ബാറ്റിങ്ങിനു പറുദീസയായ ഒരു വിക്കറ്റില്‍ ടോസ് നേടി ഫീല്‍ഡു ചെയ്യാന്‍ തീരുമാനിക്കുന്ന ഒരു ക്യാപ്റ്റന് ആഗ്രഹിക്കാവുന്നതിനു അപ്പുറമാണു മഹേന്ദ്രസിംഗ് ധോണിക്ക് ലഭിച്ചത്. ക്ഷപക്ഷെ 66 നു 4 എന്ന് മുങ്ങിത്താണുപോയ ശ്രീലങ്കന്‍ സ്കോര്‍ബോര്‍ഡിലേയ്ക്ക് സനത് ജയസൂര്യ കത്തിപ്പടര്‍ന്നപ്പോള്‍ എരിഞ്ഞുപോയത് ഏഷ്യയിലെ ക്രിക്കറ്റ് രാജാക്കന്മാര്‍ എന്ന ഇന്ത്യന്‍ സ്വപ്നമായിരുന്നു. ധോണിയെ കുറ്റം പറയാന്‍ കഴിയില്ല.അയാളുടെ ഗെയിം പ്ലാന്‍ മികച്ചതായിരുന്നു.ബൌളിങ്ങിനെ ഒരു തരത്തിലും തുണയ്ക്കാത്ത കറാച്ചി നാഷണല്‍ സ്റ്റേഡിയത്തിലെ പിച്ചില്‍ അഞ്ചല്ല നാല്‍ സ്പെഷ്യലിസ്റ്റ് ബൌളര്‍മാര്‍ തന്നെ ആര്‍ഭാടമാണു എന്ന തരത്തിലായിരുന്നു ജയസൂര്യ ബാറ്റ് ചെയ്തത്.ഒരറ്റത്ത് വിക്കറ്റുകള്‍ പൊഴിയുമ്പോഴും ഒറ്റയ്ക്കായിരുന്നു അയാള്‍ ലങ്കന്‍ തോണി തുഴഞ്ഞത്. ജയസൂര്യയുടെ ബാറ്റിന്‍റെ സ്വീറ്റ്സ്പോട്ടില്‍ ബൌളര്‍മാര്‍ക്ക് മാത്രമല്ല ഫീല്‍ഡര്‍മാര്‍ക്കും അധികം ഒന്നും ചെയ്യാനില്ല.
സനത് ജയസൂര്യ എന്നെഴെതി ഒപ്പിട്ട ഷോട്ടുകള്‍ കളം നിറഞ്ഞപ്പോള്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ ഇഷാന്ത് ശര്‍മ്മ മാത്രമാണു പവര്‍പ്ലേ അവസാനിപ്പിച്ചപ്പോള്‍ നിവര്‍ന്നു നിന്നത്. 25 മത്സരങ്ങളില്‍ നിന്നായി 1220 റണ്‍സുകളാണു ജയസൂര്യ ഏഷ്യാക്കപ്പില്‍ സ്വന്തമാക്കിയത്. ഗ്രൌണ്ട് ഫീല്‍ടിങ്ങില്‍ മികച്ചു നിന്നിട്ടും ജയസൂര്യയെ ആര്‍ പി സിങ്ങ് കൈ വിട്ടതിനു ഇന്ത്യ കനത്ത വില തന്നെ നല്‍കേണ്ടി വന്നു. മധ്യ ഓവറുകളില്‍ നിയന്ത്രണത്തോടെ പന്തെറിഞ്ഞ സ്പിന്നര്‍മാരും മനസാന്നിദ്ധ്യം വീണ്ടെടുത്ത ഫാസ്റ്റ് ബൌളര്‍മാരും ജോലി ഭംഗിയായി ചെയ്തു തീര്‍ത്തു. കറാച്ചി നാഷണല്‍ സ്റ്റേഡിയത്തിലെ ബാറ്റിങ്ങ് ട്രാക്കില്‍ 274 ഒരു സുരക്ഷിതമായ സ്കോര്‍ ആയിരുന്നില്ല. മികച്ച ഫോമിലുള്ള 7 സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാന്മാരെ നിരത്തിയ ഇന്ത്യക്ക് പക്ഷെ തൊട്ടതെല്ലാം പിഴച്ചു. പതിവു പോലെ ഓപ്പണിങ്ങ് സ്പോട്ടില്‍ വീരേന്ദ്രസേവാഗ് ആടിത്തിമിര്‍ത്തെങ്കിലും ഗൌതം ഗംഭീറിനെ അമിതാവേശം ചതിച്ചു. മിന്നുന്ന വേഗത്തില്‍ 60 റണ്‍സെടുത്ത സേവാഗിനൊപ്പം ഇന്ത്യന്‍ പ്രതീക്ഷകളും പതഞ്ഞു പൊങ്ങുന്ന നേരത്താണു സ്പിന്‍ ബൌളിങ്ങിനു വംശനാശം സംഭവിക്കുന്നില്ലെന്ന് അജാന്ത മെന്‍ഡിസ് എന്ന 23 കാരന്‍ ഉറക്കെ പ്രഖ്യാപിച്ചത്. ഫ്ലിപ്പര്‍, ഗൂഗ്ലി, ലെഗ് ഓഫ് ബ്രേയ്ക്കുകള്‍... ഇല്ല, ഇന്നലെ മെന്‍ഡിസ് പ്രയോഗിക്കാന്‍ ആയുധങ്ങളൊന്നും ബാക്കിയില്ല. മുത്തയ്യ മുരളീധരനേയും അയാളുടെ ദൂസരയേയും കരുതിയിറങ്ങിയ ഗാരി കിര്‍സ്റ്റന്‍റെ കുട്ടികള്‍ക്ക് അജാന്ത മെന്‍ഡിസിന്‍റെ കാരം ബോളിനു മറുപടിയുണ്ടായില്ല. തള്ളവിരലിനും ചൂണ്ടു വിരലിനും ഇടയിലൂടെ മെന്‍ഡിസ് കറക്കി വിട്ട പന്തുകള്‍ അപാര ഫോമില്‍ കളികുന്ന റെയിനയും, യുവരാജ് സിങ്ങും, രോഹിത്ത് ശര്‍മ്മയുമടക്കം 6 ഇന്ത്യന്‍ ബാറ്റ്സ്മാന്മാരെയാണു നിശബ്ദരാക്കിയത്. സൂപ്പര്‍ ഫോറില്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ മെന്‍ഡിസിനെ ഒളിപ്പിച്ചു വച്ച് ജയവര്‍ദ്ധനെ നേടിയത് ഒരര്‍ത്ഥത്തില്‍ ഏഷ്യാക്കപ്പു തന്നെയാണ്. ഭൂതം വിട്ടൊഴിയാത്ത ഇന്ത്യക്ക് ഇത് തുടര്‍ച്ചയായ രണ്ടാം ഫൈനല്‍ തോല്‍വി. ഓസ്ട്രേലിയയ്ക്കെതിരെ ഫൈനല്‍ ജയിച്ചപ്പോള്‍ മുന്നില്‍ നിന്ന സച്ചിന്‍ തെണ്ടുല്‍ക്കര്‍ തന്‍റെ വിലയെന്തെന്ന് അസാന്നിദ്ധ്യം കൊണ്ട് തെളിയിച്ചു.
ബിയോണ്ട് ദ ബൌണ്ടറി: ശ്രീലങ്കയ്ക്കെതിരായ മത്സരത്തില്‍ തനിയ്ക്കെതിരേ ആരോ കൂടോത്രം ചെയ്തിട്ടുണ്ടെന്ന് പാക്ക് താരം ശാഹിദ് അഫ്രീദി. അയാള്‍ അതില്‍ വിസ്വസിക്കുന്നതില്‍ ന്യായമുണ്ട്. മുന്പൊരിക്കല്‍ ശ്രീലങ്കയ്ക്കെതിരേ ബാധ കയറിയ ഒരു ദിവസത്തിലാണല്ലൊ അഫ്രീദി എന്ന ശരാശരി ലെഗ് സ്പിന്നര്‍ പാക്ക് ടീമിന്‍റെ പ്രാധാന ബാറ്റ്സ് മാന്‍ എന്ന മേല്‍വിലാസത്തിലേയ്ക്ക് സ്ഥാനക്കയറ്റം കിട്ടിയത്.
(കണിക്കൊന്ന മാഗസിനില്‍ കളിക്കളത്തില്‍ പ്രസിദ്ധീകരിച്ചത്, Monday, 20 October 2008)
No comments:
Post a Comment