Wednesday, November 17, 2010

കൊച്ചുകേരളത്തിനും കൊച്ചുക്രിക്കറ്റ് ടീം

ഐപിഎല്‍ ക്രിക്കറ്റിന്റെ ആവേശം പതഞ്ഞുയരുകയാണ്. മാമാങ്കം പാതിവഴിയിലെത്തിയിട്ടും വാതുവെപ്പ് കമ്പോളങ്ങള്‍ക്ക് ഉറച്ചൊരു വിജയിയെ പ്രഖ്യാപിക്കാറായിട്ടില്ല. ബാംഗ്ളൂരിനും ഡല്‍ഹിക്കും മുംബൈയ്ക്കും ജയ് വിളിച്ച് ക്യാപ്സ്യൂള്‍ ക്രിക്കറ്റിന്റെ ലഹരിയില്‍ മുഴുകിയ കേരളത്തിനും ഒരു ഐപിഎല്‍ ടീം സ്വന്തമായി എന്നതുതന്നെയാണ് കളിക്കളത്തില്‍ നിന്നുള്ള വിലപിടിച്ച വാര്‍ത്ത. ശൈലേന്ദ്ര ഗെയ്ക്വാദിന്റെ ഉടമസ്ഥതയിലുള്ള റോന്ദേവു കമ്പനിയാണ് 1533 കോടിരൂപയ്ക്ക് ഐപിഎല്ലില്‍ ഇത്തവണത്തെ രണ്ടാമത്തെ ടീമിനെ ലേലത്തില്‍ പിടിച്ചത്. പുനെ ടീമിനെ സ്വന്തമാക്കിയ സഹാറ മുടക്കിയത് ആദ്യ ഐ പിഎല്ലില്‍ എട്ട് ടീമുകള്‍ക്കും ചേര്‍ന്ന് മുടക്കിയതിലും മേലെയുളള തുക. ആരെന്ത് പറഞ്ഞാലും കായികമന്ത്രി തന്നെ തള്ളിപ്പറഞ്ഞാലും പണമെറിഞ്ഞ് പണത്തില്‍ കൊളളിക്കാന്‍ ഇന്ന് ക്രിക്കറ്റ് കഴിഞ്ഞേ രാജ്യത്ത് മറ്റൊരു കായിക ഇനമുള്ളൂ എന്നതാണ് സത്യം.

കൊച്ചി ആസ്ഥാനമായി രൂപപ്പെടുന്ന ടീമിന് കേരളത്തില്‍നിന്നുളള വ്യവസായികളുടെയും കായികപ്രേമികളുടെയും സഹകരണം ശക്തിപകരും. മോഹല്‍ലാലും പ്രിയദര്‍ശനും ഐപിഎല്‍ ലേലത്തിനു പങ്കെടുക്കുമെന്ന വാര്‍ത്തകള്‍തന്നെ കേരളത്തിലെ ക്രിക്കറ്റ് പ്രേമികളെ ആവേശത്തിലാക്കിയിരുന്നു. എന്നാല്‍ അപ്രതീക്ഷിത ലേലകരാറുകള്‍ കാരണം ഇവരും മുത്തൂറ്റ് ഗ്രൂപ്പുകാരും പിന്മാറിയതോടെ കേരളത്തിന് ഇത്തവണ ഐപിഎല്‍ പ്രാതിനിധ്യമുണ്ടാകില്ല എന്നുറച്ചതാണ്. എന്നാല്‍ കന്ദ്രമന്ത്രി ശശി തരൂരിന്റെ രംഗപ്രവേശവും റൊന്ദേവു ഗ്രൂപ്പിന്റെ മനസാന്നിധ്യവും മലയാളിയുടെ കളിപ്രേമത്തിനുള്ള അംഗീകാരമായി. 2011ലെ ഐപിഎല്‍ സീസണില്‍ കേരളം അങ്കം കുറിക്കുമ്പോള്‍ കേരള ടീമിനെഎന്തുപേര്‍ വിളിക്കണമെന്നും കളിക്കാര്‍ ആരൊക്കെയാവണമെന്നുമുള്ള ചൂടന്‍ ചര്‍ച്ചകള്‍ ആരംഭിച്ചുകഴിഞ്ഞു.

വിജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നതില്‍ താരനിരയ്ക്കു വലിയ പങ്കുണ്ടെന്നത് മാത്രമല്ല വന്‍താരങ്ങളെ പാളയത്തിലെത്തിക്കാന്‍ ടീമുടമകള്‍ കാണിക്കുന്ന ആവേശത്തിനു പിന്നില്‍. ഐക്കണ്‍ താരമെന്ന തുറുപ്പുഗുലാനൊപ്പം കളിക്കാരായ വന്‍സ്രാവുകള്‍ കൂടി ചേരുന്നതോടെ പരസ്യകമ്പോളത്തിലും ജനപ്രിയതയിലും ടീമിന്റെ ജാതകം തന്നെ മാറും. ഐപിഎല്ലിലെ ഏറ്റവും ഫ്ളോപ്പ് ടീമുകളിലൊന്നായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ് വരുമാനത്തില്‍ മുന്‍പന്തിയിലെന്നറിയുമ്പോഴാണ് ഐപിഎല്ലില്‍ കളി നടക്കുന്നത് 22 വാര പിച്ചില്‍ മാത്രമല്ല എന്നു തെളിയുന്നത്. എത്ര വിലയിട്ടാലാണ് വമ്പന്‍സ്രാവുകളെക്കൊണ്ട് ക്യാമ്പ് നിറയ്ക്കാന്‍ സാധിക്കുക എന്നതുതന്നെയാവണം കേരള ഐപിഎല്ലും നോട്ടമിടുന്നത്. പ്രധാന കളിക്കാരെ ലേലത്തില്‍ സ്വന്തമാക്കാനുള്ള അവസരം സെപ്റ്റംബറിലാണ് ഇനി. ആദ്യ ഐപിഎല്ലില്‍ ലേലം നടന്ന കളിക്കാര്‍ സ്വതന്ത്രരാകുന്നതോടെ കേരളത്തിനും വമ്പന്‍ കളിക്കാരെ റാഞ്ചാനുള്ള അവസരമ കൈവരും. ഇവരില്‍ ആരെയൊക്കെ സ്വന്തമാക്കാനാവും എന്നത് തന്ത്രപരമായ ഒരു കളിയാണ്.

കൊച്ചിയുടെ ടീമില്‍ ശ്രീശാന്ത് ഉണ്ടാവും എന്ന കാര്യത്തില്‍ ഏകദേശധാരണ ഉണ്ടായിട്ടുണ്ട്. നാട്ടിലെ ടീമില്‍ കളിക്കുകയാണു തന്റെ സ്വപ്നമെന്നു ശ്രീശാന്തും ശ്രീശാന്തിനെ സ്വന്തമാക്കാന്‍ ശ്രമിക്കുമെന്നു കൊച്ചി ടീം മാനേജ്മെന്റും ഇതിനകം വ്യക്തമാക്കിക്കഴിഞ്ഞിട്ടുണ്ട്. മലയാളിവേരുകളുള്ള റോബിന്‍ ഉത്തപ്പ, അഭിഷേക് നായര്‍ തുടങ്ങിയവരെ സ്വന്തമാക്കാന്‍ ശ്രമങ്ങളാരംഭിച്ചതായി സൂചനകളുണ്ട്. നിലവില്‍ അഭിഷേക് മുംബൈയ്ക്കൊപ്പവും റോബിന്‍ ബാഗ്ളൂരിനൊപ്പവുമാണ്. കേരളത്തിലെ പ്രാദേശിക കളിക്കാരില്‍ എത്ര പേര്‍ക്ക് ടീമില്‍ ഇടം ലഭിക്കുമെന്നതും കാത്തിരുന്ന് കാണണം. ഒരു ടീമില്‍ ഏഴു പ്രാദേശിക കളിക്കാര്‍ക്ക് അവസരം നല്‍കണം. അതില്‍ രണ്ടു പേര്‍ അണ്ടര്‍ 22 കളിക്കുന്നവരായിരിക്കണമെന്നും നിബന്ധന. അനന്തപത്മനാഭനെയും ശ്രീകുമാരന്‍ നായരെയും പോലുള്ള പരിചയസമ്പന്നരെയും റൈഫി വിന്‍സന്റ് ഗോമസിനെപ്പോലുള്ള യുവതാരങ്ങളും ഐപിഎല്‍ കേരളയ്ക്കുവേണ്ടി കളത്തിലിറങ്ങിയേക്കും. ബാറ്റ്സ്മാന്‍മാരായ രോഹന്‍പ്രേം, സഞ്ജു സാംസണ്‍, അഭിഷേക് ഹെഗ്ഡേ, അരുണ്‍ പൌലോസ്, പേസ് ബോളര്‍മാരായ ടിനു യോഹന്നാന്‍, എന്‍.നിയാസ്, പ്രശാന്ത് പരമേശ്വരന്‍ എന്നിവരും പ്രതീക്ഷയിലാണ്. രഞ്ജി ട്രോഫിയില്‍ ജമ്മു കാശ്മീരിനും പിന്നിലായി ഏറ്റവും ഒടുവില്‍ സീസണ്‍ അവസാനിപ്പിച്ച കേരളം ദേശീയടീമിലേക്ക് ഒരു കളിക്കാരനെ എത്തിക്കാന്‍ ഉറ്റുനോക്കുന്നത് ഐപിഎല്ലിനെയാണ്.

വാല്‍ക്കഷണം: ക്രിക്കറ്റ് പ്രത്യേകിച്ച് ഐപിഎല്‍ ഇന്ത്യയിലെ മറ്റ് കായിക ഇനങ്ങളെ നശിപ്പിക്കുന്നുവെന്ന് സ്പോര്‍ട്സ് മന്ത്രി എം എസ് ഗില്ലിന് പരാതി. മംഗൂസ് ബാറ്റ് കൊണ്ടുവന്ന ഐപിഎല്ലില്‍ അടുത്തത് വരാന്‍ പോകുന്നത് കോബ്ര ബാറ്റാണെന്നും ടിയാന്‍. പണത്തിനു മീതെ പരുന്ത് പറക്കണില്ല, പിന്നെയാണോ കോബ്ര.


(നാട്ടുപച്ചയിലെ മൈതാനത്തില്‍ പ്രസിദ്ധീകരിച്ചത്)

No comments:

Post a Comment