Tuesday, April 5, 2011

മഹാരാജാക്കന്‍മാര്‍ക്ക് വഴിപിഴയ്ക്കുമ്പോള്‍

ഇന്ത്യന്‍ ക്രിക്കറ്റിനു നിര്‍ണ്ണായക വിജയങ്ങള്‍ നേടിക്കൊടുക്കുകയും വിജയങ്ങള്‍ ശീലമാക്കുകയും ചെയ്ത ഒരുസംഘം കളിക്കാരുടെ മേലെ സെലക്ടര്‍മാരുടെ വാള് തൂങ്ങിയാടുകയാണ്. സച്ചിന്‍, സൌരവ്, ദ്രാവിഡ്, ലക്ഷ്മണ്‍, കുംബ്ളെ.... വിശേഷണങ്ങള്‍ ആവശ്യമില്ലാത്ത ഈ പ്രതിഭകള്‍ക്ക് വിരമിക്കാനുള്ള സമയം കുറിച്ചു കൊടുക്കാന് മാത്രം നിലവാരമുള്ള ക്രിക്കറ്റര്‍മാര്‍ (അത് സെലക്ടര്മാരുടെ രൂപത്തിലായാലും, കളിയെഴുത്തുകാരുടെയോ, കളിപറച്ചില്കാരുടെയോ രൂപത്തിലായാലും) ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ഇല്ല എന്നു പറയേണ്ടി വരും. കളിക്കാര്‍ കറിവേപ്പിലകളല്ല.
അവര്‍ അര്‍ഹിക്കുന്നത് നല്കാനുള്ള ബാധ്യത അധികാരസ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്കുണ്ട്. നിര്‍ബന്ധിച്ച് പറഞ്ഞയക്കാന്‍ മാത്രം വയസ്സായവരല്ല മേല്‍പറഞ്ഞവരില്‍ ആരും. ഇന്നോ നാളെയോ എന്ന് ആശങ്കപ്പെടാന്‍ മനസ്സില്ലാത്ത സൌരവ് ഗാംഗുലി വിരമിക്കല്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ചരിത്രപഥങ്ങളില്‍ ഒരു വിപ്ളവകാരിയുടെ പ്രതിച്ഛായയാണ് സൌരവ് ഗാംഗുലിക്ക് എന്നും ഉണ്ടായിരുന്നത്. ഗോഡ്ഫാദര്‍മാരില്ലാത്തതിന്റെ അരക്ഷിതാവസ്ഥ, അരങ്ങേറ്റം മുതല്‍ക്കിങ്ങോട്ടുള്ള അയാളുടെ കളിജീവിതത്തില്‍ കാണാം. മാന്യന്‍മാരുടെ കളിയുടെ മെക്കയെന്നറിയപ്പെടുന്ന ലോര്‍ഡ്സിന്റെ ബാല്ക്കണിയില്‍ സായിപ്പിന്റെ ധാര്ഷ്ട്യത്തിനു നേരെ മേല്വസ്ത്രമുരിഞ്ഞുവീശിയ സൌരവിന്റെ പേര് ഒരുകാലത്തും ക്രിക്കറ്റ് മേലാളന്‍മാരുടെ കാതിന് ഇമ്പം പകര്‍ന്നിട്ടില്ല. അരങ്ങേറ്റ പരമ്പരയില്‍ തന്നെ അഹങ്കാരിയെന്ന പേരുകേള്‍പ്പിച്ചാണ് സൌരവ് ടീമില്‍ നിന്നും പുറത്തുപോകുന്നത്.
കളിയിടങ്ങളില്‍ വിവരിക്കാനാവാത്ത കാരണങ്ങള്‍ പറഞ്ഞ് ഓരോ തവണ പുറത്താക്കുമ്പോഴും ഗാംഗുലി വര്‍ദ്ധിതവീര്യത്തോടെ തിരിച്ചുവന്നു. പരിമിതമായ കാഴ്ചശക്തിയെയും, അത്ലറ്റുകള്‍ക്ക് ചേരാത്ത ശരീരഭാഷയെയും പ്രതിഭകൊണ്ടും കഠിനാധ്വാനം കൊണ്ടും മറികടന്നു. ഓഫ്സൈഡില്‍ ദൈവം പോലും നാണിച്ചുപോകുന്ന കൃത്യതയുടെയും ചാരുതയുടെയും മറുവാക്കായിമാറി സൌരവ് ചണ്ഡീദാസ് ഗാംഗുലി. തള്ളിപ്പറഞ്ഞവര്‍ അപദാനങ്ങള്‍ വാഴ്ത്താന്‍ മത്സരിച്ചു. ഫുട്വര്ക്കിലെ പോരായ്മയും വിക്കറ്റിനിടയിലെ മാന്ദ്യവും സ്കോര്‍കാര്‍ഡിലെ അക്കങ്ങള്‍ക്കു മുമ്പില്‍ സാഷ്ടാംഗം പ്രണമിച്ചു. തൊണ്ണൂറുകളുടെ അവസാനം സൌരവിന്റെ കരിയറിലെ സുവര്‍ണ്ണനിമിഷങ്ങളായിരുന്നു. 99 ലോകകപ്പില്‍ ശ്രീലങ്കയ്ക്കെതിരെ സൌരവ് നേടിയ 183 റണ്സ് ശ്രദ്ധിക്കപ്പെട്ടു. ഒരുപാട് കാലം ഇന്ത്യക്കാരന്റെ ഉയര്‍ന്ന വ്യക്തിഗതസ്കോര്‍ എന്ന സ്ഥാനം ഈ ഇന്നിംഗ്സ് നിലകൊണ്ടു. സച്ചിനൊപ്പം സൌരവ് നല്കിയ മികച്ച തുടക്കങ്ങള്‍ വിജയങ്ങള്‍ ശീലമാക്കാന്‍ ഇന്ത്യയെ പ്രാപ്തരാക്കി..
കോഴവിവാദത്തിനു ശേഷം അസ്ഹറും, തുടര്‍പരാജയങ്ങള്‍ക്കു ശേഷം സച്ചിനും ഉപേക്ഷിച്ച ക്യാപ്റ്റന്‍ സ്ഥാനം 2001 ല്‍ സൌരവിനെത്തേടിയെത്തി. വ്യക്തിഗത പ്രകടനങ്ങളില്‍ അഭിരമിച്ചിരുന്ന ഇന്ത്യന്‍ ക്രിക്കറ്റിനു കൂട്ടായ്മയുടെ ദിശാബോധം നല്കിയ നായകനായിരുന്നു സൌരവ്. ടീമില്‍ തുടരുന്നതിനു പ്രകടനം മാത്രമാണ് മാനദണ്ഡം എന്ന സന്ദേശം സഹകളിക്കാര്‍ക്ക് നല്കിയ സൌരവ്, ടീമിനെ മുന്നില്‍ നിന്നു നയിച്ചു, 47 ടെസ്റുകളില്‍ ഇന്ത്യയെ നയിച്ച ഗാംഗുലി 21 വിജയങ്ങള്‍ നേടി, വിദേത്ത് ഏറ്റവുമധികം വിജയിച്ച ഇന്ത്യന്‍ ക്യാപ്റ്റനുമായി. 2001 ല്‍ ലോകചാമ്പ്യന്‍മാര്‍ക്കെതിരെ നേടിയ ടെസ്റ്റ് പരമ്പര വിജയവും, 2002 ലെ ലോകകപ്പിലെ രണ്ടാം സ്ഥാനവും ഗാംഗുലിയുടെ നായകത്വത്തില്‍ ഇന്ത്യ നേടിയ തിളങ്ങുന്ന വിജയങ്ങളാണ്. ഇന്ത്യന്‍ ക്രിക്കറ്റില്‍ യുവക്തങ്ങള്‍ക്ക് പ്രാധാന്യം നല്കിയ ക്യാപ്റ്റന്‍ ദാദ കോച്ച് ജോണ്‍ റൈറ്റിനൊപ്പം ടീം ഇന്ത്യ എന്ന സങ്കല്പ്പം വാര്‍ത്തെടുത്തു, വിജയകരമായി നടപ്പില്‍ വരുത്തി. കയറ്റിറക്കങ്ങള്‍ ഗാംഗുലിയുടെ കരിയറില്‍ സ്വാഭാവികമായിരുന്നു. തുടര്ച്ചയായ ബാറ്റിംഗ് പരാജയങ്ങള്‍ ഗാഗുലിയുടെ ടീമിലെ സ്ഥാനം ചോദ്യം ചെയ്തു.
ഓഫ്സൈഡിലെ ദൈവം പലതവണ മൈതാന മധ്യത്ത് നഗ്നനായി. കോച്ച് ഗ്രെയ്ഗ് ചാപ്പലുമായുണ്ടായ അഭിപ്രായവ്യത്യാസവും ക്രിക്കറ്റ് ഭരണാധികാരികളുടെ കണ്ണിലെ കരടായതും ഗാംഗുലിയുടെ ക്യാപ്റ്റന്സിയും ടീമിലെ ഇടവും നഷ്ടമാവുന്നതിന് കാരണമായി. കഠിനമായ പരിശീലനത്തിലൂടെ ടീമില്‍ തിരിച്ചെത്തിയ ഗാംഗുലി മാന്യമായ പ്രകടനം കാഴ്ചവച്ചുവെങ്കിലും പ്രായക്കൂടുതലിന്റെ പേരില്‍ പലതവണ അവഗണിക്കപ്പെടുകയായിരുന്നു. ടീം ഇന്ത്യ എന്ന സങ്കല്പം നടപ്പിലാക്കിയ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നായകന്‍മാരില്‍ ഒരാള്‍ ടീന്‍ ഇന്ത്യ (യുവാക്കളുടെ ഇന്ത്യ) എന്ന സങ്കല്പത്തിന്റെ രക്തസാക്ഷിയായി പുറത്തുപോവുകയാണ്. ഇറാനി ട്രോഫിയില്‍ പരിഗണിക്കാത്തതിന്റെ വേദനയില്‍ വിരമിക്കുന്നു എന്നു ഗാംഗുലിയുടെ വിശദീകണത്തില്‍ കമോണ്‍ ദാദാ എന്നു മാത്രം അലറിശീലിച്ച ആരാധകര്‍ തൃപ്തരാവില്ല. കളിയിടത്തില്‍ തുടരാന്‍ മികച്ച പ്രകടനത്തിനപ്പുറത്തെ മാനദണ്ഡമെന്ത് എന്ന ആശങ്കയിലാണ് കളിപ്രേമികള്‍

(Sunday, 19 October 2008, കണിക്കൊന്ന മാഗസിനില്‍ കളിക്കളത്തില്‍ പ്രസിദ്ധീകരിച്ചത്)

No comments:

Post a Comment