2007 ലോകകപ്പിനു തൊട്ടുമുമ്പാണ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം അയല്‍ക്കാരായ ന്യൂസിലണ്ടിനോട് മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ പരാജയപ്പെടുന്നത്. അതിന് മാസങ്ങള്‍ക്കപ്പുറമാണ് ചിരവൈരികളായ ഇംഗ്ളണ്ട് രണ്ട് നിര്‍ണായക മത്സരങ്ങളില്‍ ഓസീസിനെ തോല്‍പ്പിക്കുന്നതും 344 എന്ന ഹിമാലയന്‍ ടോട്ടല്‍ കംഗാരുക്കള്‍ക്കെതിരെ ദക്ഷിണാഫ്രിക്ക മറികടക്കുന്നതും. ഓസ്ട്രേലിയയുടെ കാലം കഴിഞ്ഞു എന്നു തന്നെ എല്ലാവരും വിധിയെഴുതി. ചുരുങ്ങിയ പക്ഷം 2007 ലോകകപ്പിലെങ്കിലും ഓസീസ് പച്ച തൊടില്ലെന്ന് കരുതി. പക്ഷേ ഓസീസ് തിരിച്ചുവന്നു. കൂടെയോടിയവരെയെല്ലാം നിഷ്പ്രഭരാക്കി ലോകചാമ്പ്യന്മാരായി.
എണ്ണയിട്ട യന്ത്രം പോലെ തിരിയുന്ന സ്വാഭാവികതയാണ്, അല്ലെങ്കില്‍ ആയിരുന്നു ക്രിക്കറ്റ് ഓസ്ട്രേലിയയുടേത്. അവിശ്വസനീയങ്ങളായ ഒറ്റയാള്‍ പ്രകടനങ്ങള്‍ കൊണ്ട് ഒരു സച്ചിനോ, ലക്ഷ്മണോ, ഹര്‍ഭജന്‍ സിംഗോ ആ സ്വാഭാവികതയെ അലോസരപ്പെടുത്തിയിട്ടില്ല എന്നല്ല. സമീര്‍ ദിഗെയെപ്പോലുള്ള ചില അതീവ ഭാഗ്യശാലികളും അതുചെയ്തിട്ടുണ്ട്.
സ്റ്റീവ് വോ എന്ന ഓസീ ക്യാപ്റ്റന്റെ കീഴിലാണ് ടീം ഓസ്ട്രേലിയ അനിഷേധ്യരാകുന്നത്. അതുപക്ഷേ ടീം വര്‍ക്ക് കൊണ്ട് മാത്രമായിരുന്നില്ല. ഏതവസ്ഥയിലും കളിയെ തങ്ങളുടെ വരുതിയിലെത്തിക്കാന്‍ കഴിയുന്ന ചിലര്‍ സ്റ്റീവിന്റെ നിരയില്‍ ഉണ്ടായിരുന്നു തങ്ങളുടെ ഭാഗഥേയം കൃത്യമായി ചെയ്തു തീര്‍ത്തിരുന്ന ബാറ്റിംഗ്-ബൌളിംഗ് ഡിപ്പാര്‍ട്ടുമെന്റുകളും അതിശയിപ്പിക്കുന്ന ഫീല്‍ഡിംഗ് മികവുമാണ് കംഗാരുക്കളുടെ പാടി പുകഴ്ത്തപ്പെട്ട പ്രൊഫഷണലിസം. തന്റെ കാലത്തെ ഏറ്റവും മികച്ച ഏകദിന ബാറ്റ്സ്മാന്‍ മൈക്കല്‍ ബെവന്‍ വിരമിച്ചത് ആരും അറിഞ്ഞതേയില്ല. പകരം വന്നത് ആന്‍ഡ്രൂ സൈമണ്ട്സ് ആണ് എന്നതു തന്നെ കാരണം. സാക്ഷാല്‍ സ്റ്റീവ് വോയ്ക്ക് പകരം മൈക്ക് ഹസി വന്നപ്പോഴും അനിയന്‍ മാര്‍ക്കിനു പകരം മാത്യു ഹെയ്ഡന്‍ വന്നപ്പോഴും ഗില്ലെസ്പിക്ക് പകരക്കാരനായി മിച്ചല്‍ ജോണ്‍സണ്‍ കളി തുടങ്ങിയപ്പോഴും ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ഗ്രാഫ് മുകളിലേക്ക് തന്നെയായിരുന്നു. പക്ഷേ ലോകചാമ്പ്യന്മാര്‍ക്ക് തടിയില്‍ പിടിച്ചത് മറ്റു മൂന്നുപേരുടെ പടിയിറക്കമാണ്. സമീപകാല ക്രിക്കറ്റിലെ പകരം വെക്കാന്‍ പേരുകളില്ലാത്ത മൂന്ന് പേരുകള്‍. ആദം ഗില്‍ക്രിസ്റ്, ഗ്ളെന്‍ മക്ഗ്രാത്ത്, ഷെയ്ന്‍ വാണ്‍ എന്നിവര്‍. (അരങ്ങേറ്റ ടെസ്റില്‍ 12 വിക്കറ്റ് വീഴ്ത്തിയ ജേസണ്‍ ക്രെയ്സയെ കണ്ട് ഷെയിന്‍ വോണിന് പകരക്കാരനായി എന്നു പറയുന്ന ഇന്ത്യന്‍ മോഡല്‍ വങ്കത്തം ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ കാണിച്ചില്ല, ഭാഗ്യം)
സത്യത്തില്‍ ഇപ്പോഴാണ് ലോകചാമ്പ്യന്മാര്‍ക്ക് ഒരു ക്യാപ്റ്റന്‍ വേണ്ടത്. മുന്നില്‍ നിന്നു നയിക്കാനും ടീമിനെ കെട്ടിപ്പെടുക്കാനും. പക്ഷെ ക്രിക്കറ്റ് ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ ക്യാപ്റ്റന്‍ പോണ്ടിംഗിനെ കൈവിട്ട മട്ടാണ്. ശരാശരി ക്യാപ്റ്റന്‍ എന്നാണ് ഫാസ്റ്റ് ബൌളിംഗ് ഇതിഹാസം ജെഫ് തോംസണ്‍ പോണ്ടിംഗിനെ വിളിച്ചത്. ഓവര്‍ റേറ്റ് ശരിയാക്കാനായി ടീമിന്റെ താല്‍പര്യങ്ങള്‍ ബലി കഴിച്ച പോണ്ടിംഗിനെ ദേശീയ മാധ്യമങ്ങള്‍ തള്ളിപ്പറയാന്‍ തുടങ്ങിയിട്ടുണ്ട്. 15 ടെസ്റ്റുകള്‍ മാത്രം കളിച്ചു പരിചയമുള്ള ഇന്ത്യന്‍ ക്യാപ്റ്റനെ മാതൃകയാക്കാനാണ് പോണ്ടിംഗിനോട് അവര്‍ പറയുന്നത്. അതെ, ഇപ്പോഴാണ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിന് ഒരു ക്യാപ്റ്റനെ വേണ്ടത്. ലോകോത്തരതാരങ്ങളുടെ നിഴലില്‍ നിന്നും പുറത്തുവന്ന് ശരാശരി ടീമായി നില്‍ക്കുന്ന കംഗാരുക്കള്‍ നഗ്നരല്ല എന്നു തെളിയിക്കേണ്ടത് ആ ക്യാപ്റ്റന്റെ ബാദ്ധ്യതയാണ്. അതിന് കഴിഞ്ഞാല്‍ പോണ്ടിംഗ് മികച്ച ക്യാപ്റ്റന്‍ എന്നു വിളിക്കേണ്ടി വരും. അല്ലെങ്കില്‍ ടീമിന്റെ പ്രതാപകാലത്ത് പൂച്ചെണ്ടുകള്‍ വാങ്ങി കെട്ടകാലത്ത് നിശബ്ദനായ ഒരു സാധാരണ കളിക്കാരന്‍ മാത്രമാകും അയാള്‍.
ബിയോണ്‍ഡ് ദ ബൌണ്ടറി: ഇന്ത്യയും ഓസ്ട്രേലിയയും സംസ്കാരത്തില്‍ വ്യത്യസ്തരാണെന്ന് മുന്‍ ഓസ്ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ആദം ഗില്‍ക്രിസ്റ്. അതെ സുഹൃത്തേ, കുരങ്ങന്‍ എന്ന് വിളിച്ചതിന് ജയിലില്‍ പിടിച്ചിട്ട ഒരാളെ "കുരങ്ങനെന്നല്ല നിന്റെ അമ്മയ്ക്ക്....'' എന്നാണ് പറഞ്ഞത് എന്ന് മൊഴിമാറ്റിയാല്‍ തുറന്ന് വിടാറില്ല ഞങ്ങള്‍.
(നാട്ടുപച്ചയിലെ മൈതാനത്തില്‍ പ്രസിദ്ധീകരിച്ചത്)
No comments:
Post a Comment