Monday, November 14, 2011

വെടിക്കെട്ടുകാര്‍ ഉടുക്കുകൊട്ടുന്നു; മുംബൈയ്ക്ക് വെറുതെ ഒരു കപ്പ്


ടൂര്‍ണമെന്റ് തുടങ്ങുന്നതിനുമുമ്പ് തന്നെ പകുതിയോളം കളിക്കാര്‍ പരിക്കേറ്റ് പിന്മാറിയ ഒരു ടീം. കളിക്കാന്‍ ആളെ തികയാതെ വന്നപ്പോള്‍ അഞ്ച് വിദേശികളെ ഒന്നിച്ച് കളത്തിലിറക്കാന്‍ ഐ.സി.സിയില്‍നിന്നും അനുമതി സമ്പാദിച്ച് വിവാദത്തിലായ ടീം. ഇത്തവണത്തെ ട്വന്റി-20 ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കിയ മുംബൈ ഇന്ത്യന്‍സിനെക്കുറിച്ച് ഇനിയും വിശേഷണങ്ങളേറെ. ക്രിക്കറ്റിന്റെ ചക്രവര്‍ത്തിയും തങ്ങളുടെ ക്യാപ്റ്റനുമായ സച്ചിന്‍ തെണ്ടുല്‍ക്കറില്ലാതെ ചാമ്പ്യന്‍സ് ലീഗ് മുഴുവന്‍ കളിക്കേണ്ടിവരുമെന്ന് മുംബൈയുടെ ക്രിക്കറ്റ് ലോകം നിനച്ചതേയില്ല. എന്നാല്‍ ഇംഗ്ലണ്ട് പര്യടനത്തിനിടെയേറ്റ പരിക്ക് സച്ചിന്റെ ചാമ്പ്യന്‍സ് ലീഗ് മോഹങ്ങളെ അമ്പേ തകര്‍ത്തുകളഞ്ഞു. സച്ചിന്‍ മാത്രമല്ല, പ്രതിഭാശാലിയായ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരായ രോഹിത് ശര്‍മ, തിരുമലശെട്ടി സുമന്‍, ഫാസ്റ്റ് ബൗളര്‍മാരായ മുനാഫ് പട്ടേല്‍, ധവാല്‍ കുല്‍ക്കര്‍ണി എന്നീ മുന്‍നിര കളിക്കാരുമില്ലാതെയാണ് മുംബൈ ഈ ചാമ്പ്യന്‍സ് ലീഗ് കളിക്കാനിറങ്ങിയതും കിരീടവുമായി തിരിച്ചുകയറിയതും.

ചാമ്പ്യന്‍സ് ലീഗിന്റെ ആദ്യദിവസങ്ങളില്‍ത്തന്നെ വിക്കറ്റ് കീപ്പറും ഓപ്പണിംഗിലെ മിന്നല്‍പ്പിണരുമായ ഡേവി ജേക്കബ്‌സ് പരിക്കേറ്റ് പിന്മാറി. പരിക്കിന്റ പേരില്‍ ടീമില്‍നിന്നും പുറത്തുപോയ സൂര്യകുമാര്‍ യാദവ് തൊട്ടടുത്ത ദിവസം മഹാരാഷ്ട്രയിലെ പ്രാദേശിക ടീമിനുവേണ്ടി 182 റണ്‍സടിച്ച് മുംബൈ ഇന്ത്യന്‍സിന്റെ അവശേഷിച്ച ക്രഡിബിലിറ്റിയിലേക്കും ചോദ്യചിഹ്നമുയര്‍ത്തി. സംഭവം വിവാദമായതോടെ യാദവ് ടീമിലെത്തുകയും ഫോമൗട്ടായി കാലംകഴിച്ചുവന്ന ആന്‍ഡ്രൂ സൈമണ്ട്‌സ് ആദ്യ ഇലവനില്‍ നിന്നു പുറത്തുപോവുകയും ചെയ്തു. ഇതെല്ലാം കളിക്കളത്തിനുപുറത്തെ കളികള്‍. കളിക്കളത്തില്‍ പക്ഷേ ഭാഗ്യം മുംബൈയോട് സഖ്യം പ്രഖ്യാപിച്ചിരിക്കുകയായിരുന്നു. തീരെ നിനച്ചിരിക്കാതെ അവര്‍ക്ക് ഓരോ രക്ഷകരെ വീണുകിട്ടി. അവര്‍ക്കെതിരെ കളിച്ചവര്‍ അവസാനപന്തുവരെ പൊരുതിയ ശേഷം വിജയം മാത്രം കൈവിട്ട് തിരിച്ചുകയറി. ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ ഒരുനീണ്ട പരമ്പര കളിച്ചശേഷമാണ് മുംബൈ ഇന്ത്യന്‍സ് എന്ന വിലകൂടിയ ഐ.പി.എല്‍. ക്രിക്കറ്റ് ടീം നടാടെ ഒരു കിരീടത്തില്‍ മുത്തമിടുന്നത്.

ചെന്നൈയ്‌ക്കെതിരെ കളിമറന്ന മുന്‍നിര പൊടുന്നനെ കൂടാരം കയറിയപ്പോള്‍ ബാറ്റിംഗില്‍ രക്ഷകവേഷം കെട്ടിയത് ലങ്കന്‍ ഫാസ്റ്റ് ബൗളര്‍ ലസിത് മലിംഗയാണ്. ബൗളിംഗിലെ മികവ് ബാറ്റിംഗിലേക്കും മലിംഗ സന്നിവേശിപ്പിച്ചപ്പോള്‍ മുംബൈയ്ക്ക് ജയം തലനാരിഴയ്ക്ക് സ്വന്തം. ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയ്‌ക്കെതിരെ കേവലം 98 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ മുംബൈ ഇന്ത്യന്‍സ് ഏകദേശം കളി തോറ്റതാണ്. 19.5 ഓവറിലും മരിച്ചെറിയുകയും പറന്നുപിടിക്കുകയും ചെയ്ത ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ അവസാനപന്തില്‍ കളിമറന്നപ്പോള്‍ മുംബൈയ്ക്ക് ലഭിച്ചത് വിലപ്പെട്ട രണ്ട് പോയന്റ്. ന്യൂ സൗത്ത് വെയ്ല്‍സിനെതിരെ തോറ്റമ്പിയെങ്കിലും കോബ്രാസിനെതിരെ മഴ വിലക്കിയ കളിയില്‍നിന്നും കിട്ടിയ ഒരു പോയന്റും ചേര്‍ത്ത് ഗ്രൂപ്പില്‍ രണ്ടാമതായി മുംബൈ സെമിയിലെത്തി. സെമിയില്‍ പരമ്പരാഗത ശൈലിയില്‍ കളിക്കുന്ന സോമര്‍സെറ്റിനെ കാര്യമായ പരിശ്രമം കൂടാതെ മറികടന്ന് കലാക്കളിക്ക് യോഗ്യത നേടി. ഫൈനലില്‍ ക്രിസ് ഗെയ്‌ലിന്റെയും വിരാട് കോലിയുടെയും തിലകരത്‌നെ ദില്‍ഷന്റെയും മിന്നുന്ന ഫോമിനെ 139 ല്‍പ്പോലുമെത്താനാകാതെ തളച്ച് സ്വപ്നക്കിരീടവുമായി മുംബൈ ചെന്നൈ വിട്ടു.

അമ്പരപ്പിക്കുന്ന നേട്ടത്തിന്റെ കഥയാണ് മുംബൈ ഇന്ത്യന്‍സിനു പറയാനുള്ളതെങ്കില്‍ ഇന്ത്യയുടെ ദേശീയ താരങ്ങളെ ചാമ്പ്യന്‍സ് ട്രോഫി കളിയാക്കി വിട്ടു. ക്ലബ്ബിനുവേണ്ടി രാജ്യത്തെ മറന്നവര്‍ ക്ലബ്ബിനുവേണ്ടിപ്പോലും ആശിച്ച വേഷം കെട്ടാനാകാതെ ഉഴറുകയാണ്. വിരാട് കോലിയുടെ എണ്ണം പറഞ്ഞ രണ്ടിംന്നിംഗ്‌സുകളും ഫൈനലില്‍ ഹര്‍ഭജന്‍ കറക്കിയെറിഞ്ഞ മൂന്ന് വിക്കറ്റുകളും കഴിഞ്ഞാല്‍ കഴിഞ്ഞു ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ വീരഗാഥ. ഗൗതം ഗംഭീര്‍, സുരേഷ് റെയ്‌ന, യൂസഫ് പത്താന്‍, സൗരഭ് തിവാരി, അമ്പാട്ടി രായുഡു, മനോജ് തിവാരി, മുരളി വിജയ് എന്നുതുടങ്ങി പരിചയസമ്പന്നരും യുവത്വം കത്തിക്കാളിയവരുമടക്കം എല്ലാവരും റണ്‍ വരള്‍ച്ചയ്‌ക്കൊടുവില്‍ നിശബ്ദരായി. ഇന്ത്യന്‍ ക്യാപ്ടനും ചൈന്നൈ കിംഗ്‌സിന്റെ അമരക്കാരനുമായ എം.എസ്. ധോണിയായിരുന്നു ഈ ചാമ്പ്യന്‍സ് ട്രോഫിയിലെ ഏറ്റവും വലിയ ദുരന്തം. ക്രിസ് ഗെയ്‌ലും ഡേവിഡ് വാര്‍ണറും കീസ്‌വെറ്ററും ഡാനിയല്‍ ഹാരിസുമെല്ലാം നിറഞ്ഞാടിയ ഒരു ടൂര്‍ണമെന്റിലായിരുന്നു ഇന്ത്യയുടെ പേരുകേട്ട വെടിക്കെട്ടുവീരന്മാര്‍ ഉടുക്കുകൊട്ടിക്കളിച്ചത്. ബാറ്റിംഗില്‍ മാത്രമല്ല, ബൗളിംഗിലുമില്ല പേരെടുത്തുപറയാന്‍ മാത്രമുള്ള പെരുമ. ടെസ്റ്റും ഏകദനിവും ട്വന്റി 20 ക്രിക്കറ്റിനായി ബലികഴിച്ചുകൊണ്ടിരിക്കുന്ന ഐ.പി.എല്‍ ടീമുകളുടെ പൊട്ടിത്തെറിബാറ്റ്‌സ്മാന്‍മാര്‍ കുട്ടിക്രിക്കറ്റിലും ബാധ്യതയാകുന്ന കാലത്തെങ്കിലും നല്ല ക്രിക്കറ്റിനിവിടെ ഇടമുണ്ടാകുമെന്ന് കരുതുകയേ ആശാവഹമായതുള്ളൂ.

1 comment: