പരമ്പരാഗത ക്രിക്കറ്റ് രീതികളായ ടെസ്റ്, ഏകദിന മത്സരങ്ങള്‍ക്ക് പ്രാധാന്യം നഷ്ടപ്പെടുന്നുവെന്നും അടുത്തിടെ തന്നെ ഇല്ലാതാകുമെന്നും ആരാധകരും പരസ്യദാതാക്കളും ആവര്‍ത്തിച്ച് ആശങ്കപ്പെടുമ്പോള്‍ ഒരു കളിക്കാരന്‍ ഇവ കളിക്കാന്‍ വേണടി 20 ട്വന്റി മല്‍സരങ്ങളില്‍ നിന്ന് വിരമിക്കുന്നു. ഓസ്ട്രേലിയന്‍ ക്യാപ്റ്റനായ റിക്കി പോണ്ടിംഗാണ് ടെസ്റ്റ്, ഏകദിനരംഗങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു വേണ്ടി ആവേശത്തിന്റെ ക്യാപ്സൂളുകള്‍ എന്നു കരുതിപ്പോരുന്ന ട്വന്റി-20 ക്രിക്കറ്റ് വിടുന്നത്. മികച്ച കളിക്കാരാല്ലെവരും ടെസ്റ്റ്, ഏകദിനങ്ങള്‍ വിട്ട് ട്വന്റി-20യില്‍ കൂടുകൂട്ടാനൊരുങ്ങുമ്പോഴാണ് പണ്ടര്‍ പോണ്ടിംഗ് ഇവിടെ വ്യത്യസ്തനായത്. ലോകത്തെ ഏറ്റവും മികച്ച ഓള്‍ റൌണ്ടര്‍മാരില്‍ ഒരാളായ ഇംഗ്ളീഷ് പവര്‍ഹൌസ് ആന്‍ഡ്രൂ ഫ്ളിന്റോഫ് അടുത്തിടെ ടെസ്റ്റില്‍ നിന്നും വിരമിച്ചിരുന്നു. ശ്രീലങ്കന്‍ ഓഫ്സ്പിന്നറായ മുത്തയ്യ മുരളീധരന്‍ അടുത്ത വര്‍ഷത്തോടെ വിരമിക്കുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. ഇവര്‍ക്കിടയിലും ടെസ്റ് മത്സരങ്ങളാണ് യഥാര്‍ത്ഥ ക്രിക്കറ്റ് എന്ന പരമ്പരാഗത സമീപനത്തെ സ്വന്തം കരിയറില്‍ അനുവര്‍ത്തിച്ച ഓസീസ് ക്യാപ്റ്റനിരിക്കട്ടെ ഒരു തൂവല്‍.
20 ട്വന്റി മല്‍സരങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുന്ന പോണ് ടിംഗിന്റെ നയം വ്യക്തമാണ്. സച്ചിന്‍ തെണ് ടുല്‍ക്കറിന്റെ ടെസ്റ് സെഞ്ചുറിയെന്ന റെക്കോര്‍ഡിലേക്കാണ് പോണ്ടിംഗിന്റെ കണ്ണ്. ഇന്ന് ഭൂമുഖത്തുള്ള കളിക്കാരില്‍ ഈ റെക്കോര്‍ഡില്‍ സച്ചിനെ മറികടക്കാനുണ് ടെങ്കില്‍ അത് ഈ ഓസ്ട്രേലിയക്കാരന്‍ മാത്രമാണ് താനും. ട്വന്റി20 യില്‍ പോണ്ടിങ്ങിന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. 17 രാജ്യാന്തര ട്വന്റി20 മല്‍സരങ്ങളില്‍ നിന്ന് 28.64 റണ്‍സ് ശരാശരിയില്‍ 401 റണ്‍സാണ് പോണ്ടിങ്ങിന്റെ സമ്പാദ്യം. സ്വരം നന്നായിരിക്കുമ്പോള്‍ പാട്ട് നിര്‍ത്തിയ റിക്കി ബോധപൂര്‍വ്വം കളിച്ചു എന്നുവേണം കരുതാന്‍. ട്വന്റി20 മല്‍സരങ്ങളിലെ പ്രകടനക്കുറവിന്റെ പേരില്‍ ടെസ്റ്-ഏകദിന ടീമില്‍ നിന്നുകൂടി നിഷ്കാസിതനായേക്കുമെന്ന ഘട്ടത്തില്‍ കളിച്ച ഒരു ശ്രദ്ധകൂടിയ ഇന്നിംഗ്സ് എന്ന് ഈ നീക്കത്തെ വിളിച്ചാലും അത് തെറ്റാവില്ല.
ട്വന്റി-20 ക്രിക്കറ്റിലെ സൂപ്പര്‍ ഓവറില്‍പോലും സ്വപ്നം കാണാന്‍ പറ്റാത്ത ആവേശമായിരുന്നു കളിപ്രേമികള്‍ക്ക് ഇക്കഴിഞ്ഞ ആഷസ് സമ്മാനിച്ചത്. കളിയെ നാല് ദിവസമാക്കി ചുരുക്കണമെന്നും ടെസ്റ് മത്സരങ്ങള്‍ സമയം കൊല്ലുന്നുവെന്നും വിമര്‍ശിച്ചവരുടെ വായടപ്പിച്ച പരമ്പര. ഒരര്‍ത്ഥത്തില്‍ ഓസീസ്-ഇംഗ്ളീഷ് പരമ്പരയുടെ മാത്രമല്ല ടെസ്റ് മത്സരങ്ങളുടെ ഒട്ടാകെ ആഷസ് ആയിരുന്നേനെ ലണ് ടനില്‍ നടക്കുമായിരുന്നത്. എന്നാല്‍ സംഭവിച്ചത് മറിച്ചാണ്. എണ്ണം പറഞ്ഞ കളിനീക്കങ്ങളിലൂടെ അവസാന ടെസ്റിന്റെ നാലാംദിനം വരെയെത്തിയ ആഷസ് 2009 ക്രിക്കറ്റിന്റെ സൌന്ദര്യത്തിന് മാറ്റുകൂട്ടിയാണ് പൂര്‍ത്തിയായത്.
കളിക്കളത്തില്‍ സജീവമായിരുന്നു പോയമാസം. ശ്രീലങ്കയില്‍ കോംപാക് ക്രിക്കറ്റ് കിരീടമുയര്‍ത്തിയതും ലോകറാങ്കിംഗില്‍ ഒരു ദിവസത്തേക്കെങ്കിലും ഒന്നാമതെത്തിയതും നെഹ്റുകപ്പ് ഫുട്ബോളില്‍ ജേതാക്കളായതും ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വിജേന്ദര്‍ നടാടെ മെഡല്‍ കുറിച്ചതും ഫൈനലില്‍ മഹേഷ് ഭൂപതി സഖ്യത്തെ തുരത്തി ലിയാന്‍ഡര്‍ യുഎസ് ഓപ്പണ്‍ ടെന്നീസ് കിരീടത്തില്‍ മുത്തമിട്ടതും ഇന്ത്യയ്ക്ക് അഭിമാനം പകരുന്ന വാര്‍ത്തകളായി. ടെന്നീസ് റാക്കറ്റ് നിലത്തടിക്കുകയും വളച്ചൊടിക്കുകയും ചെയ്ത സെറീന വില്യംസിന് പിഴ ലഭിച്ചതും, ഇംഗ്ളണ്ടിനെ തുടര്‍ച്ചയായി നാല് മത്സരങ്ങളില്‍ പരാജയപ്പെടുത്തി ഏകദിന പരമ്പര സ്വന്തമാക്കിയ ഓസീഷസ് തോല്‍വിക്ക് പകരം വീട്ടിയതും കളിപ്രേമികള്‍ക്ക് കണ്ണുനീരായി അര്‍ജന്റീനയും പോര്‍ട്ടുഗലും ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ റൌണ്ടില്‍ മുടന്തുന്നതും വെവ്വേറെ എഴുതിയാല്‍ ഓരോ ഉപന്യാസങ്ങള്‍ക്കുപോരും.
ബിയോണ്‍ഡ് ദ ലൈന്‍: ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ടായി മുഖ്യമന്ത്രി നരേന്ദ്രമോഡി കോണ്‍ഗ്രസ്സിനെ അട്ടിമറിച്ച് തെരഞ്ഞെടുക്കപ്പെട്ടത് വാര്‍ത്തയായി. പണ് ട് മുഖ്യമന്ത്രിസ്ഥാനത്ത് വിജയം ആവര്‍ത്തിച്ചപ്പോള്‍ ഭാവിപ്രധാനമന്ത്രി എന്നാണ് മോഡിയെ പലരും വിളിച്ചത്. ഇനിയിപ്പോ അതേതായാലും നടക്കാന്‍ പോണില്ല. ഒരു ബി സി സി ഐ പ്രസിഡണ്ടൊക്കെ വേണേല്‍ ആവാമെന്നല്ലാതെ.
(നാട്ടുപച്ചയിലെ മൈതാനത്തില്‍ പ്രസിദ്ധീകരിച്ചത്)
No comments:
Post a Comment