തികച്ചും അപ്രതീക്ഷിതമായിരുന്നില്ല ഇന്ത്യന്‍ ക്യാംപിനു ഈ തോല്‍വി.ഏഷ്യാക്കപ്പിന്‍റെ ഫൈനല്‍ മത്സരത്തില്‍ ഇന്ത്യന്‍ യുവരാജാക്കന്മാരെ നിഷ്പ്രഭരാക്കിയ മെന്‍ഡിസ് എന്ന ഇരുപത്തിമൂന്നുകാരന്‍ ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍റെ സ്വപ്നങ്ങളില്‍ അശാന്തി പടര്‍ത്തിയിരുന്നു എന്ന് വ്യക്തം,അതദ്ദേഹം സമ്മതിച്ചിരുന്നില്ലെങ്കിലും സീനിയര്‍ കളിക്കാരുടെ പരിചയ സമ്പത്ത് മെന്‍ഡിസിനെ മെരുക്കുമെന്ന് കുംബ്ലെ വിശ്വസിച്ചു. പക്ഷെ എന്തിനു സീനിയര്‍ കളിക്കാര്‍ എന്നത് തന്‍റെ ഏകപക്ഷീയമായ സന്ദേഹമല്ലെന്ന് മഹേന്ദ്രസിംങ്ങ് ധോണി എന്ന ഏകദിന ക്യാപ്റ്റന്‍ ജാര്‍ഖണ്ടിലെ വീട്ടിലുരുന്ന് ആവര്‍ത്തിച്ച് ഉറപ്പിച്ചു.
എവിടെയായിരിക്കണം അനില്‍ കുംബ്ലെയ്ക്കും ഇന്ത്യയ്ക്കും പിഴച്ചത്? ആദ്യദിവസത്തെ രണ്ടു സെക്ഷനുകളും മഴയില്‍ ഒലിച്ചു പോയ ഒരു മത്സരം. പിച്ചില്‍ യാതൊരു തരത്തിലുള്ള ഭൂതങ്ങളുമില്ലെന്ന് എണ്ണം പറഞ്ഞ നാലു സെഞ്ചുറികളിലൂടെ ആതിഥേയര്‍ തെളിയിച്ചതുമാണ്. എന്നിട്ടും ഇന്ത്യ തോറ്റു.വെറുമൊരു തോല്‍വിയല്ല ഒന്നര ദിവസം ബാക്കി നില്‍ക്കെ ഒരിന്നിംഗ്സിനും 239 റണ്‍സിനും ആദ്യമത്സരം കളിക്കുന്ന അശാന്ത മെന്‍ഡിസ് തന്നെയായിരുന്നു ഇന്ത്യയെ പിടികൂടിയ ഭൂതം.ആദ്യ ഇന്നിംഗ്സില്‍ 6 വിക്കറ്റിനു 600 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്ത ലങ്ക തോല്‍ക്കില്ലെന്ന് ഉറപ്പാക്കിയതെ ഉള്ളു. ഇന്ത്യയെ തോല്‍പ്പിച്ചിരുന്നില്ല,അത് ചെയ്തത് അയാളാണ്, അശാന്ത മെന്‍ഡിസ്. അപ്രവചനീയമായ രീതിയിലും ,വേഗതയിലും പല വശത്തേയ്ക്കും കുത്തിത്തിരിഞ്ഞ അയാളുടെ പന്തുകള്‍ പ്രതിരോധിക്കണോ അതോ ആക്രമിക്കണോ എന്ന ഇന്ത്യന്‍ ബാറ്റിംങ്ങ് നിരയുടെ ആശങ്കയിലേയ്ക്കാണു മുത്തയ്യ മുരളീധരനും അയാളുടെ ദൂസരയും തിരിഞ്ഞു കയറിയത്. കിംഗ് ലാറയെ മറികടന്ന് റണ്‍ വേട്ടയില്‍ ഒന്നാമനാകാന്‍ എത്തിയ സച്ചിനെ ഒന്നാമിന്നിംഗ്സില്‍ പുറത്താക്കിയ മുരളീധരന്‍റെ പന്തും.
മിസ്റ്റര്‍ കണ്‍സിസ്റ്റനര്‍ രാഹുല്‍ ദ്രാവിഡിന്‍റെ ഓഫ്സ്റ്റംമ്പിളക്കിയ മെന്‍ഡിസിന്‍റെ പന്തും ലങ്കന്‍ സ്പിന്‍ ഡിപ്പാര്‍റ്റ്മെന്‍റിന്‍ നിലവാരമാണു കാണിക്കുന്നത്.ഏറെക്കാലം എതിരാളികള്‍ക്ക് ആശങ്കയായി ഈ കൂട്ടുകെട്ട് തുടര്‍ന്നാല്‍ നിര്‍ണ്ണായക വിജയങ്ങള്‍ കടല്‍ കടന്ന് ലങ്കയിലെത്തുമെന്നതില്‍ സംശയം വേണ്ട
സച്ചിന്‍,ദ്രാവിഡ്,ഗാംഗുലി,ലക്ഷ്മണ്‍, സേവാഗ്.... ഇല്ല ഈ ബാറ്റിംഗ് നിര മോശമായിരുന്നില്ല.എങ്കിലും യുവരാജ് സിംങ്ങും രോഹിത് ശര്‍മ്മയും സുരേഷ് റെയ്നയും അവസരം കാത്തു നില്‍ക്കുമ്പോള്‍ ഈ തലകളില്‍ പലതും വീണുരുണ്ടാല്‍ ആശ്ചര്യപ്പെടാനില്ല.അത് സംഭവിക്കാതിരിക്കണമെങ്കില്‍ അദ്ഭുതങ്ങള്‍ സംഭവിക്കണം. രണ്ടു ടെസ്റ്റുകള്‍ ബാക്കിയുണ്ട്.പിന്നില്‍ നിന്ന് പൊരുതിക്കയറുകയും അദ്ഭുതങ്ങള്‍ ശീലമാക്കുകയും ചെയ്ത ഒരു ടീമാണു കളിക്കളത്തില്‍ .കുംബ്ലെ,സച്ചിന്‍ ഗാംഗുലി,ദ്രാവിഡ് ഒരു വിജയം നാലു പേര്‍ക്കും കൂടിയേ തീരൂ. അവിടെയാണു ആരാധകരുടെ പ്രതീക്ഷകളും.
(കണിക്കൊന്ന മാഗസിനില്‍ കളിക്കളത്തില്‍ പ്രസിദ്ധീകരിച്ചത് , Monday, 20 October 2008)
No comments:
Post a Comment