Friday, December 10, 2010

അച്ഛന്റെ ''സെന്റിമെന്റല്‍ ഇഡിയറ്റിന്'' ലാല്‍സലാം

ചൂടും ചൂരും ചടുലതയും മാറ്റിനിര്‍ത്തിയ പ്രണയത്തിന്റെ നനുത്ത ആലസ്യത്തിന്റെ ദൃശ്യഭാഷയായിരുന്നു മലയാളത്തിന്റെ വേണുനാഗവള്ളി. ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യേണ്ട സമയത്ത് ചെയ്യാതെ അവസരങ്ങള്‍ പാഴാക്കിക്കളയുന്ന ഒരാള്‍ എന്നതായിരുന്നു അദ്ദേഹത്തെക്കുറിച്ച് ഒരു പരിധി വരെ സ്വീകാര്യമായ വിശേഷണം. നിരാശാഭാവം നിറഞ്ഞ കാമുകവേഷങ്ങള്‍ കൊണ്ട് പ്രണയാതുരഭാവങ്ങള്‍ക്ക് മുഖപ്പകര്‍ച്ച നല്‍കിയ വേണുനാഗവള്ളി പലതും സ്വജീവിതത്തില്‍ നിന്നും കടമെടുത്തതായിരുന്നു എന്ന് തുറന്നു സമ്മതിച്ചിരുന്നു. സുഖമോ ദേവിയെ ആത്മകഥാകഥനമെന്നുവരെ വിളിക്കുകയും ഏറിയ മിടുക്കുകള്‍ ആവശ്യമായ പ്രണയമെന്ന കലയില്‍ താന്‍ അഗ്രഗണ്യനല്ല എന്നു സമ്മതിക്കുകയും ചെയ്തു. പ്രണയിനിയുടെ വികാരവിക്ഷോഭങ്ങളെ മനസിലാക്കാനോ പൊരുത്തപ്പെടാനോ തൃപ്തിപ്പെടുത്താനോ കഴിയാത്ത വിഷാദഭാവം പകര്‍ന്ന ഏറെ നായകവേഷങ്ങളില്‍ മലയാളി വേണു നാഗവള്ളിയെ കണ്ടു. എന്നാല്‍ നഷ്ടമായ യൗവനം അതേയളവില്‍ ദൈവം തിരിച്ചുതന്നാലും തനിക്ക് വേഷപ്പകര്‍ച്ചയില്ലാത്ത വേണു നാഗവള്ളിയാകാന്‍ മാത്രമേ കഴിയൂ എന്നും അദ്ദേഹം ആവര്‍ത്തിച്ചു. സ്‌നേഹപൂര്‍വ്വം അച്ഛന്‍ ഒരിക്കല്‍ തന്നെ സെന്റിമെന്റല്‍ ഇഡിയറ്റ് എന്നുവരെ വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.

അക്ഷരങ്ങള്‍ തേടി തിരഞ്ഞുപോകേണ്ടതില്ലാത്ത ഒരു ബാല്യമായിരുന്നു വേണു നാഗവള്ളിയുടേത്. പുരോഗമന കലാസാഹിത്യപ്രസ്ഥാനത്തിന്റെ ഏറ്റവും ശക്തരായ വക്താക്കളില്‍ ഒരാളായിരുന്നു അച്ഛന്‍ നാഗവള്ളി ആര്‍ എസ് കുറുപ്പ്. അച്ഛനെക്കാണാനായെത്തുന്ന വൈക്കം മുഹമ്മദ് ബഷീര്‍, കേശവദേവ്, മഹാകവി പി കുഞ്ഞിരാമന്‍ നായര്‍, ജി ശങ്കരക്കുറുപ്പ്, തിക്കോടിയന്‍, എന്‍ എന്‍ കക്കാട് എന്നുതുടങ്ങി വളരെ ചെറുപ്പത്തില്‍ തന്നെ തലപ്പൊക്കമുള്ള എഴുത്തുകാരുമായി ഇടപെട്ടതിന്റെ ഗരിമ വേണു നാഗവള്ളിയുടെ എഴുത്തിലും ചലനങ്ങളിലും കാണാം. നാട്യങ്ങളും അതിഭാവുകത്വങ്ങളുമില്ലാത്ത അക്ഷരങ്ങളെ മാത്രം ശീലിക്കുകയും മാറിയ കാലത്തിന്റെ വേഗതയ്‌ക്കൊക്കാതെയും പത്ത് വര്‍ഷങ്ങളോളം നീണ്ട മൗനത്തിലായിരുന്നു വേണുനാഗവള്ളി. കഴിഞ്ഞ വര്‍ഷം ഭാര്യ സ്വന്തം സുഹൃത്ത് എന്ന ചിത്രം ഏറിയ ശ്രദ്ധ നേടിയില്ലെങ്കിലും സംവിധായകന്‍ എന്ന നിലയില്‍ താന്‍ സംതൃപ്തനായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. മലയാളിയുടെ മാറുന്ന ശീലങ്ങളിലേക്ക് മാറിനിന്നുള്ള നോക്കിക്കാഴ്ചകളുമായി ഇനിയുമേറെ കഥകള്‍ പറയാന്‍ വെമ്പിനില്‍ക്കുകയായിരുന്നു വേണു നാഗവള്ളി.

ഒരുപാട് പരിമിതികള്‍ക്കുള്ളിലായിരുന്നു വേണു നാഗവള്ളിയുടെ സംവിധായകജീവിതം. സംവിധായകന്‍ നല്ല കഥറച്ചിലുകാരന്‍ ആയിരിക്കണമെന്ന പപ്പേട്ടന്‍ തിയറിയായിരുന്നു ടെക്‌നോളജിയെ അമിതമായി ആശ്രയിക്കാന്‍ ഇഷ്ടപ്പെടാതിരുന്ന അദ്ദേഹത്തിനു പ്രിയം. ഷാജി കൈലാസ് മോഡല്‍ ചിത്രങ്ങളെ ആശ്ചര്യത്തോടെ നോക്കിക്കാണാനല്ലാതെ അതില്‍ ഭാഗഭാക്കാനുള്ള വേഗത സ്വായത്തമാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. അതുകൊണ്ട് തന്നെയാകണം പതിറ്റാണ്ട് നീണ്ട മൗനത്തിനിപ്പുറവും പച്ചയായ ചിത്രങ്ങളിലേക്ക് മാത്രം അദ്ദേഹം ആകര്‍ഷിക്കപ്പെടുന്നതും. മരണത്തിന്റെ സൗന്ദര്യത്തെ ചിത്രികരിച്ചുമതിയാകാത്ത ഒരു മനസുണ്ടായിരുന്നു അദ്ദേഹത്തിന്. തൈക്കാട് താമസസ്ഥലത്തിനടുത്തുകൂടെ ശ്മശാനത്തിലേക്ക് കൊണ്ടുപോകുന്ന ശവങ്ങളെക്കുറിച്ച് അദ്ദേഹം വാതോരാതെ പറഞ്ഞിട്ടുണ്ട്. ശവങ്ങളുടെ മുടി കത്തിയെരിയുന്ന മണം കേട്ടാല്‍ മാത്രം ശാന്തമാകുന്ന മനസ്സുമായി ശവവെളിച്ചം എന്നൊരു ചെറുകഥയും അദ്ദേഹത്തിന്റോതായുണ്ട്. പ്രണയവും മരണവും നിത്യസത്യമെന്നു തിരിച്ചറിഞ്ഞ പ്രിയ കഥാകാരനു ഏറെക്കാലം അടുത്തുനിന്നു നോക്കിക്കണ്ട തൈക്കാട് ശ്മശാനം ഒടുവില്‍ അന്ത്യവിശ്രമത്തിന് ഇടമൊരുക്കുകയാണ്.

നിരാശാ കാമുകന്റെ വേദനയ്ക്കപ്പുറത്ത് വിപ്ലവത്തിന്റെ കഥകള്‍ പാടിയ കത്തുന്ന ഒരെഴുത്തുകാരനെയും അദ്ദേഹം ഉള്ളില്‍ കൊണ്ടുനടന്നു. ലാല്‍സലാം, രക്തസാക്ഷികള്‍ സിന്ദാബാദ് എന്നീ ചിത്രങ്ങള്‍ വേണുനാഗവള്ളിയുടെ സംവിധായകവേഷത്തിന് പുതിയ ഭാവങ്ങള്‍ പകര്‍ന്നു. നാടകകൃത്തും, തിരക്കഥാകൃത്തും, സംവിധായകനും ആകാശവാണി ആര്‍ട്ടിസ്റ്റുമായിരുന്ന നാഗവള്ളി ആര്‍. എസ് കുറുപ്പിന്റെയും രാജമ്മയുടെയും മകനായി 1949 ഏപ്രില്‍ 16നാണ് വേണുനാഗവളളി ജനിക്കുന്നത്. തിരുവനന്തുരത്തെ മോഡല്‍ സ്‌കൂള്‍, എം ജി കോളേജ്, ആര്‍ട്‌സ് കോളേജ്, മാര്‍ ഇവാനിയോസ്, യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ആകാശവാണിയില്‍ പ്രോഗ്രാം അനൗണ്‍സറായി തൊഴില്‍ജീവിതം. കെ.ജി. ജോര്‍ജിന്റെ ഉള്‍ക്കടല്‍ എന്ന ചിത്രത്തിലൂടെയാണ് വേണു നാഗവള്ളി മലയാള സിനിമയില്‍ സ്വന്തമായൊരിടം കണ്ടെത്തുന്നത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ ആ അഭിനയമികവ് കേരളം കണ്ടു. ശാലിനി എന്റെ കൂട്ടുകാരി, യവനിക, ലേഖയുടെ മരണം ഒരു ഫ്‌ളാഷ്ബാക്ക്, ചില്ല്, ആദാമിന്റെ വാരിയെല്ല്, ആരാന്റെ മുല്ല കൊച്ചുമുല്ല, വാര്‍ത്ത, ദേവദാസ്, മിന്നാരം, ഹരികൃഷ്ണന്‍സ്, കാഴ്ച, ഫോട്ടോഗ്രാഫര്‍, രൗദ്രം, പതാക, ഭാഗ്യദേവത, തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. സൂപ്പര്‍ ഹിറ്റുകളായ സര്‍വകലാശാല, ഏയ് ഓട്ടോ, കിലുക്കം എന്നിവയുടെ തിരക്കഥയും സര്‍വകലാശാല, ലാല്‍സലാം, രക്തസാക്ഷികള്‍ സിന്ദാബാദ്, അഗ്‌നിദേവന്‍, ആയിരപ്പറ തുടങ്ങിയവയുടെ സംവിധാനവും. മീര ഭാര്യയും എല്‍.എല്‍.എം വിദ്യാര്‍ത്ഥിയായ വിവേക് ഏകമകനുമാണ്.

2 comments:

  1. ഇനിയും നല്ല വരികള്‍ ഉതിരട്ടെ ഈ തൂലിക തുമ്പില്‍ നിന്നും..

    ReplyDelete