Monday, April 30, 2012

വിധിന്യായങ്ങള്‍ ഒത്തുതീര്‍പ്പ് ഫോര്‍മുലകളാകരുത്

1975 ജൂണ്‍ പന്ത്രണ്ടിനാണ് തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ കൃത്രിമം കാണിച്ചുവെന്ന് കണ്ടെത്തി പ്രധാനമന്ത്രിയായ ഇന്ദിരാഗാന്ധിയോട് തല്‍സ്ഥാനം രാജിവെക്കാന്‍ നിര്‍ദ്ദേശിക്കുകയും അവരുടെ പാര്‍ലമെന്റംഗത്വം റദ്ദാക്കുകയും ചെയ്തതായി അലഹാബാദ് ഹൈക്കോടതി വിധി പറയുന്നത്. തുടര്‍ന്നുണ്ടായ അടിയന്തിരാവസ്ഥയെയും അതിനെ വെല്ലുന്ന സാമുദായിക കലാപങ്ങള്‍ക്കും കടന്ന് ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം അതേ കോടതി സുപ്രധാനമായ മറ്റൊരു വിധി വായിച്ചു. ഒത്തുതീര്‍പ്പുകള്‍ സാധ്യമല്ല എന്ന് കക്ഷികള്‍ നിലപാട് വ്യക്തമാക്കിയ വിഷയത്തില്‍ നിര്‍ബന്ധപൂര്‍വ്വം ഒരു ഒത്തുതീര്‍പ്പുഫോര്‍മുല അവതരിപ്പിക്കുകയായിരുന്നു ഹൈക്കോടതി.


കോടതിവിധികള്‍ റഫറന്‍സ് ആകുമെന്നിരിക്കേ സമാനമായ ആയിരക്കണക്കിന് കേസുകളില്‍ എന്തായിരിക്കും വിധി എന്നറിയാനുളള ആകാംക്ഷ സാധാരണജനത്തിനുണ്ട്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള വസ്തുവിനും കെട്ടിടത്തിനും മേല്‍ പതിറ്റാണ്ടുകളായി തുടരുന്ന വ്യവഹാരത്തില്‍ ഇരുപക്ഷത്തിനും സ്വീകാര്യമായ പരിഹാരം എന്നൊന്നില്ലെന്നത് നേരത്തെതന്നെ ഏറെക്കുറെ വ്യക്തമായിരുന്നതാണ്. തര്‍ക്കസ്ഥലങ്ങള്‍ വീതിച്ചുനല്‍കി കലാപങ്ങള്‍ ഒഴിവാക്കുന്ന പൊടിക്കൈകളാണോ ജൂഡീഷ്യറിയില്‍ നിന്നും പ്രതീക്ഷിക്കുന്നതെന്ന ചോദ്യമാണ് ഇവിടെ പ്രസക്തമാകുന്നത്. രാഷ്ട്രീയക്കാരിലും ബ്യൂറോക്രസിയിലും വിശ്വാസം നഷ്ടമായിക്കൊണ്ടിരിക്കുന്ന ജനത നല്ല സന്ദേശങ്ങള്‍ക്കായി ഉറ്റുനോക്കുന്നത് കോടതിയെയാണ്. മൂന്ന് ജഡ്ജിമാരുടെയും അഭിപ്രായങ്ങള്‍ വ്യത്യസ്തമായിരുന്നു എന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത്. നാലു ഹര്‍ജികളാണ് അയോധ്യാ കേസില്‍ കോടതിയുടെ മുന്‍പിലുണ്ടായിരുന്നത്. ചിലവിഷയങ്ങളില്‍ ജഡ്ജിമാരായ ഖാനും അഗര്‍വാളും യോജിച്ചു. ചിലതില്‍ അഗര്‍വാളും ശര്‍മയും യോജിച്ചപ്പോള്‍ മറ്റുചിലതില്‍ ഖാനും ശര്‍മയ്ക്കും ഒരേ അഭിപ്രായയമായിരുന്നു.

 മൂന്നംഗങ്ങളുള്ള ബെഞ്ചില്‍ ഒരേ വിഷയത്തില്‍ ഏതെങ്കിലും രണ്ടു ജഡ്ജിമാര്‍ ഒരേ നിലപാടെടുത്താല്‍ അതു ഭൂരിപക്ഷ വിധിയായി കണക്കാക്കണമെന്നാണ് വ്യവസ്ഥ. അങ്ങിനെ രണ്ടുപേര്‍ യോജിപ്പിലെത്തിയ കാര്യങ്ങള്‍ ഫലത്തില്‍ ഭൂരിപക്ഷ വിധിയായി. തര്‍ക്കഭൂമി മൂന്നായി വിഭജിക്കണമെന്ന് വിധിച്ചത് ജഡ്ജിമാരായ ഖാനും അഗര്‍വാളുമാണ്. എന്നാല്‍ ഭൂമി മുഴുവനും ഹിന്ദുക്കള്‍ക്ക് അവകാശപ്പെട്ടതാണെന്ന നിലപാടായിരുന്നു ജസ്റ്റിസ് ശര്‍മയ്ക്ക്. വിഗ്രഹങ്ങള്‍ 1949 ഡിസംബര്‍ 22നു രാത്രിയില്‍ മസ്ജിദിനുള്ളില്‍ കടത്തുകയായിരുന്നുവെന്നതില്‍ മൂന്നു ജഡ്ജിമാരും യോജിക്കുകയായിരുന്നു. പ്രത്യക്ഷത്തില്‍ നീതിപൂര്‍വ്വമെന്നു തോന്നാമെങ്കിലും വിധിയിലേക്ക് നയിച്ച വിശകലനങ്ങളിലും അന്തിമവിധിയില്‍ത്തന്നെയും പൊരുത്തക്കേടുകളുണ്ട്.

മൂന്ന് കക്ഷികളെയും തൃപ്തിപ്പെടുത്താന്‍ വേണ്ടി മൂന്ന് ഭാഗങ്ങളായി വിഭജിച്ച കോടതി നാലോ അതില്‍ക്കൂടുതലോ കക്ഷികളുണ്ടായിരുന്നെങ്കില്‍ എന്ത് നിലപാടെടുക്കുമായിരുന്നു എന്നതാണ് അവയിലൊന്ന്. ഒരുപോലെ കേസ് പഠിച്ച മൂന്ന് ജഡ്ജിമാര്‍ക്കുപോലും ഏകാഭിപ്രായത്തിലെത്താന്‍ കഴിയാത്ത ഒരുവിധിയെ ഒരുവലിയ ജനത എങ്ങനെ സ്വീകരിക്കുമെന്നത് ന്യായമായ ആശങ്കയാണ്. അത് കോടതിവിധിയോടുള്ള അനാദരവല്ല, മറിച്ച് ഒത്തുതീര്‍പ്പുഫോര്‍മുലകള്‍ തയ്യാറാക്കലല്ല ജൂഡീഷ്യറുടെ ചുമതലയെന്നും അത് ചെയ്യേണ്ടിയിരുന്നത് കോടതിക്ക് പുറത്താണെന്നുമുള്ള ഓര്‍മപ്പെടുത്തല്‍ മാത്രമാണ്. തര്‍ക്കഭൂമിയുടെ പൂര്‍ണമായ ഉടമസ്ഥാവകാശം ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് സുന്നി കേന്ദ്ര വഖഫ് ബോര്‍ഡും നിര്‍മോഹി അഖാഡയും നല്‍കിയ ഹര്‍ജികള്‍ കോടതി തള്ളിക്കളഞ്ഞു. പട്ടയ കേസുകളില്‍ നിയമാനുസൃതമായി പാലിക്കേണ്ട പരിധികള്‍ക്കുള്ളിലല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഇത്. സ്വന്തം ഭൂമിയാണെന്ന് തെളിയിക്കാന്‍ ഒരു കക്ഷിക്കും സാധിക്കാതിരുന്ന സാഹചര്യത്തില്‍ ഇവിടം പൊതുമുതലായി ഏറ്റെടുക്കുകയെന്നത് സ്വീകാര്യമായ ഒരു പോംവഴിയാകുമായിരുന്നു. ചരിത്രഗവേഷണത്തിനുള്ള സര്‍വ്വകലാശാലയോ പബ്ലിക് ലൈബ്രറിയോ മ്യൂസിയമോ ആയി മുഴുവന്‍ ആളുകള്‍ക്കും പ്രവേശനം സാധ്യമാകുന്ന ഒരിടമാക്കിമാറ്റുന്നത് പരിഗണിക്കാമായിരുന്നു.എന്നാല്‍ തര്‍ക്കപ്രദേശത്തെ മൂന്നായി വിഭജിച്ച് കക്ഷികള്‍ക്ക് പകുത്തുനല്‍കിയ കോടതിവിധി പൂര്‍ണമാണന്ന് കരുതുക എളുപ്പമല്ല. ജാതിയുടെയും മതത്തിന്റെയും പേരില്‍ ഒരിക്കല്‍ വെട്ടിമുറിക്കപ്പെട്ട രാജ്യത്തെ കേവലമൊരു തര്‍ക്കപ്രദേശത്തിന്റെ പേരില്‍ വീണ്ടുമൊരു വിഭജനത്തിലേക്ക് നയിക്കുന്നത് ലോകത്തെ ഏറ്റവും വലിയ ജനാധിപപത്യരാഷട്രത്തിന് ഭൂഷണമാകില്ല. നീതിനിഷേധിക്കപ്പെട്ടു എന്ന് ഒരുവിഭാഗത്തിനു തോന്നലുണ്ടെന്നത് ന്യായമാണ്. രാജ്യതാല്പര്യം മുന്‍നിര്‍ത്തി നിയമത്തിന്റെ പാതയില്‍ മാത്രം മുന്നോട്ടുപോകുവാന്‍ അവര്‍ തയ്യാറാകുന്നു എന്നത് അഭിനന്ദനാര്‍ഹമായ കാര്യമാണ്. എങ്കിലും ന്യായമായ വിധികള്‍ക്ക് പകരം പ്രായോഗികമായ വിധികള്‍ നീതിപീഠത്തില്‍ നിന്നും പുറത്തുവരുന്നത് എന്നത് ആരോഗ്യകരമാണോ എന്ന് ചിന്തിക്കേണ്ടതുണ്ട്.

തര്‍ക്കസ്ഥലം പൊതുമുതലായി ഏറ്റെടുത്തതുകൊണ്ട് തകര്‍ന്നുപോകുന്നതാണ് രാജ്യത്തിന്റെ ക്രമസമാധാനമെന്നും കലാപമൊഴിവാക്കാന്‍വേണ്ടി പ്രായോഗികമായ വഴി സ്വീകരിച്ചു എന്നുമുള്ള വാദങ്ങള്‍ വിശ്വസനീയമല്ല. ഇത്തരം അയഞ്ഞ സമീപനങ്ങള്‍ സൃഷ്ടിക്കുന്ന കീഴ്‌വഴക്കങ്ങള്‍ അനാവശ്യ മാതൃകകളായിരിക്കുമെന്നതില്‍ തര്‍ക്കമില്ല. കുറ്റക്കാരനെന്നു കണ്ടെത്തുന്ന പക്ഷം പ്രധാനമന്ത്രിയോട് പോലും കളമൊഴിയാന്‍ ആവശ്യപ്പെടാന്‍ കരുത്തുള്ള നീതിപീഠങ്ങള്‍ സേഫ് കാര്‍ഡുകള്‍ കളത്തിലിറക്കി മാറിനില്‍ക്കുന്നത് ആശാസ്യമല്ലതന്നെ.

Thursday, March 15, 2012

അച്ഛന്റെ ''സെന്റിമെന്റല്‍ ഇഡിയറ്റിന്'' ലാല്‍സലാം

ചൂടും ചൂരും ചടുലതയും മാറ്റിനിര്‍ത്തിയ പ്രണയത്തിന്റെ നനുത്ത ആലസ്യത്തിന്റെ ദൃശ്യഭാഷയായിരുന്നു മലയാളത്തിന്റെ വേണുനാഗവള്ളി. ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യേണ്ട സമയത്ത് ചെയ്യാതെ അവസരങ്ങള്‍ പാഴാക്കിക്കളയുന്ന ഒരാള്‍ എന്നതായിരുന്നു അദ്ദേഹത്തെക്കുറിച്ച് ഒരു പരിധി വരെ സ്വീകാര്യമായ വിശേഷണം. നിരാശാഭാവം നിറഞ്ഞ കാമുകവേഷങ്ങള്‍ കൊണ്ട് പ്രണയാതുരഭാവങ്ങള്‍ക്ക് മുഖപ്പകര്‍ച്ച നല്‍കിയ വേണുനാഗവള്ളി പലതും സ്വജീവിതത്തില്‍ നിന്നും കടമെടുത്തതായിരുന്നു എന്ന് തുറന്നു സമ്മതിച്ചിരുന്നു. സുഖമോ ദേവിയെ ആത്മകഥാകഥനമെന്നുവരെ വിളിക്കുകയും ഏറിയ മിടുക്കുകള്‍ ആവശ്യമായ പ്രണയമെന്ന കലയില്‍ താന്‍ അഗ്രഗണ്യനല്ല എന്നു സമ്മതിക്കുകയും ചെയ്തു.


പ്രണയിനിയുടെ വികാരവിക്ഷോഭങ്ങളെ മനസിലാക്കാനോ പൊരുത്തപ്പെടാനോ തൃപ്തിപ്പെടുത്താനോ കഴിയാത്ത വിഷാദഭാവം പകര്‍ന്ന ഏറെ നായകവേഷങ്ങളില്‍ മലയാളി വേണു നാഗവള്ളിയെ കണ്ടു. എന്നാല്‍ നഷ്ടമായ യൗവനം അതേയളവില്‍ ദൈവം തിരിച്ചുതന്നാലും തനിക്ക് വേഷപ്പകര്‍ച്ചയില്ലാത്ത വേണു നാഗവള്ളിയാകാന്‍ മാത്രമേ കഴിയൂ എന്നും അദ്ദേഹം ആവര്‍ത്തിച്ചു. സ്‌നേഹപൂര്‍വ്വം അച്ഛന്‍ ഒരിക്കല്‍ തന്നെ സെന്റിമെന്റല്‍ ഇഡിയറ്റ് എന്നുവരെ വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു. അക്ഷരങ്ങള്‍ തേടി തിരഞ്ഞുപോകേണ്ടതില്ലാത്ത ഒരു ബാല്യമായിരുന്നു വേണു നാഗവള്ളിയുടേത്. പുരോഗമന കലാസാഹിത്യപ്രസ്ഥാനത്തിന്റെ ഏറ്റവും ശക്തരായ വക്താക്കളില്‍ ഒരാളായിരുന്നു അച്ഛന്‍ നാഗവള്ളി ആര്‍ എസ് കുറുപ്പ്.

അച്ഛനെക്കാണാനായെത്തുന്ന വൈക്കം മുഹമ്മദ് ബഷീര്‍, കേശവദേവ്, മഹാകവി പി കുഞ്ഞിരാമന്‍ നായര്‍, ജി ശങ്കരക്കുറുപ്പ്, തിക്കോടിയന്‍, എന്‍ എന്‍ കക്കാട് എന്നുതുടങ്ങി വളരെ ചെറുപ്പത്തില്‍ തന്നെ തലപ്പൊക്കമുള്ള എഴുത്തുകാരുമായി ഇടപെട്ടതിന്റെ ഗരിമ വേണു നാഗവള്ളിയുടെ എഴുത്തിലും ചലനങ്ങളിലും കാണാം. നാട്യങ്ങളും അതിഭാവുകത്വങ്ങളുമില്ലാത്ത അക്ഷരങ്ങളെ മാത്രം ശീലിക്കുകയും മാറിയ കാലത്തിന്റെ വേഗതയ്‌ക്കൊക്കാതെയും പത്ത് വര്‍ഷങ്ങളോളം നീണ്ട മൗനത്തിലായിരുന്നു വേണുനാഗവള്ളി. കഴിഞ്ഞ വര്‍ഷം ഭാര്യ സ്വന്തം സുഹൃത്ത് എന്ന ചിത്രം ഏറിയ ശ്രദ്ധ നേടിയില്ലെങ്കിലും സംവിധായകന്‍ എന്ന നിലയില്‍ താന്‍ സംതൃപ്തനായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. മലയാളിയുടെ മാറുന്ന ശീലങ്ങളിലേക്ക് മാറിനിന്നുള്ള നോക്കിക്കാഴ്ചകളുമായി ഇനിയുമേറെ കഥകള്‍ പറയാന്‍ വെമ്പിനില്‍ക്കുകയായിരുന്നു വേണു നാഗവള്ളി.


ഒരുപാട് പരിമിതികള്‍ക്കുള്ളിലായിരുന്നു വേണു നാഗവള്ളിയുടെ സംവിധായകജീവിതം. സംവിധായകന്‍ നല്ല കഥറച്ചിലുകാരന്‍ ആയിരിക്കണമെന്ന പപ്പേട്ടന്‍ തിയറിയായിരുന്നു ടെക്‌നോളജിയെ അമിതമായി ആശ്രയിക്കാന്‍ ഇഷ്ടപ്പെടാതിരുന്ന അദ്ദേഹത്തിനു പ്രിയം. ഷാജി കൈലാസ് മോഡല്‍ ചിത്രങ്ങളെ ആശ്ചര്യത്തോടെ നോക്കിക്കാണാനല്ലാതെ അതില്‍ ഭാഗഭാക്കാനുള്ള വേഗത സ്വായത്തമാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. അതുകൊണ്ട് തന്നെയാകണം പതിറ്റാണ്ട് നീണ്ട മൗനത്തിനിപ്പുറവും പച്ചയായ ചിത്രങ്ങളിലേക്ക് മാത്രം അദ്ദേഹം ആകര്‍ഷിക്കപ്പെടുന്നതും. മരണത്തിന്റെ സൗന്ദര്യത്തെ ചിത്രികരിച്ചുമതിയാകാത്ത ഒരു മനസുണ്ടായിരുന്നു അദ്ദേഹത്തിന്. തൈക്കാട് താമസസ്ഥലത്തിനടുത്തുകൂടെ ശ്മശാനത്തിലേക്ക് കൊണ്ടുപോകുന്ന ശവങ്ങളെക്കുറിച്ച് അദ്ദേഹം വാതോരാതെ പറഞ്ഞിട്ടുണ്ട്.


ശവങ്ങളുടെ മുടി കത്തിയെരിയുന്ന മണം കേട്ടാല്‍ മാത്രം ശാന്തമാകുന്ന മനസ്സുമായി ശവവെളിച്ചം എന്നൊരു ചെറുകഥയും അദ്ദേഹത്തിന്റോതായുണ്ട്. പ്രണയവും മരണവും നിത്യസത്യമെന്നു തിരിച്ചറിഞ്ഞ പ്രിയ കഥാകാരനു ഏറെക്കാലം അടുത്തുനിന്നു നോക്കിക്കണ്ട തൈക്കാട് ശ്മശാനം ഒടുവില്‍ അന്ത്യവിശ്രമത്തിന് ഇടമൊരുക്കുകയാണ്. നിരാശാ കാമുകന്റെ വേദനയ്ക്കപ്പുറത്ത് വിപ്ലവത്തിന്റെ കഥകള്‍ പാടിയ കത്തുന്ന ഒരെഴുത്തുകാരനെയും അദ്ദേഹം ഉള്ളില്‍ കൊണ്ടുനടന്നു. ലാല്‍സലാം, രക്തസാക്ഷികള്‍ സിന്ദാബാദ് എന്നീ ചിത്രങ്ങള്‍ വേണുനാഗവള്ളിയുടെ സംവിധായകവേഷത്തിന് പുതിയ ഭാവങ്ങള്‍ പകര്‍ന്നു. നാടകകൃത്തും, തിരക്കഥാകൃത്തും, സംവിധായകനും ആകാശവാണി ആര്‍ട്ടിസ്റ്റുമായിരുന്ന നാഗവള്ളി ആര്‍. എസ് കുറുപ്പിന്റെയും രാജമ്മയുടെയും മകനായി 1949 ഏപ്രില്‍ 16നാണ് വേണുനാഗവളളി ജനിക്കുന്നത്. തിരുവനന്തുരത്തെ മോഡല്‍ സ്‌കൂള്‍, എം ജി കോളേജ്, ആര്‍ട്‌സ് കോളേജ്, മാര്‍ ഇവാനിയോസ്, യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ആകാശവാണിയില്‍ പ്രോഗ്രാം അനൗണ്‍സറായി തൊഴില്‍ജീവിതം.

കെ.ജി. ജോര്‍ജിന്റെ ഉള്‍ക്കടല്‍ എന്ന ചിത്രത്തിലൂടെയാണ് വേണു നാഗവള്ളി മലയാള സിനിമയില്‍ സ്വന്തമായൊരിടം കണ്ടെത്തുന്നത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ ആ അഭിനയമികവ് കേരളം കണ്ടു. ശാലിനി എന്റെ കൂട്ടുകാരി, യവനിക, ലേഖയുടെ മരണം ഒരു ഫ്‌ളാഷ്ബാക്ക്, ചില്ല്, ആദാമിന്റെ വാരിയെല്ല്, ആരാന്റെ മുല്ല കൊച്ചുമുല്ല, വാര്‍ത്ത, ദേവദാസ്, മിന്നാരം, ഹരികൃഷ്ണന്‍സ്, കാഴ്ച, ഫോട്ടോഗ്രാഫര്‍, രൗദ്രം, പതാക, ഭാഗ്യദേവത, തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. സൂപ്പര്‍ ഹിറ്റുകളായ സര്‍വകലാശാല, ഏയ് ഓട്ടോ, കിലുക്കം എന്നിവയുടെ തിരക്കഥയും സര്‍വകലാശാല, ലാല്‍സലാം, രക്തസാക്ഷികള്‍ സിന്ദാബാദ്, അഗ്‌നിദേവന്‍, ആയിരപ്പറ തുടങ്ങിയവയുടെ സംവിധാനവും. മീര ഭാര്യയും എല്‍.എല്‍.എം വിദ്യാര്‍ത്ഥിയായ വിവേക് ഏകമകനുമാണ്.

Monday, November 14, 2011

വെടിക്കെട്ടുകാര്‍ ഉടുക്കുകൊട്ടുന്നു; മുംബൈയ്ക്ക് വെറുതെ ഒരു കപ്പ്


ടൂര്‍ണമെന്റ് തുടങ്ങുന്നതിനുമുമ്പ് തന്നെ പകുതിയോളം കളിക്കാര്‍ പരിക്കേറ്റ് പിന്മാറിയ ഒരു ടീം. കളിക്കാന്‍ ആളെ തികയാതെ വന്നപ്പോള്‍ അഞ്ച് വിദേശികളെ ഒന്നിച്ച് കളത്തിലിറക്കാന്‍ ഐ.സി.സിയില്‍നിന്നും അനുമതി സമ്പാദിച്ച് വിവാദത്തിലായ ടീം. ഇത്തവണത്തെ ട്വന്റി-20 ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കിയ മുംബൈ ഇന്ത്യന്‍സിനെക്കുറിച്ച് ഇനിയും വിശേഷണങ്ങളേറെ. ക്രിക്കറ്റിന്റെ ചക്രവര്‍ത്തിയും തങ്ങളുടെ ക്യാപ്റ്റനുമായ സച്ചിന്‍ തെണ്ടുല്‍ക്കറില്ലാതെ ചാമ്പ്യന്‍സ് ലീഗ് മുഴുവന്‍ കളിക്കേണ്ടിവരുമെന്ന് മുംബൈയുടെ ക്രിക്കറ്റ് ലോകം നിനച്ചതേയില്ല. എന്നാല്‍ ഇംഗ്ലണ്ട് പര്യടനത്തിനിടെയേറ്റ പരിക്ക് സച്ചിന്റെ ചാമ്പ്യന്‍സ് ലീഗ് മോഹങ്ങളെ അമ്പേ തകര്‍ത്തുകളഞ്ഞു. സച്ചിന്‍ മാത്രമല്ല, പ്രതിഭാശാലിയായ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരായ രോഹിത് ശര്‍മ, തിരുമലശെട്ടി സുമന്‍, ഫാസ്റ്റ് ബൗളര്‍മാരായ മുനാഫ് പട്ടേല്‍, ധവാല്‍ കുല്‍ക്കര്‍ണി എന്നീ മുന്‍നിര കളിക്കാരുമില്ലാതെയാണ് മുംബൈ ഈ ചാമ്പ്യന്‍സ് ലീഗ് കളിക്കാനിറങ്ങിയതും കിരീടവുമായി തിരിച്ചുകയറിയതും.

ചാമ്പ്യന്‍സ് ലീഗിന്റെ ആദ്യദിവസങ്ങളില്‍ത്തന്നെ വിക്കറ്റ് കീപ്പറും ഓപ്പണിംഗിലെ മിന്നല്‍പ്പിണരുമായ ഡേവി ജേക്കബ്‌സ് പരിക്കേറ്റ് പിന്മാറി. പരിക്കിന്റ പേരില്‍ ടീമില്‍നിന്നും പുറത്തുപോയ സൂര്യകുമാര്‍ യാദവ് തൊട്ടടുത്ത ദിവസം മഹാരാഷ്ട്രയിലെ പ്രാദേശിക ടീമിനുവേണ്ടി 182 റണ്‍സടിച്ച് മുംബൈ ഇന്ത്യന്‍സിന്റെ അവശേഷിച്ച ക്രഡിബിലിറ്റിയിലേക്കും ചോദ്യചിഹ്നമുയര്‍ത്തി. സംഭവം വിവാദമായതോടെ യാദവ് ടീമിലെത്തുകയും ഫോമൗട്ടായി കാലംകഴിച്ചുവന്ന ആന്‍ഡ്രൂ സൈമണ്ട്‌സ് ആദ്യ ഇലവനില്‍ നിന്നു പുറത്തുപോവുകയും ചെയ്തു. ഇതെല്ലാം കളിക്കളത്തിനുപുറത്തെ കളികള്‍. കളിക്കളത്തില്‍ പക്ഷേ ഭാഗ്യം മുംബൈയോട് സഖ്യം പ്രഖ്യാപിച്ചിരിക്കുകയായിരുന്നു. തീരെ നിനച്ചിരിക്കാതെ അവര്‍ക്ക് ഓരോ രക്ഷകരെ വീണുകിട്ടി. അവര്‍ക്കെതിരെ കളിച്ചവര്‍ അവസാനപന്തുവരെ പൊരുതിയ ശേഷം വിജയം മാത്രം കൈവിട്ട് തിരിച്ചുകയറി. ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ ഒരുനീണ്ട പരമ്പര കളിച്ചശേഷമാണ് മുംബൈ ഇന്ത്യന്‍സ് എന്ന വിലകൂടിയ ഐ.പി.എല്‍. ക്രിക്കറ്റ് ടീം നടാടെ ഒരു കിരീടത്തില്‍ മുത്തമിടുന്നത്.

ചെന്നൈയ്‌ക്കെതിരെ കളിമറന്ന മുന്‍നിര പൊടുന്നനെ കൂടാരം കയറിയപ്പോള്‍ ബാറ്റിംഗില്‍ രക്ഷകവേഷം കെട്ടിയത് ലങ്കന്‍ ഫാസ്റ്റ് ബൗളര്‍ ലസിത് മലിംഗയാണ്. ബൗളിംഗിലെ മികവ് ബാറ്റിംഗിലേക്കും മലിംഗ സന്നിവേശിപ്പിച്ചപ്പോള്‍ മുംബൈയ്ക്ക് ജയം തലനാരിഴയ്ക്ക് സ്വന്തം. ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയ്‌ക്കെതിരെ കേവലം 98 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ മുംബൈ ഇന്ത്യന്‍സ് ഏകദേശം കളി തോറ്റതാണ്. 19.5 ഓവറിലും മരിച്ചെറിയുകയും പറന്നുപിടിക്കുകയും ചെയ്ത ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ അവസാനപന്തില്‍ കളിമറന്നപ്പോള്‍ മുംബൈയ്ക്ക് ലഭിച്ചത് വിലപ്പെട്ട രണ്ട് പോയന്റ്. ന്യൂ സൗത്ത് വെയ്ല്‍സിനെതിരെ തോറ്റമ്പിയെങ്കിലും കോബ്രാസിനെതിരെ മഴ വിലക്കിയ കളിയില്‍നിന്നും കിട്ടിയ ഒരു പോയന്റും ചേര്‍ത്ത് ഗ്രൂപ്പില്‍ രണ്ടാമതായി മുംബൈ സെമിയിലെത്തി. സെമിയില്‍ പരമ്പരാഗത ശൈലിയില്‍ കളിക്കുന്ന സോമര്‍സെറ്റിനെ കാര്യമായ പരിശ്രമം കൂടാതെ മറികടന്ന് കലാക്കളിക്ക് യോഗ്യത നേടി. ഫൈനലില്‍ ക്രിസ് ഗെയ്‌ലിന്റെയും വിരാട് കോലിയുടെയും തിലകരത്‌നെ ദില്‍ഷന്റെയും മിന്നുന്ന ഫോമിനെ 139 ല്‍പ്പോലുമെത്താനാകാതെ തളച്ച് സ്വപ്നക്കിരീടവുമായി മുംബൈ ചെന്നൈ വിട്ടു.

അമ്പരപ്പിക്കുന്ന നേട്ടത്തിന്റെ കഥയാണ് മുംബൈ ഇന്ത്യന്‍സിനു പറയാനുള്ളതെങ്കില്‍ ഇന്ത്യയുടെ ദേശീയ താരങ്ങളെ ചാമ്പ്യന്‍സ് ട്രോഫി കളിയാക്കി വിട്ടു. ക്ലബ്ബിനുവേണ്ടി രാജ്യത്തെ മറന്നവര്‍ ക്ലബ്ബിനുവേണ്ടിപ്പോലും ആശിച്ച വേഷം കെട്ടാനാകാതെ ഉഴറുകയാണ്. വിരാട് കോലിയുടെ എണ്ണം പറഞ്ഞ രണ്ടിംന്നിംഗ്‌സുകളും ഫൈനലില്‍ ഹര്‍ഭജന്‍ കറക്കിയെറിഞ്ഞ മൂന്ന് വിക്കറ്റുകളും കഴിഞ്ഞാല്‍ കഴിഞ്ഞു ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ വീരഗാഥ. ഗൗതം ഗംഭീര്‍, സുരേഷ് റെയ്‌ന, യൂസഫ് പത്താന്‍, സൗരഭ് തിവാരി, അമ്പാട്ടി രായുഡു, മനോജ് തിവാരി, മുരളി വിജയ് എന്നുതുടങ്ങി പരിചയസമ്പന്നരും യുവത്വം കത്തിക്കാളിയവരുമടക്കം എല്ലാവരും റണ്‍ വരള്‍ച്ചയ്‌ക്കൊടുവില്‍ നിശബ്ദരായി. ഇന്ത്യന്‍ ക്യാപ്ടനും ചൈന്നൈ കിംഗ്‌സിന്റെ അമരക്കാരനുമായ എം.എസ്. ധോണിയായിരുന്നു ഈ ചാമ്പ്യന്‍സ് ട്രോഫിയിലെ ഏറ്റവും വലിയ ദുരന്തം. ക്രിസ് ഗെയ്‌ലും ഡേവിഡ് വാര്‍ണറും കീസ്‌വെറ്ററും ഡാനിയല്‍ ഹാരിസുമെല്ലാം നിറഞ്ഞാടിയ ഒരു ടൂര്‍ണമെന്റിലായിരുന്നു ഇന്ത്യയുടെ പേരുകേട്ട വെടിക്കെട്ടുവീരന്മാര്‍ ഉടുക്കുകൊട്ടിക്കളിച്ചത്. ബാറ്റിംഗില്‍ മാത്രമല്ല, ബൗളിംഗിലുമില്ല പേരെടുത്തുപറയാന്‍ മാത്രമുള്ള പെരുമ. ടെസ്റ്റും ഏകദനിവും ട്വന്റി 20 ക്രിക്കറ്റിനായി ബലികഴിച്ചുകൊണ്ടിരിക്കുന്ന ഐ.പി.എല്‍ ടീമുകളുടെ പൊട്ടിത്തെറിബാറ്റ്‌സ്മാന്‍മാര്‍ കുട്ടിക്രിക്കറ്റിലും ബാധ്യതയാകുന്ന കാലത്തെങ്കിലും നല്ല ക്രിക്കറ്റിനിവിടെ ഇടമുണ്ടാകുമെന്ന് കരുതുകയേ ആശാവഹമായതുള്ളൂ.

ഒരേയൊരു ദ്രാവിഡ്


അത്ഭുതങ്ങള്‍ ഒന്നുമില്ലാത്ത ഒരു ടിപ്പിക്കല്‍ ദ്രവീഡിയന്‍ ഇന്നിംഗ്‌സ്. കാര്‍ഡിഫില്‍ ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിനത്തിലെ രാഹുല്‍ ദ്രാവിഡിന്റെ കളിയെ അങ്ങനെ വിളിക്കാനേ കഴിയൂ. പതിനഞ്ചുവര്‍ഷം ദ്രാവിഡ് കളിച്ച കളിയുടെ ഒന്നാന്തരം ഫോട്ടോകോപ്പിയായിരുന്നു അവസാന ഇന്നിംഗ്‌സിലെ 79 പന്തില്‍ നിന്നും 69 റണ്‍സ്. ആരെയും നിരാശപ്പെടുത്തിയില്ല, അത്ഭുതപ്പെടുത്തിയുമില്ല. നേരിടുന്ന ആദ്യപന്തുമുതല്‍ ഒന്നിനോട് മുട്ടിച്ച് ഒന്നെന്ന രീതിയില്‍ ഒരു കല്‍പ്പണിക്കാരന്റെ ശ്രദ്ധയോടെ മഹാസൗധങ്ങള്‍ പടുത്തുയര്‍ത്തുന്ന കഠിനാധ്വാനം ആ റണ്‍സുകളില്‍ കാണാം. വന്നു, നിലയുറപ്പിച്ചു, കളിച്ചു, അപ്പുറത്തുള്ളവനെ കളിപ്പിച്ചു, ഒടുവില്‍ വമ്പനടിയുടെ സമയം വന്നപ്പോ ഔട്ടായി കളമൊഴിഞ്ഞു. മികച്ച തുടക്കം നല്‍കാനാവാതെ പതറിയ ഓപ്പണര്‍ അജിന്‍ക്യ രഹാനെ പുറത്തായതോടെ പതിമൂന്നാം ഓവറിലാണ് രാഹുല്‍ ക്രീസിലെത്തുന്നത്. ആദ്യ പന്തില്‍ വിശ്വവിഖ്യാതമായ ആ ഹാഫ് ഫോര്‍വേര്‍ഡ് ക്ലീന്‍ ഡിഫന്‍സ്. പിന്നെ ഒന്നും രണ്ടും ഓടിയെടുത്ത് നിലയുറപ്പിച്ചു.

ഇടയ്ക്ക് ധന്‍ബാക്കിനെതിരെ ഒരു ബാക്ക് ഫുട്ട് ഡ്രൈവ് കവര്‍ ബൗണ്ടറി കടന്നതോടെ ആശ്വാസമായി, ദ്രാവിഡ് നിലയുറപ്പിക്കുന്നു. എണ്ണം പറഞ്ഞ ഒരു സ്‌ക്വയര്‍ കട്ട് ബൗണ്ടറി കൂടി. ബാക്കിയെല്ലാം പതിവുതിരക്കഥ. പാര്‍ത്ഥിവ് പട്ടേലിന് പകരം വന്ന വിരാട് കോഹ്‌ലി ഫോം കണ്ടെത്തിത്തുടങ്ങിയതോടെ ദ്രാവിഡ് സ്‌ട്രൈക്ക് കൈമാറുന്നതിലേക്കൊതുങ്ങിനിന്നു. 62 പന്തില്‍ അര്‍ദ്ധസെഞ്ചുറി. അപ്പോഴും ഉണ്ടായിരുന്നു, റെയ്‌നയും ധോണിയും ബാക്കിയിരിക്കുമ്പോള്‍ ദ്രാവിഡ് അവസാന ഓവറുകളില്‍ പഴികേള്‍ക്കുമോ എന്ന ഒരിത്തിരി പേടി. ചന്തം ചാര്‍ത്തിയ ചില ഷോട്ടുകള്‍ക്കൊടുവില്‍ ദ്രാവിഡിന്റെ കടുംവെട്ട് കാണാന്‍ തീരെ മനസ്സുണ്ടായിരുന്നില്ല. അതുകൊണ്ടാവാം, ഗ്രേയിം സ്വാനിനെതിരെ കൂറ്റന്‍ ഷോട്ടിന് ശ്രമിച്ച് പുറത്തായപ്പോള്‍ വേദന തോന്നാതിരുന്നത്. വിരമിക്കല്‍ ഇന്നിംഗ്‌സിലെ ഒന്നോ രണ്ടോ ഷോട്ടുകളല്ല, ഒരിന്നിംഗ്‌സിലൊന്നാകെ തന്റെ കൈയ്യൊപ്പു ചാര്‍ത്തിയാണ് ദ്രാവിഡ് അവസാനമത്സരം കളിച്ച് പടികയറിയത്. ആരെയും അത്ഭുതപ്പെടുത്താതെ. ആരെയും നിരാശനാക്കാതെ.

ഏകദിനത്തിനു കൊള്ളാത്തവന്‍ എന്ന വിളിപ്പേരുമായി അതേ ഫോര്‍മാറ്റില്‍ 10000 റണ്‍സിലധികം അടിച്ചുകൂട്ടിയാണ് രാഹുല്‍ ശരത് ദ്രാവിഡ് എന്ന ഇന്ത്യയുടെ വിശ്വസ്തനായ ബാറ്റ്‌സ്മാന്‍ ഏകദിന ക്രിക്കറ്റില്‍ നിന്നും പാഡഴിക്കുന്നത്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച മൂന്നാം നമ്പര്‍ ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായ ദ്രാവിഡിന്റെ അവസാന ഏകദിന മത്സരം കാര്‍ഡിഫില്‍ പൂര്‍ത്തിയായി. കഴിഞ്ഞ മൂന്നു വര്‍ഷമായി ഇന്ത്യന്‍ ഏകദിന ടീമിലില്ലാതിരുന്ന ദ്രാവിഡ് തന്റെ അവസാന പരമ്പരയ്ക്കാണ് തിരിച്ചുവിളിക്കപ്പെട്ടത്. ടെസ്റ്റ് പരമ്പരയില്‍ മിന്നുന്ന ഫോമിലായിരുന്നെങ്കിലും ദ്രാവിഡിന് പക്ഷേ ഏകദിനപരമ്പരയിലെ ആദ്യ നാലു മത്സരങ്ങളില്‍നിന്ന് കേവലം 55 റണ്‍സുമാത്രമായിരുന്നു നേടാനായത്.

1973 ജനുവരി 11ന് മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് ജനിച്ചതെങ്കിലും കളിമികവുകൊണ്ട് കര്‍ണാടകത്തിന് ഏറെ പ്രിയപ്പെട്ടവനാണ് മിതഭാഷിയും കഠിനാധ്വാനിയുമായ ഈ മുന്‍ ദേശീയ ടീം ക്യാപ്റ്റന്‍. 343 ഏകദിനങ്ങള്‍ കളിച്ച ദ്രാവിഡ് 39.06 ശരാശരിയില്‍ 10,820 റണ്‍സ് സമ്പാദിച്ചിട്ടുണ്ട്. 12 സെഞ്ചുറികളും 82 അര്‍ധസെഞ്ചുറികളും നേടി. ഉയര്‍ന്ന സ്‌കോര്‍ 153. ഏകദിനത്തില്‍ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടിന്റെ റെക്കോര്‍ഡ് സച്ചിനും ദ്രാവിഡും ചേര്‍ന്നെടുത്ത 331 റണ്‍സാണ്. ന്യൂസിലന്‍ഡിനെതിരെയായിരുന്നു ഈ നേട്ടം. ഏകദിനനേട്ടം ഇങ്ങനെ: മത്സരങ്ങള്‍ 344. ഇന്നിംഗ്‌സ് 318. നോട്ടൗട്ട് 40. റണ്‍സ് 10889. സെഞ്ച്വറി 12. അര്‍ധസെഞ്ച്വറി 83. ക്യാച്ചുകള്‍ 196, ഉയര്‍ന്ന സ്‌കോര്‍ 153. ശരാശരി 39.16. സ്‌െ്രെടക്ക് റേറ്റ് 71.24.

തോറ്റു തോറ്റു മതിയായി ടീം ഇന്ത്യ
അവസാന ഏകദിനമത്സരത്തില്‍ അര്‍ദ്ധസെഞ്ചുറി കണ്ടെത്തിയ രാഹുല്‍ ദ്രാവിഡിന്റെയും സെഞ്ചുറി നേടിയ വിരാട് കോഹ്‌ലിയുടെയും മികവില്‍ വിജയ പ്രതീക്ഷയുണര്‍ത്തിയെങ്കിലും പതിവുപോലെ ബൗളിംഗില്‍ അമ്പേ നിരാശപ്പെടുത്തിയ ടീം ഇന്ത്യ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ഏകദിനത്തിലും തോറ്റു. നാലുടെസ്റ്റുകളും ഒരു ട്വന്റി-20യും അഞ്ച് ഏകദിനമത്സരങ്ങളും കളിച്ചിട്ടും ഒരു കളി പോലും ജയിക്കാതെയാണ് ടീം ഇന്ത്യ ഇംഗ്ലണ്ട് പര്യടനം അവസാനിപ്പിച്ച് മടങ്ങുന്നത്. ടോസ് നേടിയ ഇംഗ്ലണ്ട് ഇന്നലെയും ഇന്ത്യയെ ബാറ്റിംഗിനയച്ചു. സ്‌കോര്‍ ഉയര്‍ത്തുന്നതില്‍ ഓപ്പണര്‍മാര്‍ പരാജയപ്പെട്ടെങ്കിലും വിരാട് കോഹ്‌ലി- രാഹുല്‍ ദ്രാവിഡ് സഖ്യം ഇന്ത്യയ്ക്ക് മുതല്‍ക്കൂട്ടായി. അവസാന ഓവറുകളില്‍ സിക്‌സറുകളും ബൗണ്ടറികളും പറത്തി ക്യാപ്റ്റന്‍ ധോണി 26 പന്തില്‍ നേടിയ 50 റണ്‍സാണ് ഇന്ത്യയെ 300 കടത്തിയത്.

മഴ കളി തടസപ്പെടുത്തിയതോടെ 34 ഓവറില്‍ 241 റണ്‍സായി പുനര്‍നിശ്ചയിച്ച വിജയലക്ഷ്യം ഇംഗ്ലണ്ട് അനായാസം അടിച്ചെടുത്തു. 32.2 ഓവറില്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ ആതിഥേയര്‍ ലക്ഷ്യത്തിലെത്തി. അലസ്റ്റര്‍ കുക്ക് (50), ജൊനാഥന്‍ ട്രോട്ട് (63) എന്നിവരാണ് ഇംഗ്ലണ്ടിന് മികച്ച അടിത്തറയിട്ടത്. 22 പന്തില്‍ നിന്നു 37 റണ്‍സെടുത്ത ബൊപ്പാരയും 21 പന്തില്‍ നിന്നു 41 റണ്‍സെടുത്ത ബിര്‍‌സ്റ്റോയും ക്ഷണത്തില്‍ സ്‌കോര്‍ ചെയ്ത് വിജയവും ഉറപ്പിച്ചു. ബിര്‍‌സ്റ്റോയാണ് മാന്‍ ഓഫ് ദ മാച്ച്. ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ്. ധോണി മാന്‍ ഓഫ് ദ സീരിസ് ആയി തെരഞ്ഞെടുക്കപ്പെട്ടു.

Monday, August 1, 2011

മാന്യന്മാരുടെ കളിയും അതിര്‍ത്തിവരകളും

ഒരൊറ്റ നോബോള്‍ കൊണ്ട് രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ തകരാറിലായേക്കുമെന്നാണ് കഴിഞ്ഞ വാരത്തെ ചാനല്‍ചര്‍ച്ചകള്‍ കണ്ടപ്പോള്‍ തോന്നിയത്. ഇന്ത്യയുടെ വീരേന്ദര്‍സേവാഗ് 99 ലും ഇരുടീമുകളുടെയും സ്‌കോര്‍ തുല്യതയിലും നില്‍ക്കേ ബോധപൂര്‍വ്വം നോബോള്‍ എറിഞ്ഞ് സേവാഗിന് സെഞ്ചുറി നിഷേധിച്ചു എന്നതാണ് ലങ്കയുടെ സുരാജ് രണ്‍ദീവിനെതിരായ ചാര്‍ജ്ജ്. കുറ്റം സമ്മതിച്ച രണ്‍ദീവിന് ഒരു മത്സരത്തില്‍നിന്നും വിലക്കും
അയാളെ അതിന് പ്രേരിപ്പിച്ച തിലകരത്‌നെ ദില്‍ഷന് മാച്ച് ഫീസിന്റെ പകുതി പിഴയും കിട്ടി. 1978 ല്‍ പാകിസ്ഥാനെതിരെ ഒരു വമ്പന്‍ നോബോളുമായി അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് കടന്നുവന്ന കപില്‍ ദേവ് നിഖഞ്ജ് എന്ന ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍ക്ക് ശേഷം ക്രിക്കറ്റ് പഠനത്തിനുള്ള മറ്റൊരു വാചകമാകുന്നു സുരാജ് രണ്‍ദീവ്. കളിനിയമങ്ങളോ വ്യാകരണങ്ങളോ അനുവദിക്കുന്നതിന് അപ്പുറത്തേക്ക് ഒന്നും തന്നെ സുരാജ് രണ്‍ദീവ് എന്ന പുതുമുഖ ബൗളര്‍ ചെയ്തതായി അറിവില്ല. എന്നാല്‍ സ്‌പോര്‍ട്‌സ്മാന്‍ഷിപ്പ് എന്ന സങ്കല്‍പത്തില്‍ കടിച്ചുതൂങ്ങി കിടക്കുന്ന ചില പാരമ്പര്യവാദികള്‍ ക്രിക്കറ്റിലുണ്ടെന്നത് പറയാതെ വയ്യ. അവര്‍ പറയുന്നത് സേവാഗിനെ സെഞ്ചുറി തികയ്ക്കാന്‍ അനുവദിക്കേണ്ടിയരുന്നു എന്നാണ്. പക്ഷേ സംഭവം കളിക്ക് ശേഷം സേവാഗ് പറഞ്ഞതാണ്. കളിയാണ്, ഇതൊക്കെ സ്വാഭാവികം മാത്രം.
ക്രിക്കറ്റ് മാന്യന്മാരുടെ കളിയാണെന്ന പരസ്യവാചകം കേരളത്തെ ദൈവത്തിന്റെ നാടെന്ന് വിളിക്കും പോലെ ഒരഭ്യാസം മാത്രമാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ കണ്ണുമടച്ച് തള്ളിക്കളയാന്‍ കഴിയില്ല. ചുരുങ്ങിയ പക്ഷം മുന്‍ ന്യൂസിലന്‍ഡ് കീവീസ് പത്താം നമ്പര്‍ ബാറ്റ്‌സ്മാന്‍ ബ്രയാന്‍ മക്കന്‍സി, ബോഡി ലൈന്‍ സീരിസില്‍ പരിക്കറ്റ ഓസ്‌ട്രേലിയന്‍-ഇംഗ്ലണ്ട് കളിക്കാര്‍, മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്മാരായ സൗരവ് ഗാംഗുലി, ശ്രീലങ്കയുടെ മുത്തയ്യ മുരളീധരന്‍ തുടങ്ങിയ ചിലര്‍ക്കങ്കിലും മേല്‍പറഞ്ഞ അഭിപ്രായമുണ്ടായാല്‍ അത് അംഗീകരിച്ചേ മതിയാകൂ.
ന്യൂസിലന്‍ഡിന് തങ്ങളുടെ സ്‌കോറിനൊപ്പമെത്താന്‍ ഒരു പന്തില്‍ ആറ് റണ്‍സ് വേണമെന്ന നിലയിലാണ് ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനായിരുന്ന ഗ്രെഗ് ചാപ്പല്‍ തന്റെ സഹോദരനായ ട്രെവര്‍ ചാപ്പലിനെക്കൊണ്ട് പത്താം നമ്പര്‍ കീവി ബാറ്റ്‌സ്മാനായ ബ്രയാന്‍ മക്കന്‍സിയുടെയും ക്രിക്കറ്റിന്റെ മാന്യതയുടെയും നേര്‍ക്ക് അണ്ടര്‍ ആം ബോള്‍ എറിയിച്ചത്. ''നോ ഗ്രെയ്ഗ്, യൂ കാണ്ട് ഡൂ ദാറ്റ്'' എന്ന് ഗ്രെയ്ഗിന്റെയും ട്രെവറിന്റെയും മൂത്ത സഹോദരനായ ഇയാന്‍ ചാപ്പല്‍ കമന്ററി ബോക്‌സിലിരുന്ന് അലറിവിളിക്കുന്നുണ്ടായിരുന്നു. പത്താം നമ്പര്‍ ബാറ്റ്‌സ്മാനുനേരെ പോലും സിക്‌സര്‍ പ്രതിരോധിക്കാന്‍ ധൈര്യമില്ലാത്തവരെന്നായിരുന്നു ഓസീസ് ടീമിനുകിട്ടിയ വിശേഷണം.
നിലത്തുനിന്നും പന്ത് വാരിയെടുത്ത് ക്യാച്ചെടുത്ത മൈക്കല്‍ ക്ലാര്‍ക്കിനെ പിന്തുണയ്ക്കുക മാത്രമല്ല, സംഭവം ശരിയാണോ എന്ന് അന്വേഷിച്ച അംപയര്‍ക്കു നേരെ ഔട്ട് എന്ന അര്‍ത്ഥത്തില്‍ വിരലുയര്‍ത്തിനില്‍ക്കുന്ന ഓസീ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗും കളിമാന്യതയുടെ മുഖമല്ല. 2008 ലെ വിവാദ സിഡ്‌നിടെസ്റ്റില്‍ നാലുതവണയാണ് ഓസീസ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് അംപയര്‍മാര്‍ ജീവന്‍ നല്‍കി കളി രക്ഷിച്ചെടുത്തത്. മത്സരശേഷം ഒരു ടീം മാത്രമേ സ്പിരിറ്റോടെ കളിച്ചുള്ളൂ എന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ അനില്‍കുംബ്ലെയുടെ വാക്കുകളോട് പ്രതികരിക്കാന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയയ്ക്ക് മുഖമുയര്‍ത്താന്‍ കഴിഞ്ഞില്ല.
ഇംഗ്ലണ്ടിനും ഓസ്‌ട്രേലിയയ്ക്കുമെതിരെ കളിക്കുമ്പോള്‍ മാനസികമായി പീഡിപ്പിക്കപ്പെടുന്നു എന്ന് ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ ക്രിസ് കെയ്ന്‍സ് അടക്കം പലരും പരാതി പറഞ്ഞിട്ടുണ്ട്. ഓസ്‌ട്രേലിയ ജയിക്കാന്‍ വേണ്ടി കാത്തിരിക്കുന്ന കാണികള്‍ക്കുവേണ്ടി തങ്ങള്‍ക്ക് അത് ചെയ്‌തേ മതിയാകൂ എന്നായിരുന്നു പ്രോഫഷണല്‍ ഓസ്‌ട്രേലിയയുടെ മികച്ച ക്രിക്കറ്റ് ക്യാപ്റ്റന്മാരിലൊരാളായ സ്റ്റിവ് വോ ഇത്തരം വിഷയങ്ങളോട് പ്രതികരിച്ചത്. ഓസ്‌ട്രേലിയ മാത്രമല്ല, പന്ത് ചുരണ്ടിയും കടിച്ചും പാകിസ്ഥാനടക്കമുള്ള രാജ്യങ്ങള്‍ വിവാദങ്ങളില്‍ പേരുചേര്‍ത്തിട്ടുണ്ട്. കോഴവിവാദത്തില്‍ ഉള്‍പ്പെട്ട കളിക്കാരും ഐ പി എല്‍ സൂത്രധാരനായ ലളിത് മോഡിമാരും പറയുന്നതും ക്രിക്കറ്റ് അത്രയ്‌ക്കൊന്നും മാന്യന്മാരുടെ കളിയല്ല എന്നതുതന്നെയാണ്.

ബിയോണ്‍ഡ് ദ റോപ്: ഏതാനും മാസങ്ങള്‍ക്ക് മുമ്പ് സച്ചിന് സെഞ്ചുറി തികയ്ക്കാനും ഇന്ത്യയ്ക്ക് ജയിക്കാനും നാലുറണ്‍സ് എന്ന അവസ്ഥയില്‍ മുംബൈ ഇന്ത്യന്‍സിലെ സഹതാരം ലസിംത് മലിംഗ എറിഞ്ഞ വൈഡ് ബോള്‍ ബൗണ്ടറിയിലേക്ക് പായുന്നു. ഇന്ന് സെവാഗിന്റെ സെഞ്ചുറിനഷ്ടത്തിനു കാരണം ഐ പി എല്‍ ടീം മേറ്റ് തിലകരത്‌നെ ദില്‍ഷന്‍. ഇനി പറയൂ സര്‍, ആര്‍ക്കാണ് ഐ പി എല്‍ രാജ്യത്തിനുമുകളിലാണെന്ന പരാതി?

Tuesday, April 5, 2011

കുംബ്ളെ: കളിയിടങ്ങളിലെ കാവലാള്‍

പൊട്ടിയ താടിയെല്ലില്‍ വരിഞ്ഞുകെട്ടിയ ബാന്‍ഡേജുമായി വര്‍ഷങ്ങക്കുമുമ്പ് ആന്‍ഡിഗ്വയില്‍ ബ്രയാന്‍ ലാറയ്ക്കെതിരെ പന്തെറിഞ്ഞ കുംബ്ളെയെ അതിശയത്തോടെയാണ് ക്രിക്കറ്റ് ലോകം കണ്ടത്. ഇന്ന് ഇടംകൈയില്‍ 13 കുത്തിക്കെട്ടുകളുമായി കംഗാരുക്കള്‍ക്കെതിരെ പന്തെറിയുകയും വിരമിക്കല്‍ പ്രഖ്യാപനം നടത്തുകയും ചെയ്ത കുംബ്ളെയെ അതിലേറെ ആശ്ചര്യത്തോടെയാണ് ലോകം കാണുന്നത്.

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച മാച്ച് വിന്നറാണ് കളിക്കളത്തോട് യാത്ര പറഞ്ഞത്. ക്രിക്കറ്റിന്റെ വ്യാകരണ നിയമങ്ങള്‍ 20 ഓവറുകള്‍ വീതമുള്ള ക്യാപ്സൂള്‍ പരുവത്തിലേക്ക് മാറ്റിയെഴുതുന്ന കാലത്ത് അനില്‍ കുംബ്ളെ ഒരു അവിഭാജ്യ ഘടകമായിരിക്കില്ല. പക്ഷേ തോല്‍വികളുടെയും സമനിലകളുടെയും കാലത്തുനിന്നും ടീം ഇന്ത്യ വിജയങ്ങള്‍ ശീലമാക്കിയത് ഈ കുമ്പളക്കാരനിലൂടെയാണ്. 132 ടെസ്റ്റുകളില്‍ നിന്നായി കൊയ്തെടുത്ത 619 വിക്കറ്റുകള്‍ മാത്രം മതി ഈ മികവിന് സാക്ഷി പറയാന്‍. ഫാബുലസ് ഫോര്‍ എന്നും ബിഗ് ത്രീ എന്നും ബാറ്റിംഗ് ഇതിഹാസങ്ങളെ മാത്രം വായിച്ചും കണ്ടും ആരാധിച്ചുപോരുന്നവരാണ് നമ്മള്‍. ബാറ്റിംഗ് കാണാന്‍ വേണ് ടി മാത്രം കളിയിടങ്ങളിലെത്തുകയും അതിര്‍ത്തിവര കടക്കുന്ന പന്തിനൊപ്പം ആവേശത്തിര പതഞ്ഞുയരുകയും ചെയ്യുന്ന കാണികള്‍ പന്തെറിയുന്നവന്റെ മനോവ്യാപാരങ്ങള്‍ കാണുന്നതെങ്ങിനെ? അവന്റെ സിംഹാസനങ്ങളില്‍ ഒരു പന്തേറുകാരനെ സങ്കല്‍പിക്കുന്നതെങ്ങിനെ? പ്രത്യേകിച്ചും ആസുരമായ ഭാവതാളങ്ങളില്‍ ബാറ്റ്സ്മാനെ വിഹ്വലനാക്കാന്‍ ഒരിക്കലും കഴിയാത്ത ഒരു സ്പിന്നര്‍. ഒരു ഷെയ്ന്‍ വാണ്‍ എന്നോ മുരളീധരന്‍ എന്നോ മാത്രമാണ് ഇതിനെ എതിര്‍ത്തു പറയാന്‍ കഴിയുക. ആ പട്ടികയിലാണ് പന്തു തിരിക്കാനറിയാത്തവന്‍ എന്ന വിലയിരുത്തപ്പെട്ട ഇയാള്‍ 18 വര്‍ഷങ്ങളായി വിഹരിച്ചുവരുന്നത്. പരിമിതമായ സ്കോര്‍ പ്രതിരോധിക്കേണ്ടി വന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍മാര്‍ക്ക് അളവില്ലാത്ത ആശ്വാസമായിരുന്നു കുംബ്ളെ.

സച്ചിന്‍, ഗാംഗുലി., ദ്രാവിഡ്.... സമകാലീനരായിരുന്ന ഈ ബിംബങ്ങളെ മറികടക്കാന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ലാത്ത മാന്യന്മാരുടെ കളിയിലെ ഏറ്റവും മാന്യനായ കളിക്കാരുടെ മുന്‍ നിരയില്‍ത്തന്നെയാണ് ഈ കര്‍ണാടകക്കാരന്‍ എന്‍ജിനീയര്‍. 132 ടെസ്റ്റുകളില്‍ നിന്നായി കൊയ്തെടുത്ത 619 വിക്കറ്റുകള്‍ മാത്രം മതി ഈ മികവിന് സാക്ഷി പറയാന്‍. ഏകദിനത്തിലും ടെസ്റ്റ് ക്രിക്കറ്റിലും ഇന്ത്യയുടെ എക്കാലത്തെയും മികച്ച ലെഗ് സ്പിന്നറാണ് കുംബ്ളെ. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത മൂന്നാമത്തെ ബോളറാണ്. സീനിയര്‍ താരങ്ങള്‍ വിരമിക്കണമെന്ന് തുടര്‍ച്ചയായി ആവശ്യമുയരുന്ന സാഹചര്യത്തില്‍ കുംബ്ളെയ്ക്ക് വിമര്‍ശകരുടെ നാവടക്കാന്‍ ഒരു മികച്ച പ്രകടനം അത്യാവശ്യമായിരുന്നു. പക്ഷെ കരിയറിലെ ഏറ്റവും മോശമായ ഫോമിലാണ് കുംബ്ളെ. ഈ പരമ്പരയില്‍ ബാംഗ്ളൂരില്‍ നടന്ന ആദ്യ ടെസ്റ്റില്‍ അദ്ദേഹത്തിന് വിക്കറ്റുകളൊന്നും നേടാനായിരുന്നില്ല. മൊഹാലിയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ പരുക്കുമൂലം അദ്ദേഹം വിട്ടു നിന്നു. പകരം ധോണിയുടെ കീഴില്‍ ഇന്ത്യ ഉജ്വല വിജയം നേടിയിരുന്നു. പകരക്കാരനായി ടീമിലെത്തിയ ലെഗ്സ്പിന്നര്‍ അമിത് മിശ്ര മൊഹാലിയിലെ ആദ്യ ടെസ്റ്റില്‍ തന്നെ അഞ്ചു വിക്കറ്റ് വീഴ്ത്തി ശ്രദ്ധേയനായി. നേട്ടങ്ങളുടെ പച്ചപ്പിലേക്കു യാത്രയാക്കിയ കോട്ലയിലെ പിച്ചില്‍നിന്നു തന്നെയാണു കുംബ്ളെ യാത്രയായതും.

ടെസ്റ്റ് ക്രിക്കറ്റിന്റെ കാഠിന്യം താങ്ങാന്‍ വയ്യ. ഇങ്ങനെ തുടരാന്‍ ബുദ്ധിമുട്ടാണ്. 18 വര്‍ഷം നീണ്ടുനിന്ന ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നു വിട്ടുനില്‍ക്കാനുള്ള തീരുമാനത്തെക്കുറിച്ച് അനില്‍ കുംബ്ളെ പറഞ്ഞു. ഇന്നലെയാണു വിരമിക്കാന്‍ തീരുമാനിച്ചത്. നാഗ്പൂര്‍ ടെസ്റ്റ് ആകുമ്പോഴേക്കു പൂര്‍ണ കായികക്ഷമത കൈവരിക്കാനാവില്ല. അങ്ങനെ കളിക്കുന്നതില്‍ അര്‍ഥമില്ല. വിരമിക്കാന്‍ സമയമായെന്ന് അപ്പോള്‍ തോന്നി-കുംബ്ളെ പറഞ്ഞു. സീനിയര്‍ താരങ്ങള്‍ വിരമിക്കണമെന്ന ആവശ്യത്തിന്റെ സമ്മര്‍ദത്തിലായിരുന്ന കുംബ്ളെ ഏറ്റവും യോജിച്ച സമയത്തുതന്നെ തീരുമാനം പ്രഖ്യാപിച്ചു. മഹത്തായ പോരാട്ടത്തിന്റെ ഓര്‍മകള്‍ ബാക്കിവച്ചു ക്യാപ്റ്റന്‍ ആയിരിക്കേതന്നെ കളി അവസാനിപ്പിക്കാന്‍ ഇതോടെ സാധിച്ചു. വരാനിരിക്കുന്ന തലമുറകള്‍ക്കു മുന്നില്‍ പോരാട്ടവീര്യത്തിന്റെയും അര്‍പ്പണബോധത്തിന്റെയും മാന്യതയുടെയും പകരം വാക്കായി കുംബ്ളെ ഇന്ത്യന്‍ കായികചരിത്രത്തില്‍ ജ്വലിച്ചുനില്‍ക്കും.

(കണിക്കൊന്ന മാഗസിനില്‍ കളിക്കളത്തില്‍ പ്രസിദ്ധീകരിച്ചത് , Monday, 03 November 2008)

കാത്തിരിപ്പു കഴിഞ്ഞു: ചൈനയ്ക്കും ബ്രാഡ്മാനും നൂറ്

21 ദിവസം നീണ്ട ആകാംക്ഷയ്ക്കൊടുവില്‍ 29-ാമത് കായികമാമാങ്കത്തിനു തിരശ്ശീല വീഴുമ്പോള്‍ നൂറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവില്‍ ചൈന ലോകത്തിന്റെ നിറുകയില്‍. ആതന്‍സിലെ 36 സ്വര്‍ണം നിലനിര്‍ത്തുകയും ആകെ മെഡല്‍നേട്ടത്തില്‍ ഒന്നാമതെത്തുകയും ചെയ്ത അമേരിക്കയെ സുവര്‍ണനേട്ടത്തില്‍ പിന്തള്ളി ആതിഥേയര്‍ കായികപുസ്തകത്തില്‍ പുതിയ അധ്യായം കുറിച്ചു. നീന്തല്‍ക്കുളത്തില്‍ മുങ്ങാംകുഴിയിട്ട് സ്വര്‍ണഖനനം നടത്തിയ മൈക്കല്‍ ഫെല്‍പ്സും ട്രാക്കില്‍ പടര്‍ത്തിയ അതിവേഗത്തിന്റെ തീപ്പൊരിയില്‍ ഊതിക്കാച്ചിയെടുത്ത സ്വര്‍ണങ്ങളുമായി ഉസൈന്‍ ബോള്‍ട്ടും ഒളിമ്പിക്സ് ചരിത്രത്തില്‍ നക്ഷത്രങ്ങളായി. കായികമികവും ഉജ്ജ്വലിക്കുന്ന സൌന്ദര്യവും കൊണ്ട് ഇസിന്‍ബയേവ കായികപ്രേമികളുടെ മനസ്സിലേക്ക് വളഞ്ഞുപുളഞ്ഞു ചാടിക്കയറി. ജമൈക്കയുടെ കുടില്‍മുറ്റങ്ങളില്‍ നിന്നും നഗ്നപാദരായെത്തിയ ഓട്ടക്കാര്‍ സിംഹാസനങ്ങളില്‍ ചങ്കുറപ്പോടെ ഇരിപ്പുറപ്പിച്ചു. കളിക്കളത്തിലെ പ്രകടനമികവ് സംഘാടനത്തിലും ചൈന ആവര്‍ത്തിച്ചു.

ഒളിമ്പിക്സ് ചരിത്രത്തില്‍ നടാടെ ലഭിച്ച വ്യക്തിഗത സ്വര്‍ണത്തിന്റെ തിളക്കത്തില്‍ ബെയ്ജിംഗ് ഇന്ത്യയ്ക്കും പ്രിയപ്പെട്ട നഗരമായി. ഇടിച്ചും ഗുസ്തി പിടിച്ചും നേടിയ ഓട്ടുമെഡലുകള്‍ പരാജിതരായ അത്ലറ്റുകളുടെയും ടെന്നീസ് കളിക്കാരുടെയും പാപഭാരം കുറച്ചു. ഉഷയുടെ ലോകനിലവാരത്തിന്റെ മാറ്റുരച്ചുനോക്കുന്നത് തന്റെ ജോലിയായിരുന്നില്ലെന്ന് തുടര്‍ച്ചയായ മൂന്നാമത്തെ ചാട്ടവും ഫൌളായി മാറിയപ്പോള്‍ അഞ്ജു ബോബി ജോര്‍ജ് ഓര്‍ത്തുകാണണം.
********

ബ്രാഡ്മാന്‍ ജന്മശതാബ്ദി

പ്രഥമ ട്വന്റി- 20 ലോകകപ്പില്‍ ഇംഗ്ളണ്ട് സീമര്‍ സ്റുവര്‍ട്ട് ബ്രോഡിന്റെ ഒരോവറില്‍ ഇന്ത്യയുടെ യുവ്രാജ് സിംഗ് അടിച്ചുകൂട്ടിയ അത്രയും എണ്ണം സിക്സറുകളാണ് സര്‍ ഡോണ്‍ ബ്രാഡ്മാന്‍ തന്റെ ഇരുപത് വര്‍ഷം നീണ്ട അന്താരാഷ്ട്ര കരിയറില്‍ ആകെ നേടിയത്. പാദചലനത്തിന്റെയും കണ്‍-കൈ സമന്വയത്തിന്റെയും സൌന്ദര്യത്തില്‍ നിന്നും കൈക്കരുത്തിന്റെ ഗെയിം എന്ന നിലയിലേക്ക് ക്രിക്കറ്റ് മാറുന്ന ഈ കാലത്തും പക്ഷേ ഡോണിന്റെ ചക്രവര്‍ത്തിപദത്തിന് ഇളക്കം തട്ടുന്നില്ല. പൂര്‍ണതയ്ക്ക് തൊട്ടുതാഴെ തന്റെ ക്രിക്കറ്റ് ജീവിത്തിനു വിരാമമിട്ട സര്‍ ഡൊണാള്‍ഡ് ബ്രാഡ്മാന്റെ നൂറാമത് പിറന്നാളാണ് ആഗസ്ത് 27. പുറത്താകാതെ 4 റണ്‍സ് ആയിരുന്നു 100 എന്ന മാന്ത്രിക ശരാശരി തികയ്ക്കാന്‍ അവസാന ഇന്നിഗ്സിനിറങ്ങുമ്പോള്‍ ഡോണിനു വേണ്ടിയിരുന്നത്. റണ്‍സെടുക്കുന്നതിനു മുമ്പേ എറിക് ഹോളിസ് എന്ന ശരാശരി ലെഗ്സ്പിന്നറുടെ നിരുപദ്രവകാരിയായ ഒരു പന്തില്‍ ക്ളീന്‍ ബൌള്‍ഡായ ബ്രാഡ്മാന്‍ ക്രിക്കറ്റില്‍ പൂര്‍ണത എന്നൊന്നില്ല എന്ന ചൊല്ലിന് അടിവരയിട്ടുകൊണ്ടാണ് ക്രീസിനോട് വിടപറഞ്ഞത്.
52 ടെസ്റ് മത്സരങ്ങളിലെ 80 ഇന്നിംഗ്സുകളില്‍ നിന്നായി 29 സെഞ്ചുറിയും 13 അരസെഞ്ചുറിയും ഉള്‍പ്പെടെ 6996 റണ്‍സ്. 12 തവണ 200 കടന്നു, രണ്ട് തവണ മുന്നൂറും. ഉയര്‍ന്ന സ്കോര്‍ 334. അചുംബിത ശരാശരിയായ 99.94 എന്ന മാന്ത്രികസംഖ്യ മാത്രം മതി എന്തായിരുന്നു ബ്രാഡ്മാന്‍ എന്ന് മനസ്സിലാക്കാന്‍. 24 ടെസ്റുകളില്‍ ഓസ്ട്രേലിയയെ നയിച്ച ഡോണ്‍ 15 വിജയങ്ങളും ആറ് സമനിലയും മൂന്നു പരാജയവും. കളിക്കളത്തിലെ ബ്രാഡ്മാന്റെ നേട്ടങ്ങളെ ഇങ്ങനെ വേണം വായിച്ചെടുക്കാന്‍.

ഡോണെന്ന ഒറ്റയാനെ തളയ്ക്കാന്‍ ഇംഗ്ളീഷുകാര്‍ കണ്ടെത്തിയ തന്ത്രമാണ് 1932-33ലെ കുപ്രസിദ്ധമായ ബോഡിലൈന്‍ സീരീസ്. അപ്രവചനീയമായ വേഗതയും ബൌണ്‍സും കൊണ്ട് ബാറ്റ്സ്മാന്‍മാരുടെ കുരുതിക്കളമായ പരമ്പരയില്‍ പക്ഷേ 56.57 ശരാശരിയോടെ ഡോണ്‍ 396 റണ്‍ നേടി ഓസ്ട്രേലിയയുടെ മികച്ച റണ്‍ വേട്ടക്കാരനായി.

മനുഷ്യസാധ്യമായ എല്ലാ ഷോട്ടുകളും മെയ് വഴക്കത്തോടെ കളിച്ച ബ്രാഡ്മാന് ഏറെ പ്രിയപ്പെട്ട രാജ്യമായിരുന്നു ഇന്ത്യ. ഇന്ത്യയിലെ കളിക്കമ്പക്കാര്‍ മാന്യനായ ആ കളിക്കാരനെ ഏറെ സ്നേഹിച്ചു. വര്‍ഷങ്ങള്‍ക്കുശേഷം "സച്ചിനില്‍ ഞാനെന്റെ സുവര്‍ണകാലം കാണുന്നു'' എന്നു വിലയിരുത്തിക്കൊണ്ട് ഡോണ്‍ വീണ്ടും ഇന്ത്യക്കാര്‍ക്ക് പ്രിയങ്കരനായി.
കുലീനമായ കേളീശെലിയും പെരുമാറ്റവും കൊണ്ട് ആരാധകരുടെ അഭിനിവേശമായി മാറിയ "മാന്യന്മാരുടെ ഗെയിമിലെ ചക്രവര്‍ത്തി'' 2001 ഫെബ്രുവരി 25ന് ജീവിതമെന്ന കളിക്കളത്തോടും വിടപറഞ്ഞു.

(കണിക്കൊന്ന മാഗസിനില്‍ കളിക്കളത്തില്‍ പ്രസിദ്ധീകരിച്ചത് , Monday, 20 October 2008)