Tuesday, April 5, 2011

കാത്തിരിപ്പു കഴിഞ്ഞു: ചൈനയ്ക്കും ബ്രാഡ്മാനും നൂറ്

21 ദിവസം നീണ്ട ആകാംക്ഷയ്ക്കൊടുവില്‍ 29-ാമത് കായികമാമാങ്കത്തിനു തിരശ്ശീല വീഴുമ്പോള്‍ നൂറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവില്‍ ചൈന ലോകത്തിന്റെ നിറുകയില്‍. ആതന്‍സിലെ 36 സ്വര്‍ണം നിലനിര്‍ത്തുകയും ആകെ മെഡല്‍നേട്ടത്തില്‍ ഒന്നാമതെത്തുകയും ചെയ്ത അമേരിക്കയെ സുവര്‍ണനേട്ടത്തില്‍ പിന്തള്ളി ആതിഥേയര്‍ കായികപുസ്തകത്തില്‍ പുതിയ അധ്യായം കുറിച്ചു. നീന്തല്‍ക്കുളത്തില്‍ മുങ്ങാംകുഴിയിട്ട് സ്വര്‍ണഖനനം നടത്തിയ മൈക്കല്‍ ഫെല്‍പ്സും ട്രാക്കില്‍ പടര്‍ത്തിയ അതിവേഗത്തിന്റെ തീപ്പൊരിയില്‍ ഊതിക്കാച്ചിയെടുത്ത സ്വര്‍ണങ്ങളുമായി ഉസൈന്‍ ബോള്‍ട്ടും ഒളിമ്പിക്സ് ചരിത്രത്തില്‍ നക്ഷത്രങ്ങളായി. കായികമികവും ഉജ്ജ്വലിക്കുന്ന സൌന്ദര്യവും കൊണ്ട് ഇസിന്‍ബയേവ കായികപ്രേമികളുടെ മനസ്സിലേക്ക് വളഞ്ഞുപുളഞ്ഞു ചാടിക്കയറി. ജമൈക്കയുടെ കുടില്‍മുറ്റങ്ങളില്‍ നിന്നും നഗ്നപാദരായെത്തിയ ഓട്ടക്കാര്‍ സിംഹാസനങ്ങളില്‍ ചങ്കുറപ്പോടെ ഇരിപ്പുറപ്പിച്ചു. കളിക്കളത്തിലെ പ്രകടനമികവ് സംഘാടനത്തിലും ചൈന ആവര്‍ത്തിച്ചു.

ഒളിമ്പിക്സ് ചരിത്രത്തില്‍ നടാടെ ലഭിച്ച വ്യക്തിഗത സ്വര്‍ണത്തിന്റെ തിളക്കത്തില്‍ ബെയ്ജിംഗ് ഇന്ത്യയ്ക്കും പ്രിയപ്പെട്ട നഗരമായി. ഇടിച്ചും ഗുസ്തി പിടിച്ചും നേടിയ ഓട്ടുമെഡലുകള്‍ പരാജിതരായ അത്ലറ്റുകളുടെയും ടെന്നീസ് കളിക്കാരുടെയും പാപഭാരം കുറച്ചു. ഉഷയുടെ ലോകനിലവാരത്തിന്റെ മാറ്റുരച്ചുനോക്കുന്നത് തന്റെ ജോലിയായിരുന്നില്ലെന്ന് തുടര്‍ച്ചയായ മൂന്നാമത്തെ ചാട്ടവും ഫൌളായി മാറിയപ്പോള്‍ അഞ്ജു ബോബി ജോര്‍ജ് ഓര്‍ത്തുകാണണം.
********

ബ്രാഡ്മാന്‍ ജന്മശതാബ്ദി

പ്രഥമ ട്വന്റി- 20 ലോകകപ്പില്‍ ഇംഗ്ളണ്ട് സീമര്‍ സ്റുവര്‍ട്ട് ബ്രോഡിന്റെ ഒരോവറില്‍ ഇന്ത്യയുടെ യുവ്രാജ് സിംഗ് അടിച്ചുകൂട്ടിയ അത്രയും എണ്ണം സിക്സറുകളാണ് സര്‍ ഡോണ്‍ ബ്രാഡ്മാന്‍ തന്റെ ഇരുപത് വര്‍ഷം നീണ്ട അന്താരാഷ്ട്ര കരിയറില്‍ ആകെ നേടിയത്. പാദചലനത്തിന്റെയും കണ്‍-കൈ സമന്വയത്തിന്റെയും സൌന്ദര്യത്തില്‍ നിന്നും കൈക്കരുത്തിന്റെ ഗെയിം എന്ന നിലയിലേക്ക് ക്രിക്കറ്റ് മാറുന്ന ഈ കാലത്തും പക്ഷേ ഡോണിന്റെ ചക്രവര്‍ത്തിപദത്തിന് ഇളക്കം തട്ടുന്നില്ല. പൂര്‍ണതയ്ക്ക് തൊട്ടുതാഴെ തന്റെ ക്രിക്കറ്റ് ജീവിത്തിനു വിരാമമിട്ട സര്‍ ഡൊണാള്‍ഡ് ബ്രാഡ്മാന്റെ നൂറാമത് പിറന്നാളാണ് ആഗസ്ത് 27. പുറത്താകാതെ 4 റണ്‍സ് ആയിരുന്നു 100 എന്ന മാന്ത്രിക ശരാശരി തികയ്ക്കാന്‍ അവസാന ഇന്നിഗ്സിനിറങ്ങുമ്പോള്‍ ഡോണിനു വേണ്ടിയിരുന്നത്. റണ്‍സെടുക്കുന്നതിനു മുമ്പേ എറിക് ഹോളിസ് എന്ന ശരാശരി ലെഗ്സ്പിന്നറുടെ നിരുപദ്രവകാരിയായ ഒരു പന്തില്‍ ക്ളീന്‍ ബൌള്‍ഡായ ബ്രാഡ്മാന്‍ ക്രിക്കറ്റില്‍ പൂര്‍ണത എന്നൊന്നില്ല എന്ന ചൊല്ലിന് അടിവരയിട്ടുകൊണ്ടാണ് ക്രീസിനോട് വിടപറഞ്ഞത്.
52 ടെസ്റ് മത്സരങ്ങളിലെ 80 ഇന്നിംഗ്സുകളില്‍ നിന്നായി 29 സെഞ്ചുറിയും 13 അരസെഞ്ചുറിയും ഉള്‍പ്പെടെ 6996 റണ്‍സ്. 12 തവണ 200 കടന്നു, രണ്ട് തവണ മുന്നൂറും. ഉയര്‍ന്ന സ്കോര്‍ 334. അചുംബിത ശരാശരിയായ 99.94 എന്ന മാന്ത്രികസംഖ്യ മാത്രം മതി എന്തായിരുന്നു ബ്രാഡ്മാന്‍ എന്ന് മനസ്സിലാക്കാന്‍. 24 ടെസ്റുകളില്‍ ഓസ്ട്രേലിയയെ നയിച്ച ഡോണ്‍ 15 വിജയങ്ങളും ആറ് സമനിലയും മൂന്നു പരാജയവും. കളിക്കളത്തിലെ ബ്രാഡ്മാന്റെ നേട്ടങ്ങളെ ഇങ്ങനെ വേണം വായിച്ചെടുക്കാന്‍.

ഡോണെന്ന ഒറ്റയാനെ തളയ്ക്കാന്‍ ഇംഗ്ളീഷുകാര്‍ കണ്ടെത്തിയ തന്ത്രമാണ് 1932-33ലെ കുപ്രസിദ്ധമായ ബോഡിലൈന്‍ സീരീസ്. അപ്രവചനീയമായ വേഗതയും ബൌണ്‍സും കൊണ്ട് ബാറ്റ്സ്മാന്‍മാരുടെ കുരുതിക്കളമായ പരമ്പരയില്‍ പക്ഷേ 56.57 ശരാശരിയോടെ ഡോണ്‍ 396 റണ്‍ നേടി ഓസ്ട്രേലിയയുടെ മികച്ച റണ്‍ വേട്ടക്കാരനായി.

മനുഷ്യസാധ്യമായ എല്ലാ ഷോട്ടുകളും മെയ് വഴക്കത്തോടെ കളിച്ച ബ്രാഡ്മാന് ഏറെ പ്രിയപ്പെട്ട രാജ്യമായിരുന്നു ഇന്ത്യ. ഇന്ത്യയിലെ കളിക്കമ്പക്കാര്‍ മാന്യനായ ആ കളിക്കാരനെ ഏറെ സ്നേഹിച്ചു. വര്‍ഷങ്ങള്‍ക്കുശേഷം "സച്ചിനില്‍ ഞാനെന്റെ സുവര്‍ണകാലം കാണുന്നു'' എന്നു വിലയിരുത്തിക്കൊണ്ട് ഡോണ്‍ വീണ്ടും ഇന്ത്യക്കാര്‍ക്ക് പ്രിയങ്കരനായി.
കുലീനമായ കേളീശെലിയും പെരുമാറ്റവും കൊണ്ട് ആരാധകരുടെ അഭിനിവേശമായി മാറിയ "മാന്യന്മാരുടെ ഗെയിമിലെ ചക്രവര്‍ത്തി'' 2001 ഫെബ്രുവരി 25ന് ജീവിതമെന്ന കളിക്കളത്തോടും വിടപറഞ്ഞു.

(കണിക്കൊന്ന മാഗസിനില്‍ കളിക്കളത്തില്‍ പ്രസിദ്ധീകരിച്ചത് , Monday, 20 October 2008)

No comments:

Post a Comment