Monday, November 14, 2011

ഒരേയൊരു ദ്രാവിഡ്


അത്ഭുതങ്ങള്‍ ഒന്നുമില്ലാത്ത ഒരു ടിപ്പിക്കല്‍ ദ്രവീഡിയന്‍ ഇന്നിംഗ്‌സ്. കാര്‍ഡിഫില്‍ ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിനത്തിലെ രാഹുല്‍ ദ്രാവിഡിന്റെ കളിയെ അങ്ങനെ വിളിക്കാനേ കഴിയൂ. പതിനഞ്ചുവര്‍ഷം ദ്രാവിഡ് കളിച്ച കളിയുടെ ഒന്നാന്തരം ഫോട്ടോകോപ്പിയായിരുന്നു അവസാന ഇന്നിംഗ്‌സിലെ 79 പന്തില്‍ നിന്നും 69 റണ്‍സ്. ആരെയും നിരാശപ്പെടുത്തിയില്ല, അത്ഭുതപ്പെടുത്തിയുമില്ല. നേരിടുന്ന ആദ്യപന്തുമുതല്‍ ഒന്നിനോട് മുട്ടിച്ച് ഒന്നെന്ന രീതിയില്‍ ഒരു കല്‍പ്പണിക്കാരന്റെ ശ്രദ്ധയോടെ മഹാസൗധങ്ങള്‍ പടുത്തുയര്‍ത്തുന്ന കഠിനാധ്വാനം ആ റണ്‍സുകളില്‍ കാണാം. വന്നു, നിലയുറപ്പിച്ചു, കളിച്ചു, അപ്പുറത്തുള്ളവനെ കളിപ്പിച്ചു, ഒടുവില്‍ വമ്പനടിയുടെ സമയം വന്നപ്പോ ഔട്ടായി കളമൊഴിഞ്ഞു. മികച്ച തുടക്കം നല്‍കാനാവാതെ പതറിയ ഓപ്പണര്‍ അജിന്‍ക്യ രഹാനെ പുറത്തായതോടെ പതിമൂന്നാം ഓവറിലാണ് രാഹുല്‍ ക്രീസിലെത്തുന്നത്. ആദ്യ പന്തില്‍ വിശ്വവിഖ്യാതമായ ആ ഹാഫ് ഫോര്‍വേര്‍ഡ് ക്ലീന്‍ ഡിഫന്‍സ്. പിന്നെ ഒന്നും രണ്ടും ഓടിയെടുത്ത് നിലയുറപ്പിച്ചു.

ഇടയ്ക്ക് ധന്‍ബാക്കിനെതിരെ ഒരു ബാക്ക് ഫുട്ട് ഡ്രൈവ് കവര്‍ ബൗണ്ടറി കടന്നതോടെ ആശ്വാസമായി, ദ്രാവിഡ് നിലയുറപ്പിക്കുന്നു. എണ്ണം പറഞ്ഞ ഒരു സ്‌ക്വയര്‍ കട്ട് ബൗണ്ടറി കൂടി. ബാക്കിയെല്ലാം പതിവുതിരക്കഥ. പാര്‍ത്ഥിവ് പട്ടേലിന് പകരം വന്ന വിരാട് കോഹ്‌ലി ഫോം കണ്ടെത്തിത്തുടങ്ങിയതോടെ ദ്രാവിഡ് സ്‌ട്രൈക്ക് കൈമാറുന്നതിലേക്കൊതുങ്ങിനിന്നു. 62 പന്തില്‍ അര്‍ദ്ധസെഞ്ചുറി. അപ്പോഴും ഉണ്ടായിരുന്നു, റെയ്‌നയും ധോണിയും ബാക്കിയിരിക്കുമ്പോള്‍ ദ്രാവിഡ് അവസാന ഓവറുകളില്‍ പഴികേള്‍ക്കുമോ എന്ന ഒരിത്തിരി പേടി. ചന്തം ചാര്‍ത്തിയ ചില ഷോട്ടുകള്‍ക്കൊടുവില്‍ ദ്രാവിഡിന്റെ കടുംവെട്ട് കാണാന്‍ തീരെ മനസ്സുണ്ടായിരുന്നില്ല. അതുകൊണ്ടാവാം, ഗ്രേയിം സ്വാനിനെതിരെ കൂറ്റന്‍ ഷോട്ടിന് ശ്രമിച്ച് പുറത്തായപ്പോള്‍ വേദന തോന്നാതിരുന്നത്. വിരമിക്കല്‍ ഇന്നിംഗ്‌സിലെ ഒന്നോ രണ്ടോ ഷോട്ടുകളല്ല, ഒരിന്നിംഗ്‌സിലൊന്നാകെ തന്റെ കൈയ്യൊപ്പു ചാര്‍ത്തിയാണ് ദ്രാവിഡ് അവസാനമത്സരം കളിച്ച് പടികയറിയത്. ആരെയും അത്ഭുതപ്പെടുത്താതെ. ആരെയും നിരാശനാക്കാതെ.

ഏകദിനത്തിനു കൊള്ളാത്തവന്‍ എന്ന വിളിപ്പേരുമായി അതേ ഫോര്‍മാറ്റില്‍ 10000 റണ്‍സിലധികം അടിച്ചുകൂട്ടിയാണ് രാഹുല്‍ ശരത് ദ്രാവിഡ് എന്ന ഇന്ത്യയുടെ വിശ്വസ്തനായ ബാറ്റ്‌സ്മാന്‍ ഏകദിന ക്രിക്കറ്റില്‍ നിന്നും പാഡഴിക്കുന്നത്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച മൂന്നാം നമ്പര്‍ ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായ ദ്രാവിഡിന്റെ അവസാന ഏകദിന മത്സരം കാര്‍ഡിഫില്‍ പൂര്‍ത്തിയായി. കഴിഞ്ഞ മൂന്നു വര്‍ഷമായി ഇന്ത്യന്‍ ഏകദിന ടീമിലില്ലാതിരുന്ന ദ്രാവിഡ് തന്റെ അവസാന പരമ്പരയ്ക്കാണ് തിരിച്ചുവിളിക്കപ്പെട്ടത്. ടെസ്റ്റ് പരമ്പരയില്‍ മിന്നുന്ന ഫോമിലായിരുന്നെങ്കിലും ദ്രാവിഡിന് പക്ഷേ ഏകദിനപരമ്പരയിലെ ആദ്യ നാലു മത്സരങ്ങളില്‍നിന്ന് കേവലം 55 റണ്‍സുമാത്രമായിരുന്നു നേടാനായത്.

1973 ജനുവരി 11ന് മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് ജനിച്ചതെങ്കിലും കളിമികവുകൊണ്ട് കര്‍ണാടകത്തിന് ഏറെ പ്രിയപ്പെട്ടവനാണ് മിതഭാഷിയും കഠിനാധ്വാനിയുമായ ഈ മുന്‍ ദേശീയ ടീം ക്യാപ്റ്റന്‍. 343 ഏകദിനങ്ങള്‍ കളിച്ച ദ്രാവിഡ് 39.06 ശരാശരിയില്‍ 10,820 റണ്‍സ് സമ്പാദിച്ചിട്ടുണ്ട്. 12 സെഞ്ചുറികളും 82 അര്‍ധസെഞ്ചുറികളും നേടി. ഉയര്‍ന്ന സ്‌കോര്‍ 153. ഏകദിനത്തില്‍ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടിന്റെ റെക്കോര്‍ഡ് സച്ചിനും ദ്രാവിഡും ചേര്‍ന്നെടുത്ത 331 റണ്‍സാണ്. ന്യൂസിലന്‍ഡിനെതിരെയായിരുന്നു ഈ നേട്ടം. ഏകദിനനേട്ടം ഇങ്ങനെ: മത്സരങ്ങള്‍ 344. ഇന്നിംഗ്‌സ് 318. നോട്ടൗട്ട് 40. റണ്‍സ് 10889. സെഞ്ച്വറി 12. അര്‍ധസെഞ്ച്വറി 83. ക്യാച്ചുകള്‍ 196, ഉയര്‍ന്ന സ്‌കോര്‍ 153. ശരാശരി 39.16. സ്‌െ്രെടക്ക് റേറ്റ് 71.24.

തോറ്റു തോറ്റു മതിയായി ടീം ഇന്ത്യ
അവസാന ഏകദിനമത്സരത്തില്‍ അര്‍ദ്ധസെഞ്ചുറി കണ്ടെത്തിയ രാഹുല്‍ ദ്രാവിഡിന്റെയും സെഞ്ചുറി നേടിയ വിരാട് കോഹ്‌ലിയുടെയും മികവില്‍ വിജയ പ്രതീക്ഷയുണര്‍ത്തിയെങ്കിലും പതിവുപോലെ ബൗളിംഗില്‍ അമ്പേ നിരാശപ്പെടുത്തിയ ടീം ഇന്ത്യ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ഏകദിനത്തിലും തോറ്റു. നാലുടെസ്റ്റുകളും ഒരു ട്വന്റി-20യും അഞ്ച് ഏകദിനമത്സരങ്ങളും കളിച്ചിട്ടും ഒരു കളി പോലും ജയിക്കാതെയാണ് ടീം ഇന്ത്യ ഇംഗ്ലണ്ട് പര്യടനം അവസാനിപ്പിച്ച് മടങ്ങുന്നത്. ടോസ് നേടിയ ഇംഗ്ലണ്ട് ഇന്നലെയും ഇന്ത്യയെ ബാറ്റിംഗിനയച്ചു. സ്‌കോര്‍ ഉയര്‍ത്തുന്നതില്‍ ഓപ്പണര്‍മാര്‍ പരാജയപ്പെട്ടെങ്കിലും വിരാട് കോഹ്‌ലി- രാഹുല്‍ ദ്രാവിഡ് സഖ്യം ഇന്ത്യയ്ക്ക് മുതല്‍ക്കൂട്ടായി. അവസാന ഓവറുകളില്‍ സിക്‌സറുകളും ബൗണ്ടറികളും പറത്തി ക്യാപ്റ്റന്‍ ധോണി 26 പന്തില്‍ നേടിയ 50 റണ്‍സാണ് ഇന്ത്യയെ 300 കടത്തിയത്.

മഴ കളി തടസപ്പെടുത്തിയതോടെ 34 ഓവറില്‍ 241 റണ്‍സായി പുനര്‍നിശ്ചയിച്ച വിജയലക്ഷ്യം ഇംഗ്ലണ്ട് അനായാസം അടിച്ചെടുത്തു. 32.2 ഓവറില്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ ആതിഥേയര്‍ ലക്ഷ്യത്തിലെത്തി. അലസ്റ്റര്‍ കുക്ക് (50), ജൊനാഥന്‍ ട്രോട്ട് (63) എന്നിവരാണ് ഇംഗ്ലണ്ടിന് മികച്ച അടിത്തറയിട്ടത്. 22 പന്തില്‍ നിന്നു 37 റണ്‍സെടുത്ത ബൊപ്പാരയും 21 പന്തില്‍ നിന്നു 41 റണ്‍സെടുത്ത ബിര്‍‌സ്റ്റോയും ക്ഷണത്തില്‍ സ്‌കോര്‍ ചെയ്ത് വിജയവും ഉറപ്പിച്ചു. ബിര്‍‌സ്റ്റോയാണ് മാന്‍ ഓഫ് ദ മാച്ച്. ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ്. ധോണി മാന്‍ ഓഫ് ദ സീരിസ് ആയി തെരഞ്ഞെടുക്കപ്പെട്ടു.

No comments:

Post a Comment