Wednesday, November 17, 2010

മാനുഷരെല്ലാരും ഒന്നുപോലെ....

SATURDAY, AUGUST 15, 2009
മാനുഷരെല്ലാരും ഒന്നുപോലെ....
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒട്ടിയ വയറുമായി വന്ന കൂട്ടുകാരന് മുന്നില്‍ തൊലി കറുത്തെന്ന പേരില്‍ വാതിലടയുന്ന ശബ്ദം കേട്ട ഉത്രാടത്തിന്റന്ന് നിര്‍ത്തിയതാണ് ഓണാഘോഷങ്ങള്‍. മാനുഷരെല്ലാവരും ഒന്നു പോലെയല്ലെന്ന തിരിച്ചറിവ് കുട്ടിക്കാലത്ത് തന്നെ പലതവണ ലഭിച്ചിരുന്നു. ജാതിയും മതവും മാത്രമായിരുന്നില്ല സമ്പത്തും ലിംഗവും തീര്‍ത്ത വേലിക്കെട്ടുകള്‍ പൊട്ടിക്കാന്‍ ശ്രമിച്ച് നിരവധി തവണ പരാജയപ്പെട്ടിരിക്കേണ്ടി വന്നിട്ടുണ്ട് . ഒരു ദിവസത്തേക്ക് മാത്രമായി ഒരോണപ്പാട്ട് വേണ്ടെന്ന് വളര്‍ച്ചയെത്താത്ത ഒരു കൂട്ടം കൂട്ടുകാര്‍ തീരുമാനിച്ചത് ഒരു വ്യാഴവട്ടം മുമ്പാണ്. പിന്നീടുള്ള വര്‍ഷങ്ങളില്‍ കൊടിയിലയില്‍ അമ്മ വിളമ്പുന്ന ചോറിലൊതുങ്ങിയിരുന്നു ഓണം.

ഓണം വന്നാലും അടുപ്പില്‍ ആളനക്കമില്ലാത്ത കോരന്റെ കണ്ണീരോണങ്ങള്‍ക്ക് കൂട്ടിരുന്നിട്ടുണ്ട്. ഓണമായിട്ടുപോലും ഉണ്ണാന്‍ വന്നില്ലല്ലോ കുട്ടാ എന്ന് അമ്മ കരഞ്ഞിട്ടുണ്ട്. തറവാട്ടിലെ ഇലച്ചോറിനു മുന്നില്‍ മാത്രമായിരുന്നില്ല അധകൃതന് ഭ്രഷ്ട്. അത്തം മാത്രമല്ല അവന്റെ ഓണങ്ങളും കറുത്തുതന്നെ തീര്‍ന്നു. കണ്ണീരിലും കള്ളിലും മുങ്ങി അവ കടന്നുപോയി. കാലങ്ങള്‍ കടക്കവേ, വരത്തന്മാരെ സുല്‍ത്താന്മാരാക്കി ശീലിച്ച കോഴിക്കോടിന്റെ മണ്ണില്‍ വേരുറപ്പിക്കുന്നതിനിടയില്‍ ചെയ്ത ആദ്യത്തെ ഓണം. ആഘോഷമില്ലെങ്കിലെന്തിന് വീട്ടിലേക്ക് ചെല്ലണം? കൂട്ടുകാരന്റെ ചോദ്യമാണ് ആ തിരുവോണം മുഴുപ്പട്ടിണിക്കിട്ടത്. കോഴിക്കോടന്‍ സമൃദ്ധിയുടെ മഹാറാണി ഹോട്ടലിന്റെ മൂന്ന് കെട്ടിടമപ്പുറത്ത് മൂന്ന് ഗ്ലാസ് പച്ചവെള്ളത്തില്‍ രണ്ടു രാവും ഒരു പകലും മുങ്ങിത്തീര്‍ന്നപ്പോള്‍ അമ്മ വിളമ്പിയ ഇലച്ചോര്‍ തട്ടിമാറ്റിയ ഓണങ്ങളോര്‍ത്തു. വിപ്ലവത്തിനിറങ്ങിയ ബാലചന്ദ്രന്‍ ചുളളിക്കാടിനോട് സച്ചിദാനന്ദന്‍ പറഞ്ഞതോര്‍ത്തു, 'ലോകം ഇളകിമറിയുമ്പോള്‍ നിനക്കുമതാകാം. ഇവിടെ നീമാത്രം ഇളകിമറിയുകയാണ്. ഉപേക്ഷിക്കാന്‍ ഒരു വീടുണ്ട് എന്നതാണ് നിന്റെ പ്രശ്‌നം.' അതേ ഉപേക്ഷിക്കാന്‍ ഒരു വീടുണ്ട് എന്നതുതന്നെയാണ് അടിസ്ഥാന പ്രശ്‌നം. ബാലനെപ്പോലെ ഓണം തെണ്ടിയുണ്ണാന്‍ മനസ്സുവന്നതുമില്ല.

ഇത്തവണയും എവിടെയെങ്കിലും പൂവിളിയുയരും, പൂക്കൂടകള്‍ നിറയും, നിലകെട്ടിയുയര്‍ത്തിയ ആര്‍ഭാടത്തിന്റെ പൂക്കളങ്ങള്‍ കൊട്ടാരക്കെട്ടുകള്‍ക്ക് മോടിയേറ്റും. വിലക്കുറവിന്റെയും ആകര്‍ഷകമായ സമ്മാനക്കൂപ്പണുകളുടെയും പൊന്നോണം എന്റെ പ്രിയപ്പെട്ട സ്‌നേഹിതര്‍ക്ക് ആശംസിക്കുന്നു. നിറച്ചുണ്ടവര്‍ കളഞ്ഞുപോകുന്ന ഇലച്ചിന്തുകള്‍ കാക്കുന്നവരുണ്ട് മുന്നില്‍, എല്ലെണ്ണിയെടുക്കാന്‍ പരുവത്തില്‍ നില്‍ക്കുന്ന അവരെക്കണ്ട് ഓണത്തപ്പന്റെ തിരുവയര്‍ ഒട്ടണം. അടുത്ത തവണ അവരിലൊരാളായി വരട്ടെ മാവേലിത്തമ്പുരാന്‍, അന്നേ വിശ്വക്കാനാവൂ ഈ ആഘോഷത്തില്‍.


ഓണമായിട്ടുണ്ണീ വരുന്നില്ലേ നീ? -അമ്മ വിളിക്കുന്നു.
അമ്മമ്മയ്ക്ക് വയ്യ, ഇതൊടുക്കത്തെയാവും.
പറ്റുമെങ്കില്‍ ലീവ് ചേര്‍ത്തോ ശ്രാദ്ധത്തിനുളളതും.
മനസ്സില്‍ ഒരു ചുട്ട ചട്ടുകം നിലത്തുവീണു. (2009 August)

എഴുതിയത് മുരളിക... at 11:38 PM
Labels: ആല്‍ത്തറയില്‍ ഓണം ....
24 അഭിപ്രായങ്ങള്‍:

No comments:

Post a Comment