക്കളത്തില്‍ പ്രസിദ്ധീകരിച്ചത്, Monday, 20 October 2008)

മഹാരാജാക്കന്‍മാര്‍ക്ക് വഴിപിഴയ്ക്കുമ്പോള്‍

ഇന്ത്യന്‍ ക്രിക്കറ്റിനു നിര്‍ണ്ണായക വിജയങ്ങള്‍ നേടിക്കൊടുക്കുകയും വിജയങ്ങള്‍ ശീലമാക്കുകയും ചെയ്ത ഒരുസംഘം കളിക്കാരുടെ മേലെ സെലക്ടര്‍മാരുടെ വാള് തൂങ്ങിയാടുകയാണ്. സച്ചിന്‍, സൌരവ്, ദ്രാവിഡ്, ലക്ഷ്മണ്‍, കുംബ്ളെ.... വിശേഷണങ്ങള്‍ ആവശ്യമില്ലാത്ത ഈ പ്രതിഭകള്‍ക്ക് വിരമിക്കാനുള്ള സമയം കുറിച്ചു കൊടുക്കാന് മാത്രം നിലവാരമുള്ള ക്രിക്കറ്റര്‍മാര്‍ (അത് സെലക്ടര്മാരുടെ രൂപത്തിലായാലും, കളിയെഴുത്തുകാരുടെയോ, കളിപറച്ചില്കാരുടെയോ രൂപത്തിലായാലും) ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ഇല്ല എന്നു പറയേണ്ടി വരും. കളിക്കാര്‍ കറിവേപ്പിലകളല്ല.
അവര്‍ അര്‍ഹിക്കുന്നത് നല്കാനുള്ള ബാധ്യത അധികാരസ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്കുണ്ട്. നിര്‍ബന്ധിച്ച് പറഞ്ഞയക്കാന്‍ മാത്രം വയസ്സായവരല്ല മേല്‍പറഞ്ഞവരില്‍ ആരും. ഇന്നോ നാളെയോ എന്ന് ആശങ്കപ്പെടാന്‍ മനസ്സില്ലാത്ത സൌരവ് ഗാംഗുലി വിരമിക്കല്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ചരിത്രപഥങ്ങളില്‍ ഒരു വിപ്ളവകാരിയുടെ പ്രതിച്ഛായയാണ് സൌരവ് ഗാംഗുലിക്ക് എന്നും ഉണ്ടായിരുന്നത്. ഗോഡ്ഫാദര്‍മാരില്ലാത്തതിന്റെ അരക്ഷിതാവസ്ഥ, അരങ്ങേറ്റം മുതല്‍ക്കിങ്ങോട്ടുള്ള അയാളുടെ കളിജീവിതത്തില്‍ കാണാം. മാന്യന്‍മാരുടെ കളിയുടെ മെക്കയെന്നറിയപ്പെടുന്ന ലോര്‍ഡ്സിന്റെ ബാല്ക്കണിയില്‍ സായിപ്പിന്റെ ധാര്ഷ്ട്യത്തിനു നേരെ മേല്വസ്ത്രമുരിഞ്ഞുവീശിയ സൌരവിന്റെ പേര് ഒരുകാലത്തും ക്രിക്കറ്റ് മേലാളന്‍മാരുടെ കാതിന് ഇമ്പം പകര്‍ന്നിട്ടില്ല. അരങ്ങേറ്റ പരമ്പരയില്‍ തന്നെ അഹങ്കാരിയെന്ന പേരുകേള്‍പ്പിച്ചാണ് സൌരവ് ടീമില്‍ നിന്നും പുറത്തുപോകുന്നത്.
കളിയിടങ്ങളില്‍ വിവരിക്കാനാവാത്ത കാരണങ്ങള്‍ പറഞ്ഞ് ഓരോ തവണ പുറത്താക്കുമ്പോഴും ഗാംഗുലി വര്‍ദ്ധിതവീര്യത്തോടെ തിരിച്ചുവന്നു. പരിമിതമായ കാഴ്ചശക്തിയെയും, അത്ലറ്റുകള്‍ക്ക് ചേരാത്ത ശരീരഭാഷയെയും പ്രതിഭകൊണ്ടും കഠിനാധ്വാനം കൊണ്ടും മറികടന്നു. ഓഫ്സൈഡില്‍ ദൈവം പോലും നാണിച്ചുപോകുന്ന കൃത്യതയുടെയും ചാരുതയുടെയും മറുവാക്കായിമാറി സൌരവ് ചണ്ഡീദാസ് ഗാംഗുലി. തള്ളിപ്പറഞ്ഞവര്‍ അപദാനങ്ങള്‍ വാഴ്ത്താന്‍ മത്സരിച്ചു. ഫുട്വര്ക്കിലെ പോരായ്മയും വിക്കറ്റിനിടയിലെ മാന്ദ്യവും സ്കോര്‍കാര്‍ഡിലെ അക്കങ്ങള്‍ക്കു മുമ്പില്‍ സാഷ്ടാംഗം പ്രണമിച്ചു. തൊണ്ണൂറുകളുടെ അവസാനം സൌരവിന്റെ കരിയറിലെ സുവര്‍ണ്ണനിമിഷങ്ങളായിരുന്നു. 99 ലോകകപ്പില്‍ ശ്രീലങ്കയ്ക്കെതിരെ സൌരവ് നേടിയ 183 റണ്സ് ശ്രദ്ധിക്കപ്പെട്ടു. ഒരുപാട് കാലം ഇന്ത്യക്കാരന്റെ ഉയര്‍ന്ന വ്യക്തിഗതസ്കോര്‍ എന്ന സ്ഥാനം ഈ ഇന്നിംഗ്സ് നിലകൊണ്ടു. സച്ചിനൊപ്പം സൌരവ് നല്കിയ മികച്ച തുടക്കങ്ങള്‍ വിജയങ്ങള്‍ ശീലമാക്കാന്‍ ഇന്ത്യയെ പ്രാപ്തരാക്കി..
കോഴവിവാദത്തിനു ശേഷം അസ്ഹറും, തുടര്‍പരാജയങ്ങള്‍ക്കു ശേഷം സച്ചിനും ഉപേക്ഷിച്ച ക്യാപ്റ്റന്‍ സ്ഥാനം 2001 ല്‍ സൌരവിനെത്തേടിയെത്തി. വ്യക്തിഗത പ്രകടനങ്ങളില്‍ അഭിരമിച്ചിരുന്ന ഇന്ത്യന്‍ ക്രിക്കറ്റിനു കൂട്ടായ്മയുടെ ദിശാബോധം നല്കിയ നായകനായിരുന്നു സൌരവ്. ടീമില്‍ തുടരുന്നതിനു പ്രകടനം മാത്രമാണ് മാനദണ്ഡം എന്ന സന്ദേശം സഹകളിക്കാര്‍ക്ക് നല്കിയ സൌരവ്, ടീമിനെ മുന്നില്‍ നിന്നു നയിച്ചു, 47 ടെസ്റുകളില്‍ ഇന്ത്യയെ നയിച്ച ഗാംഗുലി 21 വിജയങ്ങള്‍ നേടി, വിദേത്ത് ഏറ്റവുമധികം വിജയിച്ച ഇന്ത്യന്‍ ക്യാപ്റ്റനുമായി. 2001 ല്‍ ലോകചാമ്പ്യന്‍മാര്‍ക്കെതിരെ നേടിയ ടെസ്റ്റ് പരമ്പര വിജയവും, 2002 ലെ ലോകകപ്പിലെ രണ്ടാം സ്ഥാനവും ഗാംഗുലിയുടെ നായകത്വത്തില്‍ ഇന്ത്യ നേടിയ തിളങ്ങുന്ന വിജയങ്ങളാണ്. ഇന്ത്യന്‍ ക്രിക്കറ്റില്‍ യുവക്തങ്ങള്‍ക്ക് പ്രാധാന്യം നല്കിയ ക്യാപ്റ്റന്‍ ദാദ കോച്ച് ജോണ്‍ റൈറ്റിനൊപ്പം ടീം ഇന്ത്യ എന്ന സങ്കല്പ്പം വാര്‍ത്തെടുത്തു, വിജയകരമായി നടപ്പില്‍ വരുത്തി. കയറ്റിറക്കങ്ങള്‍ ഗാംഗുലിയുടെ കരിയറില്‍ സ്വാഭാവികമായിരുന്നു. തുടര്ച്ചയായ ബാറ്റിംഗ് പരാജയങ്ങള്‍ ഗാഗുലിയുടെ ടീമിലെ സ്ഥാനം ചോദ്യം ചെയ്തു.
ഓഫ്സൈഡിലെ ദൈവം പലതവണ മൈതാന മധ്യത്ത് നഗ്നനായി. കോച്ച് ഗ്രെയ്ഗ് ചാപ്പലുമായുണ്ടായ അഭിപ്രായവ്യത്യാസവും ക്രിക്കറ്റ് ഭരണാധികാരികളുടെ കണ്ണിലെ കരടായതും ഗാംഗുലിയുടെ ക്യാപ്റ്റന്സിയും ടീമിലെ ഇടവും നഷ്ടമാവുന്നതിന് കാരണമായി. കഠിനമായ പരിശീലനത്തിലൂടെ ടീമില്‍ തിരിച്ചെത്തിയ ഗാംഗുലി മാന്യമായ പ്രകടനം കാഴ്ചവച്ചുവെങ്കിലും പ്രായക്കൂടുതലിന്റെ പേരില്‍ പലതവണ അവഗണിക്കപ്പെടുകയായിരുന്നു. ടീം ഇന്ത്യ എന്ന സങ്കല്പം നടപ്പിലാക്കിയ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നായകന്‍മാരില്‍ ഒരാള്‍ ടീന്‍ ഇന്ത്യ (യുവാക്കളുടെ ഇന്ത്യ) എന്ന സങ്കല്പത്തിന്റെ രക്തസാക്ഷിയായി പുറത്തുപോവുകയാണ്. ഇറാനി ട്രോഫിയില്‍ പരിഗണിക്കാത്തതിന്റെ വേദനയില്‍ വിരമിക്കുന്നു എന്നു ഗാംഗുലിയുടെ വിശദീകണത്തില്‍ കമോണ്‍ ദാദാ എന്നു മാത്രം അലറിശീലിച്ച ആരാധകര്‍ തൃപ്തരാവില്ല. കളിയിടത്തില്‍ തുടരാന്‍ മികച്ച പ്രകടനത്തിനപ്പുറത്തെ മാനദണ്ഡമെന്ത് എന്ന ആശങ്കയിലാണ് കളിപ്രേമികള്‍

(Sunday, 19 October 2008, കണിക്കൊന്ന മാഗസിനില്‍ കളിക്കളത്തില്‍ പ്രസിദ്ധീകരിച്ചത്)

ജെയ്ന്‍ മക്ഗ്രാത്ത്; മരണത്തെ തോല്‍പ്പിച്ച മാലാഖ

ക്രിക്കറ്റും അര്‍ബുദവും തമ്മില്‍ എന്താണ് എന്നത് പ്രസക്തിയില്ലാത്ത ഒരു ചോദ്യമാണ്. അര്‍ബുദത്തെ മറികടക്കുന്ന ഏതെങ്കിലും മാനസികവ്യഥകളുണ്ടെങ്കില്‍ ആ കൂട്ടത്തില്‍ വേണം ഇക്കളിയുടെ കമ്പക്കാരെ പെടുത്താനെന്ന് പലതവണ പലര്‍ക്കും തോന്നിയിട്ടുണ്ടാവുമെന്നതില്‍ പക്ഷെ തര്‍ക്കമില്ല. താരങ്ങള്‍ ലേലച്ചന്തയില്‍ ഊഴം കാത്ത് കുമ്പിട്ടുനില്‍ക്കുന്നതും ലഹരി വിറ്റ (അത് സിനിമയായാലും മദ്യമായാലും, മൊബൈല്‍ ഫോണ്‍ ആയാലും) പണം കൊണ്ട് മുതലാളിമാര്‍ അവര്‍ക്കു വിലയിടുന്നതും നമ്മള്‍ കണ്ടതാണ്.

എന്നിട്ടും ഒരു പിടി ക്രിക്കറ്റ് പ്രേമികളെ അര്‍ബുദം കരയിക്കുക തന്നെ ചെയ്തു. പതിനൊന്ന് വര്‍ഷം വേദനതിന്ന സമരത്തിനൊടുവില്‍ ജൂണ്‍ 22 ഞായറാഴ്ച ഓസ്ട്രേലിയന്‍ ക്രിക്കറ്റര്‍ ഗ്ളെന്‍ മക്ഗ്രാത്തിന്‍റെ ഭാര്യ ജെയ്ന്‍ ലൂയിസ് മക്ഗ്രാത്ത് തന്‍റെ 42 ാമത്തെ വയസ്സില്‍ മരണത്തിനു കീഴടങ്ങി. എന്തായിരുന്നു ജെയ്ന്‍ മക്ഗ്രാത്ത്? മൂന്ന് തവണ അര്‍ബുദത്തിന്‍റെ രൂപത്തില്‍ കീഴടക്കാനെത്തിയ മരണത്തിനു നേരെ പുഞ്ചിരിച്ചു കൊണ്ട് ജീവിച്ച ഈ സുന്ദരിയെ എങ്ങിനെയാണ് വാക്കുകള്‍ കൊണ്ട് അടയാളപ്പെടുത്തുക? അനിവാര്യമായ വിധിക്ക് നിരുപാധികം കീഴടങ്ങാനുള്ള വിഷാദപൂര്‍ണമായ കാത്തിരിപ്പായിരുന്നില്ല അവര്‍ക്കു ജീവിതം. സ്തനാര്‍ബുദത്തിന്‍റെ പിടിയില്‍ നിന്നും ജീവിതത്തിലേക്ക് ജെയ്ന്‍ അത്ഭുതം പോലെ തിരിച്ചു വന്നു, രണ്ടു മക്കളെ, ജെയിംസിനെയും, ഹോളിയെയും മുലയൂട്ടി വളര്‍ത്തി. തന്നെപ്പോലെ വേദനിക്കുന്ന ആയിരങ്ങള്‍ക്ക് പ്രത്യാശയും സാന്ത്വനവുമായി. സ്തനാര്‍ബുദബാധിതരെ ശുശ്രൂഷിക്കുന്നതിന് സമയം കണ്ടെത്തി. അതിനായി 2002 ല്‍ "മക്ഗ്രാത്ത് ഫൌണ്ടേഷന്‍'' ആരംഭിച്ചു.
1966ല്‍ ബ്രിട്ടീഷുകാരായ റോയ് സ്റീലിന്റെയും ജെന്നിന്റെയും മകളായി ജനിച്ച ജെയ്ന്‍ ലൂയിസ് എയര്‍ഹോസ്റസ് ആയി വിര്‍ജിന്‍ അറ്റ്ലാന്റിക് എയര്‍വേയ്സില്‍ ജോലി ചെയ്തുവരവേയാണ് ഗ്ളെന്‍ മക്ഗ്രാത്തിനെ ആദ്യമായി കാണുന്നത്. വിവാഹസ്വപ്നങ്ങളിലേക്ക് ഒരു ഇടിത്തീയായി ഇടതുസ്തനത്തിലെ അര്‍ബുദം കടന്നുവന്നത് ജെയ്നിനെ വിഷണ്ണയാക്കിയെങ്കിലും ഗ്ളെന്നിന്റെ തീരുമാനം മറ്റൊന്നായിരുന്നു. മാംസനിബദ്ധമല്ല രാഗം എന്നുറച്ചു വിശ്വസിച്ച ഗ്ളെന്‍ രോഗം ഒരു കുറ്റമല്ലെന്ന് ജെയ്നിനെ ആശ്വസിപ്പിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റര്‍ എന്ന തിരക്കിനിടയിലും അവള്‍ക്കു കൂട്ടിരുന്നു. ആത്മാര്‍ത്ഥമായ പ്രണയത്തിനു അര്‍ബുദം പോലും തടസ്സമാവില്ലെന്ന് ജീവിതം കൊണ്ട് തെളിയിച്ചു. കളിക്കളത്തില്‍ സംഹാരരൂപിയാവുന്ന ഗ്ളെന്‍ മക്ഗ്രാത്ത് എന്ന ഓസ്ട്രേലിയന്‍ ഫാസ്റ് ബൌളര്‍ക്ക് 'മാടപ്രാവ് എന്ന വിളിപ്പേര് ഇത്രമേല്‍ ചേരുന്നതിനു കാരണം മറ്റൊന്നാവില്ല.

1998ല്‍ രോഗം ബാധിച്ച ഇടതുസ്തനം നീക്കം ചെയ്ത ജെയ്ന്‍ രോഗവിമുക്തയായതായി ഡോക്ടര്‍മാര്‍ അറിയിച്ചു, ഒപ്പം രോഗത്തിന്റെ പാര്‍ശ്വഫലമായി ഗര്‍ഭം ധരിക്കാന്‍ കഴിഞ്ഞേക്കില്ല എന്ന മുന്നറിയിപ്പും. ഒഴുക്കിനെതിരെ നീന്താന്‍ തീരുമാനിച്ചുറച്ച മനസ്സോടെ 1999 ല്‍ ഗ്ളെന്നും ജെയ്നും വിവാഹിതരായി. വൈദ്യശാസ്ത്രത്തിന്റെ കണക്കുകൂട്ടലുകളെ അമ്പരപ്പിച്ച് ജെയ്ന്‍ രണ്ട് കുട്ടികള്‍ക്ക് ജന്മം നല്‍കി. കുഞ്ഞുങ്ങളെ മുലയൂട്ടിവളര്‍ത്തുന്നതില്‍ അഭിമാനം തോന്നുന്നുവെന്ന് ജെയ്ന്‍ പൊതുവേദികളില്‍ സൌമ്യമായി പുഞ്ചിരിച്ചു.

2003ല്‍ രോഗം പിടികൂടിയെങ്കിലും ഒരിക്കല്‍ കൂടി അര്‍ബുദം ജെയ്നിനു മുമ്പില്‍ കീഴടങ്ങി, 2006ല്‍ വീണ്ടും എല്ലുകളില്‍ രോഗം ബാധിച്ചതോടെ ഗ്ളെന്‍ മക്ഗ്രാത്ത് താല്‍ക്കാലികമായി ക്രിക്കറ്റിനോട് വിട പറഞ്ഞു. ദുരന്തങ്ങള്‍ ജെയ്നിനെ വിട്ടുപോകാന്‍ കൂട്ടാക്കിയതേയില്ല. ബ്രെയിന്‍ ട്യൂമറിന്റെ രൂപത്തിലായിരുന്നു അടുത്ത ശിക്ഷ. ട്യൂമര്‍ നീക്കം ചെയ്തെങ്കിലും ആരോഗ്യ പ്രശ്നങ്ങള്‍ നിരന്തരം ജെയ്നിനെ അലട്ടി, മുടികള്‍ കൊഴിഞ്ഞുതുടങ്ങി. 2007 ലോകകപ്പിനു ശേഷം ഗ്ളെന്‍ മക്ഗ്രാത്ത് അന്താരാഷ്ട്രക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ഫൌണ്ടേഷന്‍ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകവേയാണ് രംഗബോധമില്ലാത്ത കോമാളിയായി മരണം ജെയ്നിനെ തട്ടിയെടുക്കുന്നത്.

മരണം എന്നത് അവസാനവാക്കല്ലെന്നും അതിനായി ഒരു നീണ്ട മുന്നൊരുക്കത്തിന്റെ ആവശ്യമില്ലെന്നുമാണ് ജെയ്ന്‍ ലൂയിസ് മക്ഗ്രാത്ത് നല്‍കുന്ന പാഠം. സിഡ്നിയിലെ ഗാരിസണ്‍ ചര്‍ച്ചിലെ സെമിത്തേരിയില്‍ ജെയ്ന്‍ വിശ്രമിക്കുന്നത് ജിവിതത്തിന്റെ കൊടിപ്പടം താഴ്ത്താന്‍ മരണത്തിനു കഴിയില്ല എന്ന് ഓര്‍മിപ്പിച്ചു കൊണ്ടാണ്.

(കണിക്കൊന്ന മാഗസിനില്‍ കളിക്കളത്തില്‍ പ്രസിദ്ധീകരിച്ചത്, Monday, 20 October 2008)