Wednesday, November 17, 2010

മൈതാനത്തിലെ സ്വര്‍ണപ്പതക്കങ്ങള്‍

കായികപ്രേമികള്‍ക്ക്‌ ഹൃദയത്തില്‍ ചേര്‍ത്തുവെയ്‌ക്കാന്‍ ഒട്ടേറെ നിമിഷങ്ങള്‍ നല്‍കിയാണ്‌ 2008 കടന്നുപോകുന്നത്‌. ഒളിമ്പിക്‌സ്‌ യോഗ്യത പോലും നേടാന്‍ കഴിയാതെ ദേശീയവിനോദമായ ഹോക്കി കായികവര്‍ഷത്തിലെ കറുത്ത പാടായെങ്കിലും പ്രതീക്ഷയുടെ പുത്തനുണര്‍വ്വുകള്‍ മറ്റുമേഖലകളില്‍ കാണായി.

ഒളിമ്പിക്‌സ്‌ ചരിത്രത്തില്‍ ഭാരതീയന്റെ ഭാഗഥേയം തിരുത്തിക്കുറിച്ച അഭിനവ്‌ ബിന്ദ്രയുടെ സ്വര്‍ണനേട്ടം, ചതുരംഗക്കളത്തില്‍ ചക്രവര്‍ത്തിയായി വിശ്വനാഥന്‍ ആനന്ദിന്റെ അഭിഷേകം, കിംഗ്‌ ലാറയെ മറികടന്ന്‌ ടെസ്റ്റ്‌ ക്രിക്കറ്റിലെ റണ്‍വേട്ടക്കാരനായ സച്ചിനൊപ്പം ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം കണ്‌ ടെത്തിയ ഉയരങ്ങള്‍, ബാഡ്‌ മിന്റണ്‍ കോര്‍ട്ടില്‍ സൈന നേവാള്‍ എന്ന 18 കാരിയുടെ സെന്‍സേഷണല്‍ കുതിപ്പ്‌, നാലാം തവണയും ബോക്‌സിംഗില്‍ ലോകചാംപ്യനായ മേരി കോം... ഇന്ത്യന്‍ ഫുട്‌ബോളിലെ അതികായന്മാരായിരുന്ന ഒളിംപ്യന്‍ തങ്കരാജും മേവാലാലും പോയ വര്‍ഷത്തിന്റെ കണ്ണുനീരായതും മുന്‍ ദേശീയ ക്രിക്കറ്റ്‌ ടീം ക്യാപ്‌റ്റന്മാരായിരുന്ന അനില്‍കുംബ്ലെയും സൗരവ്‌ ഗാംഗുലിയും കളിക്കളത്തോട്‌ വിട പറഞ്ഞതും 2008 ലാണ്‌.

ഒളിമ്പിക്‌സില്‍ നേടിയ വ്യക്തിഗതസ്വര്‍ണവും വിശ്വനാഥന്‍ ആനന്ദിന്റെ ലോകകിരീടവും ക്രിക്കറ്റ്‌ ടീമിന്റെ കുതിപ്പുമാണ്‌ 2008 ന്റെ പ്രധാനകായികനേട്ടങ്ങള്‍. ലോകചാമ്പ്യന്മാരെന്ന നിലയില്‍ നിന്നും ഓസീസ്‌ താഴേക്കിറങ്ങുന്ന കാഴ്‌ചയാണ്‌ 2008 ല്‍ കാണുന്നത്‌. ഇന്ത്യയോട്‌ ഏറ്റ പരാജയത്തിനു പുറമേ ദക്ഷിണാഫ്രിക്കയോട്‌ സ്വന്തം നാട്ടില്‍ പരാജപ്പെട്ടതും കംഗാരുക്കള്‍ക്ക്‌ തിരിച്ചടിയായി. അവിശ്വസനീയമായ മികവായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം കാഴ്‌ചവച്ചത്‌. അസ്ഥിരത മുഖമുദ്രയാക്കിയ ടീമെന്ന പഴിയെ പാടെ മറികടന്ന ഇന്ത്യ ഈ വര്‍ഷമാദ്യം ഏകദിനപരമ്പര നേടി ഓസ്‌ട്രേലിയയില്‍ തുടങ്ങിയ കുതിപ്പ്‌ വര്‍ഷാവസാനത്തില്‍ ഇംഗ്ലണ്‌ ടിനെതിരായ മത്സരം വരെയും തുടര്‍ന്നു. ലോകചാമ്പ്യന്മാരായ ഓസീസിനെ നിശബ്‌ദരാക്കിയ ഇന്ത്യ ക്രിക്കറ്റിന്റെ തലതൊട്ടപ്പന്മാരായ ഇംഗ്ലണ്‌ ടിനെയും പരാജയപ്പെടുത്തി. ഏകദിനത്തില്‍ തുടര്‍ച്ചയായ 5 മത്സരങ്ങളിലാണ്‌ ഇംഗ്ലണ്‌ ട്‌ ഇന്ത്യയോട്‌ തോറ്റമ്പിയത്‌. ഐ സി സി റാങ്കിംഗില്‍ മൂന്നാമതെത്താനും ധോണിയുടെ ടീമിന്‌ കഴിഞ്ഞു. ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ്‌ പരമ്പരയില്‍ മാത്രമാണ്‌ ഈ വര്‍ഷം ഇന്ത്യ പരാജയപ്പെട്ടത്‌. വെസ്റ്റ്‌ ഇന്‍ഡീസിന്റെ ബ്രയാന്‍ ലാറയെ മറികടന്ന്‌ സച്ചിന്‍ തെണ്ടുല്‍ക്കര്‍ ടെസ്റ്റ്‌ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന താരമായതാണ്‌ ക്രിക്കറ്റ്‌ ഗ്രൗണ്‌ ടില്‍ നിന്നുള്ള മികച്ച കാഴ്‌ച. ടെസ്റ്റില്‍ 41 സെഞ്ചുറി തികച്ച്‌ സച്ചിന്‍ തുടരുന്ന മുന്നേറ്റവും രാഹുല്‍ ദ്രാവിഡ്‌ 10000 റണ്‍സും വി വി എസ്‌ ലക്ഷ്‌മണ്‍ 100 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയതും 2008 ന്റെ നേട്ടങ്ങളായി. ഓപ്പണിംഗില്‍ വീരേന്ദര്‍ സേവാഗും ഗൗതം ഗംഭീറും നല്‍കിയ അവിശ്വസനീയ തുടക്കങ്ങളും ഫാസ്റ്റ്‌ ബൗളര്‍മാരായ സഹീര്‍ഖാനും ഇഷാന്ത്‌ ശര്‍മയും ടീമിന്റെ നട്ടെല്ലായി. ഓഫ്‌ സ്‌പിന്നര്‍ ഹര്‍ഭജനും മികച്ച പ്രകടനം കാഴ്‌ചവച്ചു. ജൂനിയര്‍ സീനിയര്‍ വ്യത്യാസമില്ലാതെ കളിക്കാരെ ടീമാക്കി ഇണക്കിക്കൊണ്‌ ടുപോകുന്നതില്‍ വിജയിച്ച ക്യാപ്‌റ്റന്‍ ധോണിയാണ്‌ 2008 ന്റെ താരം. വിക്കറ്റിനു പിന്നിലും മുന്നിലും ഒരുപോലെ മികച്ച പ്രകടനം കാഴ്‌ചവച്ച ധോണി നായകനെന്ന നിലയിലും ലോകത്തെ മുന്‍നിരയിലെത്തി. സിഡ്‌നി ഹെറാള്‍ഡിന്റെ ടീമില്‍ ധോണി നായകനായും ഗംഭീര്‍ ഓപ്പണറായും ഇടം കണ്‌ടെത്തി. ഗാര്‍ഡിയന്‍ പത്രത്തിന്റെ 2008 ന്റെ ടീമില്‍ ഇന്ത്യയില്‍ നിന്നും ആറുപേര്‍ സ്ഥലം പിടിച്ചപ്പോള്‍ ഓസ്‌ട്രേലിയയില്‍ നിന്നും ആരുമുണ്‌ ടായില്ല. മുംബൈയിലെ ഭീകരാക്രമണത്തെത്തുടര്‍ന്ന്‌ തിരിച്ചുപോയ ഇംഗ്ലണ്‌ ട്‌ ടീം തിരിച്ചുവന്നതും ചെന്നൈയില്‍ സെഞ്ചുറി നേടിയ സച്ചിന്‍ അത്‌ മുംബൈ നിവാസികള്‍ക്ക്‌ സമര്‍പ്പിച്ചതും സ്‌പോര്‍ട്‌സ്‌മാന്‍ സ്‌പിരിറ്റിന്‌ പുതിയ മാനങ്ങള്‍ പകര്‍ന്നു.

നൂറുകോടിയിലധികം വരുന്ന ജനതയുടെ ദശാബ്‌ദങ്ങളായുള്ള കാത്തിരിപ്പിന്‌ അന്ത്യം കുറിക്കുകയായിരുന്നു ബീജിംഗില്‍ അഭിനവ്‌ ബിന്ദ്രയുടെ സ്വര്‍ണം. 25 കാരനായ ബിന്ദ്ര പുരുഷന്മാരുടെ നൂറ്‌ മീറ്റര്‍ എയര്‍റൈഫിളില്‍ 700.5 പോയന്റ്‌ നേടിയാണ്‌ ചരിത്രം കുറിച്ചത്‌. ഇന്ത്യയുടെ നടാടെയുള്ള വ്യക്തിഗത സ്വര്‍ണമാണ്‌ ബിന്ദ്ര വെടിവെച്ചിട്ടത്‌. ഗുസ്‌തിയില്‍ സുശീല്‍കുമാറും ബോക്‌സിംഗില്‍ വിേജന്ദര്‍കുമാറും നേടിയ വെങ്കലമെഡലുകള്‍ ഇന്ത്യയുടെ ഒളിമ്പിക്‌ മെഡല്‍നേട്ടം മൂന്നാക്കി ഉയര്‍ത്തി. ജമൈക്കന്‍ സ്‌പ്രിന്റര്‍മാരായ ഉസൈന്‍ബോള്‍ട്ടും ആന്‍ഫ്രേസറും അതിവേഗത്തിന്റെ ചരിത്രം കുറിച്ച മേളയില്‍ അമേരിക്കന്‍ നീന്തല്‍താരം മൈക്കല്‍ ഫെല്‍പ്‌സും പോള്‍വാള്‍ട്ട്‌ താരം ഇസിന്‍ബയേവയും ആരാധകരുടെ പ്രിയപ്പെട്ടവരായി.

ഷൂട്ടിംഗില്‍ ബിന്ദ്രയ്‌ക്കുപുറമേ ഗഗന്‍ നരംഗും റോഞ്ചന്‍ സോധിയും ജസ്‌പാല്‍ റാണയും ശ്രദ്ധേയമായ നേട്ടങ്ങള്‍ സ്വന്തമാക്കി. ബോണില്‍ നടന്ന ലോകസീരിസില്‍ വ്‌ലാദ്‌മിര്‍ ക്രാംനിക്കിനെ പരാജയപ്പെടുത്തിയാണ്‌ ഇന്ത്യയുടെ വിഷി ചതുരംഗക്കളത്തിലെ അനിഷേധ്യ ചാമ്പ്യനായത്‌. മൂന്നാം തവണയാണ്‌ വിശ്വനാഥന്‍ ആനന്ദ്‌ ലോകചാമ്പ്യന്‍പട്ടം സ്വന്തമാക്കുന്നത്‌. എ എഫ്‌ സി കപ്പില്‍ മുത്തമിട്ട ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം താരതമ്യേന മികച്ച പ്രകടനമാണ്‌ 2008 ല്‍ കാഴ്‌ചവച്ചത്‌. ഈ വിജയത്തോടെ 2011 ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിന്‌ യോഗ്യതനേടാനും ഇന്ത്യന്‍ ടീമിന്‌ കഴിഞ്ഞു. ക്യാപ്‌റ്റന്‍ ബൈചുംഗ്‌ ബൂട്ടിയക്കൊപ്പം മലയാളിതാരം എന്‍ പി പ്രദീപും ടീമിന്റെ വിജയങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ചു. അര്‍ജന്റൈന്‍ ഫുട്‌ബോള്‍ ഇതിഹാസം കൊല്‍ക്കത്തയിലെത്തിയതും കളിക്കാനിറങ്ങിയതും ഇന്ത്യന്‍ ഫുട്‌ബോളിന്‌ മറക്കാനാവാത്ത നിമിഷങ്ങള്‍ സമ്മാനിച്ചു.

അവിശ്വസനീയ പ്രകടനമികവിലൂടെയാണ്‌ സൈന നേവാള്‍ ബീജിംഗ്‌ ഒളിമ്പിക്‌സ്‌ ക്വര്‍ട്ടറിലെത്തുന്നത്‌. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ ബാഡ്‌മിന്റണ്‍ താരമാണ്‌ 18 കാരിയായ സൈന. ടെന്നീസ്‌ സെന്‍സേഷനായിരുന്ന സാനിയാമിര്‍സയെ മറികടന്ന്‌ ഇന്ത്യന്‍ യുവത്വത്തിന്റെ പ്രതീകമാകാനും ലോക പത്താം നമ്പറിലെത്തിയ ഈ ആന്ധ്രാസുന്ദരിക്ക്‌ കഴിഞ്ഞു. പറക്കും സിംഗ്‌ മില്‍ഖയുടെ മകന്‍ ജീവ മില്‍ഖസിംഗ്‌ ഏഷ്യയിലെ ഏറ്റവും മികച്ച ഗോള്‍ഫറായി ഉയര്‍ന്നതാണ്‌ ഗോള്‍ഫ്‌ മൈതാനത്തുനിന്നുമുള്ള ശുഭവാര്‍ത്ത. അച്ഛന്റെ ഇഷ്‌ടമേഖലയായ അതലറ്റിക്‌സിനെ വിട്ട്‌ ഗോള്‍ഫിനെ പ്രണയിച്ച ജീവ യൂറോപ്യന്‍ ടൂറിലും സിംഗപ്പൂര്‍ ഓപ്പണിലും ജെ ടി കപ്പിലും ചാമ്പ്യനായാണ്‌ ശ്രദ്ധേയനായത്‌. ബോക്‌സിംഗില്‍ നാലു ലോകകിരീടങ്ങള്‍ സ്വന്തമാക്കുന്ന ആദ്യവനിതയായി മേരി കോം. ഈ വര്‍ഷമാദ്യം സിസേറിയനിലൂടെ രണ്ട്‌ ആണ്‍കുട്ടികള്‍ക്ക്‌ ജന്മം കൊടുത്ത ശേഷമാണ്‌ മേരി കോം ലോകചാമ്പ്യന്‍ഷിപ്പില്‍ മത്സരിച്ച്‌ സ്വര്‍ണം നേടിയത്‌. ബങ്കലൂരു സ്വദേശിയായ പങ്കജ്‌ അദ്വാനി സ്വന്തം നാട്ടില്‍ നടന്ന ലോക ബില്യാര്‍ഡ്‌സ്‌ ചാമ്പ്യന്‍ഷിപ്പില്‍ ജേതാവായി ചരിത്രം കുറിച്ചു. ഗീത്‌ സേഥി, പീറ്റര്‍ ഗില്‍ക്രിസ്റ്റ്‌ തുടങ്ങിയ വമ്പന്മാരെ മറികടന്നാണ്‌ 23 കാരനായ അദ്വാനി ലോകകിരീടം സ്വന്തമാക്കിയത്‌.

മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ട്വന്റി 20 ക്രിക്കറ്റ്‌ ചാമ്പ്യന്‍സ്‌ ലീഗ്‌ മാറ്റിവച്ചതും പാകിസ്ഥാനുമായുള്ള കായികബന്ധം പൂര്‍ണമായും ഉപേക്ഷിച്ചതും വര്‍ഷാവസാനത്തില്‍ നിരാശരാക്കിയെങ്കിലും ശരാശരിയിലും മികച്ച പ്രകടനങ്ങളുമായി വരും വര്‍ഷത്തിലും കളിക്കളത്തില്‍ ഇന്ത്യ ആധിപത്യം തുടരുമെന്നാണ്‌ കായികപ്രേമികളുടെ പ്രതീക്ഷ. വരും വര്‍ഷങ്ങളില്‍ ലോക കായിക ഭൂപടത്തില്‍ ഇന്ത്യയുടെ സ്ഥാനം കൂടുതല്‍ പ്രസക്തമാകുമെന്ന സൂചനയാണ്‌ 2008 നല്‍കുന്നത്‌.


(നാട്ടുപച്ചയിലെ മൈതാനത്തില്‍ പ്രസിദ്ധീകരിച്ചത്)

No comments:

Post a Comment