Tuesday, April 5, 2011

ജെയ്ന്‍ മക്ഗ്രാത്ത്; മരണത്തെ തോല്‍പ്പിച്ച മാലാഖ

ക്രിക്കറ്റും അര്‍ബുദവും തമ്മില്‍ എന്താണ് എന്നത് പ്രസക്തിയില്ലാത്ത ഒരു ചോദ്യമാണ്. അര്‍ബുദത്തെ മറികടക്കുന്ന ഏതെങ്കിലും മാനസികവ്യഥകളുണ്ടെങ്കില്‍ ആ കൂട്ടത്തില്‍ വേണം ഇക്കളിയുടെ കമ്പക്കാരെ പെടുത്താനെന്ന് പലതവണ പലര്‍ക്കും തോന്നിയിട്ടുണ്ടാവുമെന്നതില്‍ പക്ഷെ തര്‍ക്കമില്ല. താരങ്ങള്‍ ലേലച്ചന്തയില്‍ ഊഴം കാത്ത് കുമ്പിട്ടുനില്‍ക്കുന്നതും ലഹരി വിറ്റ (അത് സിനിമയായാലും മദ്യമായാലും, മൊബൈല്‍ ഫോണ്‍ ആയാലും) പണം കൊണ്ട് മുതലാളിമാര്‍ അവര്‍ക്കു വിലയിടുന്നതും നമ്മള്‍ കണ്ടതാണ്.

എന്നിട്ടും ഒരു പിടി ക്രിക്കറ്റ് പ്രേമികളെ അര്‍ബുദം കരയിക്കുക തന്നെ ചെയ്തു. പതിനൊന്ന് വര്‍ഷം വേദനതിന്ന സമരത്തിനൊടുവില്‍ ജൂണ്‍ 22 ഞായറാഴ്ച ഓസ്ട്രേലിയന്‍ ക്രിക്കറ്റര്‍ ഗ്ളെന്‍ മക്ഗ്രാത്തിന്‍റെ ഭാര്യ ജെയ്ന്‍ ലൂയിസ് മക്ഗ്രാത്ത് തന്‍റെ 42 ാമത്തെ വയസ്സില്‍ മരണത്തിനു കീഴടങ്ങി. എന്തായിരുന്നു ജെയ്ന്‍ മക്ഗ്രാത്ത്? മൂന്ന് തവണ അര്‍ബുദത്തിന്‍റെ രൂപത്തില്‍ കീഴടക്കാനെത്തിയ മരണത്തിനു നേരെ പുഞ്ചിരിച്ചു കൊണ്ട് ജീവിച്ച ഈ സുന്ദരിയെ എങ്ങിനെയാണ് വാക്കുകള്‍ കൊണ്ട് അടയാളപ്പെടുത്തുക? അനിവാര്യമായ വിധിക്ക് നിരുപാധികം കീഴടങ്ങാനുള്ള വിഷാദപൂര്‍ണമായ കാത്തിരിപ്പായിരുന്നില്ല അവര്‍ക്കു ജീവിതം. സ്തനാര്‍ബുദത്തിന്‍റെ പിടിയില്‍ നിന്നും ജീവിതത്തിലേക്ക് ജെയ്ന്‍ അത്ഭുതം പോലെ തിരിച്ചു വന്നു, രണ്ടു മക്കളെ, ജെയിംസിനെയും, ഹോളിയെയും മുലയൂട്ടി വളര്‍ത്തി. തന്നെപ്പോലെ വേദനിക്കുന്ന ആയിരങ്ങള്‍ക്ക് പ്രത്യാശയും സാന്ത്വനവുമായി. സ്തനാര്‍ബുദബാധിതരെ ശുശ്രൂഷിക്കുന്നതിന് സമയം കണ്ടെത്തി. അതിനായി 2002 ല്‍ "മക്ഗ്രാത്ത് ഫൌണ്ടേഷന്‍'' ആരംഭിച്ചു.
1966ല്‍ ബ്രിട്ടീഷുകാരായ റോയ് സ്റീലിന്റെയും ജെന്നിന്റെയും മകളായി ജനിച്ച ജെയ്ന്‍ ലൂയിസ് എയര്‍ഹോസ്റസ് ആയി വിര്‍ജിന്‍ അറ്റ്ലാന്റിക് എയര്‍വേയ്സില്‍ ജോലി ചെയ്തുവരവേയാണ് ഗ്ളെന്‍ മക്ഗ്രാത്തിനെ ആദ്യമായി കാണുന്നത്. വിവാഹസ്വപ്നങ്ങളിലേക്ക് ഒരു ഇടിത്തീയായി ഇടതുസ്തനത്തിലെ അര്‍ബുദം കടന്നുവന്നത് ജെയ്നിനെ വിഷണ്ണയാക്കിയെങ്കിലും ഗ്ളെന്നിന്റെ തീരുമാനം മറ്റൊന്നായിരുന്നു. മാംസനിബദ്ധമല്ല രാഗം എന്നുറച്ചു വിശ്വസിച്ച ഗ്ളെന്‍ രോഗം ഒരു കുറ്റമല്ലെന്ന് ജെയ്നിനെ ആശ്വസിപ്പിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റര്‍ എന്ന തിരക്കിനിടയിലും അവള്‍ക്കു കൂട്ടിരുന്നു. ആത്മാര്‍ത്ഥമായ പ്രണയത്തിനു അര്‍ബുദം പോലും തടസ്സമാവില്ലെന്ന് ജീവിതം കൊണ്ട് തെളിയിച്ചു. കളിക്കളത്തില്‍ സംഹാരരൂപിയാവുന്ന ഗ്ളെന്‍ മക്ഗ്രാത്ത് എന്ന ഓസ്ട്രേലിയന്‍ ഫാസ്റ് ബൌളര്‍ക്ക് 'മാടപ്രാവ് എന്ന വിളിപ്പേര് ഇത്രമേല്‍ ചേരുന്നതിനു കാരണം മറ്റൊന്നാവില്ല.

1998ല്‍ രോഗം ബാധിച്ച ഇടതുസ്തനം നീക്കം ചെയ്ത ജെയ്ന്‍ രോഗവിമുക്തയായതായി ഡോക്ടര്‍മാര്‍ അറിയിച്ചു, ഒപ്പം രോഗത്തിന്റെ പാര്‍ശ്വഫലമായി ഗര്‍ഭം ധരിക്കാന്‍ കഴിഞ്ഞേക്കില്ല എന്ന മുന്നറിയിപ്പും. ഒഴുക്കിനെതിരെ നീന്താന്‍ തീരുമാനിച്ചുറച്ച മനസ്സോടെ 1999 ല്‍ ഗ്ളെന്നും ജെയ്നും വിവാഹിതരായി. വൈദ്യശാസ്ത്രത്തിന്റെ കണക്കുകൂട്ടലുകളെ അമ്പരപ്പിച്ച് ജെയ്ന്‍ രണ്ട് കുട്ടികള്‍ക്ക് ജന്മം നല്‍കി. കുഞ്ഞുങ്ങളെ മുലയൂട്ടിവളര്‍ത്തുന്നതില്‍ അഭിമാനം തോന്നുന്നുവെന്ന് ജെയ്ന്‍ പൊതുവേദികളില്‍ സൌമ്യമായി പുഞ്ചിരിച്ചു.

2003ല്‍ രോഗം പിടികൂടിയെങ്കിലും ഒരിക്കല്‍ കൂടി അര്‍ബുദം ജെയ്നിനു മുമ്പില്‍ കീഴടങ്ങി, 2006ല്‍ വീണ്ടും എല്ലുകളില്‍ രോഗം ബാധിച്ചതോടെ ഗ്ളെന്‍ മക്ഗ്രാത്ത് താല്‍ക്കാലികമായി ക്രിക്കറ്റിനോട് വിട പറഞ്ഞു. ദുരന്തങ്ങള്‍ ജെയ്നിനെ വിട്ടുപോകാന്‍ കൂട്ടാക്കിയതേയില്ല. ബ്രെയിന്‍ ട്യൂമറിന്റെ രൂപത്തിലായിരുന്നു അടുത്ത ശിക്ഷ. ട്യൂമര്‍ നീക്കം ചെയ്തെങ്കിലും ആരോഗ്യ പ്രശ്നങ്ങള്‍ നിരന്തരം ജെയ്നിനെ അലട്ടി, മുടികള്‍ കൊഴിഞ്ഞുതുടങ്ങി. 2007 ലോകകപ്പിനു ശേഷം ഗ്ളെന്‍ മക്ഗ്രാത്ത് അന്താരാഷ്ട്രക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ഫൌണ്ടേഷന്‍ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകവേയാണ് രംഗബോധമില്ലാത്ത കോമാളിയായി മരണം ജെയ്നിനെ തട്ടിയെടുക്കുന്നത്.

മരണം എന്നത് അവസാനവാക്കല്ലെന്നും അതിനായി ഒരു നീണ്ട മുന്നൊരുക്കത്തിന്റെ ആവശ്യമില്ലെന്നുമാണ് ജെയ്ന്‍ ലൂയിസ് മക്ഗ്രാത്ത് നല്‍കുന്ന പാഠം. സിഡ്നിയിലെ ഗാരിസണ്‍ ചര്‍ച്ചിലെ സെമിത്തേരിയില്‍ ജെയ്ന്‍ വിശ്രമിക്കുന്നത് ജിവിതത്തിന്റെ കൊടിപ്പടം താഴ്ത്താന്‍ മരണത്തിനു കഴിയില്ല എന്ന് ഓര്‍മിപ്പിച്ചു കൊണ്ടാണ്.

(കണിക്കൊന്ന മാഗസിനില്‍ കളിക്കളത്തില്‍ പ്രസിദ്ധീകരിച്ചത്, Monday, 20 October 2008)

No comments:

Post a Comment